ഇതാണ് ശരിയായ ലാലിസം


സത്യത്തിൽ നമ്മൾ ലെഫ്റ്റനന്റ് കേണൽ ഡോക്ടർ ഭരത് മോഹൻ ലാലിനോട് നന്ദി പറഞ്ഞേ മതിയാകൂ. കാരണങ്ങൾ പലതാണ്. ഒന്നാമതായി പതിനായിരങ്ങൾ പങ്കെടുത്ത ഒരു ഉദ്ഘാടന മാമാങ്കത്തിൽ കാര്യമായ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതെ കാത്തതിന്. സംഗതി കേട്ട് പരിപാടിയുടെ സുരക്ഷാ ചുമതലയുടെ മൊത്ത കോണ്ട്രാക്ടും നമ്മളൊന്നും അറിയാതെ സർക്കാർ ലാലിനു കൊടുത്തിരുന്നോ എന്നു സംശയിക്കേണ്ട. ലാലിസം കണ്ടു മനസു തകർന്ന മനുഷ്യർ ഒന്നുറക്കെ കരയാൻ പോലുമാവാതെ ശരീരം തളർന്നു േസ്റ്റഡിയം വിട്ടത് കൊണ്ടാണ് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതെ പോയതെന്ന് വിലയിരുത്തപ്പെടുന്നു. അപ്പോൾ പിന്നെ ലാലേട്ടനെ നമ്മൾ അഭിനന്ദിക്കാതിരിക്കുന്നത് എങ്ങനെ?

എങ്ങനെയൊക്കെ വിലയിരുത്തിയാലും ലാലിസം ഒരു തട്ടു പൊളിപ്പൻ പരിപാടിയായിരുന്നു എന്നു തന്നെ വിലയിരുത്താതിരിക്കാനാവില്ല. കാരണം തട്ട് പൊളിഞ്ഞു തകർന്നു വീണ് നായകനു തന്നെ പരിക്കേറ്റിരിക്കുന്നു. തുടക്കം തൊട്ടിങ്ങോട്ട് പരിപാടിയുടെ നിലവാരം വച്ചു നോക്കിയാൽ കാണികളുടെ മുഖത്തടിക്കുന്നത് പോലെയല്ല ഓരോരുത്തരെയും കുനിച്ചു നിർത്തി മുതുകത്തടിച്ച ഒരു ഫീലിംഗ് തന്നെയാണ് പരിപാടി കണ്ട ഓരോരുത്തർക്കും അനുഭവപ്പെട്ടത്. എന്തിനേറെ അലകടലിനിക്കരെയിരുന്നു ടെലിവിഷനിലൂടെ സംഗതി ആസ്വദിച്ച ഈയുള്ളവനെ പോലെയുള്ള ഹതഭാഗ്യർക്കും പരിപാടി മൂലമുണ്ടായ അസ്വസ്ഥതകൾ പറഞ്ഞറിയിക്കാനാവില്ല. അപ്പോൾ പിന്നെ ഏറെ ദൂരം യാത്ര ചെയ്ത് തിക്കിത്തിരക്കി ക്യൂ നിന്ന് േസ്റ്റഡിയത്തിലിരുന്നു കൂത്തു കണ്ട പാവങ്ങളുടെ കാര്യം പറയണമോ. അത് പോട്ടെ കാൽക്കാശു വാങ്ങാതെ കേരളത്തെ ഗുണം വരുത്താൻ മുംബൈയിൽ നിന്നും പറന്നു വന്ന സാക്ഷാൽ മാസ്റ്റർ ബ്ലാസ്റ്റർ പോലും പരിപാടി മുഴുവൻ കാണാനാകാതെ േസ്റ്റഡിയം വിട്ടു. ലോകോത്തര ബൗളർമാരുടെ തീപ്പന്തുകൾ നേരിടുന്പോൾ പോലും പതറിയിട്ടില്ലാത്ത സച്ചിൻ വന്ന വണ്ടിയുടെ ഡ്രൈവറെ കാണാഞ്ഞ് കണ്ട വണ്ടിക്കു കേറിയാണത്രേ സ്ഥലം വിട്ടത്.

പക്ഷെ കേന്ദ്രമന്ത്രി പുംഗവനടക്കം സംഗതി ക്ഷ പിടിച്ചെന്നു പത്രമുത്തശ്ശി വച്ചു കാച്ചിയപ്പോൾ നമ്മുടെ രസമുകുളങ്ങൾക്കൊക്കെ എന്തോ സംഭവിച്ചെന്ന് ഒന്നു സന്ദേഹിച്ചു. എന്നാൽ തുടർ സംഭവങ്ങൾ കൂടി ചേർത്തു വായിച്ചതോടെ സംഗതിയുടെ മറുവശങ്ങളെ കുറിച്ചും ഏകദേശ ധാരണയായി. നാടൻ ഭാഷയിൽ പറഞ്ഞാൽ തുടക്കം മുതൽ ഉഡായിപ്പാണ് ദേശീയ ഗെയിംസ് സംഘാടനം. അന്പു കൊള്ളാത്തവരില്ല കുരുക്കളിൽ എന്ന മാതിരി അതിന്റെ കോഴവീതം കിട്ടാത്തവരില്ല സംഘാടകരിൽ എന്നതാണ് സ്ഥിതി. അതിന്റെ ഒരു വീതം റൺ‍ കേരള റൺ നടത്തിപ്പിലൂടെ മുത്തശ്ശിയുടെ ഇവന്റ് മാനേജ്മെന്റ്റ് കന്പനിക്കും കിട്ടിയത്രേ. ഉദ്ദിഷ്ട കാര്യത്തിന് വേണ്ടേ ഉപകാര സ്മരണ. പക്ഷെ മുത്തശ്ശി വിചാരിച്ചിട്ടും നാറ്റം മാറ്റാനായില്ല. അങ്ങനെ പരിപാടി നടത്താൻ ലാലേട്ടന് കൊടുത്ത രണ്ടു കോടിയെ പറ്റി നാട്ടുകാരു മൊത്തം തെറിയോടു തെറിയും തുടങ്ങി. ഒടുക്കം നാറി നനഞ്ഞു ലാലിസം പിരിച്ചു വിട്ടും വിടാതെയും ഒരുകോടി അറുപത്തി മൂന്നു ലക്ഷം രൂപ തിരിച്ചു സർക്കാരിനു കൊടുക്കാൻ മോഹൻലാൽ തീരുമാനിച്ചതോടെ വീണ്ടുമൊരു തട്ടിപ്പു കൂടി വെളിവാകുകയാണ്. നേരത്തെ പറഞ്ഞ രണ്ടു കോടിയിൽ ഒരുകോടി അറുപത്തി മൂന്നു ലക്ഷത്തിന്റെ ബാക്കി മുപ്പത്തിയേഴ് ലക്ഷത്തോളം രൂപ എവിടെപ്പോയി? പരിപാടിയുടെ പേരിൽ സർക്കാർ, സംഘാടക സമിതി എന്നിവയറിയാതെ ഈ പണം അപ്രത്യക്ഷമാകില്ല എന്നുറപ്പ്. വാങ്ങിയ പണം തിരികെ കൊടുക്കാനുള്ള തീരുമാനത്തിലൂടെ മോഹൻലാൽ വെട്ടിലാക്കിയിരിക്കുന്നത് ഇവരെ കൂടിയാണ്. ലാൽ വാങ്ങിയ പണം തിരികെ വാങ്ങിയാൽ ഇങ്ങനെ മറ്റു പല പോക്കറ്റുകളിൽ എത്തിയ പണവും തിരികെ ഖജനാവിലേക്ക് എത്തിക്കാൻ സർക്കാരും കയ്യിട്ടു വാരിയവരും ബാദ്ധ്യസ്ഥരുമാകും. ഇതുകൊണ്ടൊക്കെയാകാം തിരുവഞ്ചൂരാശാനും കൂട്ടരും തുക തിരികെ വാങ്ങുന്ന കാര്യത്തിൽ തീരുമാനം നീട്ടിക്കൊണ്ടു പോകുന്നത്.

ഇതിനെല്ലാമൊപ്പം ‘താനിരിക്കേണ്ടിടത്ത് താനിരിക്കണമെന്നും’ ‘വഴിയെ പോകുന്ന വയ്യാവേലികളൊക്കെ കാശുകൊടുത്തു വാങ്ങി വേണ്ടാത്തിടത്തു വയ്ക്കരുതെന്നും ഉള്ള പാഠങ്ങളാണ് ലാലിസതോന്ന്യാസം ഭൂമി മലയാളത്തിനു പകർന്നു നൽകുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed