പുരുഷപരാതികൾക്ക് ഒരിടം...

പ്രദീപ് പുറവങ്കര
“നീ ആണാണ്, കരയരുത്“. പെൺകുട്ടികളോട് ഇലയുടെ കാര്യം പറഞ്ഞ് ബോധിപ്പിക്കുന്നത് പോലെ പുരുഷന്‍മാർ അവരുടെ ജീവിതത്തിൽ ഏറ്റവുമധികം കേട്ടിരിക്കാൻ സാധ്യതയുളള വാചകമാണിത്. ഏറ്റവുമധികം ഈ ഉപദേശം ലഭിക്കുന്നതും സ്ത്രീകളിൽ നിന്ന് തന്നെയാകും. ഈ ഒരു വിഷയത്തെ പറ്റി എഴുതാൻ കാരണമായത് കഴിഞ്ഞ ദിവസം കണ്ട ഒരു വാർത്തയാണ്. പീഡനം ആരോപിച്ച് പുരുഷന്‍മാർക്കെതിരേ സ്ത്രീകൾ വ്യാജപരാതികൾ ഉന്നയിച്ചാൽ അവ ശ്രദ്ധയിൽപ്പെടുത്താനും അവരുടെ വാദം കേൾക്കാനും പുതിയ സംവിധാനം പരിഗണനയിലുണ്ടെന്നതാണ് ആ വാർത്ത. ദേശീയ വനിതാ കമ്മീഷന്റെ വെബ് സൈറ്റിൽ പുരുഷന്‍മാർക്ക് ഓൺലൈനായി പരാതി നൽകാനാണ് അവസരമൊരുങ്ങുന്നത്. കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രാലയമാണ് ഇത്തരമൊരു നിർദ്ദേശം മുന്പോട്ട് വെച്ചത്. പുരുഷന്‍മാർക്കെതിരെ വ്യാജപരാതികൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിർദ്ദേശം വന്നിരിക്കുന്നത്. സ്ത്രീ സംരക്ഷണത്തിനായി തയ്യാറാക്കിയ നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന പരാതികൾ ഉയരുന്ന സാഹചര്യവും കണക്കിലെടുക്കുന്നുണ്ട്.
പുരുഷന്‍മാരെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമായ വാർത്ത തന്നെയാണിത് എന്ന് പറയാതിരിക്കാൻ വയ്യ. സമീപ കാലത്ത് വന്നിരിക്കുന്ന ചില കേസുകൾ എടുത്താൽ പരാതിക്കാരിയായ സ്ത്രീയെക്കാൾ പരിഗണന ലഭിക്കേണ്ടിയിരുന്നത് അതിൽ പ്രതിയാകുന്ന പുരുഷനല്ലെ എന്ന സംശയം തോന്നാറുണ്ട്. പീഢനം എന്ന വാക്കിന് മുന്പ് ഉപദ്രവം, ദ്രോഹം എന്നൊക്കെയായിരുന്നു നമ്മൾ അർത്ഥം കണ്ടിരുന്നത്. എന്നാൽ ഇന്ന് കേവലം സ്ത്രീ പുരുഷ ബന്ധത്തെ അത് ചിലപ്പോൾ ഉഭയകക്ഷി സമ്മതത്തോടെയാണെങ്കിൽ പോലും ഒരാൾക്ക് പരാതിയുണ്ടെങ്കിൽ അതിനെ പീഢനം എന്ന വാക്കായിട്ടാണ് നമ്മൾ ഉപയോഗിക്കുന്നത്. മലയാളം പോലെയുള്ള സജീവമായ ഭാഷയിൽ ഇങ്ങിനെ പുതിയ വാക്കുകൾ ഉണ്ടാകുന്നതും പ്രയോഗങ്ങൾ കൂട്ടിചേർക്കപ്പെടുന്നതും സ്വാഭാവികമായ കാര്യമാണ്.
പറഞ്ഞുവരുന്നത് ഇന്ന് നമ്മുടെ ഇടയിൽ സ്ത്രീകൾക്കെതിരെയുള്ള പീഢനങ്ങളാണ് ചർച്ചയാകുന്നതെങ്കിൽ നാളെ അത് പുരുഷന് നേരെയുള്ളതായി മാറാം എന്നതാണ്. സമൂഹത്തിന്റെ മാറ്റത്തിനനുസരിച്ചാണ് ഒരു നാടിന്റെ സംസ്കാരം മാറി വരുന്നത്. നൂറ് വർഷം മുന്പ് നമ്മുടെ നാട്ടിൽ നിലനിന്നിരുന്ന പല ആചാരങ്ങളും ഇന്ന് അനാചാരങ്ങളായി കരുതപ്പെടുന്നത് അതുകൊണ്ടാണ്. ഇന്നിപ്പോൾ നമ്മൾ അനുഷ്ടിച്ചു വരുന്ന പലതും നൂറ് വർഷത്തിനപ്പുറം ഘോരമായ അപരാധവുമായേക്കാം. നമ്മുടെ സമൂഹത്തിന് ഇപ്പോഴും പുരുഷന്‍മാർക്ക് ഏൽക്കേണ്ടി വരുന്ന പീഢനങ്ങളെ പറ്റിയുള്ള വാർത്തകൾ ദഹിക്കാറില്ല. അതുകൊണ്ട് തന്നെ വില്ലൻ എന്ന പരിവേഷമാണ് ഏതൊരു കഥയിലും പുരുഷന് നൽകപ്പെടുന്നത്. ചെറിയ കുട്ടി മുതൽ പ്രായമുള്ള ആണുങ്ങൾ വരെ ഒരിക്കലും പീഢിപ്പിക്കപ്പെടുന്നില്ല എന്നതാണ് പൊതുവെയുള്ള ധാരണ. അവൻ ആണല്ലെ അതിനെന്താ എന്നാണ് സ്വന്തം കുട്ടി പോലും ആരുടെയെങ്കിലും കൈയാൽ ലൈംഗികമായി അക്രമിക്കപ്പെട്ടാൽ വിദ്യാസന്പന്നരായവർ പോലും പറയുന്ന കമന്റ്. പുതിയ നിർദേശത്തോടെ ആ ധാരണയിൽ അൽപ്പെങ്കിലും മാറ്റങ്ങൾ വന്നുതുടങ്ങട്ടെ എന്ന് പ്രതീക്ഷിക്കുന്നു.