വിമാന ടിക്കറ്റിനൊപ്പം നാലുദിവസ സന്ദർശന വിസ സേവനം ആരംഭിച്ച് സൗദി


സൗദി എയർലൈൻസ്,ഫ്ലൈനാസ് വിമാനങ്ങളിൽ ടിക്കറ്റെടുക്കുന്നവർക്ക് നാല് ദിവസത്തെ സൗജന്യ ട്രാൻസിറ്റ് സന്ദർശന വിസ നൽകുന്ന സേവനം ആരംഭിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തിങ്കളാഴ്ച (ജനുവരി 30) മുതലാണ് പദ്ധതിക്ക് തുടക്കം. വിവിധ വകുപ്പുകളുടെയും ദേശീയ വിമാനക്കമ്പനികളുടെയും സഹകരണത്തോടെയാണ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്.

ഏത് ആവശ്യത്തിനും സൗദിയിലേക്ക് വിദേശികൾക്ക് വരാൻ സൗകര്യമൊരുക്കുക, പ്രവേശന വിസ നടപടിക്രമങ്ങൾ സുഗമമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ പദ്ധതി. ഈ ഹ്രസകാല വിസയിൽ വരുന്നവർക്ക് ഉംറ നിർവഹിക്കാനും മദീനയിലെ മസ്ജിദുന്നബവി സന്ദർശിക്കാനും രാജ്യത്ത് നടക്കുന്ന വിവിധ വിനോദ പരിപാടികളിൽ പങ്കെടുക്കാനും വിനോദസഞ്ചാരം നടത്താനും കഴിയുമെന്ന് മന്ത്രാലയം വിശദീകരിച്ചു.

സൗദി എയർലൈൻസിന്റെയും ഫ്ലൈനാസിന്റെയും ഓൺലൈൻ സംവിധാനങ്ങളിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ വിസക്ക് കൂടി അപേക്ഷിച്ച് നേടാൻ കഴിയുക. ഓൺലൈനിൽ ആവശ്യമായ വിവരം പൂരിപ്പിച്ച് സമർപ്പിക്കുന്ന അപേക്ഷ വിദേശകാര്യ മന്ത്രാലയത്തിലെ വിസകൾക്കായുള്ള പോർട്ടലിലേക്കാണ് പോവുക. ഉടൻ തന്നെ വിസ ഇഷ്യൂ ചെയ്യുകയും ഇമെയിൽ വഴി അപേക്ഷകന് അത് ലഭിക്കുകയും ചെയ്യും. ‘വിഷൻ 2030’ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഈ ഡിജിറ്റൽ ട്രാൻസിറ്റ് വിസ സേവനം സഹായിക്കുമെന്നാണ് കരുതുന്നത്.

ഭൂഖണ്ഡങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന സുപ്രധാന കേന്ദ്രം (ഗ്ലോബൽ ഹബ്ബ്), യാത്രക്കാരെ ആകർഷിക്കുന്ന ട്രാൻസിസ്റ്റ് സ്റ്റേഷൻ, ആഗോള വിനോദസഞ്ചാര കേന്ദ്രം എന്നീ നിലകളിൽ സൗദിയുടെ സ്ഥാനം ആഗോള ഭൂപടത്തിൽ വ്യതിരിക്തമായി അടയാളപ്പെടുത്താൻ ഇത് സഹായിക്കും. ആളുകൾക്ക് പ്രയോജനകരമായി മാറുകയും ചെയ്യും. സന്ദർശനത്തിനുള്ള ഈ ഹ്രസ്വകാല ട്രാൻസിറ്റ് വിസ തീർത്തും സൗജന്യമാണ്. വിമാന ടിക്കറ്റിനൊപ്പം ഉടൻ ലഭിക്കും. വിസയുടെ സാധുത മൂന്ന് മാസമാണ്. അതായത് മൂന്ന് മാസത്തിനിടെ എപ്പോൾ വന്നാലും മതി. എന്നാൽ രാജ്യത്തെത്തിയാൽ നാല് ദിവസം മാത്രമേ ഇവിടെ തങ്ങാനാവൂ എന്നും വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു.

സൗദി എയർലൈൻസിന്റെ ടിക്കറ്റ് വാങ്ങുമ്പോൾ തീർത്തും സൗജന്യമായി സന്ദർശന വിസ നൽകുന്ന സേവനം ഏതാനും ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കുമെന്ന് അടുത്തിടെ സൗദി എയർലൈൻസ് വക്താവ് അബ്ദുല്ല അൽശഹ്റാനി വ്യക്തമാക്കിയിരുന്നു. അതാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. സൗദി എയർലൈൻസിലെ പുതുക്കിയ ഓൺലൈൻ പ്രോഗ്രാമിലാണ് പുതിയ വിസ സേവനമുള്ളത്. ‘നിങ്ങളുടെ ടിക്കറ്റ് ഒരു വിസയാണ്’ എന്ന പേരിലാണ് 96 മണിക്കൂർ (നാല് ദിവസം) സമയത്തേക്ക് സൗദിയിലേക്ക് പ്രവേശിക്കാൻ യാത്രക്കാരെ പ്രാപ്തരാക്കുന്ന സേവനം ആരംഭിക്കുന്നതെന്നും ഈ ദിവസത്തിനുള്ളിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ കറങ്ങാനും ഉംറ നിർവഹിക്കാനും യാത്രക്കാർക്ക് കഴിയുമെന്നും പദ്ധതി ജിദ്ദ വിമാനത്താവളത്തിൽ മാത്രം പരിമിതപ്പെടുത്തിയിട്ടില്ലെന്നും വക്താവ് നേരത്തെ പറഞ്ഞിരുന്നു.

article-image

tyrhyhdf

You might also like

Most Viewed