പുകയിലയോട് വിട പറയൂ...

കാസിം പാടത്തകായിൽ
ഇന്ന് ലോക പുകയില വിരുദ്ധ ദിനം. ലോകത്ത് പ്രതി വർഷം ശരാശരി 6 ദശലക്ഷം ആളുകൾ പുകവലി മൂലം മരിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. എന്നാൽ 6 ലക്ഷത്തോളം ആളുകൾ പുകവലിക്കുന്നവരുടെയുള്ള സന്പർക്കം മൂലം മരിക്കുന്നുവെന്നതാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന വസ്തുത. പുകവലിയുടെ ദൂഷ്യവശങ്ങളെകുറിച്ച് ബോധവൽക്കരിക്കാൻ ഡബ്ലിയു എച്ച് ഒ 1988 മുതൽ മെയ് 31 പുകയില വിരുദ്ദ ദിനം (No tobacco day) ആയി ആചരിക്കുന്നു.
കേരളത്തിൽ സാമൂഹിക സന്നദ്ധ സംഘടനകൾ ഈ ദിനം വിവിധ ബോധവൽക്കരണ പരിപാടികളോടെ ആചരിക്കുന്നു. ലഹരി പദാർത്ഥങ്ങൾക്ക് അടിമപ്പെടുന്നതിനേക്കാൾ സങ്കീർണ്ണമാണ് പുകവലി എന്നത് നാം പലരും കാണാതെ പോകുന്നു. ഒരു നേരന്പോക്കിലോ നൈമിഷിക രസങ്ങളിലോ തുടങ്ങുന്ന ഈ രാക്ഷസ സ്വഭാവം പിന്നീട് ജീവിതത്തിന്റെ ഭാഗമാക്കിവരാണ് പലരും. രാവിലെ പ്രഭാത കർമ്മം മുതൽ തുടങ്ങുന്നു ഈ ശീലത്തിന്റെ ദൈനേനയുള്ള സമാരംഭം ഭക്ഷണത്തിനു മുന്പും ശേഷവും ചായക്ക് മുന്പും ശേഷവും തുടങ്ങി ദുഃഖങ്ങൾക്കും സന്തോഷങ്ങൾക്കും വരെ ഒരു ദിവസം 10 മുതൽ 20 വരെ സിഗരറ്റുകൾ വലിച്ചു തീർക്കുന്നവരാണ് പലരും. സാമൂഹിക പ്രവർത്തകരും മത മേലാൾക്കന്മാരും ഡോക്ടർമാർ വരെ ഇതിൽ പിറകിലല്ല എന്നതാണ് ദുഃഖകരം.
വെറും പുകവലി മാത്രമല്ല. നമ്മുടെ നാട്ടിലെ പല തദ്ദേശസ്ഥാപനങ്ങൾ നിയമം മൂലം വിപണനം നിരോധിച്ച പാൻ മസാലകളും പാൻ ഉൽപ്പന്നങ്ങളും ഇന്നും ഇത്തരം സ്ഥലങ്ങളിൽ തന്നെ സുലഭമായി തന്നെ ലഭിക്കുന്നു. പൊതുനിരത്തിൽ പുകവലി നിരോധിച്ചുവെങ്കിലും അതെല്ലാം കടലാസിൽ മാത്രം ഒതുങ്ങുന്നു. നടപ്പാക്കേണ്ട നിയമപാലകർ തന്നെ വലിച്ചു രസിക്കുന്ന ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലെ ട്രോളുകളാണ്. മുതിർന്ന സ്ത്രീകളിലെ പുകയില ചേർത്ത “മുറുക്കൽ” ഇപ്പോഴും നിന്നിട്ടില്ല എങ്കിലും യുവ തലമുറയിൽ ഈ ശീലം ഇല്ലാത്തത് വളരെ നല്ല കാര്യം തന്നെ.
നിരോധനത്തേക്കാൾ വർജ്ജനമാണ് എന്നും അഭികാമ്യം എന്നതിൽ സംശയമില്ല. ബഹ്റൈൻ എന്ന ഈ കൊച്ചു ദ്വീപിൽ ആരോഗ്യ മന്ത്രാലയവും വാണിജ്യ മന്ത്രാലയവും പിന്തുടരുന്ന തീരുമാനങ്ങൾ ഈ കാര്യത്തിൽ അഭിനന്ദനാർഹരാണ്. സിഗരറ്റുകൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് മൂന്ന് മടങ്ങ് അധിക ആക്റ്റിവിറ്റി ഫീസ്, വിൽപ്പനയിൽ 100 ശതമാനം മുതൽ 200 ശതമാനം വരെ നികുതി, 18 വയസ്സിനു താഴെ പ്രായമുള്ളവർക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽക്കാൻ പാടില്ല എന്ന കർശ്ശന നിർദ്ദേശം, പൊതു വിൽപ്പന ശാലകളിൽ സിഗരറ്റ് ഡിസ്പ്ലെ ചെയ്യാതെ കാബിനുകൾ അടച്ചു വെക്കാനുള്ള നിർദ്ദേശം, പൊതു സ്ഥലങ്ങളിൽ വലിക്കരുതെന്ന നിർദ്ദേശം തുടങ്ങിയവയെല്ലാം മാതൃകാപരമാണ്.
ശ്വാസ കോശാർബുദം, ഹൃദയാഗാതം തുടങ്ങി ഒട്ടേറെ മാരക രോഗങ്ങൾക്കും മരണത്തിനും ഇടയാക്കുന്ന ഈ ദുശീലത്തെ നാം സ്വമനസ്സാലെ ഒറ്റത്തീരുമാനത്തിലൂടെ എന്നെന്നേക്കുമായി നിർത്താൻ ദൃഢ പ്രതിജ്ഞയെടുക്കേണ്ട സമയം എന്നേ കടന്ന് പോയിരിക്കുന്നു... ഇനിയും പുകയില ഉപഭോഗം നിർത്താത്തവർ ഈ ദിനത്തിൽ വിടപറയാൻ സന്നദ്ധരാവുക. നമ്മുടെയും കുടുംബത്തിന്റെയും ആരോഗ്യത്തെ കുറിച്ച് ബോധവാനാകുക...