രാ­മകഥാ­മൃ­തം - ഭാ­ഗം 10


എ. ശിവപ്രസാദ്

ഭരതൻ തന്റെ ആഗമനോദ്ദേശ്യം ശ്രീരാമനോട് വിവരിക്കാനാരംഭിച്ചു. ഭരതൻ ശ്രീരാമനോട് പറഞ്ഞു. “ധർമ്മിഷ്ഠനും ധീരനുമായ നമ്മുടെ പിതാവ് അക്ഷന്തവ്യമായ ഒരപരാധം ചെയ്തു. അതുകാരണം അങ്ങയിൽ നിന്ന് അകലേണ്ടി വന്നു. അതു സഹിക്കാനാവാതെ അദ്ദേഹം ഇഹലോകവാസം വെടിയുകയും ചെയ്തു. ഈ മഹാപാപത്തിൽ നിന്ന് കരകയറാൻ അങ്ങ് എന്നെ സഹായിക്കണം. അതായത് അങ്ങ് സീതാലക്ഷ്മണസമേതം അയോധ്യയിലേക്ക് മടങ്ങിവരണം. എന്നിട്ട് അച്ഛൻ എങ്ങിനെയാണോ അയോധ്യ ഭരിച്ചത് അതിലും കേമമായി അയോധ്യ ഭരിക്കണം”.

ഇതുകേട്ട ശ്രീരാമചന്ദ്രൻ പുഞ്ചിരിച്ചു കൊണ്ട് ഭരതനെ ആലിംഗനം ചെയ്തുകൊണ്ട് പറഞ്ഞു. “പ്രിയപ്പെട്ട അനുജാ! അച്ഛന്റ വാക്കു പാലിക്കാനാണ് ഞാൻ വനവാസം തിരഞ്ഞെടുത്തത്. സൂര്യവംശത്തെ സംബന്ധിച്ചിടത്തോളം ധർമ്മ സംരക്ഷണമാണ് ഏറ്റവും വലുതായിട്ടുള്ളത്. അച്ഛന്റെ വാക്കു പാലിക്കുക എന്നത് ഒരു മകന്റെ ധർമ്മമാണ്. ഞാൻ പതിന്നാല് വർഷം കാട്ടിൽ വസിക്കുകയും നീ രാജ്യം ഭരിക്കുകയും എന്നതാണ് അച്ഛന് കൊടുത്ത വാക്ക്. ആ വാക്ക് പാലിക്കപ്പെടാനാണ് ഞാൻ വനവാസം നടത്തുന്നത്. അത് നടക്കുക തന്നെ വേണം. അച്ഛന്റെ വാക്ക് നിറവേറ്റേണ്ടത് ഒരു പുത്രന്റെ ധർമ്മമാണെന്ന് നിനക്കറിയില്ലേ! അതുകൊണ്ട് ദുഃഖിതമായ നിന്റെ മനസിനെ മാറ്റി ശാന്തനായി അയോധ്യയിലേക്ക് തിരിച്ചുപോയി രാജ്യഭാരം ഏറ്റെടുക്കൂ.”

പക്ഷെ ശ്രീരാമന്റെ വാക്കുകൾ അനുസരിക്കാൻ ഭരതൻ ഒരുക്കമായിരുന്നില്ല. ഏറെനേരത്തെ സംഭാഷണങ്ങൾക്ക് ശേഷം ശ്രീരാമൻ മടങ്ങിവരില്ലെന്ന് മനസിലാക്കിയ ഭരതൻ ശ്രീരാമപാദുകം അയോധ്യയിലെ സിംഹാസനത്തിൽ വെച്ച് പൂജിച്ച് ഭരണം നടത്തും എന്ന് പറഞ്ഞു. മാത്രമല്ല ശ്രീരാമൻ അയോധ്യയിലേക്ക് തിരിച്ചെത്തുന്നതു വരെ എല്ലാവിധ രാജആർഭാടങ്ങളും ഉപേക്ഷിച്ച് താപസവേഷം ധരിച്ച് ഫലമൂലാദികൾ മാത്രം ഭുജിച്ച് ജീവിക്കുമെന്നും ശപഥം ചെയ്തു. അതുമാത്രമല്ല, പതിനാല് വർഷം കഴിഞ്ഞ് പിറ്റേന്ന് ശ്രീരാമദേവനെ അയോധ്യയിൽ കണ്ടില്ലെങ്കിൽ ആ ദിവസം തന്നെ ഞാൻ അഗ്നിയിൽ ചാടി മരിക്കുമെന്നും ഭരതൻ പറഞ്ഞു. ശ്രീരാമപാദുകങ്ങളുമായി അയോധ്യയിൽ തിരിച്ചെത്തിയ ഭരതൻ രാജസിംഹാസനത്തിൽ രാമപാദുകങ്ങൾ വെച്ച് രാജ്യഭരണം നടത്തി.

ഭരതന്റെ പ്രത്യാഗമനത്തിന് ശേഷം രാമലക്ഷ്മണന്മാരും സീതയും ചിത്രകൂടം ഉപേക്ഷിച്ച് യാത്രയാരംഭിച്ചു. ഏറെദൂരം യാത്ര ചെയ്ത അവർ അത്രിമഹ‍ർഷിയുടെ ആശ്രമത്തിലെത്തി. അത്രി മഹർഷിയും പത്നിയായ അനസൂയയും അവരെ സ്നേഹാദരങ്ങളോടെ സ്വീകരിച്ചു. ഒരു രാത്രി അത്രി മഹർഷിയുടെ ആശ്രമത്തിൽ കഴിച്ചുകൂട്ടിയ അവർ പിറ്റേന്ന് പ്രഭാതത്തിൽ തന്നെ അത്രി മഹർഷിയോട് വിടപറഞ്ഞ് തങ്ങളുടെ യാത്ര തുടർന്നു. ക്രൂരമൃഗങ്ങളും രാക്ഷസരും വിഹരിക്കുന്ന ഘോരവനാന്തരങ്ങളിലൂടെ സഞ്ചരിച്ച് അവർ ദണ്ധകാരണ്യത്തിലെത്തി. ധാരാളം മുനിശ്രേഷ്ഠരും അവരുടെ ആശ്രമങ്ങളും നിറഞ്ഞ പ്രദേശമായിരുന്നു ദണ്ധകാരണ്യം. ഒരു രാത്രി മുനിശ്രേഷ്ഠരുടെ ആതിഥ്യം സ്വീകരിച്ച് അവിടെ കഴിഞ്ഞ അവർ പ്രഭാതത്തിൽ വീണ്ടും യാത്ര തുടർന്നു. ഘോരവനാന്തരങ്ങളിലൂടെയുള്ള യാത്ര അത്യന്തം ദുഷ്കരമായിരുന്നു. വ്യാഘ്രങ്ങളും കുറുനരികളും അങ്ങോട്ടുമിങ്ങോട്ടും ഓടുന്നു. വവ്വാലുകളുടെയും കാലൻകോഴികളുടെയും കരച്ചിൽ വനാന്തരീക്ഷത്തിന്റെ ഭീകരത വർദ്ധിപ്പിച്ചു.

കുറച്ചുദൂരം മുന്നോട്ടു പോയപ്പോൾ പർവ്വതതുല്യനായ ഒരു ഭീകര രാക്ഷസൻ അവരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു, ഘോരരൂപിയായ ആ രാക്ഷസൻ വിരാധൻ ആയിരുന്നു. ഉടൻ തന്നെ വിരാധൻ രാമലക്ഷ്മണന്മാരെ ആക്രമിക്കാനൊരുങ്ങി. ശ്രീരാമന്റെ അന്പേറ്റ് വിരാധൻ നെഞ്ചുപിളർന്ന് വീണ് മരിച്ചു. പൂർവ്വജന്മത്തിൽ തംബുരു എന്ന ഒരു ഗന്ധർവ്വനായിരുന്നു പിന്നീട് വിരാധനായി മാറിയത്.

You might also like

  • Straight Forward

Most Viewed