ചെസ് ഒളിംപ്യാഡിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത് അഭിമാനം; ദീപശിഖാ പ്രയാണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി


ദില്ലി: നാല്‍പത്തിനാലാമത് ചെസ് ഒളിംപ്യാഡിന്‍റെ ദീപശിഖാ പ്രയാണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. മുന്‍ ലോക ചെസ് ചാമ്പ്യന്‍ വിശ്വനാഥ് ആനന്ദ് അടക്കമുള്ളവരെ സാക്ഷിയാക്കിയാണ് പ്രധാനമന്ത്രി ദീപശിഖാ പ്രയാണത്തിന് തുടക്കമിട്ടത്. ദില്ലി ഇന്ദിര ഗാന്ധി സ്റ്റേഡിയത്തിൽ വച്ച് നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി അനുരാഗ് താക്കൂറടക്കമുള്ളവർ പങ്കെടുത്തു. ആദ്യമായാണ് ഇന്ത്യ ചെസ് ഒളിംപ്യാഡ്സിന് ആതിഥേയത്വം വഹിക്കുന്നത്.

ചെന്നൈയില്‍ ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 10 വരെയാണ് ചെസ് ഒളിംപ്യാഡ്സ് നടക്കുന്നത്. ഒളിംപ്യാഡിന്‍റെ ടോർച്ച് റാലി ദില്ലിയില്‍ നിന്ന് തുടങ്ങി രാജ്യത്തെ 75 പട്ടണങ്ങളിലൂടെ സഞ്ചരിച്ച് ജൂലൈ 27ന് മഹാബലിപുരത്തെത്തും. എല്ലാ നഗരങ്ങളിലും ഗ്രാന്‍ഡ് മാസ്റ്റർമാർ ദീപശിഖ ഏറ്റുവാങ്ങും. ലേ, ശ്രീനഗർ, ജയ്പൂർ, സൂറത്ത്, മുംബൈ, ഭോപ്പാല്‍, പാറ്റ്ന, കൊല്‍ക്കത്ത, ഹൈദരാബാദ്, ബെംഗളൂരു, പോർട് ബ്ലെയർ, കന്യാകുമാരി എന്നിവിടങ്ങളില്‍ ദീപശിഖാ പര്യടനമുണ്ട്.

ചെസ് ഒളിംപ്യാഡ്സിന് ആതിഥേയത്വം വഹിക്കാനാകുന്നത് ഇന്ത്യക്ക് അഭിമാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചരിത്രനിമിഷത്തില്‍ പങ്കുചേരാന്‍ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവുമുണ്ട് എന്നായിരുന്നു അഞ്ച് തവണ ലോക ചാമ്പ്യനായ വിശ്വനാഥന്‍ ആനന്ദ് പറഞ്ഞത്. 

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed