അറിവ് അമിതമാകുന്പോൾ...

പ്രദീപ് പുറവങ്കര
നാളെ മഹാനവമി. അറിവിന്റെ മഹാവാതാനയനങ്ങളെ പൂട്ടി വെച്ച് പൂജിക്കുന്ന ദിനം. ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം വിജയദശമി ദിനത്തിൽ വീണ്ടും വാഗ്ദേവതയുടെ അനുഗ്രഹത്തോടെ അറിവിന്റെ നീണ്ട കയങ്ങളിലേയ്ക്ക് മുങ്ങാകുഴിയിട്ട് നീന്തിതുടിക്കൽ. ഓരോ മഹാനവമി കാലവും വരുന്പോൾ ബാല്യകാലത്തെ ഓർക്കും. പാഠപുസ്തകങ്ങളെ ധൈര്യപൂർവ്വം മടക്കിവെയ്ക്കാനുള്ള അവസരമാണത്. കഷ്ടപ്പെട്ട് പഠിക്കാൻ ആരും നിർബന്ധിക്കാത്ത നല്ല ദിനം.
അറിവിന്റെ ഉത്തുംഗശൃംഗത്തിലാണ് താനിരിക്കുന്നത് എന്ന ഭാവത്തോടെയാണ് നമ്മിൽ പലരും ജീവിതം കഴിക്കുന്നത്. വീണുകിട്ടിയ ഈ അറിവുകളെ വെച്ച് ഏത് അറിവില്ലായ്മയേയും നേരിടാം എന്ന ആത്മവിശ്വാസവും നമുക്ക് ഇതിലൂടെ ലഭിക്കുന്നു. ഇന്നത്തെ കാലത്ത് അറിവിന്റെ വല്ലാത്തൊരു കുത്തൊഴുക്കാണ് ഓരോ മനുഷ്യനിലേയ്ക്കും എത്തിചേരുന്നത്. വളരെ ചെറുപ്രായത്തിൽ തന്നെ കുഞ്ഞുങ്ങളുടെ മനസ്സിൽ പോലും എത്താത്ത അറിവിന്റെ ഉറവകളില്ല. ഇന്ന് അറിവിനെ തേടി പോകേണ്ടതില്ല മറിച്ച് ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും അറിവ് നമ്മെ തേടി വരുന്നു എന്നതും സത്യം. അറിവിന്റെ ഈ വെള്ളച്ചാട്ടത്തിൽ നനഞ്ഞ് കുളിക്കുന്പോൾ ചിലപ്പോൾ ശ്വാസം മുട്ടൽ അനുഭവപ്പെടും. ഈ ബുദ്ധിമുട്ട് ഒഴിവാക്കാൻ ഇടയ്ക്ക് മഹാനവമി നാൾ പോലെയുള്ള ദിവസങ്ങൾ ഉണ്ടാകണം. മനസ് ശാന്തമാകാൻ, മറ്റുള്ളവയെ കുറിച്ച് അറിയുന്നതിനെക്കാൾ സ്വയം ഒന്നറിയാൻ, ഒരു ദിനം.
പാശ്ചാത്യലോകത്തും, നമ്മുടെ നാട്ടിലുമൊക്കെ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന കാര്യമാണ് ഇ ഫാസ്റ്റിങ്ങ് എന്ന സംസ്കാരം. ഇ എന്നാൽ ഇലക്ട്രോണിക്സ് എന്നർത്ഥം. തലയണയുടെ കീഴിൽ മൊബൈൽ ഫോൺ വെച്ച് ഉറങ്ങുന്ന, രാവിലെ എഴുന്നേറ്റാലുടൻ വാട്സാപ്പിൽ വന്ന മെസേജുകളെ കുത്തിയിരുന്നു മാന്തുന്ന, ഫേസ് ബുക്കിൽ പല്ല് തേയ്ക്കാൻ പോകുന്നു എന്ന് സ്റ്റാറ്റസ് അപ് ഡേറ്റ് ചെയ്യുന്ന ഒരു തലമുറയ്ക്ക് ഇ ഫാസ്റ്റിങ്ങ് എന്നത് വളരെ പ്രധാനപ്പെട്ട ഒരു സംഗതിയാണ്. ആഴ്ച്ചയിൽ ഒരിക്കലെങ്കിലും എല്ലാ വിധ ഇലക്ട്രോണിക്സ് സാധനങ്ങളുടെയും ഇടയിൽ നിന്ന് മുക്തി നേടുക എന്ന ഒരു ആശയമാണ് ഇത് മുന്പോട്ട് വെക്കുന്നത്. അന്നായിരിക്കും ചിലപ്പോൾ നമ്മുടെ വീട്ടിലുള്ളവരോട് പോലും നമ്മൾ ഒന്ന് ഹൃദയം തുറന്ന് സംസാരിക്കുന്നത്. അന്നായിരിക്കും പല സുഹൃത്തുക്കളെയും ഒരിക്കൽ കൂടി കാണുന്നത്്. അന്നായിരിക്കും ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ സന്ദർഭങ്ങളെ ഓർത്ത് ആഹ്ലാദിക്കാൻ മനസ് തീരുമാനിക്കുന്നത്. മുന്പ് നമ്മുടെ നാട്ടിലുണ്ടായിരുന്ന പവർകട്ട് ഇത്തരമൊരു സന്ദർഭമാണ് നമുക്ക് നൽകിയിരുന്നത്. പരസ്പരം ചിരിക്കാൻ, പരസ്പരം കരയാൻ, പരസ്പരം കലപില കൂട്ടാൻ, പരസ്പരമറിയാൻ പവർകട്ട് നമ്മളെ സഹായിച്ചിരുന്നു. ഇന്ന് പരസ്പരം എന്നത് ടിവിസീരീയലിന്റെ പേര് മാത്രമാണ്. ഐ പാഡിന്റെ നാല് അതിരുകളിലാണ് നമ്മുടെ ഹരിശ്രീയും. കാലം മാറുന്പോൾ കോലവും മാറുന്നു എന്ന് മാത്രം ഓർമ്മിപ്പിച്ചു കൊണ്ട്...