വ്യാപകമാകുന്ന ഭീതി


പോലീസുകാരനായ രമാകാന്ത് പാണ്ധേയുടെ ജഡം കണ്ടത് മധ്യപ്രദേശിലെ ഓർച്ചയിലുള്ള പോലീസ് ഔട്ട് പോസ്റ്റ്‌ കെട്ടിടത്തിന്റെ മച്ചിൽ തൂങ്ങി മരിച്ച നിലയിലാണ്. രമാകാന്ത് പാണ്ധേ ഒരു പട്ടികയിലെ ഏറ്റവും പുതിയ കണ്ണിയാണ്. മധ്യപ്രദേശിനെ, രാജ്യത്തെ തന്നെയും പിടിച്ചു കുലുക്കുന്ന വ്യാപം അഴിമതിക്കേസുമായി ബന്ധപ്പെട്ട ദുരൂഹ മരണങ്ങളുടെ പട്ടികയിലെ ഏറ്റവും പുതിയ പേരാണ് പാണ്ധേയുടേത്. പക്ഷെ ഇത് ആ പട്ടികയിലെ അവസാനത്തെ പേരാവില്ല എന്നാണു സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്. എന്തിനേറെ താൻ പോലും വ്യാപഭീതിയിലാണെന്നു കേന്ദ്ര മന്ത്രിയും മധ്യപ്രദേശ്‌ മുൻ‍ മുഖ്യമന്ത്രിയുമായ ഉമാ ഭാരതി പോലും പറയുന്നിടത്ത് വ്യാപം ഉയർ‍ത്തുന്ന ഭീഷണിയുടെ വലിപ്പം നമുക്ക് ഏകദേശം വ്യക്തമാകുന്നു.

വ്യാപം എന്താണ് എന്നതിനെക്കുറിച്ച് പൊതു സമൂഹത്തിനു വ്യക്തത കൈവരുന്നതേയുള്ളൂ. വ്യാപകം എന്നത് തെറ്റി അച്ചടിച്ചതാണ് എന്ന ധാരണയാണ് ആ വാക്ക് ആദ്യം ശ്രദ്ധിച്ച പലരിലും ഉണ്ടായത്. ഒരു കേസിനെ ചൊല്ലി സമീപകാല ചരിത്രത്തിലുണ്ടായ ഏറ്റവും കൂടുതൽ ദുരൂഹ മരണങ്ങളുടെ പേരിലാണ് വ്യാപം ഇപ്പോൾ കുപ്രസിദ്ധമാകുന്നത്. കർ‍ഷക ആത്മഹത്യയും വലിയ അപകടങ്ങളും പ്രകൃതി ദുരന്തങ്ങളുമൊക്കെ മൂലമുള്ള മരണസംഖ്യകൾ ഉയരും പോലെയാണ് വ്യാപാനുബന്ധ ദുരൂഹ മരണങ്ങളുടെ എണ്ണവും ഉയരുന്നത്.

മധ്യപ്രദേശിലെ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ഉദ്യോഗങ്ങളിലേക്കുമുള്ള പ്രവേശന നടപടികളുടെ ചുമതലക്കാരാണ് മധ്യപ്രദേശ്‌ പ്രൊഫഷണൽ എക്സാമിനേഷൻ ബോർഡ്. ഇതിന്റെ ഹിന്ദി രൂപമാണ് വ്യാവസായിക് പരീക്ഷാ മണ്ധൽ.  വ്യാപം എന്നത് ചുരുക്കപ്പേരും. മനോഹരമായ ഈ പേരിനു പക്ഷെ മരണത്തിന്റെ മറുപേരായാണ് പ്രചാരം നേടാൻ ഭാഗ്യമോ ദൗർഭാഗ്യമോ സിദ്ധിച്ചത്. സംസ്ഥാനത്തെ മെഡിക്കൽ സീറ്റുകളിലേക്കുള്ള പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകളാണ് ഇപ്പോഴുണ്ടായിരിക്കുന്ന വിവാദങ്ങളിലേയ്ക്ക് നയിച്ചിരിക്കുന്നത്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. 1990 മുതൽ പ്രവേശന പരീക്ഷയും നിയമനങ്ങളുമായി ബന്ധപ്പെട്ട അഴിമതികൾ ഉണ്ടായിരുന്നു എന്നാണ് ഇത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ടുകൾ നൽ‍കുന്ന സൂചന. സർ‍ക്കാർ‍ ജോലികളിലും പ്രൊഫഷണൽ കോഴ്സുകളിലും ഇങ്ങനെ വഴിവിട്ട പ്രവേശനം നേടിയ ആയരങ്ങളാണത്രേ ഉള്ളത്. ഇതിൽ ഭരണതലത്തിലെ അത്യുന്നതന്മാരും അവർ‍ക്കു വേണ്ടപ്പെട്ടവരും സ്വന്തക്കാരും ബന്ധുക്കളും ഒക്കെയുണ്ടെന്ന ആരോപണം അതിശക്തമാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പോലും ആരോപണങ്ങളുടെ മുൾമുനയിലാണ്. കേസിൽ അന്വേഷണം സി.ബി.ഐക്ക് വിട്ടു നൽ‍കാത്തതിനു പിന്നിൽ മുഖ്യമന്ത്രി തന്നെയാണെന്ന ആരോപണവും അതിശക്തമാണ്.

വർ‍ഷങ്ങളായി ഉണ്ടായിരുന്ന ക്രമക്കേടുകൾക്കു പിന്നിൽ സംഘടിത ശക്തികൾ തന്നെയുണ്ട് എന്ന് വ്യക്തമായത് 2009 ഓടെയാണ്. തുടർന്ന് നടന്ന അന്വേഷണങ്ങളിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ നൂറോളം പേർ അറസ്റ്റിലായി. എന്നാൽ അവിടം കൊണ്ടും കാര്യങ്ങൾ അവസാനിച്ചില്ല. അഴിമതിയുടെ ആഴം അന്നറിഞ്ഞതിലും എത്രയോ അധികമായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് തുടർന്നിങ്ങോട്ടുള്ള സംഭവങ്ങൾ.

കേരളത്തിലെ ഒരു മുതിർ‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ കോപ്പിയടിയും ബീഹാറിൽ സ്കൂൾ ഫൈനൽ വേളയിലെ കൂട്ടക്കോപ്പിയടിയുമൊക്കെ കണ്ടു ഞെട്ടിത്തരിച്ച നമ്മളെ ബോധരഹിതരാക്കാൻ പോന്നതാണ് ക്രമക്കേടുകൾക്കുള്ള സകല സാധ്യതകളും പരീക്ഷിച്ച വ്യാപം പ്രവേശന പരീക്ഷകൾ. പരീക്ഷാർ‍ത്ഥികൾക്കു പകരം മിടുക്കന്മാരായ വിദ്യാർ‍ത്ഥികളെ വെച്ചു പരീക്ഷ എഴുതിക്കുക, പരീഷ എഴുതുന്ന വിദ്യാർ‍ത്ഥിക്കടുത്ത് വിദഗ്ദ്ധനായ ആളെ ഇരുത്തി അയാളുടെ ഉത്തര കടലാസ്സുകൾ നോക്കിയെഴുതാൻ അവസരമുണ്ടാക്കുക, ഒ.എം.ആർ ഷീറ്റുകൾ ബ്ലാങ്കാക്കിയുള്ള തട്ടിപ്പ് ഇങ്ങനെ ബഹുമുഖ മാർഗ്ഗങ്ങളിലൂടെയാണ് വ്യാപം പുരോഗമിച്ചത്. ബി.ജെ.പിക്കാരനായ മുഖ്യമന്തിക്കു   മാത്രമല്ല മുതിർ‍ന്ന കോൺ‍ഗ്രസ് നേതാവായ ഗവർണർ രാം നരേഷ് യാദവിനും അഴിമതിയുമായി ബന്ധമുണ്ടെന്ന ആരോപണം അതി ശക്തമാണ്. മികച്ച രാഷ്ട്രീയക്കാരന്‍റെ മെയ്്വഴക്കത്തോടെ മുഖ്യമന്ത്രി ഇതുവരെ പിടിച്ചു നിന്നപ്പോൾ ഗവർണർക്ക്‌ കേസുമായി ബന്ധപ്പെട്ട വ്യക്തിപരമായ നഷ്ടം സംഭവിച്ചു കഴിഞ്ഞു. അനധികൃത നിയമനത്തിൽ പങ്കുണ്ട് എന്ന ആരോപണമുയർന്നതിനെ തുടർ‍ന്നാണ് ഗവർണറുടെ പുത്രൻ‍ ശൈലേഷ് യാദവ് മരണമടഞ്ഞത് എന്ന് വിശ്വസിക്കുന്നവർ ഏറെയാണ്‌.

കേസുമായി ബന്ധപ്പെട്ട 2009ൽ ഒരാളും 2010ൽ അഞ്ചുപേരും 2012 ൽ നാല് പേരും 2013ൽ 7 പേരും മരണമടഞ്ഞു. കഴിഞ്ഞ വർ‍ഷം ഇത് എഴായിരുന്നു. ഇക്കൊല്ലം ഇതുവരെ ദുരൂഹ മരണസംഖ്യ 15 ആയിക്കഴിഞ്ഞു. സുഭാഷ് ചന്ദ്രബോസ് മെഡിക്കൽ കോളേജ് ഡീൻ അരുൺ‍ ശർമ്മ, മാധ്യമ പ്രവർത്തകനായ അക്ഷയ് സിംഗ്, പോലീസുകാരിയായ അനാമിക, പോലീസ് ഉദ്യോഗസ്ഥൻ രമാകാന്ത് പാണ്ധേ എന്നിവരാണ് ഈ പട്ടികയിലെ ഏറ്റവും പുതിയ പേരുകാർ.

എന്തൊക്കെ തൊടു ന്യായങ്ങൾ പറഞ്ഞാലും ഒരു നാടിനെ തന്നെ ഭീതിയിലാഴ്ത്തിയിരിക്കുന്ന ഈ കുംഭകോണത്തിന്‍റെ ദുരൂഹതകൾ എങ്ങനെയാണെങ്കിലും അവസാനിപ്പിക്കാൻ സംസ്ഥാനത്തെ ബി.ജെ.പി സർക്കാരിന് ബാദ്ധ്യതയുണ്ട്. അഴിമതി മുക്ത ഭാരതം കെട്ടിപ്പടുക്കാൻ പ്രതിജ്ഞാ ബദ്ധനായ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഈ അഴിമതി കണ്ടില്ലെന്നു നടിച്ചിരിക്കുന്നതു ശരിയല്ല. വ്യാപങ്ങൾ വ്യാപകമാകുന്നത് നമ്മുടെ നാടിന്റെ യശസ്സ് ഇടിച്ചില്ലാതാക്കുമെന്ന കാര്യം ഭരണ നേതൃത്വങ്ങൾ വിസ്മരിച്ചുകൂടാ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed