വേദനകളില്ലാത്ത ലോകം...


വലിയ മതിൽ‍കെട്ടിനുള്ളിൽ‍ കടലിനോട് കിന്നാരം പറഞ്ഞ് 32 ഏക്കറോളം വരുന്ന സ്ഥലത്ത് വ്യാപിച്ച് കിടക്കുകയാണ് ബേക്കൽ‍ കോട്ട. ബാല്യം മുതൽ‍ കണ്ടു പരിചയിച്ച ഉത്തര കേരളത്തിലെ ഏറ്റവും പ്രമുഖമായ ടൂറിസ്റ്റ് കേന്ദ്രം. ഓരോ തവണയും ഇവിടെയെത്തുന്പോൾ‍ എന്തെങ്കിലും പുതിയ അനുഭവം തന്നുകൊണ്ടിരിക്കുന്നു പതിനഞ്ചാം നൂറ്റാണ്ടിൽ‍ പണിത ഈ ശക്തിദുർ‍ഗ്ഗം. മണിരത്നമാണ് കോഴിക്കോടിന് അപ്പുറത്തുള്ള മലയാളികൾ‍ക്ക് പോലും ഈ കോട്ടയെ പരിചയപ്പെടുത്തി കൊടുത്തത്. ബോംബെയിലെ ഉയിരേ... എന്നാരംഭിക്കുന്ന ഗാനത്തിന് പശ്ചാത്തലമൊരുക്കിയത് ഈ കോട്ടയായിരുന്നു. 

മതിൽ‍ കെട്ടിൽ‍ ഇടയ്ക്കിടെ ഉള്ള ചെറിയ വിടവുകളിലൂടെയായിരുന്നുവത്രെ കടൽ‍ കടന്നു വരുന്ന ശത്രുക്കളുടെ നീക്കം അറിഞ്ഞതും അവർ‍ക്ക് നേരെ വെടിയുണ്ടകൾ‍ പായിച്ചതും. ആ വിടവുകളിൽ‍ തലയിട്ട് കണ്ണുകൾ‍ അടച്ച് നിന്നപ്പോൾ‍ ചെവിയിൽ‍ ഇരന്പി വന്നത് സാഗരഗർ‍ജ്ജനം. ഒപ്പം മനസിലിയേ്ക്ക് ഓടിയെത്തിയത് പതിനഞ്ചാം നൂറ്റാണ്ട് മുതൽ‍ക്കുള്ള കുതിര കുളന്പടികളുടെ ദൃശ്യങ്ങൾ‍. എത്രയെത്ര പടയോട്ടങ്ങൾ‍ക്കും അക്രമണങ്ങൾ‍ക്കുമായിരിക്കാം ഈ സൈനിക താവളം സാക്ഷ്യം വഹിച്ചത്. എത്രയോ ധീര യോദ്ധാക്കളുടെ രക്തത്തുള്ളികൾ‍ കൊണ്ട് അഭിഷേകം ചെയ്തിരിക്കാം ഇവിടെയുള്ള ഓരോ മണൽ‍തരിക്കളും.

യുദ്ധം പലപ്പോഴും അനിവാര്യതയായി മാറുന്നത് സാഹചര്യങ്ങളുടെ സമ്മർ‍ദ്ദം കാരണം തന്നെയാണ്. ഭൂമിയെ മനുഷ്യൻ വിവിധ കരകളായി വിഭജിച്ചപ്പോൾ‍ കൂടുതൽ‍ ഭൂമി തന്റേതാക്കണമെന്ന ആഗ്രഹം ഓരോ  മനുഷ്യനുണ്ടായി. അപ്പോഴാണ് മത്സരം തുടങ്ങിയതും. മണ്ണിന് വേണ്ടി മനുഷ്യൻ നടത്തി വന്ന ഓരോ പടയോട്ടങ്ങളും ചരിത്രത്തിന്റെ ഭാഗമാണ്. ഇനി വരുന്ന കാലങ്ങളിലും ഇതൊക്കെ തുടരുക തന്നെ ചെയ്യും. കാരണം ഒന്ന് കിട്ടിയാൽ‍ രണ്ട് വേണമെന്ന് ആഗ്രഹിക്കാത്തവരായി വളരെ കുറച്ച് പേർ‍ മാത്രമേ ഈ ഭൂമുഖത്തുള്ളൂ. 

പത്താൻകോട്ടിലെ വ്യോമസേനാതാവളത്തിൽ‍ നിരഞ്ജനും, അദ്ദേഹത്തിന്റെ കൂട്ടാളികളും മരിച്ച് വീണപ്പോൾ‍ അദ്ദേഹവും മനസിൽ‍ ഓർ‍ത്തിരിക്കുക തന്റെ രാജ്യത്തിന്റെ രക്ഷയും സ്വപ്നങ്ങളും തന്നെയായിരിക്കും. ദേശസ്നേഹത്തിന് മുന്പിൽ‍ കുടുംബം എന്നത് എന്നും രണ്ടാമതാണ് ഓരോ പട്ടാളക്കാരനും. നിരഞ്ജന്റെ മൃതശരീരത്തിന് മുന്പിൽ‍ ഇരുന്ന അദ്ദേഹത്തിന്റെ ഭാര്യയോടും മകളോടും തീർ‍ത്താൽ‍ തീരാത്ത കടപ്പാടുണ്ട് ഓരോ ഇന്ത്യക്കാരനും. ആ സ്നേഹം വ്യക്തമാക്കേണ്ട നേരത്ത് പോലും ഫേസ്ബുക്ക് പോലുള്ള ഇടങ്ങളിൽ‍ ധീരരായ പട്ടാളക്കാരെ പോലും ചീത്ത വിളിച്ച് നടക്കുന്നവരെ ബുദ്ധിശൂന്യർ‍ എന്ന് വിളിച്ച് ലളിതവൽക്കരിക്കാൻ എനിക്ക് സാധിക്കില്ല. അയൽ‍ രാജ്യത്ത് നിന്ന് ഇന്ത്യയുടെ വിരിമാറിലേയ്ക്ക് വെടിയുണ്ട പായിക്കുന്ന ശത്രുക്കളെക്കാൾ‍‍ അപകടകാരികളാണ് ഇവർ‍.

യുദ്ധങ്ങൾ‍ മനുഷ്യരാശിയെ നശിപ്പിക്കാൻ കാരണമാകുമെന്ന സത്യം ഓർ‍ക്കാതെയല്ല ഇത് പറയുന്നത്. പലപ്പോഴും അൽ‍പ്പം ചിലരുടെ ഈഗോയാണ് വലിയ വലിയ മഹായുദ്ധങ്ങൾ‍ക്ക് വരെ കാരണമായതെന്ന് ചരിത്രം ഓർ‍മ്മിപ്പിക്കുന്നുണ്ട്. മധ്യേഷ്യയും കലങ്ങി മറിഞ്ഞുകൊണ്ടിരിക്കുകയാണ്. ഗൾ‍ഫ് രാജ്യങ്ങൾ‍ക്കൊക്കെ ഭീഷണിയായി മാറിയിരിക്കുന്നു ടെഹ്റാൻ ആസ്ഥാനമാക്കി പ്രവർ‍ത്തിക്കുന്ന തീവ്രവാദസംഘടനകൾ‍. മേഖലയിൽ‍ വിതച്ചുകൊണ്ടിരിക്കുന്നത് അസമാധാനത്തിന്റെ തീപ്പൊരികളാണെന്ന് പറയാതെ വയ്യ. ഈ കാലത്ത് നന്മ നിറഞ്ഞവർ‍ക്ക് പോലും സമാധാനം ലഭിക്കുന്നില്ലെന്നത് കാണുന്പോൾ‍ മനുഷ്യസ്നേഹികൾ‍ക്ക് അത് നൽ‍കുന്നത് തീവ്രമായ വേദനയാണ്. വേദനകളില്ലാത്ത മനോഹരമായ ഒരു ലോകത്തെ സ്വപ്നം കാണാൻ മാത്രമേ ഇവർ‍ക്കും സാധിക്കുന്നുള്ളൂ...

You might also like

  • Straight Forward

Most Viewed