അരുണമാർ സംഭവിക്കാതിരിക്കാൻ...
വിധിയെന്ന് അതിനെ വിളിക്കാമോ എന്ന് സംശയം. എങ്കിലും വിധിവിളയാടലല്ലെങ്കിൽ പിന്നെന്തു പേരിട്ടാണ് ഒരൊറ്റ ദിവസം കൊണ്ട് ഒരു പാവം പെണ്‍കുട്ടിയുടെ ജീവിതം നിത്യ ദുരിതത്തിലേക്ക് കൂപ്പു കുത്തിയതിനെ നമ്മൾ വിശേഷിപ്പിക്കുക? അരുണ ഷാൻബാഗ് ഒരു പ്രതീകമായിരുന്നു. പെണ്ണിനോടുള്ള കാമാർത്തമായ സമൂഹത്തിന്റെ ദയാശൂന്യതയുടെ പ്രതീകം. മുംബൈയിലെ കിംഗ് മെമ്മോറിയൽ ആശുപത്രിയിൽ കഴിഞ്ഞ 42 വർഷങ്ങളായി ജീവശ്ചവമായി, ഒരു പൈശാചികതയുടെ ബാക്കിപത്രമായി മരിച്ചു ജീവിച്ച അരുണ ഒടുവിൽ ഒർമ്മയായിരിക്കുന്നു.
നമ്മായി പഠിക്കുകയും ഒരു നല്ല ആശുപത്രിയിൽ ജോലി നേടുകയും ഒക്കെ ചെയ്ത സുന്ദരിയായ പെണ്‍കുട്ടിയായിരുന്നു അരുണ. ഉത്തര കര്‍ണ്ണാടകത്തിലെ ഹോന്നാവർ താലൂക്കിലെ ഹൽദിപൂരിൽ നിന്നുള്ള മിടുക്കി. പടിപടിയായി ജീവിത വിജയങ്ങൾ ഒന്നൊന്നായി അവളിലേക്ക് വന്നു ചേർന്നുകൊണ്ടിരുന്നു. സുഹൃത്തുക്കൾക്ക് പോലും അസൂയ തോന്നത്തക്ക രീതിയിലായിരുന്നു അവളുടെ ജീവിതത്തിലെ പരിണാമം. കെ.ഇ എം ആശുപത്രിയിലെ തന്നെ ഡോക്ടറായിരുന്നു സന്ദീപ് സർദേശായി അവളിൽ അനുരക്തനായിരുന്നു. അവരുടെ വിവാഹവും നിശ്ചയിക്കപ്പെട്ടിരുന്നു. അങ്ങനെ മികച്ചൊരു ജീവിതത്തിലേക്ക് കാലു വയ്ക്കാൻ തയ്യാറായിരുന്ന ആ മിടുക്കിപ്പെണ്‍കുട്ടിയാണ് ഇന്നലെ രാവിലെ ഓര്‍മ്മ മാത്രമായി മാറിയത്. അതിനും 42 വർഷങ്ങൾക്കു മുമ്പ് തന്നെ അവളുടെ ഓര്‍മ്മ എന്നേയ്ക്കുമായി ആ ശരീരത്തോട് വിട പറഞ്ഞു കഴിഞ്ഞിരുന്നു. ജീവിതത്തിലേക്ക് പുത്തൻ ഐശ്വര്യങ്ങളുമായി ഡോക്ടർ സന്ദീപ് സർദേശായി കടന്നു വരുന്നതിനു തലേന്നാൾ തികച്ചും അപ്രതീക്ഷിതമായി അരുണയുടെ ജീവിതം അക്ഷരാര്‍ത്ഥത്തിൽ വീണുടയുകയായിരുന്നു.
ആശുപത്രിയുടെ ആളൊഴിഞ്ഞ ഒരിടത്ത് വച്ച് അതേ ആശുപത്രിയിലെ ജീവനക്കാരനായിരുന്ന സോഹൻ ലാൽ ഭര്‍ത്ത വാത്മീകി എന്ന നരാധാമന്റെ കൊടിയ പീഡനത്തിന് അവൾ ഇരയായി. കാമാന്ധതക്കു പൈശാചികത കൂട്ടായപ്പോൾ അവളുടെ കഴുത്തിൽ വരിഞ്ഞു മുറുകിയത് നായ്ക്കളെ ബന്ധിക്കുന്ന തുടലായിരുന്നു. പ്രകൃതിവിരുദ്ധ ലൈംഗീക വൈകൃതത്തിനായി അവളെ വാല്മീകി നിശബ്ദയാക്കാൻ ശ്രമിച്ചപ്പോൾ ആ പാവത്തിന്റെ തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസപ്പെട്ടു. ഇതോടെ ആവശ്യത്തിനു ഒക്സിജൻ ലഭിക്കാതെ അവളുടെ തലച്ചോർ എന്നേയ്ക്കുമായി പ്രവര്‍ത്തന രഹിതവുമായി. പിറ്റേന്ന് ആശുപത്രി ജീവനക്കാര്‍ കണ്ടെത്തുമ്പോഴേയ്ക്കും അരുണയെന്ന ഊര്‍ജ്ജസ്വലയായ നഴ്സ് ഒരു നിശ്ചേതനമായ ശരീരം മാത്രമായിരുന്നു. ഒന്നുമറിയാതെ കെ.ഇ എം ആശുപത്രിയുടെ നാലു ചുവരുകൾക്കുള്ളിലായിരുന്നു പിന്നീടിങ്ങോട്ട് അവളുടെ ജീവിതം. ദൃശ്യ മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയയുമൊന്നും ആവിര്‍ഭവിച്ചിട്ടില്ലാത്ത നാല് പതിറ്റാണ്ട് മുമ്പ് അരുണയുടെ ദുരന്തത്തിനു കാര്യമായ വാര്‍ത്താ പ്രാധാന്യമൊന്നും ലഭിച്ചതുമില്ല.
ആരോരുമറിയപ്പെടാതെ കിടന്ന അരുണയുടെ കഥ പിങ്കി വീരാനിയെന്ന മാധ്യമ പ്രവര്‍ത്തകയാണ് വീണ്ടും ലോക ശ്രദ്ധയിൽ കൊണ്ടുവന്നത്. അരുണയുടെ കഥയെന്ന പേരില്‍ പിങ്കി ഒരു പുസ്തകവുമെഴുതി. ഒന്നുമറിയാതെ കിടക്കയിൽ ആയുസ് തീർക്കുന്ന അരുണയ്ക്ക് ദയാവധത്തിലൂടെ ദുരിത മുക്തി നല്‍കാനുള്ള പിങ്കിയുടെ ശ്രമം പക്ഷെ ജയം കണ്ടില്ല. നാലു പതിറ്റാണ്ട് അരുണയെ ശുഷ്രൂഷിച്ച ആശുപത്രി ജീവനക്കാരായിരുന്നു കോടതിയിൽ പിങ്കിയുടെ ഹര്‍ജിയെ എതിർത്തത്.
അരുണയുടെ സ്വപ്നങ്ങൾ തകർത്ത് അവളെ കൊല്ലാതെ കൊന്ന വാത്മീകി 7 വര്ഷം തടവിനു ശേഷം സ്വതന്ത്രനായി. തെറ്റുകള്‍ തിരുത്തിയോ അല്ലാതെയോ ഒരു പൂര്‍ണ്ണ ജീവിതം അനുഭവിക്കാൻ ആവശ്യമുള്ളത്ര ആയുസ് അയാൾക്ക് സ്വന്തം. കോടതികളും നീതിന്യായ സംവിധാനങ്ങളുമൊക്കെ മനുഷ്യനെ തിരുത്താനാണ് എന്ന തലത്തിൽ നോക്കിയാല്‍ അയാൾക്കു നല്‍കിയ ശിക്ഷയെ കുറവെന്നു വിലയിരുത്താനാവില്ല. പക്ഷെ ഇത്തരം സാഹചര്യങ്ങളിൽ ഇരകൾക്കു നീതി ലഭിച്ചു എന്ന വിലയിരുത്താനുമാവില്ല. മാത്രമല്ല നീതിന്യായ സംവിധാനത്തിന്റെ മറ്റുത്തരവാദിത്തങ്ങളിലേക്കും ഇവിടെ നമുക്ക് കണ്ണോടിച്ചേ മതിയാവൂ. സമാനമായ തെറ്റുകള്‍ ആവർത്തിക്കുന്നതിൽ നിന്നും മറ്റുള്ളവരെ അകറ്റി നിരത്താൻ കൂടി പ്രാപ്തമായ രീതിയിലുള്ളതാവണം ഇത്തരം കേസുകളിൽ പ്രതികളായ നരാധമന്മാർക്കു നല്‍കുന്ന ശിക്ഷ. ആ തലത്തിൽ നോക്കുമ്പോൾ ഇത്തരം കൊടിയ കുറ്റങ്ങൾക്കുന്ന ഈ ശിക്ഷകൾ തുലോം അപര്യാപ്തമാണ് എന്ന് കാണാം . സൗമ്യമാരും നിര്‍ഭയമാരും ഒക്കയുണ്ടാകാതെ കാക്കണമെങ്കിൽ ഇത്തരക്കാര്‍ക്കുള്ള ശിക്ഷ കടുപ്പിക്കണം. ജീവിച്ചിരുന്നപ്പോഴും ഓര്‍മ്മ മാത്രമായപ്പോഴും അരുണ ഷാൻബാഗ് നമ്മളെ ഓര്‍മ്മിപ്പിക്കുന്നത് അതാണ്.