കുതിക്കാം, മുന്നേറാം


സ്പോർട്സ് അഥവാ കായിക വിനോദം പ്രധാനപ്പെട്ട ഒരു മനുഷ്യാവകാശമായാണ് ഐക്യരാഷ്ട്ര സംഘടന പരിഗണിക്കുന്നത്. സ്പോർട്സ് എന്ന പ്രയോഗത്തിന് ഐക്യരാഷ്ട്ര സംഘടന നൽകുന്ന വ്യാഖ്യാനം ഇങ്ങനെയാണ് :  “all forms of physical activity that contribute to physical fitness, mental well-being and social interaction, such as play, recreation, organized or competitive sport, and indigenous sports and games.”ചുരുക്കത്തിൽ   സമൂഹത്തിന്റെ ശാരീരികവും മാനസികവും സാമൂഹികവുമായ ഉന്നമനത്തിന് ഉതകുന്ന കേളികളെല്ലാം ഈ സംജ്ഞയ്ക്ക് കീഴിൽ വരുന്നു. മനുഷ്യരാശിയുടെ ആരോഗ്യകരമായ നിലനിൽപ്പിലും വികാസത്തിലും കായിക വിനോദങ്ങൾക്കുള്ള പ്രാധാന്യം വലുതാണ്‌. ലോക രാഷ്ട്രീയ, സാമൂഹ്യ ക്രമത്തിലും കായിക രംഗത്തിനുള്ള പങ്ക് അതീവ നിർണ്ണായകമാണ്.

പുതിയ ഉയരങ്ങളും ദൂരങ്ങളും താണ്ടാനും സമയത്തെ ചൊൽപ്പടിക്ക് നിർത്താനുമുള്ള മനുഷ്യന്റെ ത്വര അവന്റെ ഭൂമികയെ എന്നും വികസ്വരമാക്കുന്നു. ലോക ശാക്തികരാഷ്ട്രീയത്തിലും ഇതിനുള്ള സ്ഥാനം  നിസ്സീമമാണ്. സമൂഹങ്ങളുടേയും രാഷ്ട്രങ്ങളുടേയും വളർച്ചക്കും വികാസത്തിനും കായിക രംഗത്തെ ഗുണപരമായി ഉപയോഗിക്കാം എന്ന് തിരിച്ചറിഞ്ഞവരാണ് പ്രമുഖ ലോക നേതാക്കളെല്ലാം. ആധുനിക കാലത്ത് ലോക കായിക മാമാങ്കമായ ഒളിന്പിക്സിനെ സ്വന്തം സാമ്രാജ്യത്വ സ്ഥാപനത്തിനായി തന്ത്രപരമായി ഉപയോഗിക്കാൻ ശ്രമിച്ച അഡോൾഫ് ഹിറ്റ്ലർ ഇവരിൽ മുന്പനാണ്. ജോസഫ് ഗീബൽസെന്നു നമ്മിൽ പലരും വിളിക്കുന്ന യൂസേഫ് ഗബിൾസിന്റെ തലയിലായിരുന്നത്രേ 1936 ലെ ബെർലിൻ ഒളിന്പിക്സിനെ നാസി ആശയ പ്രഘോഷണത്തിനായി ഉപയോഗിക്കാമെന്ന ആശയം ആവിർഭവിച്ചത്. ഹിറ്റ്ലർ അത് നടപ്പാക്കുകയും ചെയ്തു. 

തുടർന്നിങ്ങോട്ട് ലോകശക്തികൾ കായിക രംഗത്തും അപ്രമാദിത്വം ഉണ്ടാക്കുന്ന പ്രവണതയാണ് കണ്ടുപോരുന്നത്. കായിക രംഗത്തെ മേൽക്കോയ്മക്കായി കരുത്തന്മാർ എന്നും കൊന്പു കോർത്തു പോന്നു.  1947 മുതൽ 91 വരെ നീണ്ട ഈ കാലത്ത് കായിക വേദിയിൽ അമേരിക്കയും റഷ്യയും തമ്മിലുള്ള അതിരൂക്ഷ മത്സരങ്ങളും പിന്മാറ്റങ്ങളും ഒക്കെയുണ്ടായി. 1980 ലെ മോസ്കോ ഒളിന്പിക്സ് മത്സരങ്ങൾ അമേരിക്ക ബഹിഷ്കരിച്ചത് ഈ കായിക രാഷ്ട്രീയത്തിന്റെ ഭാഗമായിത്തന്നെ ആയിരുന്നു. അഫ്ഗാനിസ്ഥാനിലെ റഷ്യൻ അധിനിവേശത്തിൽ പ്രതിഷേധിച്ചായിരുന്നു അമേരിക്കൻ പിന്മാറ്റം. മോസ്കോ ഒളിന്പിക്സ് റഷ്യൻ അപ്രമാദിത്വത്തിനു സാക്ഷ്യം വഹിച്ചപ്പോൾ തൊട്ടടുത്ത ഒളിന്പിക്സ് റഷ്യൻ പിന്മാറ്റം കൊണ്ടാണ് വാർത്തകളിൽ നിറഞ്ഞത്. പിന്മാറ്റത്തിന് ഒട്ടേറെ കാരണങ്ങൾ പറയാനുണ്ടായിരുന്നു റഷ്യക്ക്. മേളയിൽ സ്വാഭാവികമായും അമേരിക്ക ഏകപക്ഷീയമായ നേട്ടമുണ്ടാക്കി. റഷ്യയുടെ തകർച്ചക്കു ശേഷം അമേരിക്കയുടെ നേതൃത്വത്തിലുണ്ടായ ഏകധ്രുവ ലോക സങ്കൽപ്പം ഉടച്ചു വാർത്ത് ചൈന വൻശക്തിയായതിന്റെ സൂചനകൾ ബീജിംഗ് ഒളിന്പിക്സിലടക്കം പ്രകടമായി. 

ലോക ശക്തിയാകാൻ കച്ചകെട്ടിയിറങ്ങിയിട്ടും പക്ഷെ ഭാരതം കായിക മേഖലയുടെ വികസനത്തിനുള്ള പ്രാധാന്യം പൂർണ്ണമായും ഉൾക്കൊണ്ടിട്ടില്ല എന്നതാണ് വാസ്തവം. അതിന്റെ ഉത്തമോദാഹരണമാണ് ഇന്ന് ഭൂമി മലയാളത്തിൽ തുടക്കം കുറിച്ച ദേശീയ ഗെയിംസ് മാമാങ്കവും. കെടുകാര്യസ്ഥതയുടേയും അഴിമതിയുടേയും തീവെട്ടിക്കൊള്ളകളുടെയും കൂത്തരങ്ങുകളാണ് നമ്മുടെ പല ദേശീയ ഗെയിംസുകളും. രാഷ്ട്രത്തിന്റെ സമഗ്ര വികസനത്തിൽ കായിക രംഗത്തിനുള്ള പങ്കും പ്രാധാന്യവും നമ്മൾ തിരിച്ചറിയുന്നില്ല എന്നതിന് തെളിവാണ് നമ്മുടെ ദേശീയ ഗെയിംസ് ചരിത്രം.

ഇത്തവണത്തേത് 35ാം ദേശീയ ഗെയിംസായാണ് നമ്മൾ കണക്കാക്കുന്നത്. അങ്ങനെയെങ്കിൽ അത് 1924 ൽ അവിഭജിത പഞ്ചാബിന്റെ തലസ്ഥാനമായ ലാഹോറിൽ നടന്ന കായിക മേള തൊട്ടിങ്ങോട്ടുള്ള കണക്കാണ്. ഇന്ത്യൻ ഒളിന്പിക്സ് ഗെയിംസ് എന്ന പേരിലായിരുന്നു ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കായിക താരങ്ങൾ അന്ന് മാറ്റുരച്ചിരുന്നത്. സ്വാതന്ത്ര്യ പ്രാപ്തിക്കും ഏഴുകൊല്ലം മുന്നേ തന്നെ കായിക മേളയുടെ പേര് നാഷണൽ ഗെയിംസ് എന്നായി മാറി. 1940 ൽ അന്നത്തെ ബോംബൈയിൽ അരങ്ങേറിയ മേളയാണ് ആദ്യമായി ദേശീയ ഗെയിംസ് എന്ന ടൈറ്റിൽ ഉപയോഗിച്ചത്. രണ്ടുവർഷത്തിലൊരിക്കൽ ദേശീയതലത്തിൽ സംഘടിപ്പിക്കാനുദ്ദേശിച്ച മേള അത് തോട്ടിങ്ങോട്ടു നടന്നത് 26 തവണ മാത്രമാണ്. കണക്കനുസരിച്ച് നടക്കേണ്ടിയിരുന്നത് കുറഞ്ഞത് 35 തവണയും. 1985 ലെ ഡൽഹി ദേശീയ ഗെയിംസോടെ മേളക്ക് പുതിയ രൂപവും ഭാവവും കൈവന്നു. അത് മുതൽ കുറഞ്ഞത് 15 തവണ നടക്കേണ്ടിയിരുന്ന മേള പല കാരണങ്ങൾ കൊണ്ട് ഇക്കൊല്ലത്തേതടക്കം 10  തവണ മാത്രമേ നടന്നിട്ടുള്ളൂ. ദേശീയ തലത്തിൽ ഒട്ടേറെ മികച്ച കായിക താരങ്ങളെ സംഭാവന ചെയ്തിട്ടുള്ള കേരളത്തിന് ദേശീയ ഗെയിംസ് വേദിയാകാൻ 2008 ൽ അനുമതി ലഭിച്ചിട്ടും അത് പ്രാവർത്തികമാക്കാൻ നീണ്ട 7 കൊല്ലം കാത്തിരിക്കേണ്ടിവന്നു. ഇതിനൊക്കെ കാരണം നമ്മുടെ കെടു കാര്യസ്ഥത തന്നെയാണ്.

സമഗ്ര വികസനത്തിൽ കായിക മേഖലയ്ക്കുള്ള പ്രാധാന്യം മനസ്സിലാക്കാനും അതു മുതലെടുത്ത് പുതിയ കുതിപ്പ് നടത്താനും ഇനിയെങ്കിലും നമുക്കാവുമെന്നു പ്രത്യാശിക്കാം. 35ാം ദേശീയ കായികമേള അതിനുള്ള തുടക്കമാവട്ടെ. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed