മോഹൻലാൽ വരുമോ ഇല്ലയോ...

വി.ആർ സത്യദേവ്
“നിങ്ങളിൽ പലരും മോഹൻലാൽ വരുമോ എന്ന് സംശയിക്കുന്നുണ്ടാവും...” എന്നത് പഴയ മമ്മുക്കാ ഹിറ്റ് സിനിമ കോട്ടയം കുഞ്ഞച്ചനിലെ ജഗതിയുടെ ഡയലോഗാണ്. മഞ്ജു വാര്യർ ചിത്രമായ ‘മോഹൻലാലിന്റെ’ പരസ്യങ്ങളിലൂടെ ഇത് നമ്മൾ വീണ്ടും കേട്ടു. ഈ ഡയലോഗിലേതിനു സമാനമായ സന്ദേഹമാണ് കൊറിയൻ മണ്ണിലെ ശാശ്വത സമാധാനം ലക്ഷ്യമിട്ട് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും ഉത്തരകൊറിയൻ നായകൻ കിം ജോംഗ് ഉന്നും തമ്മിൽ നടക്കാനിരിക്കുന്ന ഉച്ചകോടിയുടെ കാര്യത്തിലും നിലനിൽക്കുന്നത്. മേഖലയിൽ ആണവനിരായുധീകരണവും അതുവഴി സമാധാനവും കൈവരുമെന്ന പ്രത്യാശ വാനോളമുയത്തിക്കൊണ്ട് ഉത്തര കൊറിയൻ സ്വേച്ഛാധിപതി കിം ജോംഗ് ഉൻ ഏകപക്ഷീയമായ ആണവസാങ്കേതിക വികസന പരിപാടികൾ നിർത്തലാക്കുന്നതായി പ്രഖ്യാപിച്ചതോടെയായിരുന്നു വഷളായിക്കൊണ്ടിരുന്ന പ്രശ്നത്തിന് വലിയ വഴിത്തിരിവുണ്ടായത്. എന്നാൽ അസാധാരണവും പ്രവചനാതീതവുമായ സ്വഭാവ വിശേഷങ്ങളുള്ള കിം ഏറെ താമസിയാതെ ഏകപക്ഷീയമായി ചർച്ചയിൽ നിന്നും പിന്മാറുന്നതായും പ്രഖ്യാപിച്ചു. മറുവശത്ത് അമേരിക്കൻ പ്രസിഡണ്ട് ട്രംപും കാര്യങ്ങൾ കുളമാക്കുന്നതിൽ തന്റേതായ സംഭാവനകൾ നൽകിപ്പോന്നതോടേ സംഗതി അക്ഷരാർത്ഥത്തിൽ മോഹൻലാൽ വരുമോ പരുവത്തിലായി. എന്നാൽ കൊറിയയിലും അമേരിക്കയിലും നിന്നുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകൾ നൽകുന്ന സൂചന മോഹൻലാൽ വരും എന്നാണ്.
ഏറെ കൗതുകകരമാണ് കൊറിയൻ പ്രശ്നത്തിലെ ട്രംപ്-കിം വാക്പോര്. അതിന്റെ നാൾവഴികൾ പരിശോധിക്കുന്പോൾ പണ്ടെങ്ങോ വായിച്ച അഡ്വഞ്ചർ ചിത്രകഥകൾ വീണ്ടും കാണുന്ന പ്രതീതി. മാർവൽ കോമിക്സിന്റെയും ഡീസീ കോമിക്സിന്റെയുമൊക്കെ ചിത്രകഥകളിലെ കഥാപാത്രങ്ങൾ പലപ്പോഴും അതിമാനുഷരായിരുന്നു. അവരെയൊക്കെപ്പോലെയാണ് പച്ച ജീവിതത്തിലും ചിലരെങ്കിലും സംവദിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് കൊറിയൻ വിഷയത്തിലെ വാക്പോര്. എങ്ങുമെത്താത്ത അത്യന്തം വെടിയും പുകയും നിറഞ്ഞ കൊറിയൻ സംഘർഷത്തിന്റെ ശബ്ദരേഖ പരിശോധിക്കുന്പോൾ ഇരുപക്ഷങ്ങളിലെയും നായകന്മാർ ബാറ്റ്മാനിലെ പെൻഗ്വിനെന്ന വില്ലൻ കഥാപാത്രത്തെപ്പോലെ വില്ലന്മാരാണോ അതോ കോമഡിത്താരങ്ങളാണോ എന്ന സംശയം ബാക്കിയാവുന്നു. തികച്ചും ബാലിശവും പലപ്പോഴും നിരുത്തരവാദപരവുമാണ് ഈ നേതാക്കന്മാരുടെ പ്രസ്താവനകൾ. ഇരു പക്ഷവും തമ്മിലുള്ള വാചകക്കസർത്തിന്റെ സൗണ്ട് ട്രാക്ക് പരിശോധനയ്ക്കു വിധേയമാക്കിയാൽ ഇക്കാര്യം ആരും സമ്മതിക്കുമെന്നുറപ്പ്.
സമാധാന ചർച്ചകളെക്കുറിച്ചുള്ള ആലോചനകൾ സജീവമാകുന്നതിനിടെയാണ് ചർച്ച മുടങ്ങിയേക്കാമെന്ന് 2017 ഏപ്രിൽ 28ന് പ്രസിഡണ്ട് ട്രംപ് ആശങ്ക പ്രകടിപ്പിച്ചത്. ശാശ്വത സമാധാനത്തോട് ആത്മാർത്ഥമായ പ്രതിബദ്ധതയുണ്ടെങ്കിൽ വ്യത്യസ്ഥപക്ഷങ്ങളിലുള്ളവർ സാധാരണ ചെയ്യാറുള്ളത് എതിർപക്ഷത്തെ വേണ്ടപ്പെട്ടവരുമായി ആ ആശങ്ക പങ്കുവെയ്ക്കുകയാണ് വേണ്ടത്. അതിനു പകരം ഉണർന്നെഴുന്നേറ്റയുടൻ നവമാദ്ധ്യമങ്ങളിലൂടെ അത് ലോകത്തോടു വിളിച്ചു പറയുന്നത് അധികാരസ്ഥാനങ്ങിളിലിരിക്കുന്നവർക്ക് ഭൂഷണമല്ല. അതുകൊണ്ടു തന്നെ ഇക്കാര്യത്തിലെ ട്രംപിന്റെ ആത്മാർത്ഥതയെക്കുറിച്ച് സംശയമുയർത്തുന്നതു തന്നെയായിരുന്നു ട്രംപിന്റെ ഈ പരസ്യ വെടിപൊട്ടിക്കൽ.
ഉരുളയ്ക്കുപ്പേരിയെന്നപോലെ ഏറെ താമസിയാതെ കൊറിയൻ പക്ഷത്തു നിന്നുള്ള മറുപടിയെത്തി. ആഴ്ചകളുടെ സാവകാശമെടുത്തായിരുന്നു അവരുടെ മറുപടി. ആണവപരീക്ഷണത്തിനും കൂടുതൽ ശാക്തീകരണത്തിനും കൂടുതൽ സമയമെടുക്കുക എന്നതായിരുന്നു ആ സമയത്ത് ഉത്തരകൊറിയൻ ശൈലി. അമേരിക്കയും പ്രസിഡണ്ട് ട്രംപും തങ്ങളെ പ്രകോപിപ്പിക്കുകയാണെന്നും ചരിത്രത്തിൽ അവർ നേരിട്ടതിൽ ഏറ്റവും വലിയ വിപത്തിലേക്കായിരിക്കും ഇത്തരത്തിലൊരു വകതിരിവില്ലായ്മ അമേരിക്കയെ കൊണ്ടു ചെന്നെത്തിക്കുന്നതും എന്നതായിരുന്നു രണ്ടാഴ്ചകളോളമെടുത്ത് ചിന്തിച്ചുറച്ച് ഉത്തര കൊറിയ നടത്തിയ വെളിവ് ഒട്ടുമില്ലാത്ത മറുപടി. ചർച്ചയിൽ നിന്നും അമേരിക്ക ഏകപക്ഷീയമായി പിന്നോട്ടു പോയാൽ അവരെ ഉന്മൂലനം ചെയ്യുമെന്ന പ്രഖ്യാപനത്തിന് വേറെ അർത്ഥങ്ങളില്ല എന്നു വ്യക്തം.
ഈ പ്രതികരണം മറ്റൊരു ആണവമിസൈൽ ലോഞ്ചുതന്നെയാണ് എന്നതായിരുന്നു ഇതിനോടുള്ള അമേരിക്കൻ പ്രതികരണം. ഉത്തരകൊറിയൻ നായകന് ഇതല്ലാതെ ഗുണമുള്ളതൊന്നും ചെയ്യാനില്ലേ എന്ന ഉരുളയ്ക്കുപ്പേരി പോലുള്ള പ്രതികരണം വന്നത് 2017 ജൂലൈ നാലിനായിരുന്നു. കിം തീകൊണ്ടുള്ള കളി നിർത്തുന്നതാണ് നല്ലത്. ഈ തീക്കളിക്ക് വെടിയും പുകയുമുള്ള ഉശിരൻ മറുപടി കിട്ടുമെന്ന് ആഗസ്ത് 8 അമേരിക്ക വീണ്ടും മുന്നറിയിപ്പു നൽകി.
അതിനോടൊക്കെയുള്ള കിം ഭരണകൂടത്തിന്റെ പ്രതികരണം സാധാരണ പോലെ വൈകിയില്ല. സൈനിക നടപടിക്കുള്ള അമേരിക്കൻ നീക്കം ആ സാമ്രാജ്യത്വത്തിന്റെ തന്നെ അന്ത്യം കുറിയ്ക്കുമെന്ന ഉത്തരകൊറിയൻ പ്യൂപ്പിൾസ് ആർമി ആഗസ്ത് 9 ന് വ്യക്തമാക്കി. ഉത്തരകൊറിയയ്ക്കെതിരായ സൈനിക നടപടിക്ക് അമേരിക്ക സജ്ജമാണെന്ന പ്രഖ്യാപനം രണ്ടു ദിവസങ്ങൾക്കുള്ളിലെത്തി. ഇതോടെ ലോകം മറ്റൊരു ആഗോള യുദ്ധത്തിന്റെ ഭീതിയിൽ അമർന്നു എന്നതാണ് വാസ്തവം. സെപ്തംബർ 19ന് അമേരിക്ക കൊറിയയെ കൂടുതൽ പ്രകോപിപ്പിച്ചുകൊണ്ട് അടുത്ത പ്രസ്താവനയുമായി രംഗത്തെത്തി. ചാവേറാകാനുറച്ച റോക്കറ്റ് മാന് വേറേ പണിയൊന്നുമില്ലേയെന്നതായിരുന്നു അമേരിക്കയുടെ പരിഹാസം. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിൽ പ്രസിജണ്ട് ട്രംപ് തന്നെയാണ് ഈ ചോദ്യശരമെയ്തത്.
വിരണ്ട നായ ഉറക്കെ കുരയ്ക്കുകയാണെന്ന് നാലു ദിവസത്തിനുള്ളിൽ കിം ഇതിന് മറുപടി നൽകി. പോപ്പട്ടിയെ തീകൊണ്ട് നിലയ്ക്കു നിർത്തുമെന്നും പ്രതികരണം വ്യക്തമാക്കി. അമേരിക്കൻ സംയമനം ദൗർബല്യമെന്ന് കരുതേണ്ടന്നും അത്തരത്തിലുള്ളൊരു തെറ്റിദ്ധാരണ അപകടകരമെന്നും കൂടി കിം പറഞ്ഞു വെച്ചു. മുതുക്കന്റെ പാഴ്്വാക്കെന്നായിരുന്നു ഇതിനോടുള്ള കിമ്മിന്റെ പ്രതികരണം. കുള്ളനും തടിയനുമായ കിമ്മിനെ താൻ അങ്ങനെയൊന്നും വിളിക്കാത്തിടത്ത് തന്നെ കിളവനെന്നു വിളിച്ചത് കിമ്മിന്റെ വിവരക്കേടെന്ന് ട്രംപ് നവംബർ 12ന് പ്രതിവചിച്ചു.
വാക്പോര് 2017 കൊണ്ടു തീർന്നില്ല. ആണവ ബോംബിന്റെ ബട്ടൻ തന്റെ മേശപ്പുറത്തുണ്ടെന്ന് അമേരിക്ക മറക്കേണ്ട എന്ന് പുതിയ വർഷത്തിന്റെ ആദ്യ ദിനം കിം പ്രതികരിച്ചപ്പോൾ ലോകവും അക്ഷരാർത്ഥത്തിൽ നടുങ്ങി. അമേരിക്ക തങ്ങളുടെ ആണവായുധ പരിധിയിലെന്നും കിം തുടർന്നു. എന്നാൽ അതിലും വലിയ ബട്ടൺ തന്റെ മേശപ്പുറത്തുണ്ടെന്ന് പട്ടിണിപ്പട്ടാളത്തിലെ ആരെങ്കിലും കിമ്മിനെ പറഞ്ഞു മനസ്സിലാക്കിയെങ്കിൽ എന്ന് രണ്ടു നാൾക്കുള്ളിൽ ട്രംപ് തിരിച്ചടിച്ചു. പരാജിതന്റെ മനോഭാവം വെളിവാക്കുന്ന പഴഞ്ചൻ ജൽപ്പനമെന്നായിരുന്നു ഇതിനോടുള്ള ഉത്തരകൊറിയൻ ദേശീയ ദിനപത്രത്തിന്റെ പ്രതികരണം.
ഇതിനെല്ലാമിടയിൽ ഏപ്രൽ 20ന് ഉത്തര കൊറിയയുടെ ചരിത്ര പ്രഖ്യാപനമെത്തി. ഏകപക്ഷീയമായി ആണവ പരീക്ഷണങ്ങളെല്ലാം നിർത്തി െവയ്ക്കുമെന്നും മാൺടാപ് പർവ്വത നിരകളിലെ ആണവപരീക്ഷണ നിലയം അടച്ചു പൂട്ടുമെന്നുമായിരുന്നു പ്രതീക്ഷാ കിരണങ്ങൾ ഉയർത്തിക്കൊണ്ടുള്ള പ്രഖ്യാപനം. ലോകം ഇതിനെ സ്വാഗതം ചെയ്തു. ട്രപിനെയും കിമ്മിനെയും ഈ നടപടികൾ നോബൽ സമ്മാനാർഹരാക്കുമെന്ന് തന്നെ പലരും പാടിത്തുടങ്ങി. എന്നാൽ പിന്നേം ശങ്കരൻ തെങ്ങേലെന്ന പോലെ കിം ചർച്ചയിൽ നിന്നും നടപടികളിൽ നിന്നും ഏകപക്ഷീയമായി പിന്മാറുന്നതായി പ്രഖ്യാപിച്ചു. മറുവശത്ത് ട്രംപും ചർച്ച ഉടനെന്നും ചർച്ചക്കില്ലെന്നും മാറിമാറിപ്പറഞ്ഞുകൊണ്ടിരിക്കുന്നു.
കിമ്മിന്റെ തോന്ന്യാസം പറച്ചിൽ തുടരുന്നതിനിടെ ചർച്ചക്ക് തങ്ങളില്ലെന്ന് കഴിഞ്ഞയാഴ്ച അമേരിക്ക നിലപാടെടുത്തതോടേ അടുത്തമാസം 12 ന് സിംഗപ്പൂരിൽ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയുടെ കഥകഴിഞ്ഞെന്ന് ലോകം കരുതിയതാണ്. അമേരിക്കയുടെ ഏകപക്ഷീയ പിന്മാറ്റം ഞെട്ടിക്കുന്നതാണെന്നും സമാധാന നടിപടികളോട് തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഇന്നലെ കൊറിയ വ്യക്തമാക്കി. ടർച്ചകളിൽ മാറ്റമില്ലെന്നാണ് ഇപ്പോൾ അമേരിക്കൻ പ്രസിഡണ്ട് ട്രംപ് പറയുന്നത്.
ഇതെല്ലാം ഒന്നിച്ചു വായിക്കുന്പോൾ ചിരിക്കണോ കരയണോ എന്നും എന്തു സംഭവിക്കുമെന്നും വ്യക്തമാകാത്ത അവസ്ഥയിലാണ് ലോക സമൂഹവും നിരീക്ഷകരും. ആകപ്പാടെ നേരത്തേ പറഞ്ഞതുപോലെ ഒരു ചിത്രകഥ വായിക്കുന്നതിനു സമാനമാണ് നിരീക്ഷകരുടെ അവസ്ഥ. ഏതായാലും മോഹൻലാൽ വരുമോ ഇല്ലയോ എന്ന് കണ്ടു തന്നെ അറിയാം.