ഉൾനാടൻ ഗ്രാമങ്ങളിൽ നിന്നും ദേശീയ തലത്തിലേയ്ക്ക്

കൂക്കാനം റഹ്്മാൻ
ഉൾനാടൻ ഗ്രാമങ്ങളിൽ നിന്നും ദേശീയതലത്തിൽ ശ്രദ്ധ പിടിച്ചു പറ്റുന്ന നിരവധി കായികതാരങ്ങൾ കേരളത്തിൽ പിറന്നു വീണിട്ടുണ്ട്. അവരുടെ നേട്ടങ്ങൾ പുറം ലോകം അറിയുമെങ്കിലും അത്തരക്കാർ ജനിച്ചുവീണ പ്രദേശങ്ങളിൽ അവരെ വേണ്ടത്ര അറിയപ്പെടാതെ പോകുന്നുണ്ട്. ചെറുപ്രായത്തിൽ തന്നെ കായികരംഗത്ത് അഭിരുചി പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ അത്തരം പ്രതിഭകളെ കണ്ടെത്തേണ്ടത് അവരുടെ രക്ഷിതാക്കളും അദ്ധ്യാപകരും നാട്ടുകാരുമാണ്.
1998-ൽ ഞാൻ പിലിക്കോട് ഗവണ്മെന്റ് ഹൈസ്ക്കൂളിൽ പഠിപ്പിച്ച ‘ഷീബ’ എന്ന പെൺകുട്ടി ദേശീയ ഫുട്ബോൾ മേഖലയിൽ ഇന്ന് തിളങ്ങി കൊണ്ടിരിക്കുന്ന ഒരു നക്ഷത്രമാണ്. ഷീബയുടെ ഫുട്ബോൾ കളിയിലുള്ള കഴിവ് ആദ്യമായി കണ്ടെത്തിയത് കാലിക്കടവിലെ വിജയരാഘവൻ സാറും അദ്ദേഹത്തിന്റെ ഭാര്യ ശാന്ത ടീച്ചറുമാണ്. പിലിക്കോട് പഞ്ചായത്തിലെ വിശാലമായ കാലിക്കടവ് ഗ്രൗണ്ടിൽ നിന്നാണ് ഫുട്ബോളിന്റെ ബാലപാഠങ്ങൾ ഷീബ അഭ്യസിച്ചത്.
2001ൽ നാഷണൽ ജൂനിയർ േസ്റ്ററ്റ് ടീമിൽ കേരളത്തെ പ്രധിനിധീകരിച്ച് ഷീബ പങ്കെടുത്തു. ഗോവയിലായിരുന്നു ഈ മത്സരം നടന്നിരുന്നത്. ഷീബ വൈസ് ക്യാപ്റ്റനായിട്ടാണ് ഈ ടീമിൽ പങ്കെടുത്തത്. ഇവിടെ നടന്ന മത്സരത്തിൽ വെച്ച് കളിയുടെ മികവ് കണ്ടിട്ട് ടീമിലെ രണ്ട് പേരെ ഇന്ത്യൻ ക്യാന്പിലേയ്ക്ക് സെലക്ട് ചെയ്യുകയുണ്ടായി. ഷീബയെ ഹാഫ് ബാക്കായിട്ടും പത്തനംതിട്ടയിലെ പ്രീതികുമാരിയെ ഗോൾ കീപ്പറായിട്ടും ആണ് തിരഞ്ഞെടുക്കപ്പെട്ടത്. പന്ത്രണ്ട് വർഷം തുടർച്ചയായി സീനിയർ നാഷണൽ വുമൺ ടീമിൽ അംഗമായിരുന്നു ഷീബ. പഞ്ചാബ്, ഹൈദരാബാദ്, ആസ്സാം, എന്നിവിടങ്ങളിൽ നടന്ന മൂന്ന് നാഷണൽ ഗെയിമുകളിൽ ഷീബ പങ്കെടുക്കുകയുണ്ടായി.
2007-ൽ ഏറ്റവും മികച്ച സീനിയർ വുമൺ ഫുട്ബോൾ താരമായി ഷീബ അവരോധിക്കപ്പെട്ടു. അതിന്റെ ഫലമായി ഷീബ കേരള ഫുട്ബോൾ അസോസിയേഷന്റെ ഗോൾഡ് മെഡലിന് അർഹയായി. ഇതേപോലെ 2005-ൽ ഭിലായിൽ നടന്ന ഷീബ പങ്കെടുത്ത സീനിയർ വുമൺസ് നാഷണൽ ടീം റണ്ണേർസ് അപ്പായി. 2010ൽ കേരള ടീമിന്റെ ക്യാപ്റ്റനായി ഷീബ തിരഞ്ഞെടുക്കപ്പെട്ടു. ഫുട്ബോൾ കളിക്കാരിയായി മാത്രം തിളങ്ങി നിൽക്കാതെ ഫുട്ബോൾ കോച്ചാകാനുള്ള പരിശ്രമവും ഷീബ നടത്തി കൊണ്ടിരുന്നു. അതിന്റെ ഭാഗമായി 2007-ൽ ഓൾ ഇന്ത്യ ഫുട്ബോൾ കോൺഫഡറേഷൻ ഗോവയിൽ നടത്തിയ ഫുട്ബോൾ കോച്ചാവാനുള്ള ടെസറ്റിൽ ‘സി’ ലൈസൻസ് നേടി.
തുടർന്ന് 2009, 2010, 2011 വർഷങ്ങളിൽ ‘അണ്ടർ 13 ഗേൾസ് കേരളാ ടീമിന്റെ’ കോച്ചായി പ്രവർത്തിക്കുകയുണ്ടായി. എസ്എസ്എൽ സി പഠനത്തിനു ശേഷം 2003 മുതൽ തിരുവല്ല മാർത്തോമ കോേളജിൽ വെച്ച് പ്രീഡിഗ്രിയും, ഹിസ്റ്ററിയിൽ ഡിഗ്രിയും നേടി. ഫുട്ബോൾ കളിയിലെ മികവ് കണ്ടാണ് സ്പോർട്സ് ക്വാട്ടയിൽ പ്രസ്തുത കോേളജിൽ അഡ്മിഷൻ കിട്ടിയത്. അവിടെ നിന്ന് ഡോക്ടർ റിജിനോൾഡ് വർഗ്ഗീസ് സാറിൽ നിന്നാണ് ഫുട്ബോൾ കളിയുടെ താത്വിക പാഠങ്ങൾ കൃത്യമായി പഠിക്കാൻ കഴിഞ്ഞത്. ഫുട്ബോളാണ് എന്റെ വഴി എന്ന് കണ്ടെത്താൻ സഹായിച്ചത് കോളേജ് പഠനകാലത്താണ്.
കായിക മേഖലയിൽ എത്തിപ്പെട്ടതുകൊണ്ട് മാനസിക ധൈര്യം കിട്ടുന്നുണ്ട്. എന്തും ചെയ്യാനുള്ള ആത്മ വിശ്വാസം ലഭിക്കുന്നുണ്ട്. പ്രതിസന്ധികളെ അതിജീവിക്കാൻ കഴിയും. ഹോസ്റ്റൽ ജീവിതവും കോേളജ് ജീവിതവും മൂലം ശരീരവും മനസ്സും ബോൾഡായി മാറും. ഒരു കായിക താരമെന്ന നിലയിൽ എവിടെ ചെന്നാലും അംഗീകാരം കിട്ടും. അഭിപ്രായം ചോദിച്ചറിയാൻ ആളുകൾ മുന്നോട്ട് വരും. ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം കായിക രംഗത്ത് ശോഭിക്കാൻ ഒരുപാട് പ്രതിസന്ധികളെ അതിജീവിക്കേണ്ടതായിട്ടുണ്ട്. വിമർശനങ്ങളും ആരോഗ്യകരമല്ലാത്ത വർത്തമാനങ്ങളും അഭിമുഖീകരിക്കേണ്ടിവരും. ഇവ അതിജീവിക്കണമെങ്കിൽ കുടുംബാംഗങ്ങളുടെ പരിപൂർണ്ണ പിന്തുണ ലഭിക്കണം. മാതാപിതാക്കളുടെയും ഭർത്താവിന്റെയും സമ്മതത്തോടൊപ്പം അവരിൽ നിന്ന് വിമർശനങ്ങളെ നേരിടാനുള്ള മനോധൈര്യം പകർന്നു കിട്ടുകയും വേണം.
സംസ്ഥാന തലത്തിലും ദേശീയ തലത്തിലും സ്പോർട്സ് രംഗത്ത് മിന്നിത്തിളങ്ങിയാൽ മാത്രം ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ല. ഒരു ജീവിത മാർഗ്ഗം കണ്ടെത്തിയേ തീരൂ. അതിനായി അടുത്ത ശ്രമം. അങ്ങനെ 2012-ൽ സ്പോർട്സ് ക്വാട്ടയിൽ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിൽ ക്ലർക്ക് പോസ്റ്റിൽ ജോയിൻ ചെയ്തു. ജീവിതത്തിന് ഒരു കൂട്ടു വേണം. പ്രത്യേകിച്ച് സ്പോർട്സ് -ഗെയിംസ് മേഖലയിൽ വ്യാപരിക്കുന്ന പെൺകുട്ടികൾക്ക് അത് കൂടിയേ കഴിയൂ. അതിന് മാനസിക ഐക്യമുള്ള ഒരാളെ കണ്ടെത്തണം. ഈ മേഖലയിൽ തുടർന്ന് മുന്നേറാൻ സർവ്വ വിധേയയും പിന്തുണയേകുന്ന വ്യക്തിയാവണം അദ്ദേഹം.
ഭാഗ്യമെന്നേ പറയേണ്ടൂ. ഒരു ഫുട്ബോൾ കോച്ചിനെ തന്നെ കൂട്ടിനു കിട്ടി. 2010-ൽ ഞങ്ങൾ വൈവാഹിക ജീവിതത്തിലേയ്ക്ക് പ്രവേശിച്ചു. ഷീബക്ക് കിട്ടിയത് സുമേഷിനെയാണ്. ഇപ്പോഴദ്ദേഹം ഏഴിമല നേവൽ അക്കാദമിയിൽ ഫുട്ബോൾ കോച്ചായി പ്രവർത്തിക്കുന്നു. നിയ എന്ന 5 വയസ്സുകാരി പെൺകുട്ടിയുണ്ട് ഞങ്ങൾക്ക്. ഒരു കായികതാരമെന്ന നിലയിൽ കൗമാരക്കാരായ പെൺകുട്ടികൾക്ക് വല്ല നിർദ്ദേശവും കൊടുക്കാനുണ്ടോ എന്ന ചോദ്യത്തിന് ഷീബ കൃത്യമായി മറുപടി പറഞ്ഞു. മാനസിക കരുത്ത് ആർജ്ജിക്കലാണ് പ്രധാനം. ഒരിക്കലും ബാഹ്യമായ പ്രലോഭനങ്ങളിൽ കുടുങ്ങി പോകരുത്. ഏതൊരു കാര്യത്തിനിറങ്ങിയാലും ലക്ഷ്യം പൂർത്തികരിച്ചേ പിന്മാറാവൂ. സ്വന്തം കാലിൽ നിൽക്കാനുള്ള കഴിവ് നേടണം. പ്രണയ വിവാഹത്തെ എതിർക്കപ്പെടേണ്ടതില്ല. പരസ്പരം കൃത്യമായി അറിഞ്ഞും മനസ്സിലാക്കിയും മാത്രമേ വിവാഹ ജീവിതത്തിലേയ്ക്ക് പ്രവേശിക്കാവൂ.
കായികരംഗത്തെ ഇടപെടുന്ന പെൺകുട്ടികളെക്കുറിച്ചും സ്ത്രീകളെക്കുറിച്ചും സമൂഹത്തിന്റെ കാഴ്ചപ്പാട് എന്താണ്?. ഇതു കേട്ടപ്പോൾ ആവേശപൂർവ്വമാണ് ഷീബ പ്രതികരിച്ചത്. കായികരംഗത്തുള്ള പെൺകുട്ടികൾ ചുണക്കുട്ടികൾ ആണ്. കായിക പ്രതിഭകൾ ഒരിക്കലും മാനസിക ദൗർബല്യം ഉള്ളവരല്ല. അതുകൊണ്ട് തന്നെ കായികരംഗം ഒരിക്കലും മോശമല്ല. ഞങ്ങളുടെ വേഷവിധാനത്തെ കുറിച്ചാണ് സമൂഹത്തിന് വേറൊരു പരാതി. ജേഴ്സി അണിഞ്ഞ് കളിക്കളത്തിലിറങ്ങുന്പോൾ തുറിച്ചു നോട്ടമുണ്ടായിരുന്നു പണ്ട് കാലത്ത്. ഇന്നത് മാറി. സമൂഹം അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പരുവത്തിലേക്ക് കായികതാരങ്ങൾ ഉയർന്നു കഴിഞ്ഞു. എന്നെപ്പോലെ ഇനിയും ഇന്ത്യൻ ഗ്രാമങ്ങളിൽ കഴിവുകൾക്ക് വെളിച്ചം കിട്ടേണ്ടവർ നിരവധിയുണ്ട്. അവരെ കണ്ടെത്തി വളർത്തിക്കൊണ്ടു വരേണ്ട ചുമതല സർക്കാരും സമൂഹവും കാര്യമായി നിർവ്വഹിച്ചാൽ ഇന്ത്യൻ കായികരംഗം പ്രശോഭിതമായി തീരും തീർച്ച.