ആർക്കും വേണ്ടാത്തവർ


വി.ആർ സത്യദേവ്

പല കാരണങ്ങൾ കൊണ്ടുമുള്ള പലായനങ്ങൾ മനുഷ്യ കുലത്തിന്റെ ആവിർഭാവ കാലം തൊട്ടുള്ള ചരിത്രത്തിന്റെ ഭാഗമാണ്. സമീപ കാലത്തായി അതിന്റെ ആധിക്യം അധികരിച്ചിരിക്കുന്നു. രണ്ടാം ലോക യുദ്ധ കാലത്തിനു ശേഷം ഇത്രയധികം പേർ അഭയാർത്ഥികളായി അലയുന്നത് ഇതാദ്യമായാണ് എന്ന് യു.എൻ വിലയിരുത്തുന്നു

സ്പെൻസർ ട്യൂണിക് എന്നൊരു വിശ്രുതനായ ഫോട്ടോഗ്രാഫി കലാകാരനുണ്ട്. വസ്ത്രരഹിതമായ അസംഖ്യം മനുഷ്യ ശരീരങ്ങൾ കൊണ്ടുള്ള ഫോർമേഷനുകളിലൂടെ തീർ‍ക്കുന്ന ഇൻസ്റ്റലേഷനുകളാണ് ട്യൂണിക്കിനെ പ്രശസ്തനാക്കിയത്. പണ്ട് സൂര്യ ടി.വിക്കായി വാരാന്ത്യ ലോകമെന്ന പ്രതിവാര വാർത്താധിഷ്ഠിത പരിപാടിക്കായി ദൃശ്യങ്ങൾ തെരഞ്ഞെടുക്കുന്പോൾ റോയ്റ്റേഴ്സിന്റെ വിഷ്വൽ ഫീൽഡിലാണ് ട്യൂണിക്കിനെ ആദ്യമായി കാണുന്നത്. നഗ്നത എന്ന ഘടകം ഉണർത്തുന്ന കേവല കൗതുകത്തിനപ്പുറം മനുഷനെന്ന ജീവിയുടെ നിസ്സാരത ബോധ്യപ്പെടുത്തുന്നതായിരുന്നു ട്യൂണിക്കിന്റെ ഇൻസ്റ്റലേഷനുകൾ. എല്ലാ പുറംമോടികളും വലിച്ചെറിഞ്ഞ് ചേർ‍ത്തടുക്കിയ മത്സ്യങ്ങളെപ്പോലെയും പുഴുക്കളെ പോലെയും ഒക്കെ തോന്നിച്ച നഗ്ന മനുഷ്യരൂപങ്ങൾ‍ ചിലപ്പോഴെങ്കിലും ഉള്ളിൽ‍ ഭീതിയുടെ അലകളും നിറച്ചു. ആ ഭീതി അതിന്റെ പലമടങ്ങാക്കി അനുഭവിച്ച ദൃശ്യങ്ങളിൽ ചിലതാണ് നമ്മൾ ഈ ലേഖനത്തിനൊപ്പം ചേർത്തിരിക്കുന്നത്. മത്സ്യ ബന്ധന ബോട്ടുകളിൽ ചത്ത മീനുകളെ സംഭരിക്കാനുള്ള അറകളിൽ അൽപ വസ്ത്ര ധാരികളായിരിക്കുന്ന, എല്ലും തോലുമായ മനുഷരുടെ നോട്ടങ്ങൾ നമ്മുടെ മനുഷ്യത്വം മരവിച്ചോ അതോ മരിച്ചില്ലാതായിക്കഴിഞ്ഞോ എന്ന ചോദ്യമാണുയർ‍ത്തുന്നത്.

ഇവർ‍ അഭയാർത്ഥികളാണ്. ജനിച്ചു വളർ‍ന്ന മണ്ണു വിട്ട്, നിലനിൽപ്പിനായി പലായനം ചെയ്യേണ്ടി വരുന്നവർ. പൊന്നു വിളയുന്ന വാഗ്ദത്ത ദേശങ്ങളല്ല ഭീതിയില്ലാതെ ശിഷ്ടായുസ്സു തള്ളിനീക്കാനുള്ള ഇടങ്ങൾ മാത്രമാണ് കഠിന ത്യാഗങ്ങൾ അനുഷ്ഠിച്ചുകൊണ്ടുള്ള ഈ ദുരിത യാത്രകൾക്കു പിന്നിലുള്ള ഏക ലക്ഷ്യം.

മലയാളിക്ക് പലായനം പുതുമയല്ല. സൗഭാഗ്യങ്ങൾ തേടിയുള്ള അവന്റെ പലായനം താൽക്കാലികമാണ്. എണ്ണപ്പണവും അമേരിക്കൻ ഡോളറും ഒക്കെ നേടി കൂടുതൽ സന്പന്നരായി അവർ കുറെ കാലം കഴിഞ്ഞു ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് തിരിച്ചു വരുന്നു. അതുകൊണ്ട് തന്നെ പലായനമെന്നു വിളിക്കാതെ അവനതിനെ പ്രവാസമെന്ന സംജ്ഞ കൊണ്ട് സൂചിപ്പിക്കുന്നു. പക്ഷെ നമ്മൾ ഈ ചിത്രങ്ങളിൽ‍ കാണുന്നവർ‍ ഇക്കാര്യത്തിൽ മലയാളിയെ പോലെ ഭാഗ്യവാന്മാരും ഭാഗ്യവതികളുമല്ല. പിറന്ന നാട്ടിൽ‍ ഒരു നിമിഷം പോലും തുടരാൻ കഴിയാത്തവരാണ് ഇവർ. സ്വന്തം മണ്ണുകളിൽ നിന്നും സാഹചര്യങ്ങൾ ആട്ടിപ്പായിച്ചവർ.

വർണ വർഗ്ഗ വ്യത്യാസങ്ങൾക്കപ്പുറം വേദന ഈ സമൂഹങ്ങളിലെല്ലാം ഒരേപോലെ നിഴൽ‍ പരത്തിയിരിക്കുന്നു. കാരണങ്ങൾ‍ പലതാണെങ്കിലും എതിർ‍ പക്ഷങ്ങൾ ആയുസിനു വില പറയുന്ന ഈ സമൂഹങ്ങളെല്ലാം കണ്ണീർ കടലിലാണ് ഓരോ ദിവസവും, ഓരോ നിമിഷവും തള്ളി നീക്കുന്നത്. ഇക്കാര്യത്തിൽ മ്യാന്മറിൽ നിന്നും പലായനം ചെയ്യുന്ന ബംഗ്ലദേശ് വംശജരും ഇറാഖിൽ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് ജീവനും കൊണ്ട് രക്ഷ തേടി പോകുന്ന പേഴ്സ്യൻ വംശജർക്കും എറിത്രിയ അടക്കമുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും കടൽ‍ താണ്ടുന്ന കാപ്പിരികൾക്കും തമ്മിൽ വ്യത്യാസമൊന്നുമില്ല. ഇവിടെ ചിലർ‍ ശാന്തിയുടെയും സമാധാനത്തിന്റെയും തീരമണയുന്നു. മറ്റു ചിലരാവട്ടെ യാത്രക്കിടയിൽ ആയുസ്സവസാനിച്ച് നിത്യ ശാന്തി നേടുന്നു.

രണ്ടാം ലോക യുദ്ധത്തിനു ശേഷം ലോകത്തിന്റെ വിവിധയിടങ്ങളിൽ പല കാരണങ്ങളും കൊണ്ടുള്ള അഭയാർ‍ത്ഥി പ്രവാഹം ഏറ്റവും ഉയർ‍ന്ന നിലയിലാണെന്ന് ഐക്യരാഷ്ട്ര സംഘടന വിലയിരുത്തുന്നു. അഭയാർ‍ത്ഥികളും മനുഷ്യരാണെന്നും അവർ നമ്മുടെ സഹജീവികളാണെന്നും നമ്മെ പോലെ തന്നെ ജീവിക്കാൻ അവർ‍ക്കും അവകാശമുണ്ടന്നുമുള്ള ലോക തത്വങ്ങൾ ഓർമ്മിപ്പിച്ചു കൊണ്ട് യു.എൻ‍ ഇക്കാര്യത്തിൽ ആവുന്നതെല്ലാം ചെയ്യുന്നുമുണ്ട്. പക്ഷെ കൂടുതൽ സുഖസൗകര്യങ്ങൾക്കും ഉള്ളത് നിലനിർ‍ത്താനും ഒക്കെയുള്ള തത്രപ്പാടിനിടെ പല രാജ്യങ്ങൾക്കും യു.എന്നിന്റെ പ്രതീക്ഷയ്ക്കൊത്ത് ഇതിനോട് ക്രിയാത്മകമായി പ്രതികരിക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ജനലക്ഷങ്ങളുടെ ഭാവി അക്ഷരാർ‍ത്ഥത്തിൽ വെള്ളത്തിലായിരിക്കുന്നു. പലയിടത്തും കടൽ മാർഗ്ഗമാണ് ഇത്തരത്തിലുള്ള അഭയാർ‍ത്ഥി പ്രവാഹങ്ങൾ നടക്കുന്നത്. ഇതിൽ രണ്ടാഴ്ചയോളമായി തെക്ക് കിഴക്കനേഷ്യയിലെ രോഹിൻഗ്യാ അഭയാർ‍ത്ഥി പ്രശ്നം ഒന്നിലധികം രാഷ്ട്രങ്ങൾക്കും യു.എന്നിനും കീറാമുട്ടിയായി തുടരുകയാണ്.

മ്യാന്മർ അഥവാ ബർമ്മയിൽ നിന്നും മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് രോഹിൻഗ്യകൾ എന്നറിയപ്പെടുന്ന ബംഗ്ലദേശ് വംശജർ‍ അനധികൃതമായി കടന്നു കയറാൻ നടത്തുന്ന ശ്രമമാണ് പ്രശ്നങ്ങൾക്കു വഴി വെച്ചിരിക്കുന്നത്. ബംഗ്ലദേശിലെ കോക്സ് ബസാർ, മ്യാന്മറിലെ രാഖൈൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഈ അഭയാർത്ഥികൾ. മീൻ‍ പിടുത്ത വള്ളങ്ങളിലും ബോട്ടുകളിലുമായാണ് ഇവർ കടൽ‍ മാർ‍ഗ്ഗം ഇന്തോനേഷ്യയിലേക്കും മലേഷ്യയിലേക്കുമൊക്കെ കടന്നു കയറാൻ ശ്രമിക്കുന്നത്. ആവശ്യത്തിനു ഭക്ഷണവും വെള്ളവും പോലും ഇല്ലാതെ ഓരോ ബോട്ടിന്റെയും ഭാരവാഹക ശേഷിയുടെ ഇരട്ടിയും മൂന്നിരട്ടിയും ഒക്കെ ആളുകളെ കയറ്റിയാണ് ഈ ബോട്ടുകൾ മനുഷ്യക്കടത്തു നടത്തുന്നത്. മത്സ്യബന്ധന ബോട്ടുകളിൽ മീൻ‍ പിടിച്ചു സൂക്ഷിക്കാനുള്ള വലിയ അറകളിലാണ് അഭയാർ‍ത്ഥികളെ കുത്തി നിറക്കുന്നത്. ദിവസങ്ങളായി ഭക്ഷണവും വെള്ളവും ലഭിക്കാതെ ഇവരിൽ ചിലരെങ്കിലും യാത്രക്കിടെ മൃതപ്രായരാകുന്നു. ചിലർ‍ക്ക് ഉറ്റവരുടെ പട്ടിണി മരണങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വരുന്നു. കൂടെ യാത്രക്കിറങ്ങിയ പ്രിയപ്പെട്ടവരുടെ നിശ്ചേതനമായ ശരീരം കടലിൽ‍ ഉപേ
ക്ഷിച്ചു ലക്ഷ്യവും ഉറപ്പുമില്ലാത്ത യാത്ര തുടരേണ്ടി വരുന്നു. ആയുസ് നില നിർ‍ത്താനുള്ള മനുഷ്യസഹജമായ അഭിവാഞ്ഛ മാത്ര
മാണ് ഇവരെയൊക്കെ കൊണ്ട് ഈ ദുരിത യാത്രക്ക് പ്രേരിപ്പിക്കുന്നത്. രോഹിൻഗ്യകൾ പിറന്ന മണ്ണിൽ പൗരത്വം പോലുമില്ലാത്തവരാണ്.

മ്യാന്മാറിലെ ബംഗ്ലദേശ് വംശജരാണ്‌ രോഹിൻഗ്യകൾ എന്നറിയപ്പെടുന്നത്. ഇസ്ലാം മത വിശ്വാസികളാണ് ഈ പാവങ്ങൾ. മ്യാന്മറിലെ പടിഞ്ഞാറൻ പ്രവശ്യയായ രാഖൈനിലാണ് ഇവരിൽ ഏറെയും ഉള്ളത്. രാജ്യത്തെ മറ്റു ചിലയിടങ്ങളിലും ഇവരുടെ ചെറുസമൂഹങ്ങൾ ജീവിക്കുന്നു. ജീവിക്കുന്നു എന്നതിനേക്കാൾ ജീവൻ‍ നിലനിർ‍ത്താൻ‍ കഠിന ശ്രമം തുടരുന്നു എന്ന പ്രയോഗമാവും ഇവിടെ കൂടുതൽ യോജിക്കുക. രാജ്യത്തെ ഭൂരിപക്ഷ സമൂഹമായ ബുദ്ധമത വിഭാഗക്കാരുമായുള്ള സ്വരച്ചേർ‍ച്ചയില്ലായ്മയാണ് രോഹിൻഗ്യകളുടെ ദുരവസ്ഥയ്ക്ക് പ്രധാന കാരണം. രണ്ടു നൂറ്റാണ്ടോളമായി ബർ‍മ്മയുടെ മണ്ണിൽ‍ കഴിയുന്നവരാണ് തങ്ങൾ‍ എന്നാണു രോഹിൻഗ്യകൾ അവകാശപ്പെടുന്നത്. എന്നാൽ പിറന്ന നാട്ടിൽ‍ ഇവർ‍ക്ക് ഇതുവരെ പൗരത്വം നേടാൻ കഴിഞ്ഞിട്ടില്ല. ഈ സമൂഹത്തെ ബർ‍മ്മക്കാരായി അംഗീകരിക്കാൻ ഭൂരിപക്ഷ സമൂഹം തയ്യാറായിട്ടില്ല എന്നതാണ് വാസ്തവം. രോഹിൻഗ്യകൾ തങ്ങളുടെ നാട്ടിൽ‍ അധിനിവേശത്തിനു ശ്രമിക്കുകയാണ് എന്നാണു ഭൂരിപക്ഷം ബുദ്ധമതാനുയായികളുടെയും നിലപാട്. വിദ്യാഭ്യാസവും സാമൂഹ്യ ബോധവും ഉള്ള പരിഷ്കാരികൾ പോലും ഈ നിലപാടിൽ വിട്ടു വീഴ്ചക്ക് തയ്യാറല്ല. രോഹിൻഗ്യകൾക്കൊപ്പം ഒരു തരത്തിലും ജീവിക്കാനാകില്ല എന്നവർ പറയുന്നു. ഇത് വായിച്ചപ്പോൾ ഗൾഫ് മേഖലയിലെ ബംഗ്ലദേശ് സമൂഹത്തെക്കുറിച്ചുള്ള പൊതുവായ മനോവികാരം ഓർ‍മ്മ വന്നു. അതെന്തായാലും ഈ ഭൂമിയിൽ‍ ജീവിക്കാനുള്ള അവരുടെ അവകാശം നമുക്ക് അംഗീകരിച്ചേ പറ്റൂ. എന്നാൽ ഇതസാധ്യമെന്നാണ് മ്യാന്മറിലെ ബുദ്ധമത സമൂഹത്തിന്റെ നിലപാട്. നിലവിൽ‍ നാലു ശതമാനമാണ് രാജ്യത്തെ ജനസംഖ്യയിൽ രോഹിൻഗ്യകളുടെ പങ്ക്. ക്രമാതീതമായി പെറ്റുപെരുകി കുറഞ്ഞ കാലം കൊണ്ടുതന്നെ രോഹിൻഗ്യകൾ ജനസംഖ്യയിൽ തങ്ങളെ കവച്ചു വെയ്ക്കുമെന്ന് ബുദ്ധമത വിഭാഗം ആരോപിക്കുന്നു. അതത്ര എളുപ്പമല്ലെങ്കിലും രോഹിൻഗ്യകളുടെ എണ്ണത്തിലെ വർദ്ധനവ് ഇതരമതക്കാരുടെ ജനസംഖ്യാ വർദ്ധനവിനെക്കാൾ വളരെ അധികമാണ് എന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഓരോ കലാപങ്ങളുണ്ടാകുന്പോഴും ഒരുപാട് രോഹിൻഗ്യകൾ ഇല്ലാതാവുന്നു എന്ന് മറ്റുള്ളവർ‍ ഉറപ്പാക്കുന്നു. 2012ലെ കലാപം തെട്ടിങ്ങോട്ട് ഇക്കാര്യത്തിൽ മാറ്റമില്ല. അന്ന് ബുദ്ധമത വിഭാഗക്കാരിയായിരുന്ന ഒരു യുവതിയെ രോഹിൻഗ്യ വിഭാഗക്കാരനായ ഒരാൾ മാനഭംഗപ്പെടുത്തിക്കൊന്നുവെന്ന ആരോപണമായിരുന്നു കലാപങ്ങൾക്കു വഴി വച്ചത്. 200 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ഇതിൽ ബഹുഭൂരിപക്ഷവും രോഹിൻഗ്യകൾ തന്നെയായിരുന്നു. പതിനായിരത്തോളമാൾക്കാർ ഭവനരഹിതരായി. 2013ലും പതിനാലിലുമൊക്കെ ഇതിന്റെ തനിയാവർ‍ത്തനങ്ങൾ പല തവണ സംഭവിച്ചു. ഫലത്തിൽ മ്യാന്മറിലെ ബംഗ്ലദേശ് വംശജരും ഇതര വിഭാഗക്കാരുമായ മുസ്ലീങ്ങൾ അരക്ഷിതരാണ്. അവർ‍ക്ക് അവരുടെ അഭയ കേന്ദ്രങ്ങളിൽ നിന്നും പുറത്തിറങ്ങാൻ സ്വാതന്ത്ര്യമില്ല. പുറത്തിറങ്ങുന്നവരെ നാട്ടുകാർ‍ കൊലപ്പെടുത്തും എന്നതാണത്രേ സ്ഥിതി. അവരുടെ സ്വന്തമിടങ്ങൾ അഭയാർ‍ത്ഥി കേന്ദ്രങ്ങളായി മാറ്റപ്പെട്ടിരിക്കുന്നു. അവിടങ്ങളിൽ ആവശ്യത്തിനു ഭക്ഷണവും മരുന്നും ലഭ്യമല്ലെന്നും പരാതിയുണ്ട്. പുരുഷന്മാർ‍ക്കും സ്ത്രീകൾക്കും വരുമാന മാർ‍ഗ്ഗങ്ങളില്ല. പട്ടിണിയും രോഗങ്ങളും ഈ കോളനികളിൽ നിഴൽ‍ വിരിച്ചു നിൽക്കുന്നു. മുലപ്പാലുവറ്റിയ മാതൃത്വങ്ങൾ കുഞ്ഞുങ്ങളെ മരണ വക്ത്രങ്ങളിൽ നിന്നും രക്ഷിക്കാനാകാതെ കണ്ണീരൊഴുക്കുന്നു. ഹിറ്റ്ലറുടെ കോൺ‍സണ്‍ട്രേഷൻ ക്യാന്പുകൾക്ക് സമാനമാണ് ഈ അഭയാർ‍ത്ഥി ഗ്രാമങ്ങൾ.

ഈ ദുരിതങ്ങളിൽ നിന്നുള്ള രക്ഷ തേടിയാണ് ആൻ‍ഡമാൻ കടലിൽ‍ കൂടിയുള്ള അപകട സഞ്ചാരത്തിന് ഈ പാവങ്ങൾ തയ്യാറാകുന്നത്. ബോട്ടുകളിൽ കുത്തി നിറച്ച് തായ്ലന്‍റിൽ എത്തിച്ച് അവിടെ നിന്നും കരമാർഗ്ഗം മലേഷ്യയിലേക്ക് കൊണ്ടുപോകുന്ന രീതിയായിരുന്നു മനുഷ്യക്കടത്തുകാർ ഇതുവരെ അനുവർത്തിച്ചിരുന്നത്. എന്നാൽ തായ്ലന്‍റ് ഈ മനുഷ്യ കടത്തിനെതിരെ നടപടികൾ‍ ആരംഭിച്ചതോടെ കടൽ‍ യാത്ര കൂടുതൽ ദീർഘമായി. ഒപ്പം ഈ പാവങ്ങളുടെ യാത്രാ ദുരിതവും. തെക്കു കിഴക്കനേഷ്യയിലെ രാജ്യങ്ങൾക്ക് ഈ പുതിയ അഭയാർത്ഥി പ്രവാഹം തല വേദനയായിരിക്കുകയാണ്. മ്യാന്മറും മലേഷ്യയുമൊക്കെ ഇവരിൽ കുറെ പേർ‍ക്ക് താൽ‍ക്കാലികാഭയം നൽകാമെന്നു സമ്മതിച്ചിട്ടുണ്ട്. എന്നാൽ അഭയാർ‍ത്ഥി പ്രവാഹം തങ്ങൾക്ക് താങ്ങാനാവുന്നതിലും അപ്പുറമാണെന്ന് ബംഗ്ലദേശ് പറയുന്നു. അഭയാർ‍ത്ഥികളെ സ്വീകരിക്കാനാവില്ലെന്നതാണ് ആസ്ത്രേലിയയുടെ നിലപാട്. എങ്കിലും ഐക്യരാഷ്ട്ര സഭയുടെ ഇടപെടൽ‍ മൂലം ഈ ഹതഭാഗ്യരിൽ കുറെപ്പേർക്ക് ശിഷ്ട ജീവിതം കൂടുതൽ മെച്ചപ്പെട്ടതായേക്കാം. എങ്കിലും മ്യാന്മറിലുള്ള രോഹിൻഗ്യകൾ ഉന്മൂലനത്തിന്റെ വക്കിൽ തന്നെയാണ് എന്നതാണ് ആത്യന്തികമായ സത്യം.

ഐ.എസിന്റെ കൊടും ക്രൂരതകളാണ് ഇറാഖിലെ പല വിഭാഗങ്ങളെയും പലായനത്തിനു നിർബ്ബന്ധിതരാക്കിയത്. കടലിനു പകരം ചുട്ടു പഴുത്ത മണൽക്കടലും പൊടിക്കാറ്റും കൊടും പട്ടിണിയുമൊക്കെയാണ് ഇവരെ കണ്ണീരു കുടിപ്പിക്കുന്നത്.

ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർ ഇവരേക്കാൾ ഒരു പരിധിവരെ ഭാഗ്യവാന്മാരാണ് എന്നു വിലയിരുത്താം. ഐക്യരാഷ്ട്രസഭയുടെ നായകത്വത്തിൽ നടക്കുന്ന നടപടികളാണ് ഇതിനു കാരണം. എറിത്രിയ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും പ്രതിദിനം ആയിരങ്ങളാണ് ഇറ്റലി ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്ക് അഭയാർ‍ത്ഥികളായി എത്തിച്ചേരുന്നത്. ആഫ്രിക്കൻ രാജ്യങ്ങളിലെ രാഷ്ട്രീയപരമായ അനിശ്ചിതത്വങ്ങളും കൊടുംപട്ടിണിയുമാണ് കടലിൽ‍ കൂടിയുള്ള അത്യന്തം അപകടകരമായ ഈ അഭയാർ‍ത്ഥി പ്രവാഹത്തിനും കാരണം. ഇവരുടെയൊക്കെ പാലനം അതാതു രാജ്യങ്ങളിൽ പ്രശ്നങ്ങളുണ്ടാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അനധികൃത കുടിയേറ്റങ്ങൾ നാടിന്റെ സ്വസ്ഥത പൂർ‍ണ്ണമായും തകർക്കുമെന്ന് മ്യാന്മറിലെ ബുദ്ധമതക്കാർ പറയുന്നു.

ബംഗാളികൾ എന്നപേരിൽ എണ്ണമില്ലാത്തത്ര ബംഗ്ലദേശികൾ ഓരോ ദിവസവും വന്നു ചേർ‍ന്നുകൊണ്ടിരിക്കുന്ന നമ്മുടെ സ്വന്തം കേരളവും ഭാവിയിൽ‍ സമാനമായ പ്രശ്നങ്ങൾ‍ അഭിമുഖീകരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഭൂമിയിൽ‍ ജീവിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എങ്കിലും അറിഞ്ഞുകൊണ്ട് അപകടങ്ങൾ‍ വരുത്തി വെയ്ക്കാതിരിക്കുന്നത് തന്നെയാണ് പ്രായോഗികത.

You might also like

  • Lulu Exchange
  • Straight Forward

Most Viewed