വിദേശനാണ്യ വിനിമയത്തിന് നികുതി ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരെ സെൻട്രൽ ബാങ്ക്: ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന് മുന്നറിയിപ്പ്


മനാമ: വിദേശനാണ്യ വിനിമയത്തിന് നികുതി ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരെ സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റിൻ (സി.ബി.ബി). നടപ്പാക്കുകയാണെങ്കിൽ ഇതിന്റെ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന് സി.ബി.ബി മുന്നറിയിപ്പ് നൽകി. രാജ്യത്ത് നിന്ന് വെളിയിലേക്കയക്കുന്ന പണത്തിന് നികുതിയേർപ്പെടുത്താനായി അഞ്ച് എം.പി.മാരുടെ നേതൃത്വത്തിൽ പാർലമന്റിൽ സമർപ്പിച്ച പ്രമേയത്തിന്റെ പശ്ചാത്തലത്തിലാണ്  സി.ബി.ബിയുടെ മുന്നറിയിപ്പ്.   

‘വിലപ്പെട്ട ഒരു സാന്പത്തികകേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ വെളിയിലേയ്ക്ക് അയക്കുന്ന പണത്തിന് നികുതിയേർപ്പെടുത്തുന്നത്  രാജ്യത്തിന്റെ പ്രതിച്ഛായയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ഇത് വിശേഷിച്ചും ബാങ്കിംഗ്, വാണിജ്യമേഖലയിൽ ഗുരുതരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. ഇത് രാജ്യത്തിന്റെ ‘ഫ്രീ മാർക്കറ്റ്’ എന്ന ഔദ്യോഗിക നയത്തിന് വിരുദ്ധമാണ്.’ ബാങ്കിന്റെ വക്താവ് പറഞ്ഞു. 

നികുതി ഏർപ്പെടുത്തുന്നത് ബാങ്കുകളുടെ പ്രവർത്തനച്ചിലവുകൾ വർദ്ധിക്കും. ഇതോടെ മറ്റ് ബാങ്കിംഗ് സ്ഥാപനങ്ങൾ രാജ്യത്ത് വരുന്നത് തടയുകയും ചെയ്യും. എല്ലാറ്റിലുമുപരി പണമയക്കാൻ ബാങ്കുകളെ ആശ്രയിക്കുന്ന വിദേശ തൊഴിലാളികൾ ഇതിനായി അനൗദ്യോഗികമായ വഴികൾ തേടുമെന്നും സി.ബി.ബി. മുന്നറിയിപ്പ് നൽകുന്നു. പണമയക്കാൻ നിലവിലുള്ള ഔദ്യോഗിക ചാനലുകൾ കള്ളപ്പണം തടയുന്നതിനും, തീവ്രവാദപരമായ ആവശ്യങ്ങൾക്ക് പണം ഉപയോഗിക്കുന്നതിനും എതിരെ വേണ്ട മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും ബാങ്ക് ചൂണ്ടിക്കാട്ടി.                  

എണ്ണവിലയിടിവിനെ തുടർന്ന് തകർച്ചയിലായ രാജ്യത്തെ സന്പദ് വ്യവസ്ഥയെ സഹായിക്കാനായി മുഹമ്മദ്‌ അൽ അഹമ്മദിന്റെ നേതൃത്വത്തിലുള്ള എം.പി.മാരുടെ സംഘമാണ് പണമയക്കുന്നതിന് നികുതി ഏർപ്പെടുത്താനുള്ള പ്രമേയം പാർലമെന്റിലവതരിപ്പിച്ചത്. ട്രാഫിക് റജിസ്ട്രെഷന് പുതുക്കിയ നിരക്കുകൾ അവതരിപ്പിക്കുക, വിദേശികളുടെ കുട്ടികൾക്ക് സ്കൂളുകളിൽ ഫീസ്‌ ഏർപ്പെടുത്തുക, ഇതുവരെ ഉപയോഗിക്കാത്ത സ്ഥലങ്ങൾക്ക് കൂടിയ വില നിശ്ചയിക്കുക, സ്വീവേജ്, റോഡ്‌ ടാക്സുകൾ ഏർപ്പെടുത്തുക തുടങ്ങിയവയും നിർദ്ദേശങ്ങളിലുണ്ട്.

You might also like

  • Straight Forward

Most Viewed