ഓർ‍ക്കുക, എല്ലാം ജനനന്മയ്ക്ക് വേണ്ടിയാണ് !


ഇ.പി അനിൽ

epanil@gmail.com

 

ജ്യ പുരോഗതിയുടെ അളവുകോൽ GDP യായി ഇന്ത്യൻ‍ രാഷ്ട്രീയ നേതൃത്വം അംഗീകരിച്ചിട്ട് 25 വർഷമായി. GDP വളർച്ചയിൽ അഭിരമിച്ചു വന്ന ഇന്ത്യൻ ഭരണ പ്രതിപക്ഷ കക്ഷികൾ അതിനുണ്ടാകുന്ന ഏതു തകർച്ചയെയും എതിർ ചേരിയെ ആക്രമിക്കുവാൻ ഉപയോഗിക്കുവാനുള്ള ഉപാധിയായി ഇന്നു പ്രവർ‍ത്തിക്കുന്നു. 1991 മുതൽ രാജ്യത്തു ശക്തമായി നടപ്പാക്കി വരുന്ന “ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം, ആഗോള വൽക്കരണം” വിജയ സൂചികയായി GDPയെ വാഴ്ത്തി. കഴിഞ്ഞ വർഷങ്ങളിൽ നാട്ടിലെ GDP തോത് തിരിച്ചടിയിലാണ്. ആഗോളവൽക്കരണത്തെ പറ്റയുള്ള ചർച്ചകളിൽ ജനങ്ങളുടെ മുന്നിൽ നിരത്തിയ അവകാശവാദങ്ങൾ പൊളിയുകയും അതിന്‍റെ തിക്ത ഫലങ്ങൾ ജനങ്ങൾ അനുഭവിക്കുകയും ചെയ്യുന്നു.

പ്രകൃതി സന്പത്തുകൊണ്ട് അതിസന്പന്നമായ നമ്മുടെ രാജ്യത്തെ ദേശീയ സർക്കാർ സാന്പത്തിക പ്രതിസന്ധിയിലാണ് എന്ന് ആവർത്തിച്ചു കേൾക്കുകയാണ്. ഒരു വശത്ത് വന്പൻ ആസ്തിയുടെ ഉടമകളായ ഇന്ത്യക്കാർ പണമില്ലാത്തവരായി, ദരിദ്രരായി കഴിയേണ്ടിവരുന്നതിലെ വിരോധാഭാസം മറക്കുവാൻ കഴിയില്ല. ഇത്തരം പ്രതിഭാസങ്ങളെ വലിയ തരത്തിൽ ആഗോളവൽക്കരണം സജീവമാക്കുന്നു.

രാജ്യത്തിന്‍റെ സാന്പത്തിക വ്യവഹാരങ്ങളിൽ രാജ്യാന്തര സ്വഭാവമുള്ള കൈമാറ്റങ്ങളിൽ വ്യാപാര മിച്ചം ഇല്ലാതിരിക്കുകയും ചെയ്താൽ (കയറ്റുമതി കൂടുതലും ഇറക്കുമതി കുറവുമാണെങ്കിൽ) വിദേശ നാണയ ശേഖരം (ഡോളർ) കുറയുകയും അന്തർദേശീയ രംഗങ്ങളിൽ രാജ്യം ഒറ്റപ്പെടുകയും ചെയ്യും. ഇത്തരം ഒരു പ്രതിസന്ധിയെ തരണം ചെയ്യുക എന്ന വാദവുമായിട്ടാണ് ശ്രീ. നരസിംഹറാവും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ധന കാര്യ മന്ത്രിയുമായിരുന്ന (പാൽക്കാല ഇന്ത്യൻ പ്രധാനമന്ത്രി) ശ്രീ. മൻമോഹനും പുത്തൻ സാന്പത്തിക പരീക്ഷണങ്ങൾ നടപ്പിൽ കൊണ്ടുവന്നത്. അതിന്റെ ആകെ ഫലം ഒറ്റവാക്കിൽ പറഞ്ഞാൽ ജന അഭിലാഷങ്ങളെ അട്ടിമറിക്കലായിരുന്നു എന്നുകാണാം. കയറ്റുമതി കൂടി എങ്കിലും അതിൽ പതിൻമടങ്ങ് ഇറക്കുമതി വർദ്ധിച്ചതിനാൽ അന്തർദേശീയ കച്ചവടത്തിൽ സർക്കാറിന് മിച്ചം കണ്ടെത്തുവാൻ ഇന്നുവരെയും കഴിഞ്ഞില്ല. എന്നാൽ ആഗോളവൽക്കരണത്തിന്റെ ദോഷഫലങ്ങൾ പ്രതീക്ഷിച്ചതിലും അപകടരമായി രാജ്യത്ത് വ്യാപിച്ചു വരുന്നു.

സാന്പത്തിക രംഗത്തെ പുതിയ അന്വേഷണങ്ങൾ ആധുനിക സാങ്കേതിക മികവിനെ കുടുതലായി ജനങ്ങളിൽ എത്തിച്ചു. പുതിയ സാങ്കേതിക വിഭവങ്ങൾ എത്തുകയും ജനങ്ങളുടെ ജീവിതത്തെ ഒരു പരിധിവരെ ആയാസരഹിതവുമാക്കി. എന്നാൽ അതിനും അപ്പുറം സ്വകാര്യ സ്ഥപനങ്ങളുടെ ലാഭം അനിയന്ത്രിതമായി വർദ്ധിപ്പിച്ചു നൽകൽ സർക്കാറിന്റെ പ്രമുഖ അജണ്ടയായി മാറിക്കഴിഞ്ഞിരുന്നു. പാപ്പരായ സർക്കാരും അതുകൊണ്ട് തന്നെ പാപ്പരായി മാറിക്കഴിഞ്ഞ സാധാരാണ ജനവും എന്ന അവസ്ഥ നാട്ടിൽ സാധാരണമായി. വൻകിട സ്വകാര്യ കന്പനികൾക്ക് യഥേഷ്ടം വിഹരിക്കുവാൻ എവിടെയും അവസരങ്ങൾ ഉണ്ടായികൊണ്ടിരിക്കുന്നു.

ആഗോളവൽക്കരണ കാലഘട്ടത്തിലെ വൻ പ്രതിസന്ധികളിൽ മുഖ്യമായ 2008ലെ അമേരിക്കയിലെയും യൂറോപ്പിലെയും മാന്ദ്യം ഇന്ത്യയ്ക്ക് വലിയ പരുക്കുകൾ വരുത്താതെ കടന്നു പോയപ്പോൾ ഇന്ത്യൻ സാന്പത്തിക പരിഷ്കരണത്തിൽ ആകൃഷ്ടരായിരുന്നവർ രാജ്യത്തിന്റെ സാന്പത്തിക സുസ്തിരതയിൽ വാചാലരായിരുന്നു. എന്നാൽ 2015 മുതൽ ഉത്പാദനരംഗത്തും കയറ്റുമതിയിലും എല്ലാം നമ്മുടെ പിന്നോക്കം പോക്കുകൾ തുടരുകയാണ്. GDP വളർച്ച തോത് 7.5ൽ നിന്നും 5.7 ആയി കുറഞ്ഞു GDP വളർച്ചയിൽ ഒരു ശതമാനം കുറവുണ്ടായാൽ 1.5 ലക്ഷം കോടി രൂപ കണ്ട് ദേശീയ വരുമാനത്തിൽ ഇടിവുണ്ടാകും. ഇതു കാണിക്കുന്നത് രാജ്യത്തിന്‍റെ വരുമാനത്തിൽ 3 ലക്ഷം കോടി രൂപ കുറവുണ്ടായിക്കഴിഞ്ഞു എന്നാണ്. തൊഴിൽ അവസരങ്ങൾ കുറയുകയും തൊഴിൽ നഷ്ടപ്പെടുന്ന തോത് കൂടുകയും ചെയ്തു. 30000അഭ്യസ്ത വിദ്യർ തൊഴിൽ അന്വേഷിച്ച് എത്തുന്പോൾ 450 പേർക്കു മാത്രം തൊഴിൽ നൽകുവാനെ സർക്കാരിനു കഴിയുന്നുള്ളു. രാജ്യത്തെ കർ‍ഷക ആത്മഹത്യകൾ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി വിവിധ ക്ഷേമ പദ്ധതികളുടെ സ്വഭാവത്തിലെ മാറ്റം തുടങ്ങിയവ സാധാരണ ജനങ്ങൾ അനുഭവിക്കുന്നു. സമൂഹത്തിനു മൊത്തത്തിൽ ചലനാത്മകത ഉണ്ട് എന്ന് പറയാവുന്ന നിരവധി സംഭവങ്ങൾ നമ്മുടെ ഇടയിൽ ഉണ്ട്. മുൻ‍ കാലങ്ങളിൽ സാധാരണക്കാരന് ചിരപരിചിതമല്ലാത്ത വിഭവങ്ങൾ ഇന്നു ഗ്രാമങ്ങളിൽ എത്തുകയും അവ വാങ്ങുവാൻ‍ സഹായകരമായ സാഹചര്യങ്ങൾ സർ‍ക്കാർ ഒരുക്കുകയും ചെയ്യുന്നു. ജീവിതത്തിന്‍റെ ജീവിത സാഹചര്യങ്ങളെ ആയാസരഹിതമാക്കുവാൻ‍ (തൊഴിൽ ശാലകളിൽ അതുണ്ടാകുന്നില്ല) സഹായിക്കുകയും എന്നാൽ ജീവിതത്തിന്‍റെ (മൂൽയ) വീക്ഷണങ്ങളിൽ ഇടിവ് വരുത്തുന്ന സാമൂഹിക അവസ്ഥ ശക്തമായികൊണ്ടിരിക്കുന്നു. ജനങ്ങളിൽ ഭൂരിപക്ഷവും കടക്കാരും ജീവിത ശൈലി രോഗങ്ങളിൽ പെട്ട് പോകുകയും ചെയ്യുന്നു. മുൻ‍കാലങ്ങളിൽ ശക്തമായിരുന്ന വിമോചന ചിന്താധാര തിരിച്ചടികൾ‍ക്ക് വിധേയമായികൊണ്ടിരിക്കുന്നു. മതങ്ങൾ‍ അവരുടെ അണികളിൽ‍ സങ്കുചിത വികാരം വളർ‍ത്തുവാൻ‍ മടിക്കാത്ത അനുഭവങ്ങൾ‍ വർദ്‍ധിക്കുന്നു. ആധുനികതയുടെ വിവിധ സാധ്യതകൾ‍ വിപുലമാകുന്പോഴും വ്യക്തികൾ‍ സങ്കുചിതമായി പ്രവർ‍ത്തിക്കുവാൻ‍ സഹായകരമാകുന്ന സംഭവങ്ങൾ‍ കൂടിവരുന്നു. ആഗോളവത്കരണം അങ്ങനെ ഒരേ സമയം വ്യക്തികളെ ആധുനിക ശാസ്ത്രത്തിന്‍റെ ഉപഭോക്താക്കളും സങ്കുചിത ചിന്തകളിൽ‍ പെടുന്നവരുമാക്കുന്നു. ജീവിത നിലവാരം വർ‍ദ്ധിപ്പിക്കുവാൻ‍ ഉപഭോഗ ഉത്പന്നങ്ങൾ‍ വാങ്ങികൂട്ടുന്ന സാധാരണക്കാർ‍ കൂടുതൽ‍ കൂടുതൽ‍ കടക്കാരായി മാറുന്നു. ജനങ്ങളുടെ സർ‍ക്കാരും ഇത്തരത്തിൽ‍ തന്നെ പ്രതിസന്ധിയിൽ‍ അകപ്പെട്ടു എന്നുകാണാം.

ആഗോളവൽ‍ക്കരണത്തിന്‍റെ ഭാഗമായി എങ്ങനെയാണ് സർ‍ക്കാർ‍ തീരുമാനങ്ങൾ‍ ജനവിരുദ്ധമായി പ്രവർ‍ത്തിക്കുന്നത് എന്ന് മനസ്സിലാക്കുവാൻ‍ സഹായിക്കുന്നതായിരുന്നു പെട്രോളിയം രംഗത്ത് 2010 മുതൽ‍ കേന്ദ്ര സർ‍ക്കാരുകൾ‍ നടപ്പിലാക്കിയ സമീപനങ്ങൾ‍. മാർ‍ക്കറ്റ് എല്ലാം തീരുമാനിക്കട്ടെ എന്ന കന്പോള ചിന്തകൾ‍ സജ്ജീവമായിരിക്കുന്ന സാഹചര്യത്തിൽ‍ സർ‍ക്കാരും ആതേ പാതയിൽ‍ എത്തുകയായിരുന്നു. പെട്രോൾ‍ വിഭവങ്ങളുടെ വില ലോക മാർ‍ക്കറ്റിലെ അസംസ്കൃത എണ്ണയുടെ വിലയുമായി ബന്ധപെടുത്തുവാൻ‍ സർ‍ക്കാർ‍ ആഗ്രഹിച്ചപ്പോൾ‍ സർ‍ക്കാർ‍ ഇവിടെ കാഴ്ച്ചക്കാരനായി മാറി. ലോക എണ്ണ വ്യാപാരം മറ്റു പലതിലും എന്നപോലെ ഉത്പാദകന്‍റെയോ വാങ്ങുന്നവന്‍റെയോ കൈയ്യിൽ‍ ഒതുങ്ങുന്നില്ല.അവിടെ ബഹുരാഷ്ട്ര കുത്തകൾ‍ (ഷെൽ‍, ബ്രിട്ടീഷ് പെട്രോളിയം, അരാംകോ, മൊബീൽ‍ എസ്സാർ‍ തുടങ്ങിയ വന്പൻമാർ‍) കാര്യങ്ങൾ‍ തീരുമാനിക്കുന്നു. എണ്ണയുടെ പ്രധാന വില തീരുമാനിക്കുന്ന സിങ്കപ്പൂർ‍ ചന്തയിൽ‍ (സിങ്കപ്പൂരിനു ലോക എണ്ണ വ്യാപാരത്തിൽ‍ എന്ത് പങ്കാണ് ഉള്ളത് എന്ന് ഓർ‍ക്കുക) കാര്യങ്ങൾ‍ ഒക്കെ സ്വകാര്യ സ്ഥാപനങ്ങൾ‍ നിയന്ത്രിക്കുന്നു. ലോക എണ്ണ ഉത്പാതക രാജ്യങ്ങൾ‍ ചേർ‍ന്നുണ്ടാക്കിയ ഒപ്പെക്കിന് എണ്ണവിലയിൽ‍ ചില നിയന്ത്രണങ്ങൾ‍ കിട്ടി എങ്കിലും അതിലെ പ്രധാന രാഷ്ട്രങ്ങളെ രാഷ്ട്രീയമായി നിയന്ത്രിക്കുവാൻ‍ അമേരിക്ക അടിക്കടി വിജയിച്ചു. അങ്ങനെ എണ്ണവ്യാപാരത്തെ ഊഹ വിപണിയുടെ നിയന്ത്രണത്തിൽ‍ തുടരുവാൻ‍ നിർ‍ബന്ധിച്ചു. ഇത്തരം സാഹചര്യത്തിൽ‍ ഇറക്കുമതി ചെയ്യുന്ന പ്രധാന വിഭവം പെട്രോളിയം ഉൽപ്പന്നങ്ങൾക്കായി ഇന്ത്യ പ്രതിവർഷം 10ലക്ഷം കോടി രൂപ ചെലവാക്കുന്നു. വിലക്കയറ്റത്തിൽ നിർണ്ണായക പങ്കുവഹിക്കുന്ന പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലകൾ Prize Control systemൽ ആണ് പ്രവർത്തിച്ചു വന്നത്. വിലകൾ സർക്കാർ തീരുമാനിക്കുകയും വേണ്ട സമയത്ത് കൂടുതൽ സബ്സിഡികൾ നൽകി ഇന്ധനങ്ങളുടെ വില നിയന്ത്രിച്ചു വന്നിരുന്നു. ചൂതാട്ടത്തിന്‍റെ വിപണയിൽ‍ കയറി ഇന്ത്യക്ക് അനുകൂലമായി പെട്രോളിയം വിലകൾ‍ തിരിച്ചുവിടവാനുള്ള കരുത്ത് ഇന്ത്യൻ‍ സർ‍ക്കാരിന് ഇല്ല എന്നിരിക്കെ നമ്മുടെ സുരക്ഷക്കായി സർ‍ക്കാരിനു ചെയ്യുവാൻ‍ കഴിയുന്ന പ്രധാന കാര്യം ആഭ്യന്തര ഖനനത്തിൽ‍ കൂടുതൽ‍ ശ്രദ്ധ ചെലുത്തുക എന്നതാണ്. ലോകത്തെ വന്പൻ കന്പനികൾ‍ കഴിഞ്ഞാൽ‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട നമ്മുടെ ONGC മറ്റു രാജ്യങ്ങളെക്കാൾ‍ ചെലവ് കുറച്ച് എണ്ണ ഘനനവും ശുദ്ധീകരണവും നടത്തുന്നു. 1991മുതൽ‍ ONGC കണ്ടെത്തിയ എണ്ണ ശേഖരങ്ങൾ‍ ഓരോന്നായി സ്വകര്യ കുത്തകൾ‍ക്ക്‌ കൈമാറി. പുതിയ കിണറുകൾ‍ കണ്ടെത്തുവാൻ‍ താൽപര്യം കാണിക്കാത്ത കന്പനികൾ‍ സർ‍ക്കാർ‍ കണ്ടെത്തിയ കിണറുകളിൽ‍ നിന്നും ലഭിക്കുന്ന ഉത്പന്നങ്ങൾ‍ വൻ‍ ലാഭത്തിന് വിറ്റുവരുന്നു. ഒപ്പം പ്രവർ‍ത്തനത്തിലും മറ്റും വന്പൻ‍ കൃത്രിമം കാട്ടിയ നിരവധി വാർ‍ത്തകൾ‍ നമുക്കിവിടെ ലഭ്യമാണ്. KG തടത്തിൽ‍നിന്നും പൊതു മേഖലയുടെ 25000 കോടി രൂപ വിലവരുന്ന എണ്ണ ചോർ‍ത്തിയ സംഭവം അവയിൽ‍ ഒന്നാണ്. രാജ്യത്തെ പെട്രോൾ‍ ഉപഭോഗം അനിയന്ത്രിതമായി കൂടി വരികയും അതിനായി കൂടുതൽ‍ കൂടുതൽ‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിൽ‍ സർ‍ക്കാർ‍ ഉത്‍കണ്ഠാകുലരല്ല. ഒപ്പം സ്വകാര്യ സ്ഥാപനങ്ങൾ‍ക്ക് എണ്ണയുടെ വിപണനവും മറ്റും നിയന്ത്രിക്കുവാൻ‍ അവസരങ്ങൾ‍ തുറന്നു കിട്ടിയതോടെ ഇന്ത്യൻ‍ എണ്ണ വിപണി സർ‍ക്കാർ‍ നിയന്ത്രണങ്ങൾ‍ക്ക് പുറത്തായി. അത് എങ്ങനെയാണ് ഇന്ത്യൻ‍ ജനതയെ ഇന്നു ബാധിച്ചു കൊണ്ടിരിക്കുന്നത് എന്ന്‍ അറിയാത്തവരായി ആരും ഇല്ല.

എല്ലാം വിപണി തീരുമാനിക്കട്ടെ എന്ന ആഗോള മുതലാളിത്ത മുദ്രാവാക്യം പെട്രോളിയം ഉത്പന്നങ്ങളുടെ കാര്യത്തിൽ‍ സർ‍ക്കാർ‍ നടപ്പിൽ‍ വരുത്തിയിരുന്നു എങ്കിൽ‍ സ്വഭാവികമായും സർ‍ക്കാരിന് പെട്രോൾ‍ ഉത്പനത്തിൽ‍ നികുതികൾ‍ ഒഴിവാക്കുവാൻ‍ ബാധ്യതയുണ്ട് എന്ന് പറയാൻ‍ കഴിയും. വിപണിവില തീരുമാനിക്കുകയും സർ‍ക്കാറിന് ഒരു ഉത്തരവാദിത്തവും ഇല്ല എന്ന് പറഞ്ഞാൽ‍ പിന്നെ നികുതിയും അസാധാരണ നികുതിയും മറ്റും എന്തിന് എന്ന് ചോദ്യത്തെ തള്ളികളയുവാൻ‍ കഴിയുകയില്ല.

ഒരു ബാരൽ‍ പെട്രോളിയത്തിൽ‍ നിന്നും (159 ലിറ്റർ‍) 73.81ലിറ്റർ‍ പെട്രോൾ‍, 34.8 ലിറ്റർ‍ ഡീസൽ‍, 15.5 ലിറ്റർ‍ ജെറ്റ് എണ്ണ, 8.7 ലിറ്റർ‍ ഫർ‍ണസ്സ് എണ്ണ അങ്ങനെ മണ്ണെണ്ണ, കരി, ദ്രാവക രൂപത്തിലുള്ള വാതകം (liquid gas) ബിറ്റുമിൻ‍ തുടങ്ങിയ സാധനങ്ങൾ‍ കിട്ടും. ഒരു ലിറ്റർ‍ സംസ്കരണ ചെലവ് 52 പൈസ്സ. ഇറക്കു കൂലി (വിദേശത്തു നിന്നും) മറ്റു കടത്ത് കൂലികൾ‍ 2.60 രൂപ, പന്പ് ഉടമയ്ക്ക് കൊടുക്കുന്ന കമ്മിഷൻ‍ 2.30രൂപ. സെപ്റ്റംബർ‍ മാസത്തെ അസംസ്കൃത പെട്രോൾ‍ വില 3485 രൂപ (53 ഡോളർ‍). അതിൽ‍ നിന്നും കിട്ടുന്ന പെട്രോൾ‍ വിലയും ശുദ്ധീകരണചെലവും കടത്തു കൂലി പന്പ് ഉടമയുടെ ലാഭം കൂട്ടിയാൽ‍ പെട്രോൾ‍ 22 രൂപ അധികം 5.42 രൂപ= 27.42 രൂപയ്ക്ക് രാജ്യത്തെ ജനങ്ങൾ‍ക്ക്‌ (ലോക പെട്രോളിയം വില 53 ഡോളർ‍ ആണെങ്കിൽ‍) കൊടുക്കുവാൻ‍ കഴിയും. എന്നാൽ‍ നമ്മൾ‍ എത്ര രൂപയ്ക്കാണ് പെട്രോളും ഡീസലും മണ്ണെണ്ണയും വാങ്ങിക്കുന്നത്? സർ‍ക്കാർ‍ ഉത്തരവാദിത്തം കൈവിട്ട ഒരു ഉത്പന്നത്തിന്‍റ് വിലയിൽ‍ എന്തുകൊണ്ടാണ് നമ്മൾ‍ യഥാർ‍ത്ഥ വിലയുടെ 200% അധികം വിലനൽ‍കേണ്ടി വരുന്നത്? ഇവിടെയാണ് നമ്മുടെ സർ‍ക്കാരുകളുടെ പരസ്പര വിരുദ്ധമായ നിലപാടുകൾ‍ ജനദ്രോഹമായിതീരും എന്ന് ഉറപ്പിക്കുവാൻ‍ കഴിയുന്നത്‌. ഒരിടത്ത് എല്ലാം ജനങ്ങൾ‍ക്ക്‌ വേണ്ടി എന്ന് പറയുക, അതേ വിഷയത്തിൽ‍ ജനം പൊറുതി മുട്ടുന്പോൾ‍ മറ്റു ന്യായങ്ങൾ‍ നിരത്തി രാജ്യത്തെ സാധാരണക്കാരന്‍റെ ജീവിതത്തെ തകിടം മറിക്കുക.

പെട്രോളിയം ഉത്പ്പന്നങ്ങളുടെ വിലക്കയറ്റം പ്രകടമായി സാധരണ ജനങ്ങളെ വിലക്കയറ്റത്തിൽ‍ എത്തിക്കും എന്ന് ഏവർ‍ക്കും അറിയാം. എണ്ണയുടെ അമിതമായ ഇറക്കുമതി രാജ്യത്തെ വ്യാപാര കമ്മി ഉണ്ടാക്കി നമ്മുടെ സാന്പത്തിക രംഗത്തെ പുറകോട്ടടിക്കും എന്നൊരു ഭീതിയും സർ‍ക്കാർ‍ പങ്കു വെയ്ക്കുന്നില്ല. പെട്രോളിയം ഉത്പ്പന്നങ്ങളുടെ മറവിൽ‍ സർ‍ക്കാർ‍ നടത്തുന്ന കൊള്ളയും അതിന് ഭരണ കക്ഷികൾ‍ നിരത്തുന്ന ന്യായങ്ങളും അവരുടെ കാപട്യത്തെ തുറന്നു കാട്ടുന്നു. ശ്രീ മന്‍മോഹൻ‍ നടപ്പിൽ‍ വരുത്തിയ ആഗോളവൽ‍ക്കരണ നടപടികളോടുള്ള ജനങ്ങളുടെ പ്രതിഷേധമാണ് ബിജെപിയെ അധികാരത്തിൽ‍ എത്തിച്ചത്. ശ്രീ മന്‍മോഹൻ‍സിംഗ്‌ ഭരിച്ച കാലത്ത് എണ്ണയ്ക്ക് (2011) 160 ഡോളർ‍ വരെ വില ഉണ്ടായിരുന്നു. 2014 വരെ മന്‍മോഹൻ‍ ഭരണ കാലത്ത് ശരാശരി വില 140 ഡോളർ‍. 2014 നുശേഷം വില 60 ഡോളറിൽ‍ താഴെ നിൽ‍ക്കുന്നു. രാജ്യാന്തര വിപണിയിൽ‍ 2010-−14 കാലത്ത് പെട്രോളിയം വില ഇരട്ടി കൂടിയപ്പോൾ‍ ഇന്ത്യയിലും പെട്രോൾ‍ വില ഇരട്ടിയായി. (45 രൂപയിൽ‍ നിന്നും 80 രൂപ). 2014നു ശേഷം വില പകുതിയിലും താഴ്ന്നു. എന്നാൽ‍ 160 ഡോളർ‍ വിലയുണ്ടായപ്പോൾ‍ നമ്മൾ‍ വാങ്ങിവന്ന പെട്രോൾ‍, അസംസ്കൃത എണ്ണയ്ക്ക് 55 ഡോളർ‍ ആയി വില തന്നപ്പോൾ‍ 74 രൂപക്ക് വങ്ങേണ്ടി വരുന്നു. ഇതിനു പിന്നിൽ‍ എന്ത് ന്യായങ്ങൾ‍ സർ‍ക്കാർ‍ നിരത്തിയാലും അവരുടെ ലക്ഷ്യം ജനങ്ങളെ കൊള്ളയടിക്കുവാൻ‍ കിട്ടുന്ന എല്ലാ പഴുതുകളും ഉപയോഗിക്കും ഞങ്ങൾ‍ എന്നുള്ള പ്രഖ്യാപനമാണ് നടത്തുന്നത്. 

കേന്ദ്രവും സംസ്ഥാനവും കൂടി 50 രൂപയിൽ‍ അധികം നികുതി പെട്രോൾ‍ ഉത്പന്നങ്ങളിൽ‍ നിന്നും പിരിക്കുവാൻ‍ പറയുന്ന ന്യായങ്ങൾ‍ രസാവഹമാണ്. നികുതി പിരിച്ചു ജനങ്ങളെ സഹായിക്കുവാൻ‍ മാർ‍ഗ്ഗമായി പെട്രോളിയം വിഭവത്തെ കാണുന്ന സർ‍ക്കാർ‍ കാര്യക്ഷമമായ നികുതി പിരിവിനായി (അതിന്‍റെ ദുരന്തം മലയാളികൾ‍ അനുഭവിച്ചു തുടങ്ങികഴിഞ്ഞു) ഏർ‍പ്പെടുത്തിയ GST യുടെ ഭാഗമാക്കുവാൻ‍ പെട്രോളിയം ഉത്പന്നങ്ങളെ അനുവദിച്ചില്ല. കാരണം വ്യക്തം. അവിടെ പരമാവധി ഏർ‍പ്പെടുത്താവുന്ന നികുതി 28%. വേണമെങ്കിൽ‍ കുറച്ചു സെസ്സും. അതിൽ‍ കേന്ദ്ര−സംസ്ഥാന സർ‍ക്കാറുകൾ‍ തൃപ്തരല്ല. 2014ലെ എക്സ്സൈസ് നികുതി 11 രൂപയിൽ‍ നിന്നും 21 രൂപയാക്കി കേന്ദ്രം ഉയർ‍ത്തിയപ്പോൾ‍ സംസ്ഥാനങ്ങളും പരമാവധി അതേ മാർ‍ഗ്ഗം തന്നെ അവലംബിക്കുന്നു. അങ്ങനെ എല്ലാ കാര്യങ്ങളും ചന്ത തീരുമാനിക്കട്ടെ, സർ‍ക്കാർ‍ പട്ടാളത്തെയും പോലീസിനെയും നിരത്തി സന്പന്നരുടെ പദ്ധതികൾ‍ക്ക് ജനങ്ങളിൽ‍നിന്നും സംരക്ഷണം നൽ‍കട്ടെ എന്നു പറയുന്ന ആഗോളവത്കരണം ഇന്ത്യയിൽ‍ പെട്രോൾ‍ വിൽ‍പ്പനയുടെ മറവിൽ‍ സർ‍ക്കാർ‍ ജനങ്ങളെ പിഴിയുകയാണ്.

കഴിഞ്ഞ നവംബർ 8നു ഇന്ത്യൻ‍ പ്രധാനമന്ത്രി പറഞ്ഞ വാക്കുകൾ‍ നമ്മൾ‍ ഓർ‍ക്കുന്നുണ്ടാകുമല്ലോ? GST നടപ്പിൽ‍ വരുത്തുന്നതിൽ‍ മോഡിയുടെ ധനകാര്യ മന്ത്രിക്ക് എല്ലാ പിന്തുണയും നൽ‍കിയ സഖാവ് തോമസ്‌ ഐസക്കിന്‍റെ സ്വപ്‌നങ്ങൾ‍ മലയാളി മറന്നു പോകരുത്. നമ്മുടെ രാഷ്രീയ നേതൃത്വങ്ങൾ‍ ജനങ്ങളെ നിരന്തരമായി പറഞ്ഞും പ്രവർ‍ത്തിച്ചും കബളിപ്പിക്കുകയാണ്. ഇന്ത്യൻ‍ സാന്പത്തിക രംഗം വിവിധ രംഗത്ത്‌ തിരിച്ചടികൾ‍ നേരിടുന്നു. അതിനെ പരിഹരിക്കുവാൻ‍ 50000 കോടി രൂപയുടെ പക്കേജുമായി സർ‍ക്കാർ‍ രംഗത്തു വരും എന്നാണ് നമ്മുടെ ധനകാര്യ മന്ത്രി പറഞ്ഞിരിക്കുനന്നത്. അപ്പോഴും നമ്മുടെ ബാങ്കുകളിലെ കിട്ടാകടം 8 ലക്ഷം കോടിയിൽ‍ നിന്നും 12 ലക്ഷം കോടിയിലേയ്ക്ക് വളരുന്നു. കേരളത്തിലെ പ്ലാന്‍റേഷനുകൾ‍ വിദേശ മുതലാളിമാർ‍ നടത്തട്ടെ.  കായലുകൾ‍ ചാണ്ടിമാർ‍ കടത്തട്ടെ. നവംബർ‍ 8 ലെ നമ്മുടെ ബഹുമാന്യ പ്രധാനമന്ത്രിയുടെ വാക്കുകൾ‍ മറക്കരുത്...

ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ജനാധിപത്യ പരീക്ഷണങ്ങളിൽ‍ ജനങ്ങളുടെ ശരിയായ ശബ്ദം വരും നാളുകളിൽ‍ ഉയരും എന്ന് പ്രതീക്ഷിക്കാം

You might also like

  • Lulu Exchange
  • Straight Forward

Most Viewed