ഒരു സ്റ്റാമ്പ് ഓർമ്മ


മണികണ്ഠൻ ഇടക്കോട്

കാർഷിക കുടുംബമായിരുന്ന ഞങ്ങൾക്ക് സീസൺ അനുസരിച്ചു മാങ്ങാ, കശുവണ്ടി, കുരുമുളക് എന്നിവ വിൽക്കാൻ ഉണ്ടാകും, അതിൽ നിന്നുള്ള വരുമാനവും നിത്യേന ഉള്ള കൃഷി പണികളുമാണ് ഞങ്ങൾ നാലു മക്കളെ പോറ്റാൻ അച്ഛനും അമ്മയും ചെയ്തു പോന്നത്. ദാരിദ്രത്തിന്റ പരകോടിയിൽ നമ്മൾ കലഹങ്ങളോ,പരിഭവങ്ങളോ ഇല്ലാതെ ആരവയറും, മുക്കാൽ വയറുമായി പെയ്തൊഴിയാത്ത കർക്കിടകത്തെയും,നിറപുത്തരിയുടെ ചിങ്ങത്തെയും വരവേറ്റു. ഓണാക്കോടി ഇല്ലാത്ത ഓണവും, കൈനീട്ടമില്ലാത്ത വിഷുവും, പടക്കം ഇല്ലാത്ത ദീപാവലിയും ഞങ്ങൾക്ക് പുത്തരിയല്ലായിരുന്നു. വിശേഷ ദിവസങ്ങളിൽ അയല്വീടുകളിലെ ആർത്ഥനാദങ്ങൾക്കിടയിൽ ഞങ്ങളുടെ നിശബ്ദത വീണ്ടും നിശബ്ദമായി.

മൂന്നാം ക്‌ളാസിൽ പഠിക്കുന്ന എനിക്ക് സ്റ്റാമ്പ് വാങ്ങണം. അധ്യാപകദിനമാണ്, എല്ലാപേരും പത്തു പൈസ വീതം കൊണ്ടുവരണം. പറഞ്ഞിട്ടിപ്പോൾ ഒരാഴ്ച കഴിഞ്ഞു, കൂടുതൽ കുട്ടികളും വാങ്ങി കഴിഞ്ഞു. ഇനി സ്റ്റാമ്പ് വാങ്ങാൻ ഉള്ളവർ എഴുന്നേറ്റു നിൽക്കുക അധ്യാപകൻ നിർദേശിച്ചു. ബട്ടൻസ് പോയ ഷർട്ടിന്റെ പിന്ന് കുത്തിയ ഭാഗം മറച്ചുവച്ചു ഞാനും എഴുന്നേറ്റു നിന്നു. കൂട്ടത്തിൽ മറ്റു രണ്ടോ,മൂന്നോ പേരും. ഇത്രയും പേർക്ക് വേടിക്കാമെങ്കിൽ നിങ്ങൾക്കെന്താ കുഴപ്പം. അധ്യാപകന്റെ ശബ്ദമുയർന്നു. നാളെ പൈസ കൊണ്ട് വരാത്തവർ ഇങ്ങോട്ട് വരേണ്ടതില്ല സാർ നിർത്തുന്ന മട്ടില്ല. വായിലുണ്ടായിരുന്ന വെറ്റിലമുറുക്ക് മഴ പെയ്തു നനഞ്ഞ മുറ്റത്തേക്ക് നീട്ടി തുപ്പി ആ ഇരിക്കവിടെ അദ്ദേഹം ആഞ്ജാപിച്ചു.

ഭാഗ്യം ഉച്ചക്കുള്ള ബെല്ലടിച്ചു. പാചകപുരയിൽ നിന്നും ഉപ്പുമാവ് കടുക് വറുക്കുന്ന മണം പുറത്തേക്കൊഴുകി. രാവിലെ തന്നെ നിക്കറിന്റെ പോക്കറ്റിൽ നാലായി മടക്കി ഭദ്രമായി സൂക്ഷിച്ചിരിക്കുന്ന വട്ടതാമര ഇലയിൽ തപ്പി അതവിടെ ഉണ്ടന്ന് ഉറപ്പു വരുത്തി. ഇനി മത്സര ഓട്ടമാണ് സ്കൂൾ വരാന്തയിലേക്ക്, ആദ്യം ഇരിക്കണം. പ്രധാന അദ്ധ്യാപകൻ രുചിച്ചു നോക്കിയശേഷം മറ്റ് അദ്ധ്യാപകർ ചേർന്ന് വിളമ്പി തരും. വിശപ്പിന്റെ അഗ്നി ഗോളങ്ങൾ ഉരുണ്ട് കൂടിയ ഇളം വയറുകളിലേക്ക് ആശ്വാസത്തിന്റെ നീരുറവ അണപൊട്ടി. സന്ധ്യയ്ക്ക് പതിവുള്ള നാമജപ്പത്തിനിടയിലും നാളെ സ്കൂളിലേക്കുള്ള പത്തു പൈസ തരപ്പെടുത്തുന്നതിനായുള്ള ചിന്തയായിരുന്നു മനസ് നിറയെ. അത്താഴം കഴിഞ്ഞു അമ്മയുടെ ഓരം പറ്റി കിടക്കുമ്പോൾ അമ്മയുടെ ചെവിയിൽ മന്ത്രിച്ചു നാളത്തേക്ക് എനിക്ക് പത്തു പൈസ കിട്ടോ. ഒരു ദീർഘ നിശ്വാസമായിരുന്നു മറുപടി.

ഊതി അണച്ച മണ്ണെണ്ണ വിളക്ക് സമ്മാനിച്ച ഇരുട്ടിൽ നിദ്രയെ വരവേൽകുമ്പോൾ നിരമില്ലാതെ നിറയുന്ന മൗനം കൂട്ടായിരുന്നു. ഊതി കത്തിക്കുന്ന പുകയുള്ള അടുപ്പിൽ ചെറുകലത്തിലുള്ള വെള്ളം ചൂടാകുമ്പോൾ തേയില ഇട്ട് പാലില്ലാത്ത ചായ തരുമ്പോഴും ഞാൻ അമ്മയോട് പറഞ്ഞു ഇന്നും പൈസ കൊടുത്തില്ലങ്കിൽ എന്നെ എണീപ്പിച്ചു നിർത്തും. ജീവിത ഭണ്ഡാരത്തിന്റെ പോക്ക് വരവ് കണക്കിൽ പത്തു പൈസ പോലും നീക്കിയിരുപ്പില്ലാത്ത എന്റെ അമ്മ നിസ്സംഗനായി നിന്ന എന്നെ തലോടി. പ്രതീക്ഷിയുടെ ഒരു ചെറു നാമ്പ് എന്റെ മനോമുകുരത്തിൽ തെളിഞ്ഞു. ചൂടാറിയ ചായ ഒറ്റ വലിക്കു കുടിച്ചു ഞാൻ കൂടുതൽ ഉത്സാഹവാനായി. എന്റെ സന്തോഷം കണ്ടിട്ടാവണം ഞാനോടി മറഞ്ഞിട്ടും കണ്ണെടുക്കാതെ അമ്മ എന്നെത്തന്നെ നോക്കിനിൽക്കുന്നു. പാഠപുസ്‌തകംവും സ്ലേറ്റും കറുത്ത റബ്ബർ കൊണ്ട് ബന്ധിച്ചു വട്ടത്താമാരയില പോക്കറ്റിലും തിരുകി അകലെയല്ലാത്ത സ്കൂളിലേക്ക് പോകാൻ തയ്യാറായി. വലിയ മഴ നനഞ്ഞു തീർന്ന ഇലയുടെ ശാന്തത എന്റെ മനസിലുണ്ടായിരുന്നു.

ചാണകവും കരിക്കട്ടയും ചേർത്ത് വെടിപ്പാക്കിയ തറയിൽ അക്ഷമാനായി കാത്തിരുന്നു. ഇന്നലത്തെ മഴയിൽ നിറഞ്ഞൊഴുകുന്ന ചെറുതോട്, തോട്ടുവരമ്പിലൂടെ നടന്നു നീങ്ങുന്ന എന്റെ സഹപാഠികൾ. ചാറ്റൽ മഴയെ തോൽപ്പിക്കാൻ ചേമ്പിലയും, വാഴയിലയും ചൂടിയ ചെറുബാല്യം. അമ്മ തന്റെ സമ്പാദ്യപെട്ടി അരിച്ചു പെരുക്കുകയാണ്, എന്റെ ആകാംഷ കൂടി കൂടി വന്നു. നിരർത്ഥത്തകമായ പ്രാർത്ഥനകൾക്കൊന്നും അർത്ഥമില്ലന്നു തോന്നി. കിട്ടിയ രണ്ട് അഞ്ച് പൈസ നാണയങ്ങൾ വാത്സല്യം തുളുമ്പുന്ന കൈകളാൽ എനിക്ക് കൈമാറി. രാജ്യം വെട്ടി പിടിച്ച രാജകുമാരന്റെ മനോഗതിയിൽ ഞാൻ പുറത്തേക്കോടി. എടാ നില്ല് ഞാനും വരുന്നു, ഞാനിന്ന് സ്റ്റാമ്പ് വാങ്ങും. ഞാൻ അലറി വിളിച്ചു. സൂക്ഷിച്ചു പോണം തോട്ടിൽ വെള്ളമുണ്ട്, അമ്മയുടെ ഉപദേശത്തിന് ചെവി കൊടുക്കാതെ ഞാനവരോടൊപ്പം കൂടി. ചാറ്റൽ മഴയത്തു പുസ്‌തകം ഷർട്ടിനുള്ളിൽ തിരുകി മറ്റൊരുവന്റെ ചേമ്പിലക്കുള്ളിൽ നടന്നു നീങ്ങി.

കലപില പറയുന്നതിനിടയിൽ അഞ്ചിന്റെ നാണയങ്ങൾ കൈയിൽ ഉണ്ടന്ന് പലവുരു ഉറപ്പ് വരുത്തി. സ്കൂളിലെത്തി പുസ്‌തകം കൊണ്ട് വച്ചാൽ കളിക്കാൻ പോക്കാണ് പതിവ്, എന്നാൽ ഇന്ന് ഞാനതിനു മുതിർന്നില്ല. പൈസയെങ്ങാനും നഷ്ടപെട്ടാലോ, ഇന്ന് സ്റ്റാമ്പ് വാങ്ങണം അതായിരുന്നു എന്റെ ലക്ഷ്യം. പത്തു മണിക്കുള്ള ബെല്ലടിച്ചു കുട്ടികളെല്ലാം ബെഞ്ചിൽ ഓടിയെത്തി. അധ്യാപകൻ ക്‌ളാസിൽ വന്നു. എന്റെ ഹൃദയമിടിപ്പ് കൂടി. ഹാജർ വിളിക്കുന്നതിനിടെ ഇനിയും സ്റ്റാമ്പ്‌ വാങ്ങിക്കാൻ ഉള്ളവർ മുമ്പോട്ട് വരുക, സാർ പറഞ്ഞു. കൂടുതൽ ആത്മവിശ്വാസത്തോടെ ഞാൻ അദ്ധ്യാപകനടുത്തെത്തി. ഇന്ത്യയുടെ ആദ്യ ഉപരാരാഷ്ട്രപതിയും പിന്നീട് രാഷ്ട്രപദിയുമായ ഡോ എസ് രാധാകൃഷ്ണന്റെ പടമുള്ള ഒരു സ്റ്റാമ്പ് എനിക്ക് സമ്മാനിച്ചു. സാറിന്റെ നോട്ടത്തിൽ എന്റെ ആത്മാഭിമാനം വാനോളം ഉയർന്നു. ബഞ്ചിൽ ഇരുന്നു സന്തോഷത്താൽ പലവുരു തിരിച്ചും മറിച്ചും നോക്കി. പുസ്‌തകത്തിനുള്ളിൽ ഭദ്രമായി വച്ചു. വീട്ടിൽ ചെന്ന് എല്ലാപേരെയും കാണിക്കണം, മനസ്സിൽ ഉറപ്പിച്ചു. സമർപ്പണം എല്ലാ ഗുരു നാഥന്മാർക്കും.

article-image

aa

You might also like

  • Lulu Exhange
  • NEC REMIT

Most Viewed