നിർത്തൂ ഈ കാട്ടാളത്തം

പ്രദീപ് പുറവങ്കര
നമ്മുടെ നാട്ടിൽ ഒരു മനുഷ്യൻ കൂടി കൊല ചെയ്യപ്പെട്ടിരിക്കുന്നു. രാഷ്ട്രീയമാണ് കാരണമെന്ന് പറയപ്പെടുന്നു. സത്യം എന്ത് തന്നെയായാലും കൊലപാതകങ്ങളെ ഒരു തരത്തിലും ന്യായീകരിക്കാൻ സാധ്യമല്ല. അത് മനുഷ്യർക്ക് ചേർന്ന പണിയുമല്ല. രക്തപങ്കിലമായ രാഷ്ട്രീയ പ്രവർത്തനം ബാക്കി വെയ്ക്കുന്നത് കുറെ രക്തസാക്ഷികളെ മാത്രമാണെന്ന് തിരിച്ചറിഞ്ഞിട്ടും ഈ ചോരക്കളി തുടരുന്നവർക്ക് പ്രബുദ്ധത അവകാശപ്പെടാൻ യാതൊരു അർഹതയുമില്ല. ടിപി ചന്ദ്രശേഖരന്റെ വധത്തോടെ കേരളത്തിലെ രാഷ്ട്രീയ കൊലകൾക്ക് അറുതിയുണ്ടാകുമെന്ന് കരുതിയ നിരവധി ശുദ്ധമനസ്ക്കരെ ആവർത്തിച്ച് നിരാശരാക്കുന്നുണ്ട് ഈ കശാപ്പ് രാഷ്ട്രീയം.
ജനങ്ങളുടെ അഭിലാഷത്തിനനുസരിച്ച് അവരുടെ അവകാശ പോരാട്ടങ്ങൾക്ക് കരുത്തേകാനാണ് സ്വേച്ഛാധിപത്യത്തെയും ഏകാധിപത്യത്തെയും വെല്ലുവിളിച്ച് ജനാധിപത്യവും രാഷ്ട്രീയകാഴ്ച്ചപാടുകളും നമ്മുടെ നാട്ടിൽ രൂപപ്പെട്ടത്. ഒരു കാലഘട്ടത്തിൽ രാജ്യതാത്പര്യങ്ങളുടെ സംരക്ഷണത്തിനായിരുന്നു രാഷ്ട്രീയ പാർട്ടികൾ നിലകൊണ്ടിരുന്നതെങ്കിൽ പിന്നീടത് കക്ഷിതാത്പര്യങ്ങളുടെ സംരക്ഷണത്തിനായി മാറി. ജനസേവകരായിരുന്ന രാഷ്ട്രീയക്കാരെ ജനങ്ങൾ സേവിക്കുന്ന ഈ സ്ഥിതി വന്നതോടെ ഭരിക്കുന്നവനായി മാറി നേതാവ്. ആശയങ്ങൾ കൊണ്ട് സംവദിച്ചിരുവന്നർ നേതൃതാത്പര്യം സംരക്ഷിക്കാൻ വേണ്ടി മാത്രം ആയുധങ്ങൾകൊണ്ട് പോരാടാൻ തുടങ്ങി. അണികളുടെ കൈയിലേയ്ക്കാണ് നേതാക്കൾ തങ്ങളുടെ സ്വാർത്ഥ താത്പര്യങ്ങൾ സംരക്ഷിക്കാൻ ആയുധങ്ങൾ എടുത്തു കൊടുക്കുന്നത്. അതു കൊണ്ട് നഷ്ടമുണ്ടാകുന്നത് പാവം സിന്ദാബാദ് വിളിക്കുന്നവർക്ക് മാത്രം. ഇരുളിന്റെ മറവിലും പട്ടാപ്പകലിന്റെ വെളിച്ചത്തിലും ആയുധങ്ങൾ കൊണ്ട് രാഷ്ട്രീയകക്ഷികൾ മാറ്റുരച്ചപ്പോൾ ഇവിടെ പൊലിഞ്ഞ് വീണത് നിരവധി ജീവനുകളാണ്. ഏകാന്തതയിലേയ്ക്ക് വലിച്ചെറിയപ്പെട്ട കുടുംബങ്ങൾ, അകാല വൈധവ്യം പേറേണ്ടിവന്ന സ്ത്രീജന്മങ്ങൾ,
അനാഥമാക്കപ്പെട്ട കുരുന്നുകൾ. ഇവരോടൊക്കെ ആര് മറുപടി പറയാൻ. സ്വന്തം കഴുത്തും നെഞ്ചും വെട്ടിനുറുക്കപ്പെട്ടവർക്ക്, കണ്ണുകൾ ചൂഴ്‌ന്നെറിയപ്പെട്ട് ജീവനറ്റവർക്ക് രാഷ്ട്രീയ പാർട്ടികൾ നൽകുന്ന പേരാണ് രക്തസാക്ഷി. നാലു വോട്ടിന് വേണ്ടി രക്തസാക്ഷികളെ ഉണ്ടാക്കുന്ന വെറും നരാധാമന്‍മാരാണ് നിങ്ങളെന്ന് രാഷ്ട്രീയ നേത്വത്വങ്ങളുടെ മുഖത്ത് നോക്കി വിളിച്ച് പറയാൻ വരെ നമ്മുക്കിപ്പോൾ സാംസ്കാരിക നായകന്‍മാരില്ല. എയർ കണ്ടീഷൻഡ് മുറിയിലിരുന്നു വിപ്ലവത്തിന്റെയും ദേശീയതയുടെയൊമൊക്കെ ഗൃഹാതുരമായ ഓർമ്മളിൽ അഭിരമിച്ച് പരസ്പരം കൊത്തികീറാൻ ഓർഡർ ചെയ്യുന്നവർ മാത്രമാണ് ഓരോ കൊലപതാകത്തിന്റെയും നേട്ടം ആഘോഷിക്കുന്നത്. അക്രമവും കൊലപാതകവും ഹർത്താലുകളും സമ്മാനിച്ചത് ദുരിതവും കണ്ണീരുമല്ലാതെ മറ്റൊന്നുമല്ല എന്ന് തിരിച്ചറിയത്തവരല്ല ഇവരൊന്നും. അക്രമരാഷ്ട്രീയത്തിൽ മനം മടുത്താണ് നമ്മുടെ യുവത്വം അരാഷ്ട്രീയവാദികളായി മാറുന്നത്. ആ കലുഷിതമായ മനസുകളെയാണ് സ്നേഹത്തിന്റെയും സഹനത്തിന്റെയുമൊക്കെ ആട്ടിൻ തോലണിഞ്ഞ് തീവ്രവാദം കുത്തിവെയ്ക്കുന്ന ചെന്നായ്ക്കൾ വലയിലാക്കുന്നത്. മാനവികതയുടെ മുഖം മൂടിയണിഞ്ഞ് വിധ്വംസക പ്രവർത്തനങ്ങളിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നവരുടെ എണ്ണം വർദ്ധിക്കാനേ ഇത്തരം കൊലപാതക രാഷ്ട്രീയം സഹായിക്കൂ.
ഇനിയെങ്കിലും നിർത്തൂ ഇത്തരം നരനയാട്ടുകൾ. പരസ്പരം തമ്മിൽ തല്ലിയും കൊന്നും നേടിയത് നിരവധി കേസുകളും ജയിലറയും ദുഷ്‌പേരും കുറെ പേരുടെ ശത്രുതയും മാത്രമാണെന്ന് വിഡ്ഢികളായ അണികളെങ്കിലും തിരിച്ചറിയണം. നാടിനാവശ്യം ഇത്തരം കാട്ടാളത്തമല്ല, മറിച്ച് ജനക്ഷേമവും ജനാധിപത്യവുമാണ്. അത്‌കൊണ്ട് കൊടിക്കൂറയുടെ നിറം നോക്കാതെ രാഷ്ട്രീയ പോക്രികളോട് ഉറക്കെ വിളിച്ചുപറയാം. മാനിഷാദ. നിർത്തൂ ഈ കാട്ടാളത്തം...