‘മേടിക്കൽ’ കൗൺസിൽ ഓഫ് ഇന്ത്യ!

ജെ. ബിന്ദുരാജ്
രണ്ടായിരത്തിപ്പത്തിൽ അറസ്റ്റ് ചെയ്യപ്പെടുന്പോൾ മുൻ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ പ്രസിഡന്റായ കേതൻ ദേശായിക്ക് വിവിധ ബാങ്കുകളിലായി 35 ലോക്കറുകളാണ് ഉണ്ടായിരുന്നത്. സിബിഐ നടത്തിയ റെയ്ഡിൽ ദേശായിയുടെ ദൽഹിയിലെ വീട്ടിൽ നിന്നു മാത്രം പിടിച്ചെടുത്തത് ഒന്നരക്കിലോ സ്വർണവും 85 കിലോ വെള്ളിയുമാണ്. അഹമ്മദാബാദിലെ വീട്ടിൽ നിന്നും 35 ലക്ഷം രൂപയുടെ സ്വർണം വേറെ കണ്ടെത്തി. ഇതിനെല്ലാം പുറമേ, രാജ്യത്തുടനീളം 400ഓളം ഭൂമിയിടപാടുകൾ ദേശായി നടത്തിയിട്ടുള്ളതായും വാർത്ത വന്നു. പഞ്ചാബിലെ ഒരു മെഡിക്കൽ കോളേജിന് എംസിഐയുടെ അംഗീകാരം നൽകുന്നതിനായി കേതൻ ദേശായിക്കും മറ്റു രണ്ടു ഡോക്ടർമാർക്കും രണ്ടു കോടി രൂപ കൈക്കൂലി നൽകിയെന്ന കേസ്സിനെ തുടർന്നായിരുന്നു ദേശായിയുടെ അറസ്റ്റ്. ഇതേ തുടർന്നാണ് 2010ൽ രാഷ്ട്രപതി എംസിഐ പിരിച്ചുവിട്ടത്. എംസിഐയുടെ പ്രവർത്തനങ്ങളെപ്പറ്റി മറ്റൊരു കേസ്സിൽ സംശയങ്ങളുയർന്നതിനെ തുടർന്നാണ് എംസിഐയുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ മുൻ ചീഫ് ജസ്റ്റിസ് ആർഎം ലോധ അദ്ധ്യക്ഷനായ ഒരു മേൽനോട്ട സമിതി സുപ്രീം കോടതി രൂപീകരിച്ചത്. 2016 മേയിൽ രൂപീകരിച്ച ലോധ മേൽനോട്ട സമിതിയുടെ കാലാവധി കഴിഞ്ഞ മേയ് 15−ന് അവസാനിച്ചു. കഴിഞ്ഞയാഴ്ച മൂന്നംഗ ലോധ കമ്മിറ്റിക്കു പകരം അഞ്ചു പ്രമുഖ ഡോക്ടർമാരടങ്ങിയ മറ്റൊരു സമിതി എംസിഐ ഓവർസൈറ്റ് സമിതിയായി പ്രവർത്തിക്കാൻ സുപ്രീം കോടതി അംഗീകാരം നൽകി. ഈ സമിതിയിൽ ഉൾപ്പെടാൻ പട്ടികയിലെ ഏതെങ്കിലുമൊരു ഡോക്ടർക്ക് വിസമ്മതിക്കുന്നപക്ഷം അദ്ദേഹത്തിനു പകരം മറ്റൊരു ഡോക്ടറെ നിയമിക്കാനുള്ള അവകാശവും സുപ്രീം കോടതി കൽപിച്ചുനൽകി. അതോടെ ഓവർസൈറ്റ് സമിതിക്കുമേലും കേന്ദ്ര സർക്കാർ പിടിമുറുക്കിയെന്ന് സാരം. എംസിഐ എടുക്കുന്ന എല്ല തീരുമാനങ്ങളും നിർദ്ദേശങ്ങളുമെല്ലാം കേന്ദ്ര സർക്കാരിലേക്ക് അറിയിക്കുന്നതിനു മുന്പായി ഈ മേൽനോട്ടക്കമ്മിറ്റിയുടെ അംഗീകാരം നേടിയിരിക്കണമെന്നാണ് വയ്പ്. പോരാത്തതിന് എംസിഐ പ്രവർത്തനം മെച്ചപ്പെടുത്താനും പ്രശ്നങ്ങളിൽ പരിഹാരം നിർദ്ദേശിക്കാനുമുള്ള അവകാശവും ഈ മേൽനോട്ടസമിതിക്കുണ്ടായിരിക്കും. എംസിഐയ്ക്കു പകരം നാഷണൽ മെഡിക്കൽ കമ്മീഷൻ എന്ന പേരിൽ ഒരു സമിതി നിയമനിർമ്മാണത്തിലൂടെ കൊണ്ടുവരും വരേയ്ക്കും ഈ സ്ഥിതി തുടരുമെന്നാണ് അറിയുന്നത്.
പക്ഷേ മേയ് 15−ന് ലോധാ കമ്മിറ്റിയുടെ കാലാവധി അവസാനിക്കുകയും ഇക്കഴിഞ്ഞ ജൂലൈ പതിനെട്ടിന് സുപ്രീം കോടതി വികെ പോളിന്റെ നേതൃത്വത്തിലുള്ള പുതിയ എംസിഐ മേൽനോട്ട സമിതിയെ നിയമിക്കുകയും ചെയ്യുന്നതിനിടയിലുള്ള മേയ് 15 മുതൽ മേയ് 31 വരെയുള്ള കാലയളവിൽ രാജ്യത്തുടനീളം എഴുപതോളം മെഡിക്കൽ കോളേജുകൾക്ക് പ്രവർത്തനാനുമതി നൽകിയെന്ന് ആരോപണമുയർന്നിരിക്കുന്നു. ആയിരം കോടി രൂപയുടെ അഴിമതിയാണ് ഇതിലൂടെ കേന്ദ്ര സർക്കാർ നടത്തിയിട്ടുള്ളതെന്നാണ് കോൺഗ്രസിന്റെ ആരോപണം. ഇക്കാലയളവിൽ അനുവദിച്ച എഴുപതോളം കോളേജുകളുകൾക്ക് മെഡിക്കൽ കോളേജുകൾക്കാവശ്യമായ അടിസ്ഥാന മാനദണ്ധങ്ങൾ പോലുമില്ലെന്നത് വൻ അഴിമതിയിലേയ്ക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്. എന്തിന്, അനുവാദം ലഭിച്ച പല കോളേജുകളിലും റസിഡന്റ് ഡോക്ടർമാരുടെ എണ്ണത്തിൽ 40 ശതമാനം വരെ കുറവാണുള്ളത്. ചിലയിടത്ത് അടിസ്ഥാനസൗകര്യങ്ങളായ ഹോസ്റ്റലോ ഇന്റർനെറ്റോ പോലുമില്ല.
കേരളത്തിൽ എംസിഐ വിഷയത്തിൽ ബിജെപി നേതാക്കൾക്കു നേരെയുണ്ടായ അഴിമതി ആരോപണത്തോടെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ വീണ്ടും സംശയത്തിന്റെ കരിനിഴലിലാക്കപ്പെട്ടിരിക്കുകയാണ്. സുപ്രീം കോടതി പുതിയ മേൽനോട്ട സമിതിയെ നിയമിക്കാൻ കേന്ദ്ര സർക്കാരിന് അനുവാദം നൽകിയ അതേ ദിവസം തന്നെയാണ് കേരളത്തിലെ മെഡിക്കൽ കോഴക്കഥ പുറത്തുവന്നതെന്നത് തീർത്തും യാദൃച്ഛികം മാത്രം. വർക്കലയിലെ എസ്ആർ എജ്യുക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള മെഡിക്കൽ കോളേജിന് അംഗീകാരം ലഭിക്കാൻ ബിജെപി നേതാക്കൾക്ക് 5.60 കോടി രൂപ കൈക്കൂലി നൽകിയെന്ന് ട്രസ്റ്റ് ചെയർമാൻ ആർ ഷാജി ബിജെപി നേതൃത്വത്തിന് പരാതി നൽകിയതിനെ തുടർന്നാണ് ഇതേപ്പറ്റി ബിജെപി ഒരു അന്വേഷണം നടത്തിയത്. അന്വേഷണത്തിൽ ബിജെപി സഹകരണ സെൽ കൺവീനറായ ആർഎസ് വിനോദ് ദൽഹിയിലെ ഇടനിലക്കാരനായ സതീഷ് നായർക്കു വേണ്ടി ഈ തുക കൈപ്പറ്റിയെന്ന് പാർട്ടിക്ക് ബോധ്യപ്പെട്ടതിനെ തുടർന്ന് വിനോദിനെ ബിജെപിയിൽ നിന്നും പുറത്താക്കുകയും ചെയ്തു. എന്നാൽ ആവശ്യപ്പെട്ട മുഴുവൻ തുകയും (13.5 കോടി രൂപ) ഷാജിയിൽ നിന്നും ലഭിക്കാത്തതിനാലാണ് എംസിഐയുടെ അംഗീകാരം കോളേജിന് ലഭിക്കാത്തതെന്നായിരുന്നു പണം കൈപ്പറ്റിയ ഇടനിലക്കാരനായ സതീഷ് നായർ അന്വേഷണ സമിതിക്കു നൽകിയ മൊഴി. എംസിഐയിലെ ആർക്കാണ് ഈ കോഴപ്പണം നൽകുന്നതെന്നു മാത്രം സതീഷ് നായർ വ്യക്തമാക്കിയതുമില്ല. ഇതിനു മുന്പും സതീഷ് നായരിലൂടെ കോഴ എംസി ഐയ്ക്ക് നൽകപ്പെട്ടിട്ടുണ്ടെന്നും പാലക്കാട്ടെ കേരള മെഡിക്കൽ കോളേജിന് അങ്ങനെയാണ് അംഗീകാരം നേടിയെടുത്തതെന്നും റിപ്പോർട്ടിൽ പരാമർശവുമുണ്ട്. എന്നാൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കപ്പെട്ടതോടെ ആർ ഷാജി മൊഴിമാറ്റി. ആർഎസ് വിനോദിനെ തനിക്കറിയില്ലെന്നും പണം നേരിട്ട് സതീഷ് നായർക്ക് കൈമാറുകയായിരുന്നുവെന്നുമാണ് വിജിലൻസിനു മുന്നിൽ ഷാജി മൊഴി നൽകിയിരിക്കുന്നത്. ബിജെപിയെ കുറ്റവിമുക്തനാക്കാൻ ഷാജിയിൽ സമ്മർദ്ദം ചെലുത്തപ്പെട്ടതിന്റെ ഭാഗമാണിതെന്ന് വ്യക്തം.
ബിജെപി നേതാക്കൾ ഇടപെട്ട അഴിമതിയെന്നതിനേക്കാൾ പ്രധാനം മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ എന്ന മേടിക്കൽ കൗൺസിലിന് കൂച്ചുവിലങ്ങിടാൻ സുപ്രീം കോടതി ഒരു മേൽനോട്ട സമിതിയെ വച്ചിട്ടുപോലും കാര്യങ്ങളിൽ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ഈ സംഭവവികാസങ്ങൾ തെളിയിക്കുന്നത്.
മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് എല്ലാ മെഡിക്കൽ കോളേജുകളിലും നിലവാരം ഒരുപോലെ ഉറപ്പാക്കുന്നതിനായി 1933−ലെ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്ടിനു കീഴിൽ രൂപീകൃതമായതാണ് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ എന്ന സ്ഥാപനം. 1956−ൽ ഇതു സംബന്ധിച്ച പുതിയ നിയമം വരികയും 1964−ലും 1993−ലും 2001−ലും ഇതിൽ ഭേദഗതികൾ വരുത്തുകയും ചെയ്തിരുന്നു. അണ്ടർ ഗ്രാജുവേറ്റ് തലത്തിലും പോസ്റ്റ് ഗ്രാജുവേറ്റ് തലത്തിലും നിലവാരം ഉറപ്പാക്കുന്നതിനൊപ്പം ഇന്ത്യയിലേയും വിദേശത്തേയും മെഡിക്കൽ സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകുകയോ അംഗീകാരം റദ്ദാക്കുകയോ അംഗീകൃത മെഡിക്കൽ യോഗ്യതകളുള്ള ഡോക്ടർമാർക്ക് രജിസ്ട്രേഷൻ നൽകുകയോ മെഡിക്കൽ യോഗ്യതകളുടെ കാര്യത്തിൽ വിദേശരാജ്യങ്ങളുടെ പരസ്പരധാരണയുടെ അടിസ്ഥാനത്തിൽ അംഗീകാരം നൽകുകയുമൊക്കെയാണ് എംസി ഐയുടെ അടിസ്ഥാനപരമായ കടമകൾ. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മെഡിക്കൽ കോളെജുകൾ പരിശോധിക്കുകയും അവയുടെ നിലവാരം മനസ്സിലാക്കി അവയ്ക്ക് പ്രവർത്തനാനുമതി കൊടുക്കണമോ വേണ്ടയോ എന്നു തീരുമാനിക്കുന്നത്. അംഗീകാരം നൽകുന്നതിനു പുറമേ, മെഡിക്കൽ കോളെജുകളിൽ സീറ്റുകൾ വർദ്ധിപ്പിക്കാനുള്ള അപേക്ഷകളിലും പരിശോധനകൾ നടത്തി തീർപ്പുകൽപിക്കുന്നത് എംസിഐയാണ്.
2016 മാർച്ച് മാസം വരെ രാജ്യത്ത് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ള ഡോക്ടർമാരുടെ എണ്ണം 9,78,735 ആണ്. എംസിഐയുടെ കണക്കുപ്രകാരം എംബിബിഎസ് പഠിപ്പിക്കുന്ന 474 കോളെജുകളാണ് ഇന്ത്യയിലുള്ളത്. ഇവയിൽ എല്ലാം കൂടി മൊത്തം 59,420 സീറ്റുകളാണ് നിലവിലുള്ളത്. പോസ്റ്റ് ഗ്രാജുവേഷൻ തലത്തിൽ സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സുകൾ പഠിപ്പിക്കുന്ന 54 കോളെജുകളും പിഎച്ച്ഡി കോഴ്സുകൾ പഠിപ്പിക്കുന്ന 45 ഇടങ്ങളും പിജി ഡിപ്ലോമ കോഴ്സുകൾ പഠിപ്പിക്കുന്ന 61 കോളെജുകളും പിജിഡിഗ്രി കോഴ്സ് പഠിപ്പിക്കുന്ന 74 കോളെജുകളുമുണ്ട്. ഇതിൽ ബഹുഭൂരിപക്ഷവും സ്വകാര്യ മെഡിക്കൽ കോളെജുകളാണ്. ഇതിനു പുറമേയാണ് ഓരോ വർഷവും പുതുതായി ആരംഭിക്കുന്ന മെഡിക്കൽ കോളെജുകൾ. ഈ സ്വകാര്യ മെഡിക്കൽ കോളെജുകളിൽ വിദ്യാർത്ഥികളുടെ പ്രവേശനത്തിന് ഭീമമായ ഫീസാണ് ഈടാക്കിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് ധനസന്പാദനം ലക്ഷ്യമാക്കി മാത്രം ജാതിമത സംഘടനകളും ബിസിനസ് ഗ്രൂപ്പുകളും റിയൽ എേസ്റ്ററ്റ് ബിസിനസുകാരുമൊക്കെ എങ്ങനെയെങ്കിലും ഒരു മെഡിക്കൽ കോളെജ് ആരംഭിക്കാനും അതിന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരം നേടിയെടുക്കാനും ശ്രമിക്കുന്നത്. ഈ മെഡിക്കൽ കോളെജുകൾക്ക് വേണ്ട പ്രാഥമിക സൗകര്യങ്ങൾ പോലും ഒരുക്കാതെ, മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയിലെ അംഗങ്ങൾക്ക് വൻ തുക കൈക്കൂലി നൽകി പല കോളെജുകളും ഇക്കാലമത്രയും അംഗീകാരം നേടിയെടുത്തിട്ടുമുണ്ട്. കർണാടകയിലും ആന്ധ്രാപ്രദേശിലുമൊക്കെ മുക്കിനുമുക്കിന് കൂണുമുളയ്ക്കും പോലെ മെഡിക്കൽ കോളെജുകൾ മുളപൊട്ടാനുള്ള കാരണവും മറ്റൊന്നല്ല. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല.
സംസ്ഥാനത്ത് ഇന്ന് പ്രവർത്തിക്കുന്ന മെഡിക്കൽ കോളെജുകളെല്ലാം തന്നെ 2010−ൽ സ്ഥാപിതമായ തൃശൂരിലെ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസുമായി അഫിലിയേറ്റ് ചെയ്തവയാണ്. നേരത്തെ മറ്റു സർവകലാശാലകളുടെ കീഴിലായിരുന്ന പല മെഡിക്കൽ കോളെജുകളും 2010−നുശേഷം ഈ സർവകലാശാലയുടെ കീഴിലായി മാറി. കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളെജുകളുടെ കൊള്ള അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഫീസ് നിയന്ത്രണത്തിനായി സർക്കാർ റഗുലേറ്ററി കമ്മിറ്റികളെ നിയമിക്കാറുണ്ട്. ഈ റഗുലേറ്ററി കമ്മിറ്റി കോളെജ് അധികൃതരുമായും സർക്കാരുമായും ചർച്ച ചെയ്തശേഷമാണ് സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളെജുകളിൽ എംബിബിഎസ് കോഴ്സിനായി മെരിറ്റ് സീറ്റിൽ 5.5 ലക്ഷം രൂപ ഫീസായി നിശ്ചയിച്ചിട്ടുള്ളത്. എൻആർഐ ക്വാട്ടയിൽ 20 ലക്ഷം രൂപയായാണ് കമ്മിറ്റി ഫീസ് നിശ്ചയിച്ചിട്ടുള്ളത്. മൊത്തമുള്ള സീറ്റുകളുടെ എണ്ണത്തിന്റെ 15 ശതമാനവും എൻആർഐ ക്വാട്ട സീറ്റുകളാണ്. സംസ്ഥാന സർക്കാരിന്റെ തീരുമാനം അനുസരിച്ച് സിബിഎസ്ഇ നടത്തുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അഥവാ നീറ്റിലൂടെ മാത്രമാണ് ഈ വർഷം മുതൽ മെഡിക്കൽ കോളെജുകളിലേക്കുള്ള എല്ലാ പ്രവേശനവും നടത്തുന്നത്.
സ്വകാര്യ മെഡിക്കൽ കോളെജുകൾ പൂർണമായും കച്ചവട−വാണിജ്യസ്ഥാപനങ്ങളായി മാറുവാനുള്ള പ്രധാന കാരണങ്ങളിലൊന്ന് 2010−ൽ കേന്ദ്ര സർക്കാർ 1999−ലെ മെഡിക്കൽ കൗൺസിൽ നിയമം ഭേദഗതി ചെയ്തതോടെയാണ്. മുൻകാലങ്ങളിൽ സംസ്ഥാന സർക്കാരുകൾ, സർവകലാശാലകൾ, സർക്കാർ സ്വയംഭരണസ്ഥാപനങ്ങൾ, സൊസൈറ്റികൾ, ട്രസ്റ്റുകൾ തുടങ്ങിയവയ്ക്കു മാത്രമേ മെഡിക്കൽ കോളെജുകൾ തുടങ്ങാൻ അനുമതിയുണ്ടായിരുന്നുള്ളുവെങ്കിൽ 2010−ലെ ഭേദഗതിയോടെ കന്പനി ആക്ട് അനുസരിച്ച് രൂപീകരിച്ച സ്വകാര്യ കന്പനികൾക്കും മെഡിക്കൽ കോളെജുകൾ തുടങ്ങാൻ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ അനുവദിക്കുകയായിരുന്നു. നേരത്തെ തന്നെ ലാഭേച്ഛയോടെ നിരവധി പേർ സൊസൈറ്റികൾക്കും ട്രസ്റ്റുകളുമായി മെഡിക്കൽ കോളെജുകൾ ആരംഭിച്ചിരുന്നുവെങ്കിലും ആതുരസേവനത്തെ പൂർണമായും കച്ചവടവൽക്കരിച്ച ഈ നിയമത്തിന്റെ വരവോടെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയിലേക്ക് കൈക്കൂലിപ്പണം ധാരാളമായി ഒഴുകാൻ തുടങ്ങിയെന്നതാണ് വാസ്തവം.
എംസിഐയുടെ മേൽ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് സുപ്രീം കോടതി ജസ്റ്റിസ് ആർഎം ലോധ കമ്മിറ്റിയെ നിയമിച്ചെങ്കിലും ഈ സമിതിയുടെ പ്രവർത്തനങ്ങൾ എംസിഐയുടെ പ്രവർത്തനങ്ങളേക്കാൾ വിചിത്രമായിരുന്നുവെന്നതാണ് പിന്നീടുള്ള നീക്കങ്ങൾ വെളിപ്പെടുത്തിയത്. 2016−ൽ പ്രവേശനാനുമതി ആവശ്യപ്പെട്ട 109 സ്വകാര്യ സ്വാശ്രയകോളെജുകളിൽ എംസിഐ പരിശോധന നടത്തിയതിനെ തുടർന്ന് 17 കോളെജുകളിൽ മാത്രമേ അവർ പ്രവേശനാനുമതി നൽകിയുള്ളു. എന്നാൽ എംസി ഐയുടെ ഈ നടപടി മറ്റുകോളെജുകൾ ചോദ്യം ചെയ്തതിനെ തുടർന്ന് ആർഎം ലോധ കമ്മിറ്റി വെബ്സൈറ്റുകൾ മാത്രം പരിശോധിച്ച് 34 കോളെജുകൾക്കു കൂടി അനുമതി നൽകി. നിഷ്‌കർഷിച്ച മാനദണ്ധങ്ങൾ അവർ പാലിക്കുമെന്ന ഉറപ്പിന്മേലായിരുന്നു സുപ്രീം കോടതി മേൽനോട്ട സമിതി ഈ കോളെജുകൾക്ക് അനുമതി നൽകിയത്. പക്ഷേ ഈ വാഗ്ദാനം പാലിക്കാൻ ഈ കോളെജുകൾക്ക് കഴിയാതിരുന്നതിനെ തുടർന്ന് കഴിഞ്ഞ മാസം രണ്ട് വർഷത്തേക്ക് 32 കോളെജുകളിൽ പ്രവേശനം നടത്തുന്നത് കേന്ദ്ര ആരോഗ്യമന്ത്രാലയം തടയുകയായിരുന്നു. ലോധ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം നിലവിൽ ഈ കോളെജുകളിൽ പഠിക്കുന്ന 4000−ത്തോളം വിദ്യാർത്ഥികൾക്ക് പഠനം പൂർത്തീകരിക്കാൻ അനുമതി നൽകിയിട്ടുമുണ്ട്. യാതൊരു മാനദണ്ഡങ്ങളും പാലിക്കാത്ത കോളെജുകൾക്ക് ലോധ കമ്മിറ്റി അംഗീകാരം നൽകിയത് എന്തുകൊണ്ടാണെന്നതിന് യാതൊരു ന്യായീകരണവുമില്ല താനും.
മെഡിക്കൽ കോളെജുകളിൽ സീറ്റുകൾ വർധിപ്പിച്ചാൽ കോളെജുകളിൽ നിന്നുള്ള ലാഭം പതിന്മടങ് ആക്കാമെന്ന ചിന്തയാണ് പല സ്വാശ്രയ സ്വകാര്യ മെഡിക്കൽ കോളെജുകളും സീറ്റുകൾ വർധിപ്പിക്കാൻ എം സി ഐയ്ക്ക് കോഴ നൽകാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന പുതിയ സംഭവവികാസത്തിനു വഴിവച്ചിരിക്കുന്നത്. കോടിക്കണക്കിനു രൂപ മെഡിക്കൽ വിദ്യാഭ്യാസ മാഫിയ ഉണ്ടാക്കുന്നുണ്ടെന്നറിയാവുന്ന രാഷ്ട്രീയക്കാരും ഇടനിലക്കാരും അതുകൊണ്ടു തന്നെ ഇതിനായി വന്പൻ തുകയാണ് കോഴയായി ആവശ്യപ്പെടുന്നത്. വർക്കലയിലെ എസ് ആർ മെഡിക്കൽ കോളെജിന് പ്രവർത്തനാനുമതിയും കൂടുതൽ സീറ്റും ആവശ്യമാണെന്നു വന്നപ്പോൾ അതുകൊണ്ടാണ് 17 കോടി രൂപയോളം കോഴ നൽകാൻ കോളെജിന്റെ പ്രതിനിധി തീരുമാനിച്ചത്. നേരത്തെ ചെർപ്പുളശ്ശേരിയിലെ കേരളാ മെഡിക്കൽ കോളെജിന് അംഗീകാരം നേടിക്കൊടുക്കാൻ എം ടി രമേശിന് കോഴപ്പണം നൽകിയെന്നും അംഗീകാരം ലഭിച്ചുവെന്നുമുള്ള പ്രചാരണമായിരുന്നു ദൽഹിയിലെ ഇടനിലക്കാരനായ ഇടുക്കി തൊടുപുഴക്കാരനായ മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ സതീഷ് നായർ വഴി സംഭവം ശരിയാക്കാമെന്നുമുള്ള ധാരണയിൽ എസ് ആർ കോളെജുകാർ എത്തിയത്. ദൽഹിയിൽ അധികാരത്തിന്റെ ഇടനാഴിയിൽ കറങ്ങിനടക്കുന്ന അനവധി ദല്ലാളുമാരിൽ ഒരാൾ മാത്രമാണ് സതീഷ് നായർ. കോൺഗ്രസ് നേതാക്കളുമായി നേരത്തെ അടുപ്പം സ്ഥാപിച്ചിരുന്ന ഈ ദല്ലാൾ ക്ഷേത്ര സംരക്ഷണസമിതി പ്രസിഡന്റ് അയ്യപ്പദാസിന്റെ സഹോദരൻ എന്ന നിലയ്ക്കാണ് ബിജെപി അധ്യക്ഷൻ കുമ്മനം രാജശേഖരനോടടക്കം അടുപ്പം സ്ഥാപിച്ചത്. കുമ്മനത്തിന്റെ പിഎ ആയിരുന്ന രാജേഷ് ശിവരാമനും സതീഷ് നായരുമൊക്കെ ആർഎസ് വിനോദ് വഴി (ഇതിൽ കേരളത്തിലെ മറ്റ് ഉന്നത നേതാക്കൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നത് സംശയാസ്പദം) ഈ കോഴയിടപാടിന്റെ ഇടനിലക്കാരാകുകയായിരുന്നു.
ലോധാ കമ്മിറ്റി യാതൊരു മാനദണ്ധവും പാലിക്കാതെ നിരവധി കോളെജുകൾക്ക് അനുമതി നൽകിയതിനു പിന്നിൽ കോഴയിടപാട് നടന്നിട്ടുണ്ടാകാനുള്ള സാഹചര്യങ്ങളുമുണ്ട്. എംസിഐ അംഗീകാരം നൽകില്ലെന്ന് വ്യക്തമാക്കിയ, മാനദണ്ഡങ്ങൾ പാലിക്കാത്ത കോളെജുകൾക്ക് എന്തിനാണവർ അനുമതി നൽകിയത്? മുൻ ന്യായാധിപന്മാർ ഉൾപ്പെടെ ആരും അത്ര സംശുദ്ധരല്ലെന്നുമല്ലെന്ന് കണ്ടെത്തപ്പെട്ടുകൊണ്ടിരിക്കുന്ന സമയമാണിത്. കൊച്ചിയിൽ നിന്നും ആഴ്ചകൾക്കു മുന്പ് പിടികൂടിയ കോടിക്കണക്കിനു രൂപയുടെ അസാധു നോട്ട് കേസ്സിൽ ഒരു മുൻ ന്യായാധിപന്റെ റോൾ എന്താണെന്ന് പൊലീസ് പരിശോധിച്ചുവരുന്ന സമയം കൂടിയാണിത്. ആരോഗ്യമേഖലയെ കൂടുതൽ സ്വകാര്യവൽക്കരിക്കാനുള്ള നീക്കങ്ങൾ കേന്ദ്ര സർക്കാർ നടത്തുന്ന ഒരു സമയം കൂടിയാണിത്. സർക്കാർ ആശുപത്രികളെ സ്ഥല സൗകര്യങ്ങൾ സ്വകാര്യ മേഖലയ്ക്ക് നൽകാനും അതുവഴി പതിയപ്പതിയെ ആരോഗ്യരംഗത്തിന്റെ ചുക്കാൻ പൂർണമായും സ്വകാര്യമേഖലയിലെത്തിക്കാനും നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണത്. പബ്ലിക്− പ്രൈവറ്റ് പങ്കാളിത്തത്തോടെ സർക്കാർ ആശുപത്രികളുടെ നിലവാരം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നാണ് പറയുന്നതെങ്കിലും സ്വകാര്യ മേഖലയ്ക്ക് കൂടുതൽ പണമുണ്ടാക്കി നൽകുകയാണ് ലക്ഷ്യമെന്ന് നയത്തിന്റെ കരടു പരിശോധിച്ചാൽ തന്നെ വ്യക്തമാകും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരിലേക്ക് മാത്രമായി സർക്കാരിന്റെ ആരോഗ്യരംഗം പരിമിതപ്പെടുത്തുകയാണ് ഇതിന്റെ ആത്യന്തിക ലക്ഷ്യം. 2017−ലെ കേന്ദ്ര സർക്കാരിന്റെ ആരോഗ്യനയത്തിൽ കേന്ദ്ര സർക്കാരിന്റെ മനസ്സിലിരുപ്പ് വെളിപ്പെടുന്നുണ്ട്. സർക്കാർ പ്രാഥമിക ചികിത്സാ സേവനങ്ങൾ മാത്രം വാഗ്ദാനം ചെയ്യുന്ന സംവിധാനമായി ചുരുങ്ങുകയും ബാക്കി സേവനങ്ങൾ ഇൻഷുറൻസ് മേഖലയിലൂടെ നൽകുകവഴി സ്വകാര്യ മേഖലാ ആശുപത്രികളിൽ പണം മുടക്കി ചികിത്സ സാധ്യമാക്കുന്ന മോഡലാണിത്. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയെ പൂർണമായും തങ്ങളുടെ വരുതിയിലാക്കുന്നതു മൂലം തങ്ങൾക്കുണ്ടാകാവുന്ന സാന്പത്തികലാഭം കണക്കുകൂട്ടുന്ന കേന്ദ്ര സർക്കാർ, സ്വകാര്യമേഖലയ്ക്ക് ആരോഗ്യരംഗത്തെ പൂർണമായും കൈമാറുന്നതിലൂടെ ലഭ്യമാകുന്ന വലിയ സാന്പത്തികനേട്ടങ്ങളും കണക്കിലെടുത്തിട്ടുണ്ടാകാം. എന്നാൽ ഇതുമൂലം കഷ്ടത്തിലാകാൻ പോകുന്നത് ജനതയാണ്. അനാവശ്യമായ രോഗപരിശോധനാ ടെസ്റ്റുകളും അനാവശ്യമായ ശസ്ത്രക്രിയകളും അനാവശ്യമായ മരുന്നുകളും രോഗികൾക്ക് നിർദ്ദേശിക്കുകവഴി കൊള്ളലാഭമെടുക്കുന്ന സ്വകാര്യ ആശുപത്രി സംവിധാനം സർക്കാർ ആശുപത്രികളിലേക്കുമെത്തുക വഴി രോഗികളാണ് കഷ്ടപ്പെടാൻ പോകുന്നത്. ഇതിനൊപ്പം ഇൻഷുറൻസ് കന്പനികളും വന്പൻ നേട്ടം കൊയ്യുമെന്നത് വേറെ കാര്യം.
മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ അതീവ വിശ്വാസ്യതയോടെ നിലകൊള്ളേണ്ട ഒരു സ്ഥാപനമാണെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല. പക്ഷേ ഇന്ത്യക്കാരനെ ആരു ചികിത്സിക്കണം, ഏതു മട്ടിലുള്ള കോളെജിലാകണം അത്തരത്തിലൊരാൾ പഠിക്കേണ്ടത് എന്നതുപോലും നിശ്ചയിക്കുന്ന മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയെ കേവലമൊരു മേടിക്കൽ കൗൺസിലായി മാത്രം ഭരണവർഗക്കാർ കാണുന്നത് ഭാവിയിൽ ഇന്ത്യയുടെ ആരോഗ്യരംഗത്തെ തകിടംമറിക്കുമെന്നുറപ്പാണ്. മതിയായ വിദ്യാഭ്യാസം ലഭിക്കാതെ എംബിബിഎസ് ബിരുദവും മറ്റു ബിരുദങ്ങളും നേടി പുറത്തിറങ്ങുന്ന ഡോക്ടർമാരും വ്യാജ ഡോക്ടർമാരും തമ്മിൽ വലിയ അന്തരമൊന്നുമുണ്ടാകില്ല. മെഡിക്കൽ സീറ്റിന് വൻ തുക ഫീസായി വാങ്ങുന്ന കോളെജുകൾ ആ വിദ്യാർത്ഥികളെ ജയിപ്പിച്ചുകേറ്റാനും ശ്രമിക്കുമെന്നത് വേറെ കാര്യം. രാഷ്ട്രീയ−ഭരണവർഗ ഇടപെടലുകളില്ലാത്ത മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയിലേക്ക് സംശുദ്ധമായ പ്രതിച്ഛായയുള്ള വ്യക്തിശുദ്ധിയുള്ള പ്രമുഖരായവർ കൂടി പാനൽ അംഗങ്ങളാകട്ടെ. അതുവഴിയെങ്കിലും നഷ്ടപ്പെട്ട പ്രതിച്ഛായ എംസിഐ തിരിച്ചുപിടിക്കട്ടെ.