നഷ്ടപ്പെടുന്ന മാഷേട്ടൻമാർ...

പ്രദീപ് പുറവങ്കര
കുറച്ച് കാലമായി അടുപ്പത്ത് വെച്ച പ്രഷർ കുക്കറിന്റെ അവസ്ഥയിലായിരുന്ന കുട്ടികളുടെയും, രക്ഷിതാക്കളുടെയും, അദ്ധ്യാപകരുടെയും സമ്മർദ്ധങ്ങൾക്ക് സമാപനം കുറിച്ച് കൊണ്ട് ഒരു സിബിഎസ്ഇ ഫലം കൂടി പുറത്ത് വന്നിരിക്കുന്നു. കുട്ടിക്ക് കിട്ടിയ മാർക്കിന്റെ കണക്കെടുപ്പുകളും അറിയിപ്പുകളും സോഷ്യൽ മീഡിയകളിൽ പോലും നിറഞ്ഞുതൂവുന്നു. എന്തായാലും പഠിച്ചത് പകർത്താൻ നന്നായി ശ്രമിച്ച എല്ലാ വിദ്ധ്യാർത്ഥികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനം. ഓരോ പ്രാവശ്യവും സ്കൂൾ പരീക്ഷാ ഫലം പുറത്ത് വരുന്പോൾ നമ്മളിൽ മിക്കവരും നമ്മുടെ വിദ്യാലയ കാലത്തേക്ക് ഒരു യാത്ര പോകും. അവിടെ നമുക്ക് ഇഷ്ടമുള്ള ഒരു മാഷും ടീച്ചറും ഒക്കെ കാണും. മധുരമായ വാക്കുകൾ കൊണ്ട്, സ്നേഹത്തിന്റെ നിറച്ചാർത്ത് രേഖപ്പെടുത്തി നേർത്ത പുഞ്ചിരി കൊണ്ട് എവിടെ കണ്ടാലും കുശലം പറഞ്ഞിരുന്ന മാഷ്, അല്ലെങ്കിൽ ടീച്ചർ. ഇതിൽ മാഷ് എന്ന വാക്കിനെ പറ്റിയാണ് ഇന്ന് ഓർക്കുന്നത്. പുല്ലിംഗം മാത്രമുള്ള ഒരു മലയാളവാക്കാണ് മാഷ്. വിക്കിപീഡിയയിലും ശബ്ദതാരാവലിയിലും ഗൂഗിളിലുമൊന്നുമില്ലാത്ത വാക്ക്. ഗുരു എന്നുപറയുന്നതിൽ ഗൗരവവും അധ്യാപകൻ എന്നുപറയുന്നതിൽ ഔപചാരികതയുമുണ്ട്. അതേസമയം മാഷ് എന്ന് പറയുന്പോൾ അടുപ്പമാണ് അനുഭവപ്പെടുക. അതു കൊണ്ട് തന്നെ ചില മാഷൻമാർ ജേഷ്ട സഹോദരനും, കൂട്ടുക്കാരനുമൊക്കെ ആകും.
മാസ്റ്റർ എന്ന പദത്തിന്റെ ചുരുക്കെഴുത്തായിരിക്കണം മാഷ്. സ്കൂൾ അദ്ധ്യാപകൻ മാത്രമല്ല നമുക്ക് മാഷ്. അതിന് ഉദാഹരണമാണ് നടൻ സത്യൻ. അദ്ദേഹം നമുക്ക് സത്യൻ മാഷായിരുന്നു. ഒട്ടുമിക്ക സംഗീത സംവിധായകരും മാഷുമാരാണ്. രവീന്ദ്രൻ മാഷ്, ദേവരാജൻ മാഷ്, അർജുനൻ മാഷ്, രാഘവൻ മാഷ് അങ്ങിനെ പോകുന്നു ആ നിര. ശർക്കര പോലെ മധുരിക്കുന്ന കവിതയെഴുതി കുട്ടികളുടെ ഹൃദയം കവർന്ന കുഞ്ഞുണിയും നമ്മുക്ക് മാഷാണ്. ഇങ്ങിനെ ഒരുപാട് അടുപ്പമുള്ള ഒരു ഇഷ്ടത്തിന്റെ അഭിസംബോധനയാണ് മാഷ് എന്നത്. അതു പോലെ അത്ര പ്രശസ്തരല്ല നമ്മുടെ മാഷമാരൊന്നും. ഒരു ചെറിയ പ്രദേശത്ത് ഒതുങ്ങി നിന്ന് സ്നേഹം പരത്തിയവരാണവർ.
ഇന്നത്തെ ബാല്യകൗമാരങ്ങൾക്ക് അവരുടെ കൂടെ നിൽക്കാൻ മാഷമാരില്ല എന്നത് വാസ്തവമാണ്. മാഷമാരെ സാർ എന്ന് വിളിച്ചു തുടങ്ങിയത് ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ നമ്മുടെ വിദ്യാഭ്യാസ മേഖലയെ വിഴുങ്ങി തുടങ്ങിയപ്പോഴാണ്. മാഡം വിളിയും ഇതൊടൊപ്പം വന്നു. ഇന്ന് മലയാളം മീഡിയം വിദ്യാലയങ്ങളിൽ പോലും മാഷ് വിളികൾ നൊസ്്റ്റാൾജിയയുടെ ഇടനാഴികളിൽ മാത്രമാണ് പ്രതിധ്വനിക്കുന്നത്. മാഷിൽ നിന്ന് മാറി ഗൗരവം നിറഞ്ഞ അദ്ധ്യാപകരാകുന്പോൾ വിദ്ധ്യാർത്ഥികൾക്ക് നഷ്ടമാകുന്നത് സാന്ത്വനത്തിന്റെ മഴയാണ്, സ്നേഹത്തിന്റെ കരുതലാണ്. താൻ പറഞ്ഞു കൊടുക്കുന്നത് കുട്ടികൾക്ക് മനസിലാകുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം ഏറ്റെടുക്കേണ്ട ജോലിയാണ് അദ്ധ്യാപനം എന്നു പോലും പലപ്പോഴും ന്യൂജെൻ ഗുരുക്കമാർ മറന്നുപോകുന്നു എന്നും പറയാതെ വയ്യ.
തന്റെ നീണ്ട ജുബ്ബയുടെ പോക്കറ്റിൽ അണ്ടിപരിപ്പും, മുന്തിരിയും, കുറേ മുട്ടായിയും നിറച്ച് കവിതയെന്ന് നിത്യകന്യകയെ തേടി അലഞ്ഞ മഹാകവി പി കുഞ്ഞിരാമൻ നായർ എന്ന കവിമാഷിന്റെ ചരമവാർഷികം ഇന്നായത് ഒരു യാദൃശ്ചികതയാണ്. ഭാരതപുഴയുടെ ഓരങ്ങളിൽ ആണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്്. ആ വിരൽതുന്പുകളെ ചേർത്ത് പിടിച്ച് സ്നേഹാമൃതത്തിന്റെ മധുരം നുകർന്ന് അക്ഷരലോകത്ത് ഇത്തിരിക്കൂടി പിച്ചവെച്ച് നടന്നു പോകണമെന്നാഗ്രഹത്തോടെ....