കെട്ടുകാഴ്ച്ചകൾക്കപ്പുറം...

പ്രദീപ് പുറവങ്കര
ഇന്ന് ശ്രദ്ധേയമായ രണ്ട് തീരുമാനങ്ങൾ വന്നിരിക്കുന്നു. പയ്യോളി എക്സ്പ്രസ് എന്ന പേരിൽ നമ്മൾ മലയാളികൾ കൊണ്ടാടുന്ന പി.ടി ഉഷയും, അതു പോലെ ഭൂമിയിൽ ജീവിക്കുന്ന വിണ്ണിലെ താരങ്ങളായ സിനിമ അഭിനേതാക്കളുമാണ് മലയാളികളെ ആകെ കോരിതരിപ്പിക്കുന്ന ആ തീരുമാനവുമായി രംഗത്ത് വന്നിട്ടുള്ളത്. പിയു ചിത്ര എന്ന നിർദ്ധനയായ ഒരു കുട്ടിയെ അത്ലറ്റിക്ക് മീറ്റിലേയ്ക്ക് അയക്കേണ്ടതില്ല എന്ന് പറഞ്ഞ പിടി ഉഷയുടെ നടപടിയെ പറ്റിയും, ദിലീപിന്റെ അറസ്റ്റും അതുമായി ബന്ധപ്പെട്ട ഇടപ്പെടലുകളെയും തുറന്ന് കാണിച്ചതിലുള്ള എതിർപ്പാണ് ഈ പ്രതിക്ഷേധം.
പിടി ഉഷ എന്നത് ഓരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരം തന്നെയാണ് ഇപ്പോഴും. അവർ ട്രാക്കിൽ ഓടി തുടങ്ങുന്പോൾ അതിനോടൊപ്പം സ്നേഹവാത്സല്യങ്ങൾ വാരിചൊരിഞ്ഞവരാണ് മിക്ക മലയാളികളും. എപ്പോഴൊക്കെ ട്രാക്കിലും, ട്രാക്കിന് പുറത്തും ഉഷ തളർന്നുവോ അന്നൊക്കെ മലയാളികൾ മുഴുവനായും ഉഷയ്ക്കൊപ്പം നിന്നു. അവർക്കൊന്നും പിയു ചിത്ര എന്ന കുട്ടിയോട് ഉഷ കാണിച്ചതിനോട് ഒരു യോജിപ്പുമുണ്ടാകില്ല എന്ന സത്യമാണ് ഉഷയെ ഇപ്പോൾ വേദനിപ്പിച്ചതെന്ന് മനസിലാക്കുന്നു. പക്ഷെ അത് അഹങ്കാരമാണെന്ന് തിരിച്ചറിഞ്ഞ് തന്റെ തെറ്റ് തിരുത്തുന്നതിന് പകരം ഈ ഒരു സംഭവം ജനങ്ങളുടെ മുന്പിലേയ്ക്ക് എത്തിച്ച മാധ്യമങ്ങളോട് ദേഷ്യം തോന്നുന്നതും അവരെ ബഹിഷ്കരിക്കുമെന്ന് പറയുന്നതും തീരെ അപക്വമായ നിലപാടാണെന്നേ പറയാൻ സാധിക്കൂ.
ദൃശ്യമാധ്യമങ്ങളുടെ കടന്നുവരവോടെയാണ് നമ്മുടെ ഇടയിലെ എത്രയോ സിനിമാ താരങ്ങൾ പോലും ആ പദവിയിലേയ്ക്ക് ഉയർന്നത്. ഇപ്പോൾ അകത്ത് കിടക്കുന്ന ദിലീപ് തന്നെ അതിനുദാഹരണം. സിനിമാല പോലെയുള്ള എത്രയോ പരിപാടികളിൽ ആ മുഖം ചിരപരിചതമായതിന് ശേഷമാണ് അദ്ദേഹത്തെ തേടി സിനിമ വരാൻ തുടങ്ങിയത്. ഇങ്ങിനെ ഇന്നത്തെ താരങ്ങളെ നക്ഷത്രങ്ങളാക്കിയതിൽ മുഖ്യ പങ്ക് വഹിച്ച ചാനലുകളെ ഈ ഓണസമയത്ത് ബഹിഷ്ക്കരിക്കുമെന്ന അനൗദ്യോഗ തീരുമാനം പുറത്ത് വന്നിരിക്കുന്നത്. താരങ്ങൾ ചാനലുകൾ ബഹിഷ്കരിച്ചാൽ തിരിച്ച് ചാനലുകളും താരങ്ങളെ ബഹിഷ്ക്കരിക്കണമെന്ന വാദങ്ങളും ഇതോടൊപ്പം വന്നു തുടങ്ങിയിട്ടുണ്ട്. താരങ്ങൾ വരാതിരുന്നാൽ നഷ്ടം അവർക്ക് തന്നെയാണെന്നും തങ്ങളുടെ സിനിമകൾക്ക് സൗജന്യമായി കിട്ടുന്ന പ്രചരണം നഷ്ടപ്പെടാൻ മാത്രമേ ഇത് ഉപകരിക്കൂ എന്നുള്ള വാദങ്ങളും ഉണ്ട്.
ഒരു സാധാരണ ടെലിവിഷൻ പ്രേക്ഷകൻ എന്ന നിലയിൽ ഈ തിരുമാനം ഏറെ ആശ്വാസം നൽകുന്നുണ്ട് എന്നതാണ് സത്യം. കേട്ട് തഴന്പിച്ച കാര്യങ്ങളുടെ ആവർത്തനമാണ് മിക്ക ഉത്സവകാലങ്ങളിലും ഈ താരങ്ങൾ പ്രേക്ഷകന് നൽകാറുള്ളത്. അതില്ലാതാകുന്പോൾ തീർച്ചയായും ആശ്വാസം തന്നെ. അതോടൊപ്പം ചാനലുകളിൽ ജോലി ചെയ്യുന്നവരിൽ സർഗാത്മക ബാക്കിയുള്ളവർക്ക് തങ്ങളുടെ കഴിവുകൾ കാണിക്കാൻ ഇത് നല്ലൊരവസരം കൂടിയാണ്. വെറുതെ ഒരു നടന്റെയോ നടിയുടെയോ വാചകമടികളിൽ മുങ്ങി താഴാതെ ഈ ഓണത്തിന് നല്ല പരിപാടികൾ രംഗത്തേയ്ക്ക് വരട്ടെ. ചാനലുകളും സിനിമകളും തമ്മിൽ ഇങ്ങിനെയൊരു യുദ്ധമുണ്ടായാൽ ഒന്നുകിൽ നല്ല പരിപാടികൾ കാണാൻ ജനം വീട്ടിലിരിക്കും അല്ലെങ്കിൽ നല്ല സിനിമകൾ കാണാൻ ജനം തീയ്യറ്ററിൽ പോകും. അതുകൊണ്ട് തന്നെ ഈ വാശി നിറഞ്ഞ പ്രതിക്ഷേധം നല്ലതാണെന്ന അഭിപ്രായമാണ് തോന്ന്യാക്ഷരത്തിനുമുള്ളത്. പരസ്പരം ഒരു തിരിച്ചറിവുണ്ടാക്കാൻ ഇത് സഹായിക്കട്ടെ.