പ്രതിസന്ധികൾ നൽകുന്ന പ്രത്യാശകൾ

വത്സ ജേക്കബ്
1492−ൽ മൂന്നു കപ്പലുകളിലായി ക്രിസ്റ്റഫർ കൊളംബസിന്‍റെ നേതൃത്വത്തിൽ ഏകദേശം 120 പേരടങ്ങുന്ന ഒരു സംഘം യാത്ര തിരിച്ചു. ചെറുപ്പം മുതലേ തന്റെ പിതാവിനൊപ്പം കപ്പൽ യാത്ര ചെയ്തിട്ടുള്ളതിനാൽ അദ്ദേഹത്തിന് കപ്പൽ യാത്രകൾ എന്നും ഹരമായിരുന്നു. കുറച്ചു പ്രായമായപ്പോൾ അദ്ദേഹത്തിന് മറ്റ് രാജ്യങ്ങളിലേയ്ക്ക് കപ്പൽ യാത്ര ചെയ്യുവാൻ ആഗ്രഹം തോന്നി. പോർച്ചുഗീസ് രാജാവിന്‍റെ അടുത്തുചെന്നു താൻ ഏഷ്യയിലേയ്ക്ക് പുതിയൊരു കടൽ മാർഗം കണ്ടുപിടിക്കാൻ പോകുന്നു, അതിനു ധനസഹായം അഭ്യർത്ഥിച്ചു. രാജാവ് സഹായം ഒന്നും നൽകിയില്ല. പിന്നീട് അദ്ദേഹം സ്പെയ്നിൽ പോയി അവിടുത്തെ രാജാവിനെയും രാജ്ഞിയെയും കണ്ടു. അവർ വേണ്ട സഹായങ്ങൾ നൽകി.അങ്ങനെ അദ്ദേഹം യാത്ര തിരിച്ചു.
അറ്റ്ലാന്‍റിക് സമുദ്രത്തിലൂടെയുള്ള യാത്ര അതീവ ദുഷ്കരമായിരുന്നു. അന്നത്തെ കപ്പലുകൾ എന്നു പറഞ്ഞാൽ ഇന്നത്തെപ്പോലെ ആധുനിക സൗകര്യങ്ങൾ ഒന്നും ഇല്ല. കാറ്റിനനുസരിച്ച് യാത്ര ചെയ്യുന്നതാണ് രീതി. കാറ്റില്ലാത്തപ്പോൾ കപ്പലുകൾ വെറുതെ നടുക്കടലിൽ കിടക്കും. അങ്ങനെ കുറച്ചുദിവസങ്ങൾ കടന്നുപോയി. വിചാരിച്ച സമയത്ത് ആലോചിച്ചുവന്ന സ്ഥലത്ത് എത്താനും കഴിഞ്ഞില്ല. കൊണ്ടുപോയ ഭക്ഷണവും വെള്ളവും ഒക്കെ തീരാറാകുന്ന സ്ഥിതിയിലും ഇന്നല്ലെങ്കിൽ നാളെ എത്തിപ്പെടാം എന്ന ചിന്തയിൽ അദ്ദേഹം പിടിച്ച് നിന്നു. കൂടെയുണ്ടായിരുന്ന സഹയാത്രികർ പലരും രോഗം ബാധിച്ചു മരിച്ചു. ബാക്കിയുള്ളവർ വന്നുപെട്ട ദുരിതം ഓർത്ത് കൊളംബസിനോട് വഴക്കുണ്ടാക്കുകയും, മാത്രമല്ല അദ്ദേഹത്തെ കൊല്ലാനും ആലോചിച്ചു. കുറേപ്പേർ കൊളംബസ്സിനെ കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തി. മറ്റുചിലർ തിരിച്ചുപോകാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. അപ്പോളൊക്കെ അദ്ദേഹത്തിന് ഒരു മറുപടി മാത്രമേ ഉള്ളൂ ‘sail on friends’ കാറ്റില്ലാത്ത അവസ്ഥയിലും കൊടുങ്കാറ്റ് വീശുന്പോഴും, മഞ്ഞും മഴയും വെയിലും തളർത്താതെ കൊളംബസും കൂട്ടുകാരും തുഴഞ്ഞുകൊണ്ടേയിരുന്നു. അവസാനം അവർ ഒരു കരയ്ക്കെത്തി. പിന്നീട് അദ്ദേഹം പല കപ്പൽ യാത്രകളും നടത്തി പല പല ദ്വീപുകൾ, പലപല ദേശങ്ങൾ. നേരിട്ട പ്രതിസന്ധികളെ അദ്ദേഹം ആയുധമാക്കി.കൂടുതൽ കൂടുതൽ യാത്ര ചെയ്യാനുള്ള പ്രചോദനമാക്കി അദ്ദേഹം രൂപാന്തരപ്പെടുത്തി.
നമുക്ക് എന്തു നേടണം, എങ്ങനെ നേടണം എന്നതിനെക്കുറിച്ച് എപ്പോഴും ഒരു ബോധ്യം ഉണ്ടായിരിക്കണം. അതിനായി ഇറങ്ങിത്തിരിക്കുന്പോൾ നമുക്ക് വരുന്ന പ്രതികൂലങ്ങൾ, പ്രശ്നങ്ങൾ, പ്രതിസന്ധികൾ ഇതൊന്നും നമ്മെ പുറകോട്ടു വലിക്കരുത്. ലക്ഷ്യം മുന്‍പിൽ നിർത്തി മുന്നേറാൻ ഉള്ള ഒരു ആത്മധൈര്യം നമുക്കുണ്ടാകണം. എങ്കിലേ ലക്ഷ്യസ്ഥാനത്തെത്തുവാൻ കഴിയൂ. ഓരോ രാവിനുശേഷവും ഒരു പകൽ ഉണ്ടെന്ന് ഓർക്കുക.