വൈറസുകൾ ഇനിയും വരും ജാഗ്രത വേണം

സ്വന്തം ലേഖകൻ
നിപ്പ വൈറസ് കേരളത്തിന് നൽകിയിരിക്കുന്നത് വലിയൊരു തിരിച്ചറിവാണ്. ആഫ്രിക്കൻ രാജ്യങ്ങളിലും അയൽ രാജ്യങ്ങളിലും മാത്രം കേട്ട് പഴകിയ വൈറസ് ബാധ മരണങ്ങൾ നമ്മുടെ അരികിലും എത്തി നിൽക്കുന്പോൾ നമ്മുടെ ആവാസ വ്യവസ്ഥയിൽ നമ്മൾ തന്നെയുണ്ടാക്കിയ ശുചിത്വമില്ലായ്മ രോഗങ്ങളെ വിളിച്ചു വരുത്തുകയാണ്. മഴയൊന്ന് ചാറി തുടങ്ങിയിട്ടേയുള്ളു, അതിനകം പനിമരണങ്ങൾ വാർത്തകളിൽ ഇടംപിടിച്ചു. വരാനിരിക്കുന്ന മഴക്കാലത്തിനൊപ്പം ഡങ്കിപ്പനിയും, ചിക്കൻഗുനിയയും കടന്നുവരും. കഴിഞ്ഞ മഴക്കാലത്ത് പനിമരണങ്ങൾ നൂറിലധികം കടന്നത് നമ്മളൊക്കെ ഞെട്ടലോടെയാണ് കേട്ടത്. ഇന്നിപ്പോൾ നിപ്പ വൈറസ് പേടിയിൽ കേരളം ഭയപ്പെട്ടുനിൽക്കുന്പോൾ അതിനെ ചെറുക്കാനുള്ള മാർഗ്ഗങ്ങൾ തേടികൊണ്ടിരിക്കുകയാണ് സർക്കാരും മെഡിക്കൽ സംഘവും.
1998ൽ മലേഷ്യയിലും തുടർന്ന് സിങ്കപ്പൂരിലും പിന്നാലെ ബംഗ്ലാദേശിലുമാണ് നിപ്പ വൈറസ് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്. 2001ൽ ഇന്ത്യയിലും നിപ്പ വൈറസ് ബാധയുണ്ടായി. എൽനിനോ പ്രതിഭാസം മലേഷ്യൻ കാടുകളെ നശിപ്പിച്ചതിനെ തുടർന്നാണ് പ്രധാനമായും കാട്ടിലെ കായ്കനികൾ ഭക്ഷിച്ച് ജിവിച്ചിരുന്ന നരിച്ചീറ്, വവ്വാൽ പോലുള്ള ജീവികളിൽനിന്ന് നിപ്പ വൈറസ് പന്നി പോലുള്ള നാട്ടുമൃഗങ്ങളിലേയ്ക്ക് വ്യാപിച്ചത്. പിന്നീട് ജനിതകമാറ്റം വന്ന വൈറസ് മനുഷ്യരിലേയ്ക്കും പടർന്നു. മലേഷ്യയിലെ നിപ്പ എന്ന സ്ഥലത്ത് ആദ്യമായി കണ്ടെത്തിയതിനാലാണ് ഈ വൈറസ് നിപ്പ എന്ന പേരിൽ അറിയപ്പെട്ടത്.
കാലാവസ്ഥാവ്യതിയാനവും വനനശീകരണവുമാണ് മറ്റു പല രോഗങ്ങളുടെ കാര്യത്തിലുമെന്നപോലെ നിപ്പ വൈറസ് രോഗത്തിനുമുള്ള അടിസ്ഥാനകാരണം. വനനശീകരണത്തെത്തുടർന്ന് പ്രകൃതിദത്ത ആവാസവ്യവസ്ഥ നഷ്ടപ്പെട്ട് ഭക്ഷണം കിട്ടാതെ വലഞ്ഞ വവ്വാലുകളുടെ ശരീരത്തിലെ വൈറസ് സാന്ദ്രത വർദ്ധിക്കുകയും മൂത്രം, ഉമിനീർ തുടങ്ങിയ സ്രവങ്ങളിലൂടെ വൻതോതിൽ വൈറസ് പുറത്തേയ്ക്ക് വിസർജിക്കപ്പെടുകയും ചെയ്തു. അങ്ങനെ മറ്റു മൃഗങ്ങളും തുടർന്ന് മനുഷ്യരും രോഗബാധയ്ക്ക് വിധേയരായി. മലേഷ്യയിൽ വവ്വാലുകളിൽ നിന്ന് പന്നികളിലേയ്ക്കും തുടർന്ന് മനുഷ്യരിലേക്കും രോഗം പടരുകയാണുണ്ടായത്. പന്നികൾക്ക് പുറമേ പട്ടി, കുതിര, പൂച്ച, ആട് തുടങ്ങിയ വളർത്തുമൃഗങ്ങളിലേയ്ക്ക് രോഗം പകരാവുന്നതാണ്. ഇവയിൽ നിന്ന് മനുഷ്യരിലേയ്ക്ക് രോഗം വ്യാപിക്കാൻ സാധ്യതയുണ്ടോയെന്ന് വ്യക്തമല്ല. വവ്വാലുകൾ ഭക്ഷിച്ചുപേക്ഷിക്കുന്ന ഫലങ്ങളിലൂടെയും വവ്വാലുള്ള സ്ഥലങ്ങളിൽ കലങ്ങളിൽ ശേഖരിക്കുന്ന കള്ളിലൂടെയുമാണ് പ്രധാനമായും രോഗം പടരുന്നത്.
1998 സെപ്തംബറിലാണ് മലേഷ്യയിൽ രോഗബാധ കണ്ടെത്തിയത്. പന്നികളുമായി അടുത്തിടപഴകുന്ന പുരുഷന്മാരിൽ വൈറസ് ബാധ വ്യാപകമായി പടർന്നു പിടിക്കുകയായിരുന്നു. ജപ്പാൻ ജ്വരമെന്ന ധാരണയിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കൊതുക് നശീകരണമായിരുന്നു പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്പന്തിയിലുണ്ടായത്. എന്നാൽ കൊതുക് നശീകരണവും ജപ്പാൻജ്വരത്തിനുള്ള വാക്സിനേഷനും ഫലപ്രദമായില്ല. പന്നികളുമായി ഇടപഴകിയിട്ടില്ലാത്തവർക്കും രോഗം ബാധിച്ചതോടെയാണ് അപൂർവരോഗത്തിന്റെ സാംക്രമിക സ്വഭാവത്തെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടക്കുന്നത്. തുടർന്ന് വൈറസ് ബാധ ജപ്പാൻജ്വരമല്ലെന്ന് കണ്ടെത്തി.
1999ൽ മലേഷ്യയുടെ മറ്റ് ഭാഗങ്ങളിലും സിംഗപ്പൂരിലും സമാനമായ രോഗം റിപ്പോർട്ട് ചെയ്തു. രോഗത്തിന് പന്നികളുമായി ബന്ധമുണ്ടെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ മലേഷ്യയിൽ നിന്നുള്ള പന്നി കയറ്റുമതിക്ക് സിംഗപ്പൂർ നിരോധനമേർപ്പെടുത്തി. വൈറസ് രോഗബാധ ആരോഗ്യരംഗത്തെയെന്ന പോലെ സാന്പത്തിക മേഖലയേയും സ്വാധീനിച്ചു തുടങ്ങി. മലേഷ്യയിൽ മാത്രമാണ് പന്നികളിൽ നിന്ന് രോഗം മനുഷ്യരിലേയ്ക്ക് പകർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 1998നു ശേഷം ഇതുവരെ നിപ്പ വൈറസ് രോഗം വിവിധ രാജ്യങ്ങളിലായി അഞ്ഞൂറോളം പേരെ ബാധിച്ചിട്ടുണ്ട്. ഇവരിൽ 252 പേർ മരിച്ചു. മരണനിരക്ക് ഒന്പതു മുതൽ 75 ശതമാനം വരെയാണെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്.
ജപ്പാൻജ്വരമാണ് മലേഷ്യയിലെ സാംക്രമിക രോഗത്തിന് പിന്നിലെന്ന സംശയത്തെ തുടർന്ന് ജപ്പാൻ ജ്വരത്തിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് രാജ്യത്തെ അധികൃതർ തുടക്കമിട്ടത്. പ്രതിരോധ കുത്തിവെയ്പ്പിനു പുറമേ പന്നി ഫാമുകളിലും ജനവാസ മേഖലയിലും വ്യാപകമായ കൊതുകുനശീകരണ പ്രവർത്തനങ്ങൾ നടത്തി. എന്നാൽ ഇവയ്ക്കൊന്നും രോഗത്തെ പ്രതിരോധിക്കാനായില്ല. കൂടുതൽ പഠനങ്ങളിൽ നിപ്പ വൈറസ് മലേഷ്യയിൽ സ്ഥിരീകരിച്ചതോടെ വൈറസ് ബാധ തടയാനുള്ള മുൻകരുതലുകൾ സ്വീകരിച്ചു കൊണ്ട് നിപ്പയ്ക്കെതിരെയുള്ള പ്രതിരോധം ആരംഭിച്ചു. പന്നി ഫാമുകളിൽ ജോലി ചെയ്യുന്നവർക്കും മൃഗങ്ങളുമായി അടുത്തിടപഴകുന്നവർക്കും മാസ്കുകളും കയ്യുറകളും ശരീരം മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങളും വിതരണം ചെയ്തു. ഡിറ്റർജന്റുകൾ, ആൽക്കലികൾ തുടങ്ങിയവയെ പ്രതിരോധിക്കാനുള്ള കഴിവ് നിപ്പ വൈറസിനില്ലാത്തതിനാൽ വ്യക്തിശുചിത്വം പാലിക്കാനും കൈകാലുകളും മുഖവും സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ വൃത്തിയാക്കാനും നിർദ്ദേശിച്ചു.
അസുഖം പന്നികളിലൂടെയാണ് പകരുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ പന്നികളെ കൂട്ടമായി കൊന്നൊടുക്കുന്നതായിരുന്നു പ്രതിരോധ പ്രവർത്തനത്തിന്റെ അടുത്ത ഘട്ടം. ആദ്യഘട്ടത്തിൽ രോഗം ബാധിച്ചുവെന്ന് കരുതുന്ന ഇരുപത് ലക്ഷത്തോളം പന്നികളെ കൊന്നൊടുക്കി. മൂന്നാം ഘട്ടത്തിൽ രാജ്യത്തെ പന്നി ഫാമുകളിലും മറ്റും നിരീക്ഷണം ശക്തമാക്കുകയായിരുന്നു. മുൻകരുതലുകൾ സ്വീകരിച്ചു കൊണ്ട് ഏതാണ്ട് മൂന്ന് മാസത്തോളം പന്നിഫാമുകളിൽ കർശന നിരീക്ഷണം ശക്തമാക്കി. കയറ്റുമതിക്കും പന്നി വളർത്തലിനും ഫാം നടത്തിപ്പിനും നിയന്ത്രണങ്ങൾ നടപ്പിലാക്കി.
പന്നികളിലേക്ക് നിപ്പ വൈറസ് എത്തിയത് വവ്വാലുകളിൽ നിന്നാണെന്ന കണ്ടെത്തലാണ് നിപ്പയെ മലേഷ്യയിൽ നിന്നും തുരത്തുന്നതിൽ ഏറ്റവും നിർണായകമായത്. വവ്വാലുകളുടെ ഉമിനീരിലും മറ്റ് ശരീര സ്രവങ്ങളിലുമാണ് നിപ്പ വൈറസിന്റെ സാന്നിധ്യമുള്ളതെന്ന് കൂടുതൽ പരിശോധനയിൽ വ്യക്തമായി. ഇവ പറ്റിയ പഴങ്ങൾ കഴിച്ചതിലൂടെയാണ് പന്നികൾക്കും അവയിലൂടെ മനുഷ്യരിലേക്കും എത്തിയതെന്നായിരുന്നു ആ കണ്ടെത്തൽ. ഇത്തരം പഴങ്ങൾ കഴിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും കർശന നിയന്ത്രണം വരുത്തിയതോടെ നിപ്പ ഏതാണ്ട് നിയന്ത്രണവിധേയമാവുകയായിരുന്നു. അപ്പോഴേക്കും നൂറോളം പേർ മലേഷ്യയിൽ മാത്രം നിപ്പ ബാധയെ തുടർന്ന് കൊല്ലപ്പെട്ടിരുന്നു.
അന്താരാഷ്ട്ര ഏജൻസികളുടെ സഹായത്തോടെ കൂടുതൽ പഠനങ്ങൾ നടത്തി നിപ്പ വൈറസിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറംലോകത്തെത്തിക്കാനും മുന്നറിയിപ്പ് നൽകാനും മലേഷ്യൻ സർക്കാരിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. 19 വർഷം മുന്പാണ് മലേഷ്യ നിപ്പയെ നേരിട്ടത്. എന്നാൽ, അതിനുശേഷം ഇവിടെ നിപ്പയുടെ പ്രശ്നമില്ല. അന്നു പ്രശ്നത്തെ നേരിട്ട രീതിയും തുടർനടപടികളുമാണ് അതിനു കാരണം. പ്രശ്നത്തെ നേരിടുന്നതിനും വൈറസിന്റെ വ്യാപനം തടയുന്നതിനും അന്നത്തെ പ്രവർത്തനങ്ങൾ സഹായിച്ചു. നിപ്പ ബാധയ്ക്ക് ശേഷം പന്നികളെ വളർത്തുന്നതിനു കർശന സുരക്ഷാനിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പന്നിഫാമുകളിൽ സ്ഥിരമായി പരിശോധന നടത്താറുണ്ട്. മൃഗങ്ങളുടെ ആരോഗ്യസ്ഥിതിയും പരിശോധിക്കും.
മസ്തിഷ്ക ജ്വരം ഉൾപ്പെടെയുള്ള പ്രശ്നങ്ങളുമായി ആശുപത്രികളിലെത്തുന്നവരുടെ രക്തത്തിന്റെയും നട്ടെല്ലിലെ ഫ്ല്യൂയിഡിന്റെയും സാംപിളെടുത്ത് നിപ്പ വൈറസിന്റെ സാന്നിധ്യമുണ്ടോയെന്നു പരിശോധിക്കാറുണ്ട്. അങ്ങനെ വേണമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കർശന നിർദേശമുണ്ട്.
കേരളം ഇപ്പോൾ നിപ്പ ഭീതി നേരിടുന്പോൾ നമുക്ക് മുന്നിൽ മലേഷ്യ എന്ന ഏറ്റവും മികച്ച ഉദാഹരണമാണുള്ളത്. നിപ്പ വൈറസ് ബാധയ്ക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും മുൻകരുതലുകൾക്കും മലേഷ്യ കാണിച്ചു തന്ന മാതൃകയുണ്ട്. രോഗം മനുഷ്യരിലേക്ക് എത്തുന്നത് മാത്രമല്ല, പന്നികളിലും പക്ഷികളിലും വ്യാപിക്കുമെന്ന് മലേഷ്യൻ ദുരന്തം പഠിപ്പിച്ചു തന്നു. നമുക്ക് ഇനി വേണ്ടത് മുൻകരുതലാണ്. രോഗത്തിന്റെ വ്യാപ്തി കൂടുന്നതിനു മുന്പ് സ്വീകരിക്കേണ്ട പ്രതിരോധ പ്രവർത്തനങ്ങളാണ്. മലേഷ്യയിൽ വൈകിയാണ് നിപ്പ വൈറസിനെ തിരിച്ചറിഞ്ഞതെങ്കിൽ കേരളത്തിൽ ദിവസങ്ങൾക്കകം വൈറസ് ബാധ തിരിച്ചറിയുകയും അതിനെ പ്രതിരോധിക്കാൻ വേണ്ട നടപടികൾ ആരോഗ്യ മേഖല കൈകൊള്ളുകയും ചെയ്തു. ഭയപ്പെട്ടിട്ട് കാര്യമില്ല, ജാഗ്രതയാണ് വേണ്ടത്.