കുരുക്കുകളുടെ കൗമാരം
കൗമാരം അഥവാ ടീനേജ് ഒരു വല്ലാത്ത കാലമാണ്. കനവുകളുടെ കാലം. വളർച്ചയുടെയും സ്വാതന്ത്ര്യത്തിന്‍റെയും കാലം. ബാലകൻ യുവാവും ബാലിക സ്ത്രീയും ആകുന്ന കാലം. പൗരുഷവും സ്ത്രൈണതയും വർണ്ണച്ചിറകുകൾ നൽകുന്നതോടേ നവ സ്വാതന്ത്ര്യത്തിന്റെ ചിറകേറി പറക്കാനാഗ്രഹിക്കുകയും പറക്കുകയും ഒക്കെ ചെയ്യുന്ന കാലം. അതി മനോഹരമാണ് യൗവ്വനം. ഒരു പളുങ്കു പാത്രം പോലെ മനോഹരം, നിർമ്മലം. അത് പളുങ്കു പാത്രം പോലെയാണ് എന്നത് ശ്രദ്ധേയമാണ്. സൂക്ഷിച്ചല്ല എടുക്കുന്നതെങ്കിൽ താഴെ വീഴാനും ഉടഞ്ഞു പോകാനും സാധ്യത ഏറെയുള്ളതാണ് പളുങ്കുപാത്രം. യൗവ്വനവും അത് പോലെ തന്നെയാണ്. അത് ലോകത്തെല്ലായിടത്തും ഒരേപോലെയാണ്. എല്ലാക്കാലത്തും ഇതേ പോലെയാണ്. ഇന്നത്തെ പക്വതയാർന്ന വ്യക്തിത്വങ്ങൾ ഇന്നലെകളിൽ ഇത് പോലെയായിരുന്നില്ല. അവരും തങ്ങളുടെ യൗവ്വന കാലത്ത് ഇന്നത്തെ യുവാക്കളുടെ എല്ലാ ചപലതകളും ഉള്ളവർ തന്നെയായിരുന്നു. ഒരു പക്ഷെ ഇന്നത്തെ യുവാക്കൾ ഉണ്ടാക്കുന്നതിലും എത്രയോ വലിയ ബുദ്ധിമുട്ടുകളാവാം ഇപ്പോഴത്തെ മുതിർന്ന തലമുറ തങ്ങളുടെ യൗവ്വന കാലത്ത് വരുത്തി വെച്ചിട്ടുണ്ടാവുക.
കാലം മാറി. വിവര സാങ്കേതിക വിദ്യയുടെ വികാസത്തിനനുസരിച്ച് ഇന്ന് എല്ലാ കാര്യങ്ങളും നമ്മൾ വളരെ പെട്ടെന്ന് തന്നെ അറിയുന്നു. ആലങ്കാരികമായി പറഞ്ഞാൽ എവിടെ എന്ത് സംഭവിച്ചാലും ലോകം അത് അറിയാതെ പോകുന്നില്ല. പത്തനംതിട്ടയിൽ നിന്നും മൂന്നു പെൺകുട്ടികൾ ദുരൂഹമായി അപ്രത്യക്ഷരായാൽ ആ നിമിഷം അത് പലതരത്തിലുള്ള മാധ്യമങ്ങളിലും പല തരത്തിൽ വാർത്തയാവുന്നു. കുട്ടികൾ വ്യാജ വിലാസത്തിൽ സിം കാർഡ് വാങ്ങുന്നത് തൊട്ടിങ്ങോട്ട് ഓരോയിടത്തും അവർ അവരുടെ തിരോധാനം സംബന്ധിച്ച് അടയാളപ്പെടുത്തലുകൾ നടക്കുന്നു. അവസാനം അവരിൽ രണ്ടാളുടെ മരണവുമൊക്കെ അങ്ങനെ നിമിഷാർദ്ധങ്ങൾക്കിടെ ലോകമറിയുന്നു. പണ്ടാണെങ്കിൽ ഇതിൽ പലതും ആരും അറിയില്ലായിരുന്നു എന്നു മാത്രം. ഇങ്ങനെ യൗവ്വനങ്ങൾ വഴിതെറ്റുന്നതിന്‍റെ എണ്ണം വർദ്ധിക്കാൻ ജനസംഖ്യയിലെ വലിയ വർദ്ധനവും കാരണമായിട്ടുണ്ട്. എന്നാൽ അറിവിന്റെ വ്യാപനം ഇതിനെ തടയേണ്ടതാണ്. അപകടങ്ങളെക്കുറിച്ചുള്ള ബോധമാണ് പലയിടത്തും മുൻകരുതലെടുക്കാൻ മനുഷ്യനെ പഠിപ്പിക്കുന്നത്. വിജ്ഞാനവും വിവരസാങ്കേതിക വിദ്യയുമൊക്കെ വികാസം പ്രാപിച്ച ആധുനിക കാലത്ത് വിദ്യാഭ്യാസം സിദ്ധിച്ചവരടക്കം ആയിരങ്ങൾക്ക് പക്ഷെ യൗവ്വനത്തിൽ ഇപ്പോഴും വഴി തെറ്റുന്നു. നെടുങ്കൻ ഉത്തരങ്ങൾ പോലും കാണാതെ പഠിക്കുകയും മനസ്സിലാക്കുകയുമൊക്കെ ചെയ്യുന്ന കുട്ടികൾ പോലും നിസാരമായാണ് ചതിയന്മാരുടെ വലകളിലും കുരുക്കുകളിലും അകപ്പെടുന്നത്.
ഇതിനു പിന്നിലുള്ള കാര്യങ്ങൾ പ്രധാനമായും രണ്ടാണ്. അതിലൊന്ന് നമ്മൾ പതിവായി പറയുന്ന പേരന്റിംഗിലെ പിഴവുകളാണ്. എന്നാൽ അതിലും പ്രധാനം മനുഷ്യകുലത്തിന്റെ സ്വാഭാവികമായ ചില പ്രത്യേകതകളാണ്. എത്ര മിടുക്കന്മാരും മിടുക്കികളുമായാലും യൗവ്വന കാലത്ത് നമ്മുടെ സ്വഭാവത്തിൽ വലിയ ചില മാറ്റങ്ങൾ ഉണ്ടാകുന്നു. അതിധൈര്യവും തന്റേടവും ആവശ്യത്തിലേറെ കൗതുകവും ആത്മവിശ്വാസവുമൊക്കെ ഈ പ്രായത്തിൽ സ്വാഭാവികമായി തന്നെ ഭൂരിപക്ഷം വ്യക്തിത്വങ്ങളുടേയും ഭാഗമാകുന്നു. അമേരിക്കൻ എഴുത്തുകാരിയായ ആലിസ് ഹോഫ്മാൻ പറഞ്ഞത് പോലെ അതീവ ശ്രമകരമാണ് യൗവ്വനകാല വർഷങ്ങൾ. എന്തുകൊണ്ടെന്നാൽ കുട്ടികളുടെയും മുതിർന്നവരുടെയും ലോകങ്ങൾ തികച്ചും വിഭിന്നമാണ്. മുന്നറിയിപ്പ് ലഭിക്കുകയും തിരിച്ചറിവുണ്ടായിരിക്കുകയുമൊക്കെ ചെയ്താലും അപകടങ്ങളിലേയ്ക്ക് നടന്നടുക്കാനും കുതിച്ചു പായാനുമൊന്നും യൗവ്വനത്തിൽ ഭൂരിപക്ഷത്തിനും മടിയുണ്ടാവില്ല. ഇത് ഓരോ ബാല്യങ്ങളും യൗവ്വന ദശയിലേയ്ക്ക് പ്രവേശിക്കുന്പോഴുണ്ടാകുന്ന സ്വാഭാവികമായ മാറ്റമാണ്. കൂസലില്ലായ്മയാകുന്നു ഈ പ്രായത്തിന്റെ മുഖമുദ്ര. എല്ലാവരും ഇങ്ങനെ ആകണമെന്നില്ല. പക്ഷെ ഭൂരിപക്ഷത്തിന്റെയും അവസ്ഥ ഇത് തന്നെ.
ഇവിടെയാണ് വീണ്ടും പേരന്റിംഗിന്‍റെ പ്രസക്തി. ശിശുക്കളെ കരുതലോടെ പരിപാലിക്കാൻ എല്ലാവർക്കുമറിയാം. അവനോ അവളോ ഒക്കെ അഭിമുഖീകരിക്കുന്ന ആവശ്യങ്ങളേക്കുറിച്ചും അവർക്കു നൽകേണ്ട കാര്യങ്ങളെകുറിച്ചുമൊക്കെ നമുക്ക് വ്യക്തമായി അവബോധവുമുണ്ട്. ചെറിയ കടന്പകൾ കടക്കേണ്ടി വരുന്പോൾ പോലും അവർക്ക് കാൽ വഴുതിയേക്കാമെന്നു നമുക്കറിയാം. ബാല്യത്തിൽ നിന്നും കൗമാരത്തിലേയ്ക്കു കടക്കുന്പോഴാകട്ടെ ഇത്തരം കടന്പകളുടെ എണ്ണവും വലിപ്പവും വളരെ അധികമാവുകയാണ്. ഇത് തിരിച്ചറിയാൻ ബഹുഭൂരിപക്ഷം രക്ഷിതാക്കൾക്കും കഴിയുന്നില്ല. പലവിധ കാരണങ്ങളാണ് ഇതിനുള്ളത്. മുതിർന്നവരെ പോലെ ചിന്തിക്കാനും പ്രവർത്തിക്കാനുമൊക്കെ തുടങ്ങുന്ന കുഞ്ഞുങ്ങൾക്ക് ഇനി കരുതൽ ആവശ്യമില്ല എന്ന നമ്മുടെ മിഥ്യാധാരണയാണ് വില്ലൻ നന്പർ വൺ. കുഞ്ഞുങ്ങൾക്കായി ആവശ്യത്തിനു സമയം ബാക്കിവെയ്ക്കാൻ നമ്മൾ ശ്രമിക്കാത്തതാണ് രണ്ടാമത്തെ പ്രശ്നം.
കഴിവുള്ള എല്ലാ രക്ഷിതാക്കളും ഈ വാസ്തവങ്ങൾ തിരിച്ചറിഞ്ഞു കൂടുതൽ കരുതലോടെ സ്വന്തം മക്കളെയെങ്കിലും പരിപാലിക്കുക എന്നതാണ് പത്തനംതിട്ട ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള പ്രധാന മാർഗ്ഗം. നമ്മുടെ കുഞ്ഞുങ്ങളെ നമ്മൾ തന്നെ കാത്തു രക്ഷിച്ചേ മതിയാവൂ. എന്തുകൊണ്ടെന്നാൽ കുഴപ്പങ്ങളുടെ കുരുക്കുകൾ അവർക്കു ചുറ്റും എന്നും എപ്പോഴുമുണ്ട്.