ഉദ്ബുദ്ധ കിരീടത്തിൽ ഒരു തൂവൽ കൂടി...

പ്രദീപ് പുറവങ്കര
ഇന്ത്യൻ സംസ്ഥാനങ്ങളിൽ സ്വാതന്ത്ര്യാനന്തരം കേരളം എന്ന നമ്മുടെ കൊച്ചു നാട് എന്നും ഒരു ന്യൂജൻ സ്വഭാവം നിലനിർത്തിക്കൊണ്ടായിരുന്നു വേറിട്ട് നിന്നത്. രാഷ്ട്രീയമായാലും, മതമായാലും, വർഗ്ഗമായാലുമൊക്ക ഒരു പ്രത്യേക തലത്തിൽ ചിന്തിക്കാനുള്ള കഴിവ് ഓരോ മലയാളിയും ചെറുപ്പത്തിൽ തന്നെ ആർജ്ജിക്കാറുണ്ട്. ഇന്ത്യൻ സമൂഹത്തിലെ മറ്റ് സംസ്ഥാനങ്ങൾ നടന്നുപോകാത്ത വഴിയിലൂടെ സഞ്ചരിക്കാൻ കേരളത്തിന് സാധിച്ചത് ഇത്തരം ചിന്താഗതികൾ കൊണ്ടായിരുന്നു. തൊട്ടുകൂടായ്മ നിലനിന്നിരുന്ന ഒരിടത്തിൽ നിന്ന്, വിവേകാനന്ദൻ ഭ്രാന്താലയമെന്ന് വിളിച്ച ഒരു കാലത്തിൽ നിന്ന് കേരളം മാറിയത് ഇത്തരം ചിന്താധാരകൾ കാരണമായിരുന്നു. അതിന് വേണ്ടി എത്രയോ സാമൂഹിക വിപ്ലവകാരികൾ നമ്മുടെ നാട്ടിൽ ജന്മം കൊണ്ടു. അവർ സ്വയമായും, മറ്റുള്ളവരെ കൊണ്ടും പരിഷ്കരണങ്ങൾ നടത്തിയാണ് ഇന്ന് നമ്മൾ അഹങ്കാരത്തോടെ വിളിക്കുന്ന ഉദ്ബുദ്ധ കേരളം തന്നെ ഉണ്ടായത്. പന്തിഭോജനവും, മിശ്രവിവാഹവും, സ്ത്രീകളുടെ മാറ് മറക്കലും, ക്ഷേത്ര പ്രവേശനവും, ഒക്കെ ഇത്തരം പരിഷ്കരണങ്ങൾക്ക് ഉദാഹരണമാണ്. ഇതിൽ മിശ്ര വിവാഹങ്ങൾ ഏറെ നടന്നിരുന്ന ഒരു നാടായിരുന്നു നമ്മുടേത്. രാഷ്ട്രീയനേതാക്കളും, സാഹിത്യ നായകൻമാരും, സിനിമാതാരങ്ങളുമൊക്കെ ഇത്തരത്തിൽ വിവാഹം കഴിച്ച് മാതൃക സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. കേവല പ്രണയത്തിലുപരിയായി സമൂഹത്തിൽ ഇത്തരം മാറ്റങ്ങൾ ആവശ്യമാണെന്ന പക്ഷക്കാരുമായിരുന്നു ഇതിൽ പലരും. ഇത്തരം ചില വിവാഹങ്ങൾ ബന്ധുക്കളുടെ അൽപ്പകാലത്തെ മുറുമുറുപ്പിന് കാരണമാകാറുണ്ടെങ്കിലും അത് മനുഷ്യന്റെ ജീവനെടുക്കുന്ന അവസ്ഥയിലേയ്ക്ക് എത്തുന്ന സാഹചര്യങ്ങൾ നമ്മുടെ നാട്ടിൽ വളരെ കുറവായിരുന്നു. ആ ഒരു അവസ്ഥയ്ക്കാണ് കെവിൻ എന്ന ചെറുപ്പക്കാരന്റെ കൊലപാതകത്തോടെ അന്ത്യം സംഭവിച്ചിരിക്കുന്നത്. അതോടൊപ്പം താൻ പ്രണയിച്ച പെൺകുട്ടിയെ ജീവിതത്തിൽ ഒപ്പം കൂട്ടാൻ ആഗ്രഹിച്ച ‘കുറ്റ’ത്തിന് കെവിൻ പി ജോസഫ് എന്ന 23 കാരൻ അരും കൊല ചെയ്യപ്പെട്ടതിനു പിന്നിൽ കേരള പൊലീസിന്റെ അക്ഷന്തവ്യമായ അനാസ്ഥയുമുണ്ട് എന്നതും ആശങ്കപ്പെടുത്തുന്ന കാര്യമാണ്. കെവിനെ തട്ടിക്കൊണ്ടുപോയതായുള്ള പരാതി കിട്ടിയ ഉടനെ പോലീസ് ഊർജ്ജിതമായി അന്വേഷണം നടത്തിയിരുന്നെങ്കിൽ ആ ചെറുപ്പക്കാരൻ കൊല്ലപ്പെടില്ലെന്നു തന്നെയാണ് ബന്ധുക്കൾ വിശ്വസിക്കുന്നത്.
ഉത്തരേന്ത്യയിൽ നിന്ന് ഇത്തരം ദുരഭിമാന കൊലകളുടെ വാർത്തകൾ വരുന്പോൾ അവയെ പുച്ഛിച്ച് തള്ളിയ ഒരു സമൂഹത്തിലാണ് ഈ സംഭവം നടന്നിരിക്കുന്നത്. ജാതിക്കും ഗോത്രത്തിനും പുറത്തു പ്രണയവും വിവാഹവും ഉണ്ടായാൽ ഉത്തരേന്ത്യയിൽ ബന്ധുക്കൾ തന്നെ അവരുടെ പെൺമക്കളെ കൊന്നുകളയുന്ന ഏർപ്പാടിനെയാണ് ദുരഭിമാന കൊല എന്ന് വിളിച്ചിരുന്നത്. വയറു വിശന്ന ആദിവാസിയെ തല്ലിക്കൊന്ന, മോഷ്ടാവെന്ന് ആരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിയെ അടിച്ചുകൊന്ന, ചികിത്സ നിഷേധിച്ച് ഒരു തമിഴ്നാട്ടുകാരനെ ഇഞ്ചിഞ്ചായി കൊലചെയ്ത കേരളത്തിന്റെ ഉദ്ബുദ്ധ കിരീടത്തിൽ മറ്റൊരു ‘തൂവൽ’ കൂടിയാണ് കെവിന്റെ കൊലപാതകം. ജാതിയും മതവും കൂടുതൽ ശക്തിയോടെ കേരളത്തിന്റെ പൊതുമനസിലേയ്ക്ക് വിനാശത്തിന്റെ വിത്ത് വിതച്ചുകൊണ്ടിരിക്കുന്ന ഒരു കാലത്ത് നമ്മൾ മലയാളികൾ ഒന്നാകും എന്ന അപൂർവം കുറച്ച് നല്ല മനുഷ്യരുടെ സ്വപ്നങ്ങൾ കൂടിയാണ് ഇത്തരം സംഭവങ്ങളിലൂടെ മാഞ്ഞുപോകുന്നതെന്ന് ഓർമ്മിപ്പിച്ചു കൊണ്ട്....