നാദ ബ്രഹ്മവും ലോക ക്രമവും
സംഗീത ലോകത്തേക്കുള്ള ഒരുപറ്റം നവമുകുളങ്ങളുടെ അരങ്ങേറ്റ വേളയിൽ പ്രമുഖ സംഗീതജ്ഞൻ ശ്രീ അന്പിളിക്കുട്ടനാണ് സംഗീതവും സംസ്കാരങ്ങളും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ച് വീണ്ടും ഓർമ്മിപ്പിച്ചത്. ഓരോ നാട്ടിൽ നിന്നുമുള്ള സംഗീതവും ആ മണ്ണിന്റെ സംസ്കാരത്തോട് നേരിട്ടു ബന്ധപ്പെട്ടു കിടക്കുന്നു. ആഫ്രിക്കൻ മണ്ണിന്റെ വന്യതയും ചടുലതയും ഒക്കെ അവരുടെ സംഗീതത്തിൽ പ്രകടമാണ്. അമേരിക്കയിലെ മായൻ സംസ്കൃതിയും റെഡ് ഇന്ത്യൻ സംഗീതവുമായി അഭേദ്യ ബന്ധമാണുള്ളത്. അറബ് സംഗീതത്തിന്റെ താളലയങ്ങൾ അനുഭവ വേദ്യമായിട്ടുള്ള നമുക്ക് അതിനെ അറബ് സംസ്കൃതിയും അറബിയുടെ സ്വഭാവമായി ചേർത്തു വായിക്കാനും പ്രയാസമില്ല.
ഭാരതീയ സംസ്കൃതിയും ഭാരതീയ സംഗീതവുമായുള്ള ബന്ധം ഇതിലും ഏറെ വലുതാണ്. ശബ്ദങ്ങളുടെയും താള, രാഗങ്ങളുടെയും വിന്യാസ ക്രമീകരണത്തിലും ഉപയോഗത്തിലും കൂടി ആത്മീയവും ഭൗതീകവുമായ ഔന്നിത്യങ്ങളിലേക്ക് മനുഷ്യനെ നയിക്കാൻ സംഗീതത്തിന് കഴിയുമെന്നു നമ്മുടെ സംഗീത ധാരകൾ തെളിയിച്ചിട്ടുണ്ട്. ലോക സൃഷ്ടി സംഭവിച്ചത് തന്നെ ശബ്ദത്തിൽ നിന്നാണെന്നതിനു വേദ ഗ്രന്ഥങ്ങൾക്കൊപ്പം ആധുനിക ശാസ്ത്രവും സാക്ഷ്യം പറയുന്നു. ക്രൈസ്തവ വേദ പുസ്തകത്തിൽ The Gospel of john അഥവാ യോഹന്നാന്റെ സുവിശേഷത്തിൽ പറയുന്നത് In the beginning was the Word, and the Word was with God, and the Word was God എന്നാണ്. ആദിയിൽ വചനമുണ്ടായി, ആ വചനം രൂപമായി എന്ന് അതിനു മലയാളത്തിലുണ്ടായ പരിഭാഷയും നമുക്കറിയാം. അതിനും സഹസ്രാബ്ദങ്ങൾ മുന്പ് വേദങ്ങൾ പറഞ്ഞു തന്ന ഓംകാര തത്വവും ഇത് തന്നെയാണ്. ഭാരതീയ സങ്കൽപ്പങ്ങളനുസരിച്ച് നാദം കേവലം ശബ്ദമോ സംഗീതമോ മാത്രമല്ല. അത് നമ്മുടെ പൂർവ്വസൂരികൾ ഉപയോഗിച്ചു പോന്നത് തന്നെ നാദബ്രഹ്മം എന്നാണ്. ബ്രഹ്മം എന്നത് ലോക നിയന്താവും ലോക സൃഷ്ടാവും സ്ഥിതികാരകനും സംഹാരകനും എല്ലാമായ പ്രപഞ്ച ശക്തിയാണ്. ഭാരതീയ സംഗീത സങ്കൽപ്പങ്ങളനുസരിച്ച് അത് ആദിയോഗിയും ആദിസംഗീതകാരനും ആദി നർത്തകനും ഒക്കെയായ സാക്ഷാൽ പരംപുരുഷനായ പരമശിവനാണ്.
നാദവും ഈ പറഞ്ഞ പരബ്രഹ്മവും രണ്ടല്ലെന്നു വരുന്നതോടെ മനസ്സിലുദിച്ച ഒരു സംശയമായിരുന്നു, അങ്ങനെയെങ്കിൽ നാദോപാസനയിലൂടെ തന്നെ പരമപദം പ്രാപിച്ച യോഗി വര്യന്മാരും ഉണ്ടാവില്ലേ എന്നത്. തുളസീദാസൻ, പുരന്ദര ദാസൻ അങ്ങനെ ഒരുപാട് പേരുകൾ ഒന്നൊന്നായി പറഞ്ഞുകൊണ്ട് അന്പിളിക്കുട്ടൻ എന്ന സംഗീത ഗുരു ആ സംശയം ഞൊടിയിട കൊണ്ട് തീർക്കുന്പോഴേക്കും മനസ്സിൽ ചെന്പൈ അടക്കമുള്ള പേരുകളും തനിയെ തെളിയുന്നു. സംഗീതത്തിന്റെ പരബ്രഹ്മ സത്ത തിരിച്ചറിഞ്ഞ് ആ വഴിയിലൂടെ മോക്ഷ പദം കൈവരിച്ചവർ. നാദം ബ്രഹ്മം തന്നെയാണ്. സംഗീതം നമ്മുടെ സംസ്കാരവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. അപ്പോഴാണ് അത്യന്താധുനികം എന്ന് വിശേഷിപ്പിക്കപ്പെടുന്ന നമ്മുടെ ന്യൂജെൻ സംഗീതത്തെക്കുറിച്ചുള്ള ചിന്ത മനസ്സിൽ തെളിഞ്ഞത്. സ്വരസ്ഥാനങ്ങൾക്കു ചിട്ടയില്ലാത്ത്, രാഗ നിർബന്ധമില്ലാത്ത, പദശുദ്ധിയില്ലാത്ത പാട്ടുകൾക്കു തന്നെയാണ് നമ്മുടെ പുതു തലമുറ സംഗീതത്തിൽ പ്രാധാന്യം. ഇതിനു വിരുദ്ധമായി ശുദ്ധ സംഗീതത്തിലും അർത്ഥ സന്പുഷ്ടിയിലും വിശ്വസിക്കുന്നവരുടെ മനസ്സുകളിൽ മികച്ച ഗാനതല്ലോജങ്ങൾ പിറവി കൊള്ളുന്നില്ല എന്നല്ല. പക്ഷെ ആദ്യം പറഞ്ഞ ബഹള സംഗീതത്തെ തന്നെയാണ് നമ്മുടെ യുവ തലമുറ നെഞ്ചേറ്റുന്നത്. ഈ പുതിയ പാട്ടുകൾ പലതും അൽപ്പായുസാണ്. നമ്മുടെ പുതിയ സമൂഹത്തിന്റെ പല ബന്ധങ്ങളും പോലെ. സമൂഹത്തിന്റെ പൊതു സ്വഭാവമായി മാറിയ പ്രകടനപരത നമ്മുടെ സംഗീത സംസ്കാരത്തെയും മാറ്റി മറിച്ചിരിക്കുന്നു. നവ സംഗീതത്തിലെ അർത്ഥമില്ലാത്ത പദങ്ങൾ കൃത്യമല്ലാതെ അടുക്കിയുള്ള രചനാ ശൈലി നവ സമൂഹത്തിന്റെ അർത്ഥമില്ലായ്മകൾ തന്നെയാണ് വ്യക്തമാക്കുന്നത്. വരികളുടെയും സംഗീതത്തിന്റെയും ചോരണം സംഗീത രംഗത്ത് പണ്ടൊക്കെ വലിയ സംഭവമായിരുന്നു. ഇന്നതിനെക്കുറിച്ചു നമ്മളാരും ആശങ്കപ്പെടുന്നില്ല. സമൂഹത്തിൽ മോഷണവും അഴിമതിയുമൊക്കെ സാമാന്യവൽക്കരിക്കപ്പെട്ടു കഴിഞ്ഞു. ഇതിന്റെ സൂചനകൾ സംഗീതത്തിൽ മാത്രമല്ല സമൂഹത്തിന്റെ സമസ്ത മേഖലകളിലും ദൃശ്യമായും തുടങ്ങിയിരിക്കുന്നു.
സമാജത്തിൽ പാർക്കുചെയ്ത കാറുകൾക്കിടക്ക് ഇന്നലെ കള്ളനും പോലീസും കളിക്കുകയാണ് കുട്ടിക്കൂട്ടം. ഒളിച്ചിരുന്ന കൂട്ടുകാരനെ കണ്ടെത്തിയതും അതിലൊരാൾ വിളിച്ചു പറഞ്ഞു: “കള്ളൻ, കള്ളൻ.” ഇത് കേട്ടതും തൊട്ടടുത്തുനിന്ന, അത്യാവശ്യം ലോക വിവരമുള്ള കൊച്ചു മിടുക്കി ചിരിച്ചുകൊണ്ട് ഉടൻ അമ്മയോട് പ്രതികരിച്ചു. “എവിടെ ? സമാജത്തീ മുഖ്യമന്ത്രീം മാണീമൊന്നും വന്നിട്ട് നമ്മളറിഞ്ഞില്ലല്ലോ, അമ്മേ! ഇതൊരു തമാശ മാത്രമാണ്. പക്ഷെ നമ്മുടെ കുട്ടികളെ കൊണ്ട് പോലും അങ്ങനെ ചിന്തിപ്പിക്കുകയും പറയിപ്പിക്കുകയും ചെയ്യുന്ന തരത്തിലേക്ക് നമ്മുടെ നേതൃത്വങ്ങൾ അധ:പതിച്ചിരിക്കുന്നു.
അതുകൊണ്ടൊക്കെ തന്നെ സംഗീതത്തിലുണ്ടായിരിക്കുന്ന മാറ്റം നമ്മുടെ സാമൂഹ്യ മാറ്റത്തിന്റെ പ്രതിഫലനം തന്നെയാണ് എന്ന് നമുക്ക് വിലയിരുത്തേണ്ടിയും വരുന്നു.