അവർ ഉറങ്ങട്ടെ, സമാധാനമായി...
എന്റെ മണ്ണിനെ ഒരു തരത്തിലും കുറ്റം പറയുന്നതും കുറച്ചു കാണുന്നതും എനിക്ക് ഇഷ്ടമല്ല. സാംസ്കാരികവും സാന്പത്തികവും രാഷ്ട്രീയപരവുമൊക്കെയായി അതിവൈവിദ്ധ്യങ്ങളുടെ നാടാണ് നമ്മുടെ ഭാരതം. അതീവ സങ്കീർണ്ണമാണ് അതിന്റെ ബഹുസ്വരതയും മറ്റു സ്വഭാവ വൈശിഷ്ട്യങ്ങളും. മഹത്തരമാണ് നമ്മുടെ സാംസ്കാരിക പൈതൃകം. പക്ഷെ അതീവ കൗതുകകരവുമാകുന്നു അത്. യാചകനെ പോലെ ജീവിക്കുകയും രാജാവിനെ പോലെ മരിക്കുകയും ചെയ്യുന്ന മനുഷ്യരുടെ നാട് എന്ന പാശ്ചാത്യരുടെ വിലയിരുത്തൽ ആ കൗതുകങ്ങളിൽ ഒന്നാണ്. ഭൗതിക ജീവിത കാലത്ത് ലഭിക്കാത്ത സ്നേഹവും ആദരവുമൊക്കെ ഒരാൾക്ക് മരണാനന്തരം ലഭിക്കുന്നു എന്നതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്.
ജീവിതകാലത്ത് ആർക്കും വേണ്ടാത്തവനായി ഉഴപ്പി നടന്നവൻ പോലും ചരമോപചാര പ്രസംഗ വേളയിൽ മഹാത്മാവായി വാഴ്ത്തപ്പെടുന്നു. മരിച്ചയാളോടുള്ള ആദരവു പ്രകടിപ്പിക്കുന്നത് ഒരു സമൂഹത്തിന്റെ സാംസ്കാരിക വളർച്ചയുടെ ലക്ഷണമാണ്. എന്നാൽ ആ ആദരവു പ്രകടിപ്പിക്കൽ നമ്മുടെ സമൂഹത്തിൽ അതിരു വിടുന്നുണ്ട് എന്നത് സത്യമാണ്. നമ്മുടെ പ്രിയപ്പെട്ടവർ, പ്രത്യേകിച്ചു രാഷ്ട്രീയ രംഗത്തുള്ള പ്രിയപ്പെട്ട നേതാക്കൾ, മരിച്ചു കഴിയുന്പോൾ അനുയായികൾ അടക്കമുള്ള സമൂഹം നടത്തുന്ന പ്രതികരണം പലപ്പോഴും ഇതിന് ഉദാഹരണമാണ്.
ഓരോ പ്രമുഖ നേതാവിന്റെ മരണവുമായി ബന്ധപ്പെട്ടും രണ്ടു രീതിയിലാണ് അനുബന്ധ മരണങ്ങൾ സംഭവിക്കുന്നത്. നേതാവിനെ വിയോഗത്തിൽ ദുഃഖം താങ്ങാനാവാതെ അറിഞ്ഞും അറിയാതെയും മരണത്തിലേയ്ക്കു നീങ്ങുന്നവരാണ് അതിൽ ഒന്നാമത്തെ വിഭാഗം. നേതാവിന്റെ മരണം കൊലപാതകമാണെങ്കിൽ ആ നേതാവിന്റെ അനുയായികൾ അതിനു കാരണക്കാരായവർക്കും അവർ പ്രതിനിധാനം ചെയ്യുന്ന വിഭാഗങ്ങളിലുള്ളവർക്കുമെതിരെ നടത്തുന്ന ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരാണ് രണ്ടാമത്തെ വിഭാഗം.
1984 ഒക്ടോബർ 31 ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ പ്രിയദർശിനി സ്വന്തം അംഗരക്ഷകരുടെ വെടിയുണ്ടകൾക്കിരയായി രക്തസാക്ഷിയായപ്പോഴാണ് സമീപ കാലത്ത് നമ്മുടെ രാജ്യം ഇത്തരമൊരു കൂട്ട തുടർ മരണങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. അന്ന് രാജ്യമൊട്ടാകെ നടന്ന സിഖ് വിരുദ്ധ കലാപങ്ങളിൽ എത്രപേർ മരിച്ചു എന്നതിന് കണക്കില്ല. ഡൽഹിയിൽ അന്ന് നടന്നത് സിഖ് വംശഹത്യ തന്നെയാണ്. അക്രമങ്ങളിൽ വ്യാപകമായി പൊതു, സ്വകാര്യ സ്വത്തും നശിപ്പിക്കപ്പെട്ടു. സമാനമല്ലെങ്കിലും വലിയ ആൾനാശവും പൊതുമുതൽ നശിപ്പിക്കലും ഉണ്ടായത് തമിഴകത്തിന്റെ വീരനായകനായ മക്കൾ തിലകം എം.ജി.ആറിന്റെ മരണ വേളയിലായിരുന്നു. പുരട്ചി തലൈവർ മരിച്ചത് താങ്ങാനാവാതെ പല വിധത്തിൽ സ്വന്തം ജീവനൊടുക്കാൻ ശ്രമിച്ചത് നൂറിലേറെ ആരാധകരായിരുന്നു. എം.ജി.ആറിന്റെ സംസ്കാര ചടങ്ങിനോടനുബന്ധിച്ചുണ്ടായ സംഘർഷത്തിൽ മാത്രം 27 പേർ മരിച്ചു എന്നാണ് കണക്ക്. യുവത്വത്തിന്റെ പ്രതീകമായ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതക, സംസ്കാര വേളയും ഏറെക്കുറെ സമാനം തന്നെയായിരുന്നു. അന്നും രാജ്യം അക്ഷരാർത്ഥത്തിൽ സ്തംഭിച്ചു. ഭൂമി മലയാളത്തിന്റെ സ്വന്തം ജനനായകന്മാരായ ഇ.കെ.നായനാരും കെ.കരുണാകരനും മരിച്ചപ്പോൾ അക്രമ സംഭവങ്ങൾ ഉണ്ടായില്ലെങ്കിലും നമ്മുടെ നാട് ഭാഗീകമായെങ്കിലും സ്തംഭിച്ചു. പ്രമുഖ നേതാക്കളൊക്കെ മരിച്ചാൽ ആ സ്തംഭനം സ്വാഭാവികം മാത്രമാണ് എന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.
നേതാക്കന്മാർ മരിച്ചാൽ അക്രമം ഉണ്ടായില്ലെങ്കിലും അവധിയും സംസ്കാരചടങ്ങിലെ ധാരാളിത്തവും നമ്മുടെ സാമൂഹ്യ ജീവിതത്തിന്റെ ഭാഗം തന്നെ ആയിക്കഴിഞ്ഞു. കർമ്മ കുശലതയുടെ പേരിൽ പ്രശസ്തരായ പലരെയും നമ്മൾ ആദരിക്കുന്നത് അവധികൊണ്ടാണ്. ഇത്തരം കാഴ്ചപ്പാടുകൾ തിരുത്തിക്കുറിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മനുഷ്യ ജീവന്റെ നിസാരതയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ഭാരതീയർ ഈ വസ്തുത പൂർണ്ണമായും മറന്നാണ് ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നത്.
ഈ സത്യം നമ്മളെയൊക്കെ മനസ്സിലാക്കിത്തരുന്നതായിരുന്നു ഇസ്ലാമിന്റെ ലോക തലസ്ഥാനം എന്നു വിശേഷിപ്പിക്കാവുന്ന സൗദി അറേബ്യയിൽ ഇന്നലെ നടന്ന രാജകീയ സംസ്കാര ചടങ്ങ്. സന്പത്തിന്റെയും ധാരാളിത്തത്തിന്റെയും കൂടി ഉദാഹരണമാണ് അറബ് മണ്ണിലെ രാജസ്ഥാനങ്ങൾ. എന്നാൽ മരിച്ചാൽ അധികാരിക്കും അപ്പാവിക്കും പണ്ധിതനും പാമരനുമെല്ലാം അവകാശപ്പെട്ടത് ആറടി മണ്ണു മാത്രമാണ് എന്ന് ബോധ്യപ്പെടുത്തുന്നതും അതീവ ലളിതവുമായിരുന്നു സൗദി രാജാവ് അബ്ദുള്ള ബിൻ അബ്ദുൾ അസീസിന്റെ സംസ്കാരം. മനുഷ്യ ജീവന്റെ നിസാരതയും ആർഭാടത്തിന്റെ അനാവശ്യകതയും ആ ദൃശ്യങ്ങൾ നമ്മെ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നു. മാതൃകാപരം. തികച്ചും അനുകരണീയവും.