മാലദ്വീപിൽനിന്ന് സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യ തയ്യാറായതായി പ്രസിഡന്റ് മുഹമ്മദ് മുയിസു


മാലദ്വീപിൽനിന്ന് സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യ തയ്യാറായതായി പ്രസിഡന്റ് മുഹമ്മദ് മുയിസു. ദുബായിൽനടന്ന കാലാവസ്ഥാ ഉച്ചക്കോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവും വിഷയം ചർച്ചചെയ്‌തുവെന്നണ് റിപ്പോർട്ടുകൾ. നിലവിൽ ദ്വീപിലുള്ള ഇന്ത്യൻ ഹെലികോപ്‌ടറുകളും വിമാനങ്ങളും എങ്ങനെ നിലനിർത്താം എന്ന കാര്യം ഇരുവരും ചർച്ചചെയ്തെന്നാണ് വിവരം. ഇരുരാജ്യങ്ങളിലെയും പ്രത്യേകസമിതി ഇതുസംബന്ധിച്ച് വിവരങ്ങൾ വിലയിരുത്താമെന്ന ധാരണയിൽ എത്തിയിട്ടുണ്ട്. സൈന്യത്തെ പിൻവലിക്കുമെന്ന് ഇന്ത്യൻ സർക്കാർ ഉറപ്പുനൽകിയതായി മാലിയിലെ മാധ്യമപ്രവർത്തകരോട് മുയിസു പറഞ്ഞു. ദ്വീപിലെ വികസനപ്രശ്‌നങ്ങൾ പരിഹരിക്കാൻ ഉന്നതല സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. എന്നാൽ ഇതുസംബന്ധിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിൽ നിന്നും ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല. അടിയന്തര വൈദ്യസഹായത്തിന് രോഗികളെ കൊണ്ടുപോകുന്നതിനും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുമായി രണ്ട് ഹെലികോപ്‌ടറുകളും ഒരു വിമാനവും മാലദ്വീപ് നാഷ്‌ണൽ ഡിഫൻസ് ഫോഴ്‌സി(എം.എൻ.ഡി.എഫ്)ന് ഇന്ത്യ നൽകിയിരുന്നു. 77 ഇന്ത്യൻ സൈനികരും ദ്വീപിലുണ്ട്. 

സമുദ്രമേഖലയിലെ നിരീക്ഷണത്തിനും സേനാംഗങ്ങളെ പരിശീലിപ്പിക്കുന്നതിനുമുൾപ്പെടെ ഇന്ത്യ മാലദ്വീപിനെ സഹായിക്കുന്നുണ്ടെന്നും ഇന്ത്യൻ സൈനികരെ മാലദ്വീപിൽനിന്ന് പിൻവലിക്കണമെങ്കിൽ കേന്ദ്രം നിർദേശിക്കണമെന്നും നാവികസേന ചീഫ് അഡ്‌മിറൽ ആർ. ഹരികുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ചൈനാ അനുകൂല നേതാവായി പറയപ്പെടുന്ന മുഹമ്മദ് മുയിസു നവംബർ 17− നാണ് മാലദ്വീപ് പ്രസിഡൻറായി സത്യപ്രതിജ്ഞ ചെയ്‌തത്‌. മാലദ്വീപിലെ ഇന്ത്യൻ സൈന്യത്തിന്റെ സാന്നിധ്യം പൂർണ്ണമായി ഇല്ലാതാക്കുമെന്നായിരുന്നു മുയിസുവിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദ‌ാനം. വിജയത്തിന് ശേഷവും അദ്ദേഹം ഇക്കാര്യം ആവർത്തിച്ചിരുന്നു. ഇതിൻ്റെ തുടർച്ചയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന്റെ തൊട്ടു പിറ്റേന്ന് സൈന്യത്തെ പിൻവലിക്കാൻ അദ്ദേഹം ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മാലദ്വീപിൽനിന്ന് ഇന്ത്യൻ സൈന്യം പുറത്തായാൽ പകരം ചൈനീസ് സൈന്യത്തെ വിന്യസിക്കില്ലെന്ന് മുയിസു വ്യക്തമാക്കിയിരുന്നു.

ഇന്ത്യയുമായും ചൈനയുമായും സഹകരിച്ചു പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നത്. ചൈനയുടെ അടുത്തയാളാണ് താനെന്ന റിപ്പോർട്ടുകൾ നിഷേധിച്ച അദ്ദേഹം, ഇന്ത്യൻ സൈന്യത്തിനുപകരം ചൈനയുടെയോ മറ്റൊരു രാജ്യത്തിന്റേയോ സൈന്യത്തിന് രാജ്യത്ത് ഇടംനൽകാനുദ്ദേശിക്കുന്നില്ലെന്നും പറഞ്ഞിരുന്നു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് മേയിൽ മാലദ്വീപ് സന്ദർശിച്ചിരുന്നു. ഒരു ഫാസ്റ്റ് പട്രോളിങ് കപ്പലും ലാൻഡിങ് ക്രാഫ്റ്റും ദ്വീപിന് കൈമാറിയിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അന്നത്തെ മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹും ചേർന്ന് ദ്വീപിലെ ഏറ്റവും വലിയ അടിസ്ഥാനസൗകര്യ സംരംഭമായി കണക്കാക്കപ്പെടുന്ന ഗ്രേറ്റർ മെയിൽ കണക്ടിവിറ്റി പദ്ധതി ആരംഭിച്ചിരുന്നു. ഇന്ത്യയുടെ ധനസഹായത്തോടെയുള്ള പദ്ധതിയാണിത്. 

article-image

ോേ്ോ്േ

You might also like

Most Viewed