സെഞ്ച്വറി അടിക്കൂ സേട്ടാ...

പ്രദീപ് പുറവങ്കര
ബാറ്റാ ഷൂവിന്റെ വില 99 രൂപ 99 പൈസ, ഗുരുദക്ഷിണയായി കൊടുക്കേണ്ടത് 101 രൂപ, ദിനാറിന് മിക്കപ്പോഴും 175 രൂപ തുടങ്ങി ചില കണക്കുകളെ നാം മനുഷ്യർ മനസിൽ മുന്പേ ഉറപ്പിച്ചു വെക്കും. ആ ഒരു അവസ്ഥയിലേയ്ക്ക് നമ്മുടെ നാട്ടിലെ പ്രധാനപ്പെട്ട ഒരു സംഗതി കൂടി നടന്നുനീങ്ങുകയാണ്. ആഹ്ലാദിപ്പൻ!! നൂറ് രൂപ എന്ന മാന്ത്രിക സംഖ്യയിലേയ്ക്ക് ആ ഒരു ചിലവ് എത്തിക്കാനുള്ള തത്രപ്പാടിലാണ് അധികൃതർ എന്ന് നമ്മൾ നികുതിദായകർ തിരിച്ചറിയേണ്ട സമയം ആഗതമായിരിക്കുന്നു. പറഞ്ഞുവരുന്നത് പെട്രോളിനെ പറ്റി തന്നെയാണ്. അത് നൂറിലെത്താതെ നമ്മുടെ നാടിന് ഒരു ഐശ്വര്യം വരില്ലെന്നാണ് ഭരിക്കുന്നവരുടെ പക്ഷം. നാട് വികസിക്കണമെങ്കിൽ പെട്രോൾ വില ലിറ്ററിന് 100 രൂപ ആവുക തന്നെ വേണം. ഓരോ ദിവസവും ഒച്ചിഴയുന്നത് പോലെ ഇരുപത്തഞ്ചും അന്പതും പൈസ വീതം കൂട്ടുന്നതിനു പകരം ഒറ്റയടിക്ക് പത്തോ ഇരുപതോ രൂപ കൂട്ടിയാൽ നമ്മുടെ നാട്ടിലെ വികസനം കണ്ട് നമ്മൾ തന്നെ അന്തിച്ച് നിൽക്കും. ഇത് നമ്മൾ കൺട്രി ഫെല്ലോസ് ചിലപ്പോൾ തിരിച്ചറിയുന്നില്ല എന്നാണ് ഭരിക്കുന്നവർ പരിതപിക്കുന്നത്.
ഇതൊന്നും ഒരു പൗരന്റെ കടമ മാത്രമല്ല, മറിച്ച് രാജ്യസ്നേഹത്തിന്റെ കൂടി കാര്യമാണ്. വികസനത്തിലൂടെ നാട്ടുക്കാർക്ക് വലിയ നേട്ടങ്ങൾ സമ്മാനിക്കാൻ സ്വപ്നം കാണുന്നവരാണ് നമ്മുടെ മഹാൻമാരായ രാഷ്ട്രീയ നേതാക്കൾ. അവർക്ക് ആ ഒരു സ്വപ്നമുള്ളത് കൊണ്ട് ഈ വിലവിർദ്ധനവ് വലിയ ദുരിതമായിട്ടൊന്നും അനുഭവപ്പെടില്ല. അതിപ്പോ നരേന്ദ്ര മോദിയായാലും മൻമോഹൻ സിങ്ങായാലും, പിണറായി വിജയനായാലും സംഗതി ഒന്ന് തന്നെ. അവരൊക്കെ വികസനത്തെ സ്വപ്നം കണ്ട് ജീവിക്കുന്നവരാ. അതേസമയം ഭരിക്കാത്ത സമയത്ത് കാലിയായ ഗ്യാസ് സിലിണ്ടർ ഉരുട്ടിയും, സ്കൂട്ടർ തള്ളിയുമൊക്കെ സമരം നടത്തിയെന്ന് വരാം. പക്ഷെ ഭരിക്കുന്പോ വികസനമാണ് ഇവരുടെ പരമമായ ലക്ഷ്യം. നാടിന്റെ വികസനസ്പന്ദനങ്ങൾ തിരിച്ചറിയണമെങ്കിൽ അധികാരക്കസേരയിലിരുന്നാലേ മതിയാകൂ. നാട് വികസിപ്പിക്കുന്പോൾ നാട്ടിലെ പാവപ്പെട്ട മുതലാളിമാരും വികസിക്കണ്ടേ. എന്നാലല്ലേ ബക്കറ്റിൽ സംഭാവന നിറയൂ. ഇതൊക്കെ പരസ്പര പൂരകങ്ങളാണെന്ന് നാട്ടുക്കാരിൽ ചിലരെങ്കിലും മനസിലാകാത്തത് രാഷ്ട്രീയക്കാരുടെ തെറ്റല്ല.
നമ്മുടെ അയൽ രാജ്യങ്ങളായ പാകിസ്താനും, ശ്രീലങ്കയുമൊക്കെ വികസനത്തിൽ ഏറെ പിന്നോക്കം നിക്കുന്നതിന്റെ കാരണം അവിടുത്തെ കുറഞ്ഞ എണ്ണ വിലയാണ്. ശ്രീലങ്കയിൽ 46.96 രൂപയും പാക്കിസ്ഥാനിൽ 57.84 രൂപയുമാണ് ഇപ്പോൾ ഒരു ലിറ്റർ പെട്രോളിന് വില. അവരൊന്നും ഒരിക്കലും വികസിക്കാനേ പോകുന്നില്ല. അമേരിക്ക, റഷ്യ എന്നീ രാജ്യങ്ങളൊക്കെ ഇപ്പോൾ വികസന കാര്യത്തിൽ വളരെ പിന്നാക്കമാണ്. അമേരിക്കയിൽ പെട്രോളിന് ലിറ്ററിന് ഇന്ത്യൻ രൂപയിലെ വില വെറും 57.66 ആണ്. റഷ്യയിൽ അത് 48.02ഉം. അതേസമയം നമ്മുടെ മുഖ്യശത്രു ചൈന അങ്ങനല്ല. അവിടെ ഇപ്പോൾ പെട്രോളിന് 82.87 രൂപയാണ്. അതിനെ നമുക്ക് മറികടക്കണം. അതുകൊണ്ട്, എത്രയും വേഗം ഇന്ത്യയുടെ എണ്ണവില മൂന്നക്കത്തിലേയ്ക്ക് വികസിപ്പിക്കണം. അങ്ങിനെയൊക്കെ വന്നാൽ മാത്രമേ നമ്മുടെയൊക്കെ അക്കൗണ്ടിലേയ്ക്ക് വല്ല പതിനഞ്ചോ ഇരുപതോ ലക്ഷം രൂപയൊക്കെ ഇട്ടുകൊടുക്കാനും പാവം സർക്കാറിന് സാധിക്കൂ... എന്തൊക്കെ ചെലവാന്നേ... ഇതൊന്നും മനസിലാക്കാൻ സാധിക്കാത്ത കൺട്രി ഫെല്ലോസിനോട് പറഞ്ഞിട്ടെന്ത് കാര്യം ല്ലേ.... പ്ലിംഗ്..പ്ലിംഗ്.. പ്ലിംഗ്്..!!!