നമ്മുടെ ജനാധിപത്യ ഉത്സവങ്ങൾ...

പ്രദീപ് പുറവങ്കര
ചെങ്ങന്നൂർ ചെങ്കൊടിയുമായി മുന്പോട്ട് എന്ന ഫലം പുറത്ത് വന്നിരിക്കുന്നു. ഇവിടെ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി സജി ചെറിയാന് ഉജ്ജ്വലമായ വിജയമാണ് വോട്ടർമാർ നൽകിയിരിക്കുന്നത്. അധികാരത്തിന്റെ രണ്ടാം വാർഷിക ആഘോഷത്തിൽ പിണറായി സർക്കാരിന് ലഭിച്ച അംഗീകാരം കൂടിയായി ഇതിനെ കണക്കാക്കാം. അഴിമതി, വർഗീയത, ജനവിരുദ്ധ നയങ്ങൾ എന്നിവയ്ക്ക് എതിരായുള്ള വിധിയെഴുത്തായിട്ടും ഈ ഫലത്തെ വിലയിരുത്താവുന്നതാണ്. ഈ കാര്യങ്ങൾക്ക് വേണ്ടിയാണ് എൽഡിഎഫ് ഗവൺമെന്റിനെ കേരളത്തിലെ ജനം അധികാരത്തിൽ എത്തിച്ചതെന്നും, ആ വഴി തന്നെ മുന്പോട്ട് പോകണമെന്ന ആഗ്രഹമാണ് ചെങ്ങന്നൂർ വിധിയെഴുത്ത് എന്നതുമാണ് ഇടതുപക്ഷ നേതാക്കൾക്ക് ഈ വിജയം നൽകുന്ന അടിസ്ഥാന പാഠം.
ചെങ്ങന്നൂരിലെ വിജയം തീർച്ചയായും ഇടതുപക്ഷത്തിന് അഭിമാനകരവും, പ്രതീക്ഷ നൽകുന്നതും ആണെന്ന് പറയുന്പോൾ തന്നെ ഈ വിജയം തലയ്ക്ക് പിടിക്കുന്ന ഒന്നായി മാറരുത്. തങ്ങളുടെ ഭരണകാലത്ത് നടത്തിവരുന്ന പ്രവർത്തനങ്ങളുടെ ശോഭ കെടുത്തുന്നത് പ്രധാനമായും ആഭ്യന്തര വകുപ്പിന്റെ പ്രകടനങ്ങളാണ് എന്ന തിരിച്ചറിവ് ഈ നേരത്ത് മുഖ്യമന്ത്രിക്കും സർക്കാരിനും ഉണ്ടാകേണ്ടതാണ്. സാധാരണക്കാർക്ക് പോലീസ് വകുപ്പിൽ നിന്ന് നീതി ലഭിക്കുന്നില്ലെന്ന പരാതി വ്യാപകം തന്നെയാണ് എന്നത് മറച്ച് വെക്കാവുന്ന കാര്യമല്ല. ഇങ്ങിനെയാണെങ്കിലും ഇടതുപക്ഷം കൂടുതൽ ഉത്തരവാദിത്വത്തോടെ ജനപക്ഷത്ത് നിൽക്കുമെന്ന ജനങ്ങളുടെ വിശ്വാസത്തിന്റെ തെളിവാണ് ചെങ്ങന്നൂരിലെ വിജയം.
അതേസമയം ബിജെപിയെ ദേശീയടിസ്ഥാനത്തിൽ നേരിടാൻ കെൽപ്പുണ്ടെന്ന് അവകാശപ്പെടുന്ന കോൺഗ്രസിന്റെ കേരള ഘടകത്തിൽ സമൂലമായ അഴിച്ചുപണികൾക്ക് സമയമായി എന്നും ഈ തെരഞ്ഞെടുപ്പ് ഫലം അവരെ ഓർമ്മിപ്പിക്കുന്നു. കെഎം മാണിയുമായി അവസാന നിമിഷം നടത്തിയ ഒത്തുതീർപ്പ് രാഷ്ട്രീയം കോൺഗ്രസിന്റെ വിശ്വാസ്യത കുറയ്ക്കുന്നതിന് കാരണമായിട്ടുണ്ട്. അധികാര കസേര മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന നേതാക്കാൻമാരുടെ അമിത സാന്നിദ്ധ്യം കേരളത്തിലെ കോൺഗ്രസിന്റെ വളർച്ചയ്ക്ക് വിഘാതമാകും എന്ന കാര്യവും ചെങ്ങന്നൂർ ഫലം ആവർത്തിച്ച് വ്യക്തമാക്കുന്നു. ബിജെപി ഇത്തവണ ചെങ്ങന്നൂരിൽ കൊടിനാട്ടുമെന്ന് ബിജെപി വിരുദ്ധയുള്ളവർ പോലും ഇടയ്ക്ക് വിചാരിച്ചിരുന്നു. താരതമ്യേന കുറ്റം പറയാൻ പറ്റാത്ത ശ്രീധരൻ പിള്ള എന്ന സ്ഥാനാർത്ഥി ഈ തോന്നലിന് ഒരു കാരണവുമായിരുന്നു. എന്നാൽ മുന്പത്തേക്കാൾ വോട്ട് കുറഞ്ഞാണ് ഇത്തവണ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നത്. ഇപ്പോഴും കേരളം എന്നത് ബിജെപിക്ക് ബാലികേറാമലയായിട്ട് തന്നെ നിൽക്കുന്നു എന്നത് രാഷ്ട്രീയപരമായി ഏറെ ശ്രദ്ധേയമാകുന്ന കാര്യമാണ്. വെള്ളാപള്ളിയുടെ നിഷ്പക്ഷ സമീപനവും ഇത്തവണ ബിജെപിക്ക് ചെങ്ങന്നൂരിൽ വോട്ട് കുറയുന്നതിന് കാരണമായിട്ടുണ്ടാകാമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
ജനാധിപത്യത്തിലെ ഉത്സവകാലമാണ് ഓരോ തെരഞ്ഞെടുപ്പും. ജനം മാത്രമാണ് ഇവിടെ രാജാവ്. അവർ അവരുടെ പുതിയ പ്രതിനിധികളെ സൃഷ്ടിക്കുന്നു. ചിലരെ തഴയുന്നു. തഴയുന്നവർ തിരിച്ചറിയേണ്ടത് അവരുടെ പാകപിഴകളെ പറ്റിയാണ്. വിജയിച്ചവർ ഇത്തരം പാകപിഴകൾ എങ്ങിനെ വരുത്താതിരിക്കാമെന്ന് ചിന്തിക്കണമെന്ന് ഓർമ്മിപ്പിച്ചു കൊണ്ട്...