പുസ്തക ചരിതം പുതിയ കഥ
( കുഞ്ഞൻ നമ്പ്യാർ പൊറുക്കണം )
ഇനിയൊരു കഥ ഞാനുര ചെയ്യാം പുന:
രൊരുപാടില്ലിതു ചെറിയ കഥ .
മരിയാദക്കിരിയവിടെ കഥയുടെ
യിടയിൽ പ്പരിചൊടു മിണ്ടരുതാരും.
കേരം തിങ്ങും കേരള മണ്ണിൽ
നേരിൽ കണ്ട വിശേഷങ്ങൾ,
പാരാതങ്ങനെ ചൊല്ലാം ഞാനതിൽ
പാരം കുണ്ഡിതമരുതരുതേ.
നാട്ടിൽ പഠിക്കുവാൻ പുസ്തകങ്ങൾ
ആവശ്യമില്ലെന്നതാപ്തവാക്യം,
നാണം മറയ്ക്കുവാൻ ആടയൊന്നും
ആവശ്യമില്ലെന്ന പോലെ കാര്യം.
വച്ചടി വച്ചടി നന്നാവേണ്ടൊരു
വിദ്യാഭ്യാസ വിചക്ഷണരവരും
അക്ഷരമേകി വളര്‍ത്തി വിടേണ്ടിന
സദ്ഗുരുനാഥ കുലോത്തമരവരും
വിദ്യാഭ്യാസ പുരോഗതി കാക്കാൻ
നിത്യംസമരം ചെയ്യുന്നവരും
എത്ര കിടന്നു പയറ്റിപ്പാർത്തു
എന്നിട്ടും പുനരെത്തീല്ലല്ലോ
പാഠ പുസ്തകമെല്ലാമൊന്നും
കാര്യങ്ങൾ നോക്കേണ്ട മന്ത്രിതാനും
കാര്യ കർത്താക്കളും കൈമലർത്തീ.
പാഠം പഠിക്കേണ്ട ശൈശവങ്ങൾ
മാനത്ത് കണ്‍ നോക്കി നിൽപ്പുമായി.
ഓണപ്പരീക്ഷയേച്ചൊല്ലിയോർത്തും
ആധി മുഴുത്തോടി രക്ഷിതാക്കൾ.
"ഓടേണ്ട ചാടേണ്ട വേണ്ട നിങ്ങൾ
ഞാനില്ലേ കാര്യങ്ങൾ നേരെയാക്കാൻ",
ഓടിയണഞ്ഞോതി മന്ത്രി സാറ്,
എല്ലാരേം പാസാക്കും തന്ത്രി സാറ് !
"ഓണമൊരിത്തിരി മാറ്റുകയെന്നാൽ
ഓണപ്പരീക്ഷയും കൃത്യമായ് തീർക്കാം.
ഓണപ്പരീക്ഷ തൻ പേരൊന്നു മാറ്റിടാം
ഒന്നാം പരീക്ഷയെന്നാക്കയും ചെയ്തിടാം."
കാലം കെട്ടൊരു കാലം വന്നൊരു
കാലം കാര്യം തലകീഴായി.
അങ്ങനെയുള്ളൊരു കാലം വെറുതേ
പുസ്തകമെന്തിനു കാക്കുക വേണ്ടൂ?
നാരായണ ജയ, നാരായണ ജയ,
നാരായണ ജയ, നാരായണ ജയ,
നാരായണ ജയ, നാരായണ ജയ,
നാരായണ ജയ, നാരായണ ജയ.
ആരാണിതിനോരറുതി വരുത്തി
പുസ്തക പുണ്യം നല്‍കുക വേഗം?
ആരാണുടനുടനാവശ്യത്തിനു
പാഠപ്പുസ്തകമവനു കൊടുക്കുക?
എന്നാണിതിനെതിരായുള്ളവരുടെ
യുള്ളിന്നുള്ളില്‍ വിളക്കു തെളിക്കുക?
നാരായണ ജയ, നാരായണ ജയ,
നാരായണ ജയ, നാരായണ ജയ,
നാരായണ ജയ, നാരായണ ജയ,
നാരായണ ജയ, നാരായണ ജയ.