നമ്മുടെ കുട്ടികൾ പുകഞ്ഞു തീരേണ്ടവരല്ല...

സ്വന്തം ലേഖകൻ
‘ഒരു പഫ് ഇങ്ങ് തന്നേടാ...’ പുകവലിക്കുന്നവരുടെ ഇടയിലെ സ്ഥരം ഡയലോഗാണിത്. ലഹരിയുടെ പല മേഖലയിലൂടെയും കടന്നു പോകുന്ന ഒരു വിഭാഗത്തിൽപ്പെട്ട കൗമാരക്കാർ സമൂഹത്തിൽ വരുത്തിവെയ്ക്കുന്ന വിഭത്തുക്കൾ നമ്മൾ വാർത്തകളിലൂടെയും അല്ലാതെയും കണ്ടും കേട്ടുംകൊണ്ടിരിക്കുന്നു. ഇന്ന് പത്താം ക്ലാസ് വിദ്യാർത്ഥി പോലും ലഹരി ഉപയോഗിക്കാൻ ധൈര്യം കാണിക്കുന്നുണ്ട്. മാത്രവുമല്ല സ്കൂൾ, കോളേജുകൾ കേന്ദ്രീകരിച്ചാണ് ലഹരി വിപണനം ഇപ്പോൾ കൂടുതലായും നടക്കുന്നതും.
വളരെ ഉത്സാഹത്തോടെ സ്കൂളിൽ പോകുകയും കൂട്ടുകാരും വീട്ടുകാരുമായി സന്തോഷത്തോടെ സമയം ചെലവിടുകയും ചെയ്ത ഒരു വിദ്യാർത്ഥിക്ക് പെട്ടന്നാണ് മാറ്റങ്ങൾ കണ്ടു തുടങ്ങുക. അവൻ മൂകനായി മാറും. ഒന്നിലുമൊരു താൽപ്പര്യമില്ലായ്മ. നന്നായി പഠിച്ചിരുന്ന കുട്ടി പെട്ടന്ന് പഠനത്തിലും പിന്നോക്കമാകുന്നു. പിന്നീട് വീട്ടുകാർ വിദ്യാർത്ഥിയെ ഡോക്ടറുടെ അടുത്തു കൊണ്ടുപോകുകയും. വിശദ പരിശോധനയിൽ കുട്ടി മയക്കുമരുന്നിനും മദ്യത്തിനും അടിമയാണെന്ന് മനസ്സിലാവുകയും ചെയ്യും. ഇതൊരിക്കലും ഒറ്റപ്പെട്ട സംഭവമല്ല. ഇന്ന് കേരളത്തിൽ ഏറെ പുതുമയല്ലാത്ത ഒരു സംഭവമായി ഇത് മാറിയിട്ടുണ്ട്.
കൗമാരക്കാരായ കുട്ടികൾക്കിടയിൽ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം വർദ്ധിച്ചു വരികയാണെന്ന യാഥാർത്ഥ്യം ആദ്യം മനസ്സിലാക്കേണ്ടത് സർക്കാരും മാതാപിതാക്കളുമാണ്. മദ്യം, മയക്കുമരുന്ന്, പുകയില, ലഹരിവസ്തുക്കൾ എന്നിവ കുട്ടികൾക്കിടയിൽ വ്യാപകമാകുന്നു. ഇത് കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. പെട്ടെന്നൊരു ദിവസം തുടങ്ങുന്നതല്ല ലഹരി വസ്തുക്കളുടെ ഉപയോഗം. വളരെ സാവധാനമാണ് കുട്ടികൾ പലപ്പോഴും ലഹരിക്ക് അടിമപ്പെടുന്നത്. പലപ്പോഴും മോശം കൂട്ടുകെട്ടുകൾ തന്നെയാണ് ഇത്തരം സാഹചര്യങ്ങളിൽ കൊണ്ടെത്തിക്കുന്നത്. വീട്ടിലെ പ്രശ്നങ്ങൾ, വിഷാദരോഗം, ടെൻഷൻ, പ്രണയനൈരാശ്യം, അധികമായി ലഭിക്കുന്ന പോക്കറ്റ് മണി എന്തു ചെയ്യണമെന്നറിയാതെ നടക്കുന്നവർ, കൂട്ടുകാരിൽ നിന്നും കേട്ട നിറംപിടിപ്പിച്ച കഥകൾ കേട്ടുള്ള ആവേശം, അങ്ങനെ പല പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന കുട്ടികൾ ഇത്തരം കൂട്ടുകെട്ടുകളിൽ പെട്ടെന്ന് ചെന്നുവീഴും. ഇവരെ വല വീശി പിടിക്കാനായി സ്കൂളുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ച് മയക്കു മരുന്നിന്റെ റാക്കറ്റുകൾ തന്നെ പ്രവർത്തിക്കുന്നുണ്ട്. ആദ്യമൊക്കെ ഒരു രസത്തിനായി തുടങ്ങുന്ന ഈ ലഹരി ഉപയോഗം ക്രമേണ ശീലമായി മാറുന്നു. അത് ക്രമേണ ആസക്തിയിലേയ്ക്കും അടിമത്തത്തിലേയ്ക്കും നീങ്ങുന്നു.
അടുത്തിടെ നടത്തിയ ഒരു പഠനം പ്രകാരം കൗമാരപ്രായത്തിൽ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്ന കുട്ടികൾ ഭാവിയിൽ പലതരത്തിലെ സങ്കീർണ്ണതകൾ നേരിടുന്നുണ്ട്. ഇവരുടെ വിദ്യാഭ്യാസം, ജോലി, വിവാഹജീവിതം, സാമൂഹികബന്ധങ്ങൾ എന്നിവയിലെല്ലാം ഇതിന്റെ ആഘാതങ്ങൾ വ്യക്താമാണെന്നു പഠനം പറയുന്നു. അമേരിക്കൻ പബ്ലിക് ഹെൽത്ത് അസോസിയേഷന്റെ റിപ്പോർട്ട് പ്രകാരം ഇത്തരത്തിൽ ഒരിക്കൽ മയക്കുമരുന്നിനു അടിമയായിരുന്നർക്ക് അവരുടെ മുന്നോടുള്ള ജീവിതത്തിൽ സമപ്രായക്കാരെ പോലെ മുന്നേറാൻ കഴിയാതെ വരുന്ന അവസ്ഥയുണ്ട്.
നിരന്തരമായ ലഹരി ഉപയോഗം ബുദ്ധിശേഷിയിൽ ഗണ്യമായ കുറവുവരുത്തുമെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. 1165 കുട്ടികളിൽ അവരുടെ 12 വയസ്സ് മുതൽ 25 വയസ്സ് വരെ നടത്തിയ പഠനങ്ങളിൽ ഇത് വ്യക്തമാക്കുന്നുണ്ട്. ലഹരിയുടെ ദോഷവശങ്ങൾ ഒരാളെ ബാധിക്കുക ശാരീരികമായും മാനസികമായുമാണ്. മിതമായ ലഹരി ഉപയോഗം കാലക്രമേണ ഓർമ്മ, ചിന്ത, സ്വബോധം എന്നിവ നഷ്ടമാക്കുന്നു. വൈകാതെ കുട്ടി കടുത്ത ആകാംക്ഷ, ഭയം, സംശയം, ശ്രദ്ധയില്ലായ്മ, നിരുത്സാഹം എന്നിവയ്ക്കു അടിമപ്പെടുന്നു എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. ശകാരമോ കുറ്റപ്പെടുത്താലോ ദേഹോദ്രപവമോ വഴി ഇതിനു പരിഹാരം തേടാൻ പാടില്ല. നമ്മുടെ കൗമാരവും യുവത്വവും ലഹരിയുടെ കയങ്ങളിലേക്കു വീഴാതെ കാക്കേണ്ടത് നമ്മുടെ കൂടി കടമയാണ്.
ആൺകുട്ടികൾ മാത്രമല്ല ഇപ്പോഴത്തെ കാലത്ത് ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത്. നമ്മുടെ പെൺകുട്ടികളും ഒട്ടും സുരക്ഷിതരല്ല. ഗേൾസ് ഹോസ്റ്റലുകളിൽ ഫോൺ വഴി ഓർഡർ എടുത്ത് ലഹരി മരുന്നുകൾ എത്തിക്കുന്ന സംഘങ്ങളുണ്ട്. 20ഓ 30ഓ രൂപ കൂടുതൽ കൊടുത്താൽ സാധനം ഹോസ്റ്റലിനുള്ളിൽ കിട്ടുമെന്നാണ് പറയുന്നത്. സോഷ്യൽ മീഡിയകളും ഇതിന് കാരണമാകുന്നുണ്ട്. ഇത്തരത്തിലുള്ള ഗ്രൂപ്പിൽ പെട്ടാൽ അവർ ചെയ്യുന്നതെല്ലാം ഹീറോയിസമാണെന്നും ചെയ്യാതിരുന്നാൽ മോശക്കാരാകുമെന്നും തെറ്റിദ്ധരിക്കുന്നു. മയക്കുമരുന്നിന്റെ ‘കിക്കി’നെക്കുറിച്ചും താൻ പരീക്ഷിച്ച പുതിയ ‘സ്റ്റഫു’ കളെക്കുറിച്ചുമെല്ലാം സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യുന്നത് മറ്റു സമപ്രായക്കാർക്കിടിൽ ഹീറോ പരിവേഷം നൽകുമെന്ന് ചിലരെങ്കിലും കരുതുന്നു.
സ്കൂളുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ച് മയക്കു മരുന്നിന്റെ റാക്കറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് നഗരത്തിലെ പ്രമുഖ ഡോക്ടർമാർ ഒരേ സ്വരത്തിൽ പറയുന്നത്. സ്കൂൾ യൂണിഫോമിന്റെ മറവിൽ മയക്കുമരുന്ന് കച്ചവടം വ്യാപകമാണ്. ഒരിക്കൽ ഉപയോഗിച്ചു കഴിഞ്ഞാൽ അതിന്റെ പേരിൽ ബ്ലാക്മെയിൽ ചെയ്ത് കൂട്ടുകാരെക്കൂടി സംഘത്തിൽ പെടുത്താൻ നിർബന്ധിക്കും. വലയിൽ പെട്ടു പോകുന്ന കുട്ടി, ആരോടും പറയാൻ കഴിയാതെ അനുസരിക്കുകയും ചെയ്യും.
സ്കൂളിൽ മുടങ്ങുക, സ്കൂളിൽ പോവുകയാണെന്ന ഭാവത്തിൽ മറ്റെവിടെയെങ്കിലും പോകുക, കുട്ടിയുടെ ശരീരത്തിൽ നിന്നോ, വസ്ത്രങ്ങൾ, മുറി എന്നിവിടങ്ങളിൽ നിന്നോ സിഗററ്റിന്റെയോ പുകയുടെയോ മണം വരിക, പെട്ടെന്നുണ്ടാകുന്ന സ്വഭാവ വ്യതിയാനങ്ങൾ ദേഷ്യം, അമർഷം, പൊട്ടിത്തെറി, നിരാശ എന്നിവ അനിയന്ത്രിതമാവുക. വിക്കൽ, സംസാരിക്കുന്പോൾ തപ്പിത്തടയൽ എന്നിവ ഉണ്ടാവുക. ആവശ്യങ്ങൾ ഏറിവരിക, ആവശ്യത്തിന് പണം കിട്ടിയില്ലെങ്കിൽ ചോദിക്കാതെ എടുത്തുകൊണ്ടു പോകുക, പോക്കറ്റിലോ ബാഗിലോ മുറിയിലോ ആവശ്യത്തിൽ കൂടുതൽ പണം കാണപ്പെടുക, ചോദിച്ചാൽ കള്ളം പറയുക. മുറിയിൽ കയറി അധികനേരം വാതിലടച്ചിരിക്കുക, മണിക്കൂറുകളോളം കുളിക്കുക, ശരീരഭാരം അമിതമായി കുറയുകയോ കൂടുകയോ ചെയ്യുക, മറ്റു വിനോദോപാധികൾ ത്യജിക്കുക, ഇഷ്ടപ്പെട്ട ഹോബീസ്, ഹാബിറ്റ്സ് എന്നിവയിൽ താത്പര്യം ഇല്ലാതാവുക. ഉറക്കം, ഭക്ഷണം എന്നിവ ഒന്നുകിൽ വളരെ കുറഞ്ഞു പോവുക, അല്ലെങ്കിൽ വളരെ കൂടുക, വ്യക്തിബന്ധങ്ങളിൽ വിള്ളൽ വരിക, വീട്ടിൽ ആർക്കും മുഖം നൽകാതെ ഒഴിഞ്ഞു മാറുക, പുതിയ കൂട്ടുകെട്ടുകൾ തുടങ്ങുക, പഴയ ചങ്ങാതിമാരെക്കുറിച്ച് ചോദിച്ചാൽ അവരെ കുറ്റം പറയുക, ദേഷ്യപ്പെടുക. നന്നായി പഠിക്കുന്ന കുട്ടി പെട്ടെന്ന് പഠനത്തിൽ പിന്നാക്കം പോകുക, വീട്ടിൽ നിന്ന് മാറിനിൽക്കാൻ താത്പര്യം കാട്ടുക ഇതെല്ലാം ലഹരി ഉപയോഗം തുടങ്ങിയ ഒരു കുട്ടിയിൽ കണ്ടു വരുന്ന ലക്ഷണങ്ങളാണ്.
മരുന്നുകളും കൗൺസലിങ്ങും ഒപ്പം കൊണ്ടുപോകണം. പിൻവാങ്ങൽ ലക്ഷണങ്ങൾ കുറയ്ക്കാനും ശാരീരിക പ്രശ്നങ്ങൾ നേരിടാനും മരുന്ന് കൂടിയേ തീരൂ. ഒറ്റയടിക്ക് സ്വയം തീരുമാനിച്ച് മാറ്റാൻ കഴിയുന്ന ഒന്നല്ല മയക്കുമരുന്നുകളോടും ലഹരി വസ്തുക്കളോടുമുള്ള അഡിക്ഷൻ. ഒരുതവണ ട്രീറ്റ്മെന്റ് എടുത്ത് മുഴുമിപ്പിക്കുന്നതിനു മുന്പ് തന്നെ വീണ്ടും അവ ഉപയാഗിക്കാൻ സാധ്യതയുണ്ട്. അത് തുറന്നുപറഞ്ഞാൽ നാണക്കേടാവുമെന്നോ എല്ലാവരും കുറ്റപ്പെടുത്തുമെന്നോ കരുതേണ്ട. രക്ഷിതാക്കൾ മുൻകരുതലെടുത്താൽ മരുന്നും കൗൺസലിങ്ങും വഴി പൂർണ്ണമായും മാറ്റാൻ കഴിയുന്നതാണ് ഇത്തരം ലഹരി വസ്തുക്കളുടെ ഉപയോഗം. ആവശ്യത്തിലധികം പോക്കറ്റ് മണി കുട്ടികൾക്ക് നൽകരുത്. എന്നു കരുതി ന്യായമായ ആവശ്യങ്ങൾക്ക് നൽകാതിരിക്കുകയുമരുത്.
ലഹരി മരുന്നുകൾക്ക് അടിമപ്പെട്ടു എന്നുറപ്പിക്കാനായാൽ എത്രയും പെട്ടെന്ന് കൗൺസിലിങ് നൽകണം. പുറത്തറിയുമെന്നോ നാണക്കേടാണെന്നോ കരുതരുത്. കുട്ടിയുടെ ഭാവിയുടെയും ജീവിതത്തിന്റെയും കാര്യമാണെന്നോർക്കുക. ഭീഷണിപ്പെടുത്തിയോ മർദ്ദിച്ചോ ഉപദേശിച്ചോ ശകാരിച്ചോ ഇത്തരത്തിലുള്ള ശീലം മാറ്റാൻ കഴിയില്ല. അതിന് മനഃശാസ്ത്ര വിദഗ്ദ്ധന്റെയോ കൗൺസിലിങ് വിദഗ്ദ്ധന്റെയോ സഹായവും മരുന്നുകളും വേണം. ഒപ്പംതന്നെ, എന്തു സംഭവിച്ചാലും ഞങ്ങൾ കൂടെയുണ്ടാവും എന്ന വിശ്വാസം കുട്ടിയിലുണ്ടാക്കാൻ രക്ഷിതാക്കൾക്ക് കഴിയണം.
ചികിത്സ തുടങ്ങിയാൽ പൂർണ്ണമായും അത് പിന്തുടരണം. പെട്ടെന്ന് നിർത്താൻ കഴിയുന്നതല്ല ഇത്തരം ലഹരി വസ്തുക്കളോടുള്ള അടിമത്തം. ചികിത്സയ്ക്കിടയിൽ കുട്ടി ചിലപ്പോൾ വീണ്ടും അത്തരം ശീലങ്ങളിലേയ്ക്ക് മടങ്ങിപ്പോയേക്കാം. അപ്പോഴെല്ലാം ക്ഷമയോടെ അവനെ തിരിച്ചുകൊണ്ടുവരണം. ചികിത്സാ സമയത്തോ അതിനു ശേഷമോ കൂട്ടിലിട്ട കിളിയെപ്പോലെ കുട്ടിയെ കൈകാര്യം ചെയ്യരുത്. ആവശ്യത്തിന് സ്വാതന്ത്ര്യം നൽകണം. നല്ല ചങ്ങാതിമാരെ ഇക്കാര്യത്തിൽ സഹായത്തിന് വിളിക്കാം. ആരോഗ്യകരമായ കുടുംബാന്തരീക്ഷം കുട്ടിക്ക് നൽകുക. സംരക്ഷിക്കാനും സ്നേഹിക്കാനും ഒരു പ്രശ്നം വന്നാൽ ഒറ്റക്കെട്ടായി നിന്ന് നേരിടാനും കുടുംബം കൂടെയുണ്ടെന്ന വിശ്വാസം ഇത്തരം ശീലങ്ങളിലേക്ക് ഒരിക്കലും തിരികെപ്പോകാതിരിക്കാൻ കുട്ടികളെ സ്വയം പ്രേരിപ്പിക്കും. നമ്മളാണ് കരുതലെടുക്കേണ്ടത്. നീറിപുകഞ്ഞ് തീരേണ്ടതല്ല നമ്മുടെ കുട്ടികൾ...