അകത്തും പുറത്തും...

പ്രദീപ് പുറവങ്കര
നാടൻ ശൈലിയിൽ പച്ചതെറി വിളിച്ചാൽ പോലും സത്യത്തിൽ രസകരമാണ്. പലരും അത് ആസ്വദിക്കാറുമുണ്ട്. മുന്പ് നമുക്കൊരു മുഖ്യമന്ത്രിയുണ്ടായിരുന്നു. സഖാവ് നായനാർ. അദ്ദേഹം ഈ നാടൻ പ്രയോഗങ്ങളുടെ ആശാനായിരുന്നു. ഇടയ്ക്കിടെ അത്തരം പ്രയോഗങ്ങളൊക്കെ കൂട്ടി അദ്ദേഹം പറയുന്ന വാക്കുകളെ ജനം സ്വീകരിച്ചത് ഏറെ സ്നേഹത്തോടെയായിരുന്നു. അദ്ദേഹം മരിച്ചപ്പോൾ മൂന്ന് ദിവസത്തോളം കേരളമൊട്ടാകെ കരഞ്ഞത് ആ സ്നേഹത്തിന്റെ തെളിവായിരുന്നു. നമ്മുടെയൊക്കെ വീട്ടിലും കാണും നാടൻ പ്രയോഗങ്ങളുമായി നമ്മെ രസിപ്പിക്കുന്നവർ. അവരോട് നമുക്ക് ഏറെ ഇഷ്ടവുമായിരിക്കും.
ജനാധിപത്യത്തിൽ നമ്മെ ഭരിക്കുന്നത് നമ്മൾ തന്നെയാണെന്നാണ് വെപ്പ്. അവിടെ രാജാ പ്രജാ ബന്ധം ഇല്ല. പൊരിവെയിലത്തും കൊടുംപേമാരിയിലും ക്യൂ നിന്ന് വോട്ട് കൊടുത്ത് ജയിപ്പിച്ച് നല്ലതെന്ന് തോന്നുന്ന ഒരുത്തനെ കസേരയിലിരുത്തുന്ന രീതിയാണ് വളരെ ലളിതമായി പറഞ്ഞാൽ ജനാധിപത്യം. അവൻ അല്ലെങ്കിൽ അവൾ നമുക്ക് വേണ്ടി എല്ലാം ശരിയാക്കി തരുമെന്ന ചിന്തയിലാണ് എത്ര മടുത്തിട്ടാണെങ്കിലും പിന്നെയും വോട്ട് കുത്തിപോകുന്നത്. പക്ഷെ ചിലർ ഈ കസേര കിട്ടികഴിഞ്ഞാൽ എല്ലാം മറക്കും. അങ്ങിനെ മറക്കുന്പോൾ അവർ പഞ്ചതന്ത്രകഥകളിലെയും, പുരാണ കഥകളിലെയും രാജാക്കാന്‍മാരുടെ കഥകൾ വായിച്ച് തനിക്കുമങ്ങിനെ ആയികൂടെ എന്നൊക്കെ ചിന്തിച്ചുതുടങ്ങും. ഇരിക്കുന്ന സിംഹാസനമാണ് അത്തരം ചിന്തകളൊക്കെ ഉണ്ടാക്കുന്നത്. ആരവിടെ എന്നൊക്കെ ഈ ചിന്ത വന്നു തുടങ്ങിയാൽ ചോദിച്ചു തുടങ്ങും. പള്ളിയുറക്കവും, പള്ളിനീരാട്ടും, പള്ളിസവാരിയുമൊക്കെ ജനാധിപത്യത്തിലെ രാജാക്കമാർക്കും പതിയെ ശീലമാകും. പക്ഷെ അഞ്ച് വർഷം കഴിയുന്പോൾ ഒരു ചെറിയ സാധ്യത പാവം ജനത്തിന് കിട്ടും. അന്ന് ചിലപ്പോൾ അവർ ഒരു നാടൻ പ്രയോഗം ഉപയോഗിക്കും. കടക്കൂ പുറത്ത് എന്ന് നിശബ്ദമായി പറഞ്ഞു അവർ പണി തരും. കൂടും കിടക്കയുമൊക്കെയായി ബംഗ്ലാവുകളിൽ നിന്ന് ഇറങ്ങുന്പോണ് അധികാര കസേരകൾ താത്കാലിക സംവിധാനമായിരുന്നുവെന്ന് തെരഞ്ഞെടുക്കപ്പെട്ട മഹാന്‍മാർ തിരിച്ചറിയുന്നത്.
മുന്പ് കേരളത്തിന് മറ്റൊരു മുഖ്യമന്ത്രിയുണ്ടായിരുന്നു. ലീഡർജി അഥവാ കെ കരുണാകരൻ. അദ്ദേഹവും രസികനായിരുന്നു. രസികത്വത്തോടൊപ്പം വികസന തത്പരനും കൂടിയായിരുന്നു. പക്ഷെ ഇതിനോടൊപ്പം വർഷങ്ങളായി അധികാരസ്ഥാനങ്ങളിൽ ഇരുന്നപ്പോൾ ഉണ്ടായ അമിതമായ ആത്മവിശ്വാസം അവസാനകാലത്ത് അദ്ദേഹത്തെ തനിച്ചാക്കി. അദ്ദേഹം ഓർമ്മിപ്പിക്കുന്നത് ധാർഷ്ട്യം, അഹങ്കാരം, ഒന്നിനെയും വില കൽപിക്കാത്ത പെരുമാറ്റം, ഒക്കെസാമൂഹ്യപ്രവർത്തകർക്ക് അത്ര നല്ലതല്ല എന്നാണ്. ജനങ്ങളുടെ ഇടയിൽ ജനങ്ങൾക്കൊപ്പം നിൽക്കുന്നവനെയാണ് ജനം അകത്തേക്ക് കയറ്റുന്നത്. ഇല്ലെങ്കിൽ മുന്പ് പറഞ്ഞത് പോലെ അവരും പറയും കടക്കൂ പുറത്ത് എന്ന് !!