കുലപതിക്കൊരു വരപ്രണാമം...


വിട വാങ്ങിയത് ലോക കാർട്ടൂണിന്റെ തന്നെ കുലപതികളിൽ ഒരാളാണ്. ക്ലാസിക്കൽ ഇന്ത്യൻ കാർട്ടൂണിന്റെ പ്രയോക്താക്കളിൽ നമുക്കൊപ്പമുണ്ടായിരുന്ന അപൂർവ്വം മഹാരഥന്മാരിൽ ആവസാന പേരുകാരൻ. കാർട്ടൂൺ‍കല തന്നെയായിരുന്നു രാസപുരി കൃഷ്ണസ്വാമി ലക്ഷ്മൺ‍ എന്ന ആർ.കെ ലക്ഷ്മൺ‍ന്റെ തൊഴിലും ജീവിതവും. ‘You said it’ എന്ന ചെറിയ പോക്കറ്റ് കാർട്ടൂണിലൂടെ സാധാരണക്കാരൻ അഥവാ കോമൺ‍മാൻ എന്ന പേരുകാരനായ കഥാപാത്രത്തെ കേന്ദ്രീകരിച്ച് രാഷ്ട്രീയ പ്രതികരണത്തിന്റെയും നിരീക്ഷണത്തിന്റെയും അത്ഭുതകരമായൊരു ലോകസൃഷ്ടി നടത്തിയും അരനൂറ്റാണ്ടിനും അപ്പുറത്തേക്കും ആ ഭൂമികയുടെ പുഷ്കലകാലം നിലനിർത്തിയുമാണ് ലക്ഷ്മൺ‍ നമ്മളെ അത്ഭുതപ്പെടുത്തുന്നത്.

കലാകാരനൊപ്പം പ്രസിദ്ധിയും ജനപ്രീതിയുമാർജ്ജിച്ച കോമൺ‍മാൻ ചിലപ്പോഴെങ്കിലും നമ്മുടെ രാഷ്ട്രീയ നേതാക്കളെയും ദേശീയ രാഷ്ട്രീയത്തെയും തന്നെ സ്വാധീനിച്ച കഥാപാത്രമാണ്. മടുപ്പിക്കുന്ന വാചകമടികളുടേയും ശബ്ദ മലിനീകരണത്തിന്റേയും അസഹനീയതകളെ സ്വന്തം മൗനം കൊണ്ട് ശക്തമായി നേരിട്ടാണ് കോമൺ‍മാൻ അനുവാചകന്റെ ഹൃദയത്തിൽ ഇടം നേടിയത്. കാർട്ടൂൺ‍ ലോകത്തെ ക്ലാസിക്കൽ കലാകാരന്മാരിൽ മുന്പനായിരുന്ന ഡേവിഡ് ലോയുടെ രചനകളിൽ നിന്നും സ്വാധീനമുൾക്കൊണ്ട് ചിരിവരയുടെ വഴികളിലെത്തിയ ലക്ഷ്മൺ‍ ഫ്രീ പ്രസ്സിലൂടെയാണ് പിന്നീട് അര നൂറ്റാണ്ടിലേറെ തട്ടകമായിരുന്ന ടൈംസ് ഓഫ് ഇന്ത്യയിൽ എത്തിയത്.

ജ്യേഷ്ഠ സഹോദരനും മാൽഗുഡി ഡെയ്സ് എന്ന വിഖ്യാത കൃതിയുടെ സ്രഷ്ടാവുമായ ആർ.കെ നാരായണെ പോലെ എഴുത്തിന്റെ ലോകത്തും വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട് അദ്ദേഹം.

എണ്ണമില്ലാത്ത കാർട്ടൂണുകളും കോമൺ‍മാനെയും ബാക്കിയാക്കി കരുത്തുറ്റ പേനയും ബ്രഷും മനസ്സുമുപേക്ഷിച്ച് ആർ.കെ.ലക്ഷ്മൺ‍ വിടവാങ്ങുന്പോൾ ഇന്ത്യൻ ജനാധിപത്യത്തിനു നഷ്ടമാകുന്നത് കണ്ണിമപൂട്ടാത്ത ഒരു കാവൽക്കാരനെക്കൂടിയാണ്. കാർട്ടൂൺ‍ ലോകത്തിനു അതിന്റെ മഹാനായ കാരണവരെയും.

You might also like

  • Straight Forward

Most Viewed