അനിത നിയമസഭാ മന്ദിരത്തിലെത്തിയ സംഭവം; ചീഫ് മാർഷൽ റിപ്പോർട്ട് നൽകി

തിരുവനന്തപുരം: വിവാദമായ മോണ്‍സണ്‍ മാവുങ്കൽ കേസിലെ ഇടനിലക്കാരിയെന്ന് ആരോപണവിധേയയായ അനിത പുല്ലയിൽ ലോക കേരള സഭാ വേദിയിലെത്തിയ സംഭവത്തിൽ ചീഫ് മാർഷൽ സ്പീക്കർക്ക് റിപ്പോർട്ട് നൽകി. സംഭവം വിവാദമായതോടെ സ്പീക്കറാണ് ചീഫ് മാർഷൽ തല അന്വേഷണം പ്രഖ്യാപിച്ചത്.
ലോക കേരള സഭാ സമ്മേളനത്തിനിടെ അനിത നിയമസഭാ സമുച്ചയത്തിലെത്തിയത്. സഭാ ടിവിയുടെ ഓഫീസ് മുറിയിലേക്ക് കടന്നുചെന്ന അനിതയെ വാച്ച് ആൻഡ് വാർഡ് പുറത്താക്കുകയായിരുന്നു. നിയമസഭാ സമുച്ചയത്തിൽ എത്തിയെങ്കിലും ലോക കേരള സഭയുടെ ഔദ്യോഗിക അതിഥി പട്ടികയിൽ അനിത പുല്ലയിൽ ഇല്ലെന്നാണ് നോർക്കയുടെ വിശദീകരണം.
ഇറ്റലിയിൽ നിന്നുള്ള പ്രതിനിധിയായി കഴിഞ്ഞ ലോക കേരള സഭയിൽ അനിത പങ്കെടുത്തിരുന്നു. പിന്നീട് മോണ്‍സണ്‍ മാവുങ്കൽ കേസുമായി ബന്ധപ്പെട്ടാണ് ഇവരെ പ്രതിനിധി പട്ടികയിൽ നിന്നും സർക്കാർ ഒഴിവാക്കിയത്.