മാറാത്ത ഗാന്ധി...


പ്രദീപ് പുറവങ്കര

ഒക്ടോബർ 2, ഗാന്ധിജയന്തി. ലോകം കണ്ട ഏറ്റവും വലിയ മഹാൻമാരിലൊരാളുടെ ഓർമ്മപുതുക്കൽ ദിനം. മോഹൻദാസ് കരംചന്ദ് ഗാന്ധി അഥവാ മഹാത്മാ ഗാന്ധി എന്നെ സംബന്ധിച്ചിടത്തോളം കരളുറപ്പുള്ള ഒരു മനുഷ്യനാണ്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപൻമാരോട് അർദ്ധനഗ്നമായ വേഷവും ധരിച്ച് ഒരായുധം പോലും എടുക്കാതെ സ്വാതന്ത്ര്യം എന്ന അമൃത് കോടികണക്കിന് ജനങ്ങൾക്ക് വാങ്ങിതരാൻ മുന്പിൽ നിന്ന് പ്രവർത്തിച്ച നിസ്വാർത്ഥൻ. 

എന്നാൽ ഈ ഗാന്ധി നമ്മുടെ ആരുമല്ലെന്നും, അദ്ദേഹം ഇന്ത്യയെന്ന രാജ്യത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും, രാജ്യം കണ്ട ഏറ്റവും വലിയ രാജ്യദ്രോഹിയായിരുന്നുവെന്നും വാദിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നവരുടെ കാലമാണിന്ന്. മദാമയ്്ക്കൊപ്പം നൃത്തം ചെയ്യുന്ന ഗാന്ധിയുടെ ചിത്രമാണ് അവർ നമ്മുടെ ഇടയിൽ പ്രചരിപ്പിക്കുന്നത്. വാട്സാപ്പിൽ നിറയുന്ന തമാശയാണ് പലർക്കും അദ്ദേഹം. എന്നാൽ എന്റെ ജീവിതം തന്നെയാണെന്റെ സന്ദേശം എന്ന് നെഞ്ചുറപ്പോടെ വിളിച്ച് പറഞ്ഞ മഹാത്മാവിന്റെ മഹത്വം ഇത്തരം വിലകുറഞ്ഞ സന്ദേശങ്ങൾ കാരണം ഇടിഞ്ഞു പോകുമെന്ന് വിചാരിക്കുന്ന വിഡ്ഢികൾക്ക് നല്ല നമോവാകം മാത്രം ഇവിടെ പറഞ‍്ഞുകൊള്ളട്ടെ. അവരോട് കാലം പൊറുക്കട്ടെ. 

ഇന്ന് മനുഷ്യനെ പേടിപ്പെടുത്തുന്ന തീവ്രവാദത്തിന്റെയും, ഭീകരവാദത്തിന്റെയും, താൻപോരിമയുടെയും, വർഗീയത സൃഷ്ടിക്കുന്ന വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങളിൽ നിന്നുമൊക്കെ വളരെ താമസിയാതെ തന്നെ  ഒരു ദിവസം തിരികെ നടക്കേണ്ടി വരും. അന്ന് പൊടിതട്ടിയെടുക്കാൻ ഈ ഒരു ഗാന്ധി മാത്രമേ ലോകത്തിന് ഉണ്ടാകൂ. അദ്ദേഹം പങ്കിട്ട സിദ്ധാന്തങ്ങൾ മാത്രമേ ബാക്കിയാകൂ. അതുവരേയ്ക്കും അദ്ദേഹത്തെ പറ്റിയുള്ള വിലകുറഞ്ഞ അപവാദങ്ങൾ കേൾക്കുന്പോൾ, കാണുന്പോൾ, അറിയുന്പോൾ ഒക്കെ കുറച്ച് പേർക്കെങ്കിലും ആ മൂന്ന് കുരങ്ങൻമാരായി മാറാം. കണ്ണും, ചെവിയും, വായും പൊത്തിവെയ്ക്കാം. 

പലരുടെയും ജീവിതത്തിന്റെ കണക്ക് പുസ്തകത്തിൽ പരാജയത്തിന്റെ ഗ്രാഫ് ഉയർന്ന് പോകാനുള്ള പ്രധാനപ്പെട്ട ഒരു കാരണം നോ എന്ന് ഉറക്കെ പറയാനുള്ള ധൈര്യമില്ലായ്മയാണെന്ന് പറയാറുണ്ട്. ഒടുവിൽ തന്റെ കാലിനടയിൽ നിന്ന് മണ്ണ് ഏറെ ഒലിച്ച് പോയതിന് ശേഷമാണ് യഥാസമയത്ത് നോ പറയാത്തത് കൊണ്ട് സംഭവിച്ച നഷ്ടങ്ങളെ തിരിച്ചറിയുക. എന്നാൽ ഗാന്ധിജിയ്ക്ക് നോ പറയാനുള്ള ആർജവമുണ്ടായിരുന്നു. വട്ടമേശ സമ്മേളനങ്ങൾ അടക്കമുള്ള ചരിത്രത്തിൽ രേഖപ്പെടുത്തിയ നിമിഷങ്ങളിൽ അദ്ദേഹം നോ എന്ന് പറഞ്ഞത് സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കാനായിരുന്നില്ല. മറിച്ച് കോടികണക്കിന് വരുന്ന പട്ടിണിപാവങ്ങൾക്ക് വേണ്ടിയായിരുന്നു. അന്ന് ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തോട് എവിടെയെങ്കിലും അദ്ദേഹം സമരസപ്പെട്ടിരുന്നുവെങ്കിൽ ഇന്ത്യ ഇന്ന് കാണുന്ന ഇന്ത്യയാകില്ലായിരുന്നു. സ്വാതന്ത്ര്യത്തിന്റെ സുഗന്ധം നമ്മുടെ നാട്ടിൽ പരക്കാൻ പിന്നെയും ഏറെ കാലം എടുത്തേനേ. ഇങ്ങിനെ പറയേണ്ട കാര്യങ്ങൾ പറയേണ്ട സമയത്ത് പറേയണ്ട പോലെ പറയാൻ പഠിപ്പിച്ച ആ മാഹാത്മാവിന്റെ ഓർമ്മദിനത്തിൽ ആ പാവന സ്മരണയ്ക്ക് മുന്നിൽ പ്രാർത്ഥനാ ഭരിതമായ ആദരാഞ്ജലി... 

You might also like

  • Lulu Exchange
  • Straight Forward

Most Viewed