രാ­മകഥാ­മൃ­തം - ഭാ­ഗം 13


എ. ശിവപ്രസാദ്

അകന്പനന്റെ വാക്കുകളിൽ നിന്നും ശ്രീരാമൻ സാധാരണ മനുഷ്യനല്ലെന്നു രാവണനു മനസിലായി. ശ്രീരാമൻ കൂടെയുള്ളപ്പോൾ സീതാദേവിയെ അപഹരിക്കുക അസാധ്യമാണെന്ന് രാവണൻ മനസിലാക്കി. അതുകൊണ്ട് തന്റെ വിശ്വസ്തനായ മാരീചൻ എന്ന രാക്ഷസന്റെ സഹായം തേടാൻ രാവണൻ തീരുമാനിച്ചു. ഉടൻ തന്നെ രാവണൻ മാരീചന്റെ അടുത്തെത്തി. രാവണനെ കണ്ട മാത്രയിൽ തന്നെ മാരീചൻ പേടിച്ചു വിറച്ചു. രാവണനെ സ്വീകരിച്ചിരുത്തി കുശല പ്രശ്നങ്ങൾക്കു ശേഷം ആഗമനോദേശ്യം ആരാഞ്ഞു. പഞ്ചവടി എന്ന വനത്തിൽ അയോധ്യയിലെ രാജാവായ ദശരഥന്റെ പുത്രൻ ശ്രീരാമൻ അനുജനോടും ഭാര്യയോടുമൊപ്പം വനവാസം അനുഷ്ഠിക്കുന്നുണ്ടെന്നും ശ്രീരാമന്റെ അതിസുന്ദരിയായ ഭാര്യ സീതയെ തട്ടിക്കൊണ്ടുവരുവാൻ മാരീചന്റെ സഹായം ആവശ്യമാണെന്നും അതിനാണ് താൻ ഇവിടെ വന്നതെന്നും രാവണൻ പറഞ്ഞു. ഒരു സ്വർണ്ണമാനിന്റെ രൂപത്തിൽ ശ്രീരാമന്റെ ആശ്രമമുറ്റത്തെത്തി ശ്രീരാമനെ ആശ്രമത്തിനിന്ന് അകറ്റിയാൽ ആ സമയത്ത് താൻ സീതയെ അപഹരിക്കുമെന്നും രാവണൻ പറഞ്ഞു.

രാവണന്റെ ആവശ്യം കേട്ട മാരീചൻ പേടിച്ച് വിറച്ചു. കാരണം ശ്രീരാമൻ ആരാണെന്നും ശ്രീരാമന്റെ ശക്തിയും കഴിവും എന്താണെന്നും മാരീചന് നന്നായറിയാമായിരുന്നു. രാമന്റെ അടുത്ത് വേഷം മാറി പോയാൽ രാമബാണങ്ങളാൽ മൃത്യു ഉറപ്പാണ്. ഈ രാവണനെ അനുസരിച്ചില്ലെങ്കിൽ രാവണന്റെ ചന്ദ്രഹാസമെന്ന വാളിന്നിരയാകും. പ്രാണസങ്കടത്തിലായ മാരീചൻ രാവണനോട് പറഞ്ഞു. “അല്ലയോ രാക്ഷസ രാജാവേ! ശ്രീരാമൻ ധർമ്മത്തിന്റെ പ്രതീകമാണ്. മാത്രമല്ല ഭഗവാൻ മഹാവിഷ്ണുവിന്റെ അവതാരവുമാണ്. സാക്ഷാൽ ജഗദീശ്വരായ ശ്രീരാമന്റെ പത്നിയെ അപഹരിക്കുക എന്ന ബുദ്ധി നിനക്കെങ്ങിനെ വന്നുചേർന്നു? ഇത് മൃത്യുവിലേക്കുള്ള യാത്രയാണ്. പണ്ട് വിശ്വാമിത്ര മഹർഷിയുടെ യാഗം മുടക്കാൻ പോയപ്പോൾ രാമന്റെ ശക്തി ഞാൻ നേരിട്ടു കണ്ടതാണ്. അന്ന് ശ്രീരാമൻ കേവലം ബാലനായിരുന്നു. ഇന്ന് രാമൻ വളർന്ന് വലുതായി. മൂന്നു ലോകങ്ങളിലും രാമനെ തോൽപ്പിക്കാനായി ആരുമില്ല. ശ്രീരാമനെ കുറിച്ച് കൂടുതൽ അറിയണമെങ്കിൽ കൊട്ടാരത്തിൽ ചെന്ന് സഹോദരനായ വിഭീഷണനോട് ചോദിക്കു.”

പക്ഷേ മാരീചന്റെ ഉപദേശങ്ങളൊന്നും തന്നെ രാവണനിൽ ഒരു ചലനവും ഉണ്ടാക്കിയില്ല. രാവണൻ പറഞ്ഞു. “മാരീചാ സീതാപഹരണമെന്ന കൃത്യം ഞാൻ മനസിൽ ഉറപ്പിച്ചു കഴിഞ്ഞു. അതിനിനി ഒരിളക്കവുമില്ല, ഒരു പ്രജ എന്ന നിലയിൽ എന്റെ ആജ്ഞ അനുസരിക്കുക മാത്രമാണ് നിന്റെ കർത്തവ്യം. എന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം. നിന്നിൽ നിന്ന് ഞാൻ ആഗ്രഹിക്കുന്നത് അവിതർക്കിതമായ അനുസരണം മാത്രമാണ്. ഞാൻ മുന്പു പറഞ്ഞതുപോലെ നീ ഒരു സ്വർണ്ണനിറമുള്ള മാനിന്റെ രൂപം സ്വീകരിച്ച് രാമന്റെ ആശ്രമത്തിനു മുന്പിൽ നിൽക്കണം. നിന്നെ പിടിച്ചു കൊടുക്കാനായി സീത പറയുന്പോൾ നീ അല്പാല്പമായി ദൂരേക്ക് പോകണം. കുറെ കഴിയുന്പോൾ ലക്ഷ്മണൻ ജ്യേഷ്ഠനെ അന്വേഷിച്ചു പോകും. ആ തക്കം നോക്കി ഞാൻ സീതയെ അപഹരിക്കും.” മാത്രമല്ല തന്റെ ആജ്ഞ അനുസരിച്ചില്ലെങ്കിൽ യമപുരിയിലേക്കയക്കുമെന്നും രാവണൻ മാരീചനെ ഭീഷണിപ്പെടുത്തി. മരണം ആസന്നമായെന്ന് മാരീചൻ മനസിലുറപ്പിച്ചു. രാക്ഷസനായ രാവണന്റെ കൈകൾ കൊണ്ട് മരിക്കുന്നതിലും ഭേദം ഈശ്വരനായ ശ്രീരാമന്റെ കൈകൊണ്ട് മരിക്കുന്നതാണെന്ന് മാരീചൻ ആലോചിച്ചു. കാരണം ശ്രീരാമന്റെ കൈകളാൽ മൃത്യു സംഭവിച്ചാൽ സ്വർഗപ്രവേശം സാധ്യമാകും., അങ്ങിനെ മാരീചൻ പഞ്ചവടിയിലേക്ക് പുറപ്പെട്ടു. ശ്രീരാമന്റെ ആശ്രമപരിസരത്തെത്തിയ മാരീചൻ ചുറ്റുപാടും ഒന്നു വീക്ഷിച്ചു. അതിമനോഹരമായ ആശ്രമമായിരുന്നു അത്. വൃക്ഷങ്ങളും ചെടികളും പൂത്തുലഞ്ഞ് സുഗന്ധം പരത്തുന്ന അന്തരീക്ഷമായിരുന്നു. ശ്രീരാമദേവനെ തന്നെ മനസിൽ ധ്യാനിച്ച് മാരീചൻ സ്വർണ്ണനിറമുള്ള ഒരു പുള്ളിമാനായി മാറി.

You might also like

  • Straight Forward

Most Viewed