രാമകഥാമൃതം - ഭാഗം 14

എ. ശിവപ്രസാദ്
പഞ്ചവടിയിലെ ആശ്രമത്തിൽ വിശ്രമിക്കുകയായിരുന്നു ശ്രീരാമനും സീതയും. പൊടുന്നനെ ആശ്രമമുറ്റത്ത് സ്വർണ്ണനിറമുള്ള ഒരു മാൻ പ്രത്യക്ഷപ്പെട്ടു. മാനിനെ കണ്ട സീതയ്ക്ക് അതിനെ സ്വന്തമാക്കണമെന്നു തോന്നി. അത്രയ്ക്കും മനോഹരമായിരുന്നു ആ മാൻ. സീത ശ്രീരാമനോട് പറഞ്ഞു.
“ഭർത്താവേ കണ്ടീലയോ കനകമയമൃഗ
മെത്രയും ചിത്രം! ചിത്രം! രത്നഭൂഷിതമിദം
പേടിയില്ലിതിനേതുമെത്രയുമടുത്തു
വന്നീടുന്നു മെരുക്കമുണ്ടെത്രയുമെന്നു തോന്നും
കളിപ്പാനതിസുഖമുണ്ടിതു നമുക്കിങ്ങു
വിളിച്ചീടുക വരുമെന്നു തോന്നുന്നു നൂനം.”
സീതയുടെ സ്നേഹപൂർണ്ണമായ നിർബന്ധം കേട്ട ശ്രീരാമൻ സ്വർണ്ണമയമായ ആ മാനിനെ പിടിക്കാനായി ചെന്നു. അടുത്തെത്തിയപ്പോൾ ആ മാൻ അല്പദൂരത്തേക്ക് ഓടിപ്പായി. ശ്രീരാമൻ വീണ്ടും പുറകെ ചെന്നപ്പോൾ മാൻ വീണ്ടും ദൂരേക്ക് പോയി. ഇങ്ങനെ കുറെക്കഴിഞ്ഞപ്പോൾ ശ്രീരാമൻ ആശ്രമത്തിൽ നിന്നും വളരെ അകലെയായി. കുറച്ചുകഴിഞ്ഞപ്പോൾ ശ്രീരാമന്റെ ക്ഷമ നശിച്ചു. ശ്രീരാമൻ തന്റെ ആവനാഴിയിൽ നിന്നും ഒരു അസ്ത്രമെടുത്തു മാനിനു നേരെ എയ്തു. അസ്ത്രമേറ്റ മാൻ രൂപം മാറി മാരീചനായി മാറി. നിലത്തു വീഴുന്ന സമയത്ത് മാരീചൻ “ഹാ അനുജാ ലക്ഷ്മണാ ഓടി വരൂ, എന്നെ രക്ഷിക്കൂ.” എന്ന് ആർത്തു വിളിച്ചു കൊണ്ട് വീണു മരിച്ചു.
മാരീചനുണ്ടാക്കിയ ദീനമായ നിലവിളി അങ്ങകലെ ആശ്രമത്തിലുള്ള സീത കേട്ടു. ശ്രീരാമദേവൻ എന്തോ ആപത്തിൽ പെട്ടിരിക്കുന്നു എന്ന് സീത ധരിച്ചു. സീത ലക്ഷ്മണനോട് ശ്രീരാമൻ എന്തോ ആപത്തിൽ പെട്ടിട്ടുണ്ടെന്നും സഹായത്തിനായി ഉടൻ പോകണമെന്നും പറഞ്ഞു. എന്നാൽ ഇതുകേട്ട ലക്ഷ്മണനിൽ യാതൊരു ഭാവമാറ്റവും ഉണ്ടായില്ല. ശ്രീരാമൻ വിഷ്ണുവിന്റെ അവതാരമാണെന്നും ശ്രീരാമന് ഒരിക്കലും ഒരാപത്തും വരില്ലെന്നും മാത്രമല്ല ശ്രീരാമനിൽ നിന്ന് ഒരിക്കലും ഒരു ദീന രോദനം ഉണ്ടാവുകയില്ലെന്നും ലക്ഷ്മണൻ പറഞ്ഞു. പക്ഷെ ഇതൊന്നും ചെവിക്കൊള്ളാൻ സീത തയ്യാറായില്ല. സീത കരഞ്ഞു കൊണ്ട് എത്രയും പെട്ടെന്ന് തന്റെ ഭർത്താവിന്റെ അടുത്തേക്ക് പോകാൻ ലക്ഷ്മണനോട് പറഞ്ഞു. എന്നാൽ രാക്ഷസന്മാരുടെ മായാവിദ്യയാണിതെന്നും രാമന് ഒരാപത്തും വരില്ലെന്നും ലക്ഷ്മണൻ ആവർത്തിച്ചു.
ഇതുകേട്ട സീതയ്ക്ക് കോപം വന്നു. സീതയുടെ ദുഃഖം അവളുടെ ധർമ്മബോധത്തെ ഇല്ലാതാക്കി. സീത ലക്ഷ്മണനോട് പറഞ്ഞു. “ലക്ഷ്മണാ! നീയൊരു അനാര്യനാണ്. നിന്നെ ശ്രീരാമന്റെ സഹോദരനാണെന്ന് പറയാൻ പോലും കഴിയില്ല. നീ പാപം ചെയ്യാൻ ഉറച്ചിരിക്കുകയാണ്. സൂര്യവംശത്തിനു തന്നെ നീ ഒരു കളങ്കമാണ്. അതുകൊണ്ടാണ് സ്വന്തം ജ്യേഷ്ഠൻ അപകടത്തിലാണെന്നറിഞ്ഞിട്ടും ഇങ്ങനെ ഉദാസീനനായിരിക്കുന്നത്. ഇത്രയും കാലം ദുഷ്ടവിചാരങ്ങൾ മനസിൽ പൂഴ്ത്തിവെച്ച് നീ സ്നേഹം നടിക്കുകയായിരുന്നു. ഒന്നുകിൽ എന്നെ സ്വന്തമാക്കാനുള്ള മോഹം കൊണ്ട് അല്ലെങ്കിൽ ഭരതനുമായി ചേർന്ന് രാമനെ ഇല്ലാതാക്കാനാണ് നീ കാട്ടിലേക്ക് വന്നത്. ഞാൻ ഒരു കാര്യം പറയാം. നിന്റെ ഒരാഗ്രഹവും നടക്കില്ല. ശ്രീരാമദേവന് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ ഈ നിമിഷം ജീവൻ വെടിയും.എന്നെ നിനക്ക് തൊടാൻ കഴിയില്ല.
സീതാദേവിയുടെ വാക്കുകൾ കേട്ട ലക്ഷ്മണൻ കരഞ്ഞ് കൈക്കൂപ്പിക്കൊണ്ട് പറഞ്ഞു. “അല്ലയോ സീതാദേവീ, ശ്രീരാമൻ എനിക്ക് അച്ഛന്റെ സ്ഥാനത്തും ഭവതി അമ്മയുടെ സ്ഥാനത്തുമാണ്. ഇത്രയും വേദനാജനകമായ വാക്കുകൾ എന്നോട് പറയരുത്. ഇത്തരം വാക്കുകൾ എനിക്ക് സഹിക്കാൻ കഴിയുന്നില്ല. എന്തോ ഒരാപത്ത് ഭവതിക്കു സംഭവിക്കാൻ പോകുന്നുണ്ട്. അതാണ് ഇത്തരം വാക്കുകൾ ഭവതി പറയുന്നത്.” ലക്ഷ്മണന്റെ വാക്കുകളൊന്നും സീത ചെവിക്കൊണ്ടില്ല. ഉടൻ തന്നെ ശ്രീരാമദേവന്റെ അടുക്കലേക്ക് പോയില്ലെങ്കിൽ താൻ ആത്മത്യാഗം ചെയ്യുമെന്ന് സീത പറഞ്ഞു. ഒടുവിൽ ഗത്യന്തരമില്ലാതെ ലക്ഷ്മണൻ ശ്രീരാമദേവന്റെ അടുത്തേക്കു പോകാൻ തയ്യാറായി.