ഫ്രാൻസിസ് മാർപാപ്പ മാഴ്സെയിലേക്ക്

മെഡിറ്ററേനിയൻ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഫ്രാൻസിസ് മാർപാപ്പ ഇന്നു തെക്കൻ ഫ്രാൻസിലെ മാഴ്സെ നഗരത്തിലെത്തും. നാളെ സമ്മേളനത്തിന്‍റെ അന്തിമസെഷനിൽ പങ്കെടുത്തശേഷമായിരിക്കും മടക്കം. കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ 17ന് ആരംഭിച്ച മെഡിറ്ററേനിയൻ സമ്മേളനത്തിൽ വടക്കനാഫ്രിക്ക, പശ്ചിമേഷ്യ, തെക്കൻ യൂറോപ്പ് എന്നീ പ്രദേശങ്ങളിൽനിന്നുള്ള ബിഷപ്പുമാരും യുവജനതയും പങ്കെടുക്കുന്നുണ്ട്. മെഡിറ്ററേനിയൻ കടലിനു സമീപമുള്ള രാജ്യങ്ങളിലെ മത, സാംസ്കാരിക കൂട്ടായ്മകൂടിയായ സമ്മേളനം 24നാണ് അവസാനിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് റോമിൽനിന്നു വിമാനം കയറുന്ന മാർപാപ്പ നാലേകാലിന് മാഴ്സെയിലെത്തും.
ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോൺ മാർപാപ്പയെ സ്വീകരിക്കും. നാളെ രാവിലെ മെഡിറ്ററേനിയൻ സമ്മേളനത്തിന്‍റെ അന്തിമസെഷനിൽ പങ്കെടുത്തശേഷം ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്കുശേഷം മാഴ്സെയിലെ വെലോഡ്രോം സ്റ്റേഡിയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചശേഷം രാത്രി ഒന്പതിനു റോമിലേക്കു മടങ്ങും. ഫ്രാൻസിസ് മാർപാപ്പയുടെ 44ആമത് അപ്പസ്തോലിക പര്യടനമായിരിക്കും ഇത്.
afaf