വേണം, തെരഞ്ഞെടുപ്പ് ശുദ്ധീകരണം !

ജെ. ബിന്ദുരാജ്
1931-ൽ യങ് ഇന്ത്യയിൽ ഗാന്ധിജി എഴുതിയ പ്രസക്തമായ ഒരു ലേഖനമുണ്ട്. രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വളരുന്തോറും ആ പ്രസ്ഥാനങ്ങളിലേക്ക് മോശപ്പെട്ട പ്രവണതകൾ കടന്നുവരുമെന്നും പ്രഖ്യാപിതലക്ഷ്യങ്ങളിൽ നിന്നും പ്രസ്ഥാനങ്ങൾ വ്യതിചലിച്ചേക്കാമെന്നും ആശങ്ക ഉണർന്നിരുന്ന ഒരു പശ്ചാത്തലത്തിലാണ് ഗാന്ധിജി ആ ലേഖനം എഴുതിയത്. തന്റെ ഈ ആശങ്ക അക്കാലത്തു തന്നെ ഗാന്ധിജി കോൺഗ്രസിന്റെ സമ്മേളനങ്ങളിൽ പങ്കുവെയ്ക്കുകയും ജനാധിപത്യത്തെ അപകടപ്പെടുത്തുന്ന ഇത്തരം പ്രവണതകളെ ചെറുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പറയുകയും ചെയ്യുമായിരുന്നു. പക്ഷേ ജനാധിപത്യത്തിലെ ഇത്തരം പുഴുക്കുത്തുകൾ മൂലം ജനാധിപത്യം മോശപ്പെട്ട ഒരു മാതൃകയാണെന്ന് വാദിക്കുന്നവർ അക്കാലത്തും ഇന്നത്തെ കാലത്തെന്നപോലെ ഉണ്ടായിരുന്നു. എന്നാൽ ഗാന്ധിജി എന്തു വിലകൊടുത്തും ജനാധിപത്യത്തെ നിലനിർത്തണമെന്ന പക്ഷക്കാരനായിരുന്നു. യങ് ഇന്ത്യയിൽ 1931-ൽ എഴുതിയ ലേഖനത്തിൽ ജനാധിപത്യത്തെ ദുരുപയോഗം ചെയ്യാൻ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ശ്രമിക്കുന്പോൾ, അത്തരം അവസരങ്ങൾ പരമാവധി കുറയ്ക്കാനുള്ള ഇടപെടലുകൾ ജനപക്ഷത്തു നിന്നും ഉണ്ടാകണമെന്ന് ഗാന്ധിജി എഴുതിയത് അതുകൊണ്ടാണ്. കഴിഞ്ഞയാഴ്ച കർണ്ണാടകത്തിൽ എം എൽ എമാരെ വിലയ്ക്കു വാങ്ങി ഭൂരിപക്ഷം ഒപ്പിക്കാനുള്ള ബിജെപിയുടെ തന്ത്രം സുപ്രീം കോടതിയുടെ ഇടപെടൽ മൂലം ദയനീയമായി പരാജയപ്പെട്ടപ്പോൾ ജനാധിപത്യസംവിധാനത്തിന് അതൊരു മുതൽക്കൂട്ടായി മാറുകയായിരുന്നു. ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങൾക്കൊന്നും വിലകൽപ്പിക്കാതെ, ആർഎസ്എസ്സിന്റെ ചട്ടുകമായി പ്രവർത്തിക്കാനാകുമെന്ന് ധരിച്ചുവശായിരുന്ന ബിജെപിയെ സംബന്ധിച്ചിടത്തോളം ജനാധിപത്യത്തിന്റെ ഈ കരണത്തടിയുടെ ചൂട് അത്ര പെട്ടെന്നൊന്നും അവരെ വിട്ടുപോകുകയില്ലെന്നുറപ്പ്.
ഇന്ത്യൻ തിരഞ്ഞെടുപ്പുകൾ ജനാധിപത്യത്തിന്റെ ഉത്സവങ്ങളാണ്. തിരഞ്ഞെടുപ്പു കമ്മീഷന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ 132 കോടി ജനങ്ങളിൽ 83 കോടിയിലധികം ജനങ്ങൾ വോട്ടവകാശമുള്ളവരാണ്. അതിൽ 43 കോടി പേർ പുരുഷന്മാരും 39 കോടി പേർ സ്ത്രീകളും 30,000-ത്തോളം പേർ മൂന്നാം ലിംഗക്കാരും. ഒന്പതു ലക്ഷത്തിലധികം പോളിങ് ബൂത്തുകളിലായാണ് അവർ പൊതുതിരഞ്ഞെടുപ്പിന് വോട്ട് രേഖപ്പെടുത്തുന്നത്. ആറ് ദേശീയ പാർട്ടികളടക്കം മൊത്തം 1646 പാർട്ടികളാണ് ഇന്ത്യയിലുള്ളതെങ്കിലും 2014-ലെ പൊതു തിരഞ്ഞെടുപ്പിൽ പങ്കെടുത്തത് കേവലം 454 പാർട്ടികൾ മാത്രമാണ്. ബാക്കിയുള്ളവയുടെ പ്രധാന ധർമ്മം രാഷ്ട്രീയത്തിന്റെ മറവിലുള്ള കള്ളപ്പണം വെളുപ്പിക്കലാകാം. 2014-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ കാര്യം തന്നെയെടുക്കാം. തിരഞ്ഞെടുപ്പിൽ പങ്കെടുത്ത മൊത്തം സ്ഥാനാർത്ഥികൾ 8251 ആയിരുന്നു. ഈ സ്ഥാനാർത്ഥികളിൽ കുറഞ്ഞത് 3500 പേരെങ്കിലും ഗൗരവപൂർവ്വം തിരഞ്ഞെടുപ്പിൽ പങ്കെടുത്തവരാണെന്ന കാര്യത്തിൽ സംശയമില്ല.
ഇന്ത്യയിലെ ആദ്യ പൊതുതിരഞ്ഞെടുപ്പുമായി 2014-ലെ പൊതുതിരഞ്ഞെടുപ്പിനെ താരതമ്യം ചെയ്യുന്നത് നന്നായിരിക്കുമെന്നു തോന്നുന്നു. 1951 ഒക്ടോബറിനും 1952 മാർച്ചിനുമിടയിലായിരുന്നു ആദ്യ പൊതുതിരഞ്ഞെടുപ്പ്. നാലു മാസക്കാലമായി നടന്ന തിരഞ്ഞെടുപ്പിൽ 68 ദിവസങ്ങളിലായിട്ടായിരുന്നു വോട്ടെടുപ്പ്. 17 കോടിയിലധികം പേരായിരുന്നു വോട്ടർമാർ. അതിൽ 45 ശതമാനത്തോളം സ്ത്രീകളുമായിരുന്നു. മൊത്തം 1,96,084 പോളിങ് േസ്റ്റഷനുകളാണ് അതിനായി സ്ഥാപിക്കപ്പെട്ടത്. അതിൽ 27,527 പോളിങ് േസ്റ്റഷനുകൾ സ്ത്രീകൾക്കു മാത്രമായി സംവരണം ചെയ്യപ്പെട്ടതുമായിരുന്നു. 17 കോടി വോട്ടർമാരിൽ 10 കോടി വോട്ടർമാരാണ് വോട്ട് രേഖപ്പെടുത്തിയത്. ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കുമായി നടന്ന തിരഞ്ഞെടുപ്പുകളിലാകെ 17,500 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. 1952 ഏപ്രിൽ രണ്ടിന് നിലവിൽ വന്ന ആദ്യത്തെ ലോക്സഭയിൽ ആകെയുണ്ടായിരുന്നത് 489 പേരാണ്. ജനസംഖ്യയ്ക്ക് അനുസൃതമായി മണ്ധലങ്ങൾ തിരിച്ചതോടെ ഇന്നത് 543 പേരായി മാറിയിരിക്കുന്നു. 2026 വരെ മണ്ധലങ്ങളുടെ എണ്ണം 543 തന്നെയായിരിക്കുമെന്നാണ് 2002-ലെ ഡീലിമിറ്റേഷൻ ആക്ട് പ്രകാരം ഡീലിമിറ്റേഷൻ കമ്മീഷൻ കണക്കാക്കിയിരിക്കുന്നത്. എക്സിക്യൂട്ടീവിൽ നിന്നും പാർലെമന്റിൽ നിന്നും ഭരണത്തിലിരിക്കുന്ന പാർട്ടിയിൽ നിന്നുമൊക്കെ അകലം പാലിക്കുകയും സ്വതന്ത്രമായി പ്രവർത്തിക്കുകയും ചെയ്യുന്ന തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളെയെല്ലാം നിയന്ത്രിക്കേണ്ടതിന്റെ ഉത്തരവാദിത്തം. പക്ഷേ അടിയന്തരാവസ്ഥയ്ക്കുശേഷം ടിഎൻ ശേഷൻ മുഖ്യതിരഞ്ഞെടുപ്പു കമ്മീഷണറായി എത്തുന്ന തൊണ്ണൂറുകൾ വരേയ്ക്കും പല കമ്മീഷനുകളും സർക്കാരിന്റെ ദാസന്മാരെപ്പോലെയാണ് പ്രവർത്തിച്ചത്.
തിരഞ്ഞെടുപ്പുകളേയും തിരഞ്ഞെടുപ്പു ഫലങ്ങളേയും അട്ടിമറിക്കാനുള്ള ശ്രമങ്ങൾ രാഷ്ട്രീയകക്ഷികൾ നടത്താൻ ആരംഭിച്ചതോടെയാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ രാഷ്ട്രീയത്തിൽ ആദ്യമായി വലിയ അപലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. വോട്ടർമാരെ സ്വാധീനിക്കാൻ മദ്യവും പണവും വിതരണം ചെയ്യുന്നതു മുതൽ, അക്രമസംഭവങ്ങൾ നടത്തി വോട്ടർമാരെ പോളിങ് ബൂത്തുകളിൽ നിന്ന് അകറ്റുന്നതുവരെയും ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കാൻ മതത്തെ ഉപയോഗിക്കുന്നതു തൊട്ട് കള്ളവോട്ടു വരെയും തിരഞ്ഞെടുപ്പിനു ശേഷം വിജയിച്ച സ്ഥാനാർത്ഥിയെ കൂറുമാറ്റി തങ്ങളുടെ കൂടെ കൂട്ടി ഭരണം പിടിച്ചെടുക്കുന്ന അവസ്ഥ വരെ കൊണ്ടെത്തിച്ചു അത്. അതിനെ പ്രതിരോധിക്കാൻ കൊണ്ടുവന്ന കൂറുമാറ്റ നിയമപ്രകാരം ഒരു പാർട്ടിയുടെ മൂന്നിൽ രണ്ടു ശതമാനത്തെ വിഘടിപ്പിച്ചാൽ മാത്രമേ കൂറുമാറ്റ നിയമം ബാധകമല്ലാതാകുകയുള്ളുവെന്ന് വന്നിട്ടും രാഷ്ട്രീയ തിരിമറികൾക്ക് കുറവുണ്ടായില്ല. തിരഞ്ഞെടുക്കപ്പെട്ട എതിർകക്ഷിയുടെ എംഎൽഎമാരെ വോട്ടെടുപ്പിൽ നിന്നും മാറ്റിനിർത്തുകയോ രാജിവെപ്പിക്കുകയോ ചെയ്തുകൊണ്ട് നിയമസഭയിലോ പാർലെമന്റിലോ ഭൂരിപക്ഷം നേടിയെടുക്കാമെന്ന തന്ത്രം പരീക്ഷിക്കപ്പെട്ടു. ക്രിമിനലുകളായവരും (രണ്ടു വർഷത്തിൽ താഴെ തടവുശിക്ഷ അനുഭവിച്ചവർക്ക് ഇപ്പോഴും മത്സരിക്കാം) ക്രിമിനൽ കേസ്സുകളിൽ വിചാരണ നേരിടുന്നവരും മത്സരിക്കുന്നതും മതത്തെ തിരഞ്ഞെടുപ്പിൽ വിജയം നേടുന്നതിനായി ഉപയോഗിക്കുന്നതും പെയ്ഡ് ന്യൂസിലൂടെ വോട്ടർമാരെ സ്വാധീനിക്കുന്നതുമൊക്കെ തടയാൻ സർക്കാർ നീക്കങ്ങൾ നടത്തുന്നുണ്ടെങ്കിലും ഇപ്പോഴും അവയെല്ലാം തുടർന്നുകൊണ്ടേയിരിക്കുന്നു.
തിരഞ്ഞെടുപ്പുകളിലെ ഈ വിശ്വാസത്തകർച്ചയ്ക്ക് തുടക്കമിട്ടത് ഇന്ദിരാഗാന്ധിയായിരുന്നുവെന്ന കാര്യത്തിൽ തർക്കം വേണ്ട. റായ്ബറേലിയിൽ ഇന്ദിരാഗാന്ധി തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന്റെ പേരിൽ 1975-ൽ അലഹാബാദ് ഹൈക്കോടതി ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയതിനെ തുടർന്നാണ് ഇന്ത്യ ജനാധിപത്യത്തിലെ അധികാരക്കൊതി എത്ര വലിയ പ്രശ്നങ്ങളിലേയ്ക്ക് രാജ്യത്തെ കൊണ്ടെത്തിക്കുമെന്ന് കണ്ടത്. തിരഞ്ഞെടുപ്പ് റദ്ദാക്കിയതിനെ പ്രതിരോധിക്കാൻ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും പാർലമെന്റിന്റെ കാലാവധി നീട്ടിയതും വാർത്താമാധ്യമങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തിയതും രാഷ്ട്രീയ പ്രതിയോഗികളെ ഒതുക്കുന്നതിനായി അവരെ തടവറയിലാക്കിയതും അഭിപ്രായസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടതും അധികാരരാഷ്ട്രീയം എങ്ങനെയാണ് രാഷ്ട്രീയ ധാർമ്മികതയ്ക്കുമേൽ ഇടം നേടുന്നതെന്നതിന്റെ വ്യക്തമായ ചിത്രമാണ് നൽകിയത്. അധികാരം നിലനിർത്തുന്നതിനായി എന്ത് തോന്ന്യാസവും ഇന്ത്യയിൽ ആകാം എന്ന ചിന്തയ്ക്ക് ഇന്ദിരയുടെ നിലപാടുകൾ വേരുപിടിപ്പിക്കുകയും ചെയ്തു.
ഇത് പരസ്യമായ അഴിമതിയുടെ രൂപം പ്രാപിച്ചത് നരസിംഹറാവുവിന്റെ കാലത്താണ്. പണം നൽകി എംപിമാരുടെ വോട്ട് നേടാമെന്ന് കാണിച്ചുകൊടുത്തതും കോൺഗ്രസ് തന്നെ. 1993-ൽ പിവി നരസിംഹറാവുവിന്റെ ന്യൂനപക്ഷ സർക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവന്നപ്പോൾ അതിനെതിരെ കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്യാൻ ഝാർക്കണ്ട് മുക്തിമോർച്ചയിലേയും ജനതാദളിലേയുമടക്കം 10 എംപിമാർ പണം വാങ്ങി വോട്ട് ചെയ്തതാണ് ജനാധിപത്യത്തിലെ മറ്റൊരു കരിദിനം. എന്നാൽ ഭരണഘടനയുടെ 105 (2) വകുപ്പുപ്രകാരം പാർലമെന്റിലെ ഒരു അംഗത്തേയും പാർലമെന്റിൽ അവർ രേഖപ്പെടുത്തിയ വോട്ടിന്റെ അടിസ്ഥാനത്തിൽ കോടതിനടപടികൾക്ക് വിധേയനാക്കാൻ പറ്റില്ലെന്ന് പറഞ്ഞിട്ടുള്ളതിനാൽ അവർ പണം കൈപ്പറ്റിയാണ് കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്തതെന്ന സിബിഐയുടെ കേസ്സ് സുപ്രീം കോടതി പിന്നീട് തള്ളിക്കളയുകയാണുണ്ടായത്. അത് പണാധിപത്യത്തിന് രാജ്യത്ത് ഉയർന്നുപറക്കാൻ കൂടുതൽ അവസരങ്ങളുണ്ടാക്കി. കർണാടകയിൽ ബെല്ലാരി മാഫിയ സംഘമായ റെഡ്ഡി സഹോദരങ്ങൾ ജനാധിപത്യത്തെ പണമൊഴുക്കി നിലംപരിശാക്കുന്ന കാഴ്ച ബിജെപിക്ക് അവിടെ 104 സീറ്റ് നേടാനായതിലൂടെ വ്യക്തമാകുകയും ചെയ്തു. കർണാടകയിൽ ഇപ്പോൾ രൂപപ്പെട്ട കോൺഗ്രസ് - ജെഡിഎസ് സഖ്യം തുടർന്നാൽ അത് 2019-ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപിയുടെ കടയിളക്കുമെന്നതിനാൽ ബെല്ലാരി മാഫിയ ഇനി ആ സഖ്യത്തെ തകർക്കാനുള്ള നീക്കങ്ങൾക്കാകും മുൻഗണന നൽകുകയെന്നുറപ്പ്. നിലവിൽ കർണാടകയിൽ നിന്നുള്ള 25 എംപിമാരിൽ 17 എണ്ണവും ബിജെ പിയുടേതാണ്. എന്നാൽ കോൺഗ്രസ്- ജെഡിഎസ് സഖ്യം തുടർന്നാൽ പൊതുതിരഞ്ഞെടുപ്പിൽ ബിജെപിയെ തകർക്കാൻ അവർക്കാകുമെന്ന കാര്യത്തിൽ സംശയം വേണ്ട.
പാർലമെന്ററി ജനാധിപത്യത്തിലെ ഇത്തരം പുഴുക്കുത്തുകളെല്ലാം തന്നെ നീക്കം ചെയ്യുമെന്നും സുതാര്യമായ ഭരണം കാഴ്ചവയ്ക്കുമെന്നും വാഗ്ദാനം ചെയ്താണ് നരേന്ദ്രമോഡിയും ബിജെപിയും 2014-ൽ ജനവിധി തേടിയത്. കോൺഗ്രസ് അതുവരെ ചെയ്തുപോന്നിരുന്ന തെറ്റായ പ്രവണതകളെയെല്ലാം തിരുത്തുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനമെങ്കിലും വൈകാതെ തന്നെ മോഡി ഭരണം കോൺഗ്രസ് ഭരണത്തിന്റെ തന്നെ തുടർച്ചയാണെന്ന് ജനതയ്ക്ക് ബോധ്യപ്പെട്ടു. ഏതൊരു സർക്കാരും ഭരണം നടത്തുന്പോൾ അവരെപ്പറ്റിയുള്ള അഴിമതിക്കഥകൾ അധികം പുറത്തുവരില്ലെന്ന ആനുകൂല്യം മാത്രമാണ് മോഡി സർക്കാരിനുമുള്ളതെന്ന് ആർക്കാണറിയാത്തത്? തിരഞ്ഞെടുപ്പിന് വന്പൻ സംഭാവനകൾ നൽകിയ കോർപ്പറേറ്റുകളെ അകമഴിഞ്ഞ സഹായിക്കുന്ന നിയമ നിർമ്മാണങ്ങളിലൂടെ അഴിമതിക്ക് പുതിയൊരു മുഖം തന്നെ നൽകിയിരിക്കുന്നു മോഡി. തിരഞ്ഞെടുപ്പുകളിൽ ബി ജെ പി ഒഴികെയുള്ള മറ്റ് രാഷ്ട്രീയകക്ഷികളുടെ കള്ളപ്പണ ഉപയോഗത്തിന് തടയിടാനായി നടത്തിയ നോട്ട് അസാധുവാക്കലാകട്ടെ ഇന്ത്യയിലെ ബിസിനസുകളേയും വ്യവസായങ്ങളേയും മരവിപ്പിക്കുകയും തൊഴിൽ വിപണിയെ കാര്യമായി ബാധിക്കുകയും ചെയ്തു. 2019-ഓടെ ഇന്ത്യയിലെ തൊഴിൽ വിപണി നിലംപതിക്കുമെന്ന് അന്താരാഷ്ട്ര തൊഴിൽ സംഘടന (ഐ എൽ ഒ) ഇതിനകം മുന്നറിയിപ്പ് നൽകുകയും ചെയ്തിരിക്കുന്നു. ഇതെല്ലാം പോരാഞ്ഞിട്ടാണ് ജനാധിപത്യത്തെ തന്നെ അട്ടിമറിക്കാൻ തിരഞ്ഞെടുപ്പ് അട്ടിമറികൾക്ക് ഇപ്പോൾ ഇന്ത്യയിലുടനീളം ബി ജെ പി കരുനീക്കങ്ങൾ നടത്തുന്നത്. കോൺഗ്രസ് കാലത്തെന്ന പോലെ, ഗവർണർമാരെ ഉപയോഗിച്ച് വിവിധ സംസ്ഥാനങ്ങളിൽ ഭരണം പിടിക്കാനുള്ള വില കുറഞ്ഞ തന്ത്രമാണ് ബി ജെ പി സമീപകാലത്ത് പയറ്റിയത്. ഭൂരിപക്ഷമില്ലാത്ത കക്ഷിയെ ഭരണത്തിലേക്ക് കർണാടകയിലെ ഗവർണർ വാജുഭായ് വാല ക്ഷണിക്കുന്നതും 15 ദിവസത്തെ സാവകാശം നൽകി എതിർകക്ഷിയിൽപ്പെട്ടവരെ പണം നൽകി സ്വാധീനിച്ച് തങ്ങൾക്കൊപ്പമെത്തിക്കാൻ ശ്രമിക്കുന്നതും നാം കണ്ടു.
സുപ്രീം കോടതിയിലാകട്ടെ കർണാടക നിയമസഭയിൽ അവിശ്വാസ വോട്ടെടുപ്പിന് രഹസ്യബാലറ്റ് വേണമെന്ന് ബി ജെ പി അഭിഭാഷകൻ ആവശ്യപ്പെട്ടതാകട്ടെ അവരുടെ പുറമേയ്ക്ക് പ്രകടിപ്പിക്കുന്ന രാഷ്ട്രീയ ധാർമ്മികത അപ്പാടെ ചോർത്തിക്കളയുകയും ചെയ്തു. രഹസ്യബാലറ്റ് ആവശ്യപ്പെട്ടതിലൂടെ കൂറുമാറി വോട്ട് ചെയ്ത എം എൽ എമാർ ആരെന്ന് അറിയാതിരിക്കണമെന്നാണ് ബി ജെ പി ആഗ്രഹിച്ചത്. എന്നാൽ സുപ്രീം കോടതി പരസ്യ ബാലറ്റിന് ഉത്തരവിടുകയും ചാനലുകളോട് അവ ലൈവായി സംപ്രേക്ഷണം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തതോടെ ബി ജെ പിയുടെ തന്ത്രങ്ങളെല്ലാം തന്നെ പൊളിയുകയായിരുന്നു. വിശ്വാസവോട്ട് തേടാതെ, വോട്ടെടുപ്പിൽ നിന്നും രാജിവച്ച് തടിയൂരി ഓടിരക്ഷപ്പെടുകയായിരുന്നു യെഡ്യൂരപ്പ!
ജനാധിപത്യത്തിന് അതിന്റേതായ പോരായ്മകളുണ്ടാകാം. തിരഞ്ഞെടുപ്പിൽ ക്രിമിനൽ കേസ്സുകളിൽ വിചാരണ നേരിടുന്നവർ മത്സരിക്കുന്നതിൽ തുടങ്ങുന്നു അതിന്റെ വീഴ്ച. നിലവിൽ ഒരു കുറ്റകൃത്യത്തിന് രണ്ടു വർഷത്തിലധികം നീളുന്ന തടവുശിക്ഷയ്ക്ക് ഒരു ജനപ്രതിനിധി ശിക്ഷിക്കപ്പെട്ടാൽ അയാളുടെ എം എൽ എ സ്ഥാനമോ എം പി സ്ഥാനമോ നഷ്ടപ്പെടുമെന്ന് സുപ്രീം കോടതി വിധിയുണ്ടെങ്കിലും ക്രിമിനൽ കേസ്സുകളിൽ വിചാരണ നേരിടുന്നവരെ തിരഞ്ഞെടുപ്പിൽ നിന്നും മാറ്റിനിർത്താൻ നിയമങ്ങളൊന്നും തന്നെയില്ല. വരും മാസങ്ങളിൽ കൂടുതൽ നിയമസഭാ തിരഞ്ഞെടുപ്പുകളും 2019-ൽ പൊതുതിരഞ്ഞെടുപ്പും നടക്കാനിരിക്കേ, ക്രിമിനലുകളായ രാഷ്ട്രീയക്കാർ അധികാരകേന്ദ്രങ്ങളിലേക്ക് എത്തുന്നത് തടയാൻ അടിയന്തരമായി സുപ്രീം കോടതി കടുത്ത കുറ്റകൃത്യങ്ങളിൽ വിചാരണ നേരിടുന്ന രാഷ്ട്രീയക്കാരെ മത്സരിക്കുന്നതിൽ നിന്നും വിലക്കുമോ എന്ന ചർച്ച ചൂടുപിടിച്ചിരിക്കുകയാണ് ഇപ്പോൾ. 2016 മാർച്ചിൽ സുപ്രീം കോടതിയുടെ ഒരു മൂന്നംഗ ബെഞ്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കാനായി വിഷയം അഞ്ചംഗ ബെഞ്ചിലേക്ക് റഫർ ചെയ്തിരുന്നതാണ്. പബ്ലിക് ഇന്ററസ്റ്റ് ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയടക്കം നിരവധി സംഘടനകളും വ്യക്തികളും ക്രിമിനൽ കേസ്സുകളിൽ വിചാരണ നേരിടുന്ന രാഷ്ട്രീയക്കാരെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് സുപ്രീം കോടതിയിൽ ഹർജികൾ നൽകപ്പെട്ടതിനെ തുടർന്നാണ് സുപ്രീം കോടതി പ്രസ്തുത വിഷയത്തിൽ തീരുമാനമെടുക്കാൻ അഞ്ചംഗ ബെഞ്ചിനെ ചുമതലപ്പെടുത്തിയത്.
ദേശീയതലത്തിൽ നോക്കുന്പോൾ നമ്മുടെ ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെടുന്ന വലിയൊരു വിഭാഗം പേർ ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളവരാണെന്നു കാണാം. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബീഹാർ നിയമസഭയിലെ 143 എം എൽ എമാർ ക്രിമിനൽ കുറ്റകൃത്യങ്ങളിൽ പ്രതിയാക്കപ്പെട്ടവരും അവരിൽ 96 എം എൽ എമാർ കൊലപാതകവും തട്ടിക്കൊണ്ടുപോകലുമടക്കമുള്ള കേസ്സുകളിൽ വിചാരണ നേരിടുന്നവരുമാണ്. നിലവിലുള്ള നിയമപ്രകാരം കൊലപാതകം, ബലാൽസംഗം അടക്കമുള്ള കടുത്ത കുറ്റകൃത്യങ്ങൾ നടത്തിയ രാഷ്ട്രീയക്കാർ പോലും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് യാതൊരു വിലക്കുമില്ല. കുറ്റകൃത്യത്തെ തുടർന്ന് അറസ്റ്റ് ചെയ്യപ്പെടുകയും ജയിലാക്കപ്പെടുകയും ചെയ്യുന്നപക്ഷവും ഇപ്പോഴത്തെ നിയമപ്രകാരം അവരെ മത്സരിക്കുന്നതിൽ നിന്നും വിലക്കാനാവില്ലെന്നതാണ് ദയനീയമായ കാര്യം. കേരളത്തിലെ നിലവിലെ എം എൽ എമാരിൽ 59 ശതമാനത്തിനെതിരെയും ക്രിമിനൽ കേസ്സുകൾ നിലനിൽക്കുന്നുണ്ട്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ക്രിമിനൽ കേസ്സിൽ പ്രതി ചേർക്കപ്പെട്ട ഏറ്റവുമധികം സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചത് സി പി എമ്മായിരുന്നു. സി പി എമ്മിന്റെ മൊത്തം 84 സ്ഥാനാർത്ഥികളിൽ 72 പേർക്കെതിരെയും ക്രിമിനൽ കേസ്സുകളുണ്ട്. തിരഞ്ഞെടുക്കപ്പെട്ട 140 എം എൽ എമാരിൽ വിവിധ രാഷ്ട്രീയ പാർട്ടികളിലെ 83 പേർ ക്രിമിനൽ കേസ്സുകളിൽ പ്രതികളാണ്. ഇത് ഗുരുതരമായ ഒരു സ്ഥിതിവിശേഷം തന്നെയാണ്.
തിരഞ്ഞെടുപ്പുകളെ ബാധിക്കുന്ന രണ്ടാമത്തെ ഏറ്റവും വലിയ പ്രശ്നം തിരഞ്ഞെടുപ്പു ഫണ്ടിങ്ങാണ്. കോർപ്പറേറ്റുകൾ ഭരണത്തിലേറാൻ സാധ്യതയുള്ള കക്ഷികളെ അകമഴിഞ്ഞ് സഹായിക്കുക വഴി നാളെ അവർക്കായാകും തിരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രീയക്കാർ നയങ്ങൾ രൂപപ്പെടുത്തുകയെന്നുറപ്പാണ്. 2012- 13 -നും 2015−16-നും ഇടയിലുള്ള കാലയളവിൽ കോർപ്പറേറ്റുകളുടെ കൈയിൽ നിന്നും ഏറ്റവുമധികം തുക സംഭാവനയായി കൈപ്പറ്റിയിട്ടുള്ളത് ബി ജെ പിയാണ്. 2987 കോർപ്പറേറ്റ് കന്പനികളിൽ നിന്നായി 705.81 കോടി രൂപ. തൊട്ടുപിന്നിൽ നിലകൊള്ളുന്ന കോൺഗ്രസ് കേവലം 167 കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നിന്നും കേവലം 198.16 കോടി രൂപ! രാഷ്ട്രീയപാർട്ടികൾക്ക് ഇക്കാലയളവിൽ കോർപ്പറേറ്റുകൾ മൊത്തം നൽകിയിട്ടുള്ള സംഭാവനയാകട്ടെ 956.77 കോടി രൂപയും. ഈ തുകയുടെ 45.22 ശതമാനം നൽകിയിരിക്കുന്നത് ട്രസ്റ്റുകളും ഗ്രൂപ്പ് ഓഫ് കന്പനികളുമാണെങ്കിൽ 12.93 ശതമാനം നൽകിയിട്ടുള്ളത് ഫാക്ടറികളുൾപ്പെടുന്ന നിർമ്മാണമേഖലയും 12.67 ശതമാനം റിയൽ എസ്റ്റേറ്റ് കന്പനികളും 9.11 ശതമാനം ഖനന, കെട്ടിടനിർമ്മാണ, കയറ്റുമതി, ഇറക്കുമതിക്കാരുമാണ്. ഭരിക്കുന്ന പാർട്ടികളുടേയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേയും നയനിലപാടുകൾ ആരെയാകും സഹായിക്കുക എന്നറിയാൻ ഈ ശതമാനക്കണക്കുകൾ മനസ്സിലാക്കിയാൽ മതിയാകും. ലോക്സഭാ തിരഞ്ഞെടുപ്പുകൾ നടന്ന 2014- 15 കാലയളവിലാണ് ഈ സംഭാവനകളെല്ലാം തന്നെ അഞ്ച് ദേശീയ പാർട്ടികൾക്കും- ബി ജെ പി, കോൺഗ്രസ്, എൻ സി പി, സി പി ഐ (എം), സി പി ഐ- ലഭിച്ചിട്ടുള്ളത്. അതായത് മൊത്തം സംഭാവനയുടെ 60 ശതമാനവും ലഭിച്ചത് ഈ തിരഞ്ഞെടുപ്പ് കാലത്ത് തന്നെ! ഏത് പാർട്ടി അധികാരത്തിലേറിയാലും തങ്ങളുടെ താൽപര്യങ്ങളായിരിക്കണം അവർ സംരക്ഷിക്കേണ്ടതെന്ന് ഉറപ്പാക്കാൻ കോർപ്പറേറ്റ് ഭീമന്മാർ രാഷ്ട്രീയപ്രസ്ഥാനങ്ങൾക്ക് നൽകുന്ന ഭിക്ഷയാണ് വാസ്തവത്തിൽ ഈ സംഭാവനകൾ. ഈ ഫണ്ടിങ് കൂടുതൽ രഹസ്യാത്മകമാക്കാനാണ് ബി ജെ പി സർക്കാർ 2017-ലെ ഫിനാൻസ് ബില്ലിൽ ഇലക്ട്രൽ ബോണ്ട് കൊണ്ടുവന്നിരിക്കുന്നത്. കന്പനികളിൽ നിന്നും രാഷ്ട്രീയ പാർട്ടിക്ക് ലഭിക്കുന്ന ഫണ്ട് മറച്ചുവയ്ക്കാൻ കേന്ദ്ര സർക്കാർ രംഗത്തിറക്കിയിരിക്കുന്ന പുതിയ ആയുധമാണത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നൽകുന്ന ഇലക്ട്രൽ ബോണ്ട് കന്പനികൾക്ക് വാങ്ങാനും സംഭാവന നൽകുന്നയാളുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ അത് തങ്ങൾക്കിഷ്ടപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അക്കൗണ്ടിൽ നിക്ഷേപിക്കാനുമുള്ള അവസരമാണത്. കള്ളപ്പണത്തിനെതിരെ ഘോരഘോരം പ്രസംഗിക്കുന്ന ബി ജെ പി സർക്കാരിന്റെ യഥാർത്ഥ മുഖം കർണാടകയിൽ എം എൽ എമാർക്ക് നൂറു കോടി വാഗ്ദാനം നൽകിയതിലൂടെ തന്നെ വെളിപ്പെട്ടുവെങ്കിലും അതിനേക്കാൾ എത്രയോ ഭീകരമാണ് കോർപ്പറേറ്റുകളിൽ നിന്നും കൂടുതൽ പണം കൈപ്പറ്റി അവരുടെ ഇഷ്ടാനുസരണം ഇന്ത്യയിലെ നിലവിലുള്ള തൊഴിൽ നിയമങ്ങളെപ്പോലും അട്ടിമറിച്ച് പുതിയ തൊഴിലാളി വിരുദ്ധ നിയമങ്ങൾ രൂപപ്പെടുത്തുന്നതിലെ അഴിമതി.
അഴിമതിയുടെ കാര്യത്തിൽ കോൺഗ്രസിനോളമോ അതിലധികമോ ബി ജെ പി വളർന്നു കഴിഞ്ഞുവെന്നതിന്റെ തെളിവാണ് കർണാടകയിൽ റെഡ്ഡി സഹോദരന്മാരുടെ ഇരുന്പയിര് ഖനന കുംഭകോണത്തിന് കണ്ണടച്ച് പിന്തുണച്ച യെഡ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയതിലൂടെ ബി ജെ പി തെളിയിച്ചത്. അധികാരത്തിനായി ആരുമായും കൂട്ടുകൂടാൻ തയാറാണെന്നും അഴിമതിക്കാർ തങ്ങൾക്ക് ഒരു അലങ്കാരമാണെന്നും പ്രഖ്യാപിക്കുന്ന തലത്തിലേക്ക് ബി ജെ പിയും വളർന്നു കഴിഞ്ഞിരിക്കുന്നു. നാളെ തിരഞ്ഞെടുപ്പു പ്രക്രിയകളെ തന്നെ അട്ടിമറിക്കാൻ പോന്ന സംവിധാനവുമായി അവർ ഇറങ്ങിയാൽ അതുകൊണ്ട് അത്ഭുതപ്പെടേണ്ടതില്ല. കോൺഗ്രസിന് തങ്ങൾ മുൻകാലങ്ങളിൽ ചെയ്തുകൊണ്ടിരുന്നത് എത്ര വൃത്തികെട്ട പ്രവൃത്തിയായിരുന്നുവെന്ന് ഇപ്പോൾ ബി ജെ പിയുടെ നീക്കങ്ങൾ കാണുന്പോൾ തോന്നുന്നുണ്ടാകും. പക്ഷേ ജനാധിപത്യത്തിലെ ഇത്തരം പുഴുക്കുത്തുകളെ പ്രതിരോധിക്കാൻ നമുക്ക് മതിയായ നിയമങ്ങളില്ലാത്തതാണ് പ്രധാന പ്രശ്നം. രാഷ്ട്രീയകക്ഷികൾ ഒരിക്കലും അത്തരം നിയമങ്ങൾക്കായി നിലകൊള്ളുകയില്ലെന്ന കാര്യം ഉറപ്പാണ്. അവരെ സംബന്ധിച്ചിടത്തോളം അധികാരമാണ് വലുത്, ധാർമ്മികത അല്ല. അതുകൊണ്ടു തന്നെ സുപ്രീം കോടതിയുടെ പക്ഷത്തു നിന്നും തിരഞ്ഞെടുപ്പ് ശുദ്ധീകരണ പ്രക്രിയയിൽ വലിയ ഇടപെടലുകളാണ് ജനത പ്രതീക്ഷിക്കുന്നത്. അതിനിയും വൈകിക്കൂടെന്ന് സമീപകാല സംഭവങ്ങൾ തെളിയിക്കുകയും ചെയ്യുന്നു.