രാമകഥാമൃതം - ഭാഗം 12

എ. ശിവപ്രസാദ്
പഞ്ചവടിയിലെത്തിയ രാമലക്ഷ്മണന്മാർ സീതാസമേതം അവിടെ ഒരു ആശ്രമം നിർമ്മിച്ച് വാസമാരംഭിച്ചു. ആയിടക്ക് ഒരുദിവസം രാക്ഷസ രാജാവായ രാവണന്റെ സഹോദരി ശൂർപ്പണഖ അതുവഴി സഞ്ചരിക്കവെ രാമലക്ഷ്മണന്മാരെയും സീതയെയും കണ്ടു. ശ്രീരാമന്റെ അഭൗമമായ സൗന്ദര്യത്തിൽ ആകൃഷ്ടയായ ശൂർപ്പണഖ ശ്രീരാമന്റെ അടുത്തെത്തി ശ്രീരാമദേവനോട് പ്രണയാഭ്യർത്ഥന നടത്തി. ഈ സ്ഥലത്ത് അപരിചിതനായ താങ്കൾ ആരാണെന്നും എന്തിനാണഅ താപസവേഷം ധരിച്ചിരിക്കുന്നതെന്നും തനിക്ക് രാമനെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞു. എന്നാൽ താൻ അച്ഛന്റെ വാക്കു പാലിക്കാനായി കാനനവാസത്തിനു വന്നതാണെന്നും ഇപ്പോൾ വിവാഹം കഴിക്കാൻ സാധ്യമല്ലെന്നും പറഞ്ഞു. അതുകൊണ്ട് ലക്ഷ്മണന്റെ അടുത്ത് ചെന്ന് വിവാഹാഭ്യർത്ഥന നടത്തണമെന്നും ശ്രീരാമൻ ശൂർപ്പണഖയോട് പറഞ്ഞു.
ശ്രീരാമന്റെ വാക്കുകൾ കേട്ട ശൂർപ്പണഖ ലക്ഷ്മണന്റെ അടുത്തെത്തി വിവാഹാഭ്യർത്ഥന നടത്തി. എന്നാൽ താൻ ശ്രീരാമന്റെ ദാസനാണെന്നും ഒരു ദാസന് വിവാഹം കഴിക്കാൻ നിവൃത്തിയില്ലെന്നും ലക്ഷ്മണൻ പറഞ്ഞതു കേട്ട് ശൂർപ്പണഖ വീണ്ടും ശ്രീരാമന്റെ മുന്നിലെത്തി. എന്നാൽ സ്വന്തം ഭാര്യയായ സീത അടുത്തുള്ളപ്പോൾ ഒരു കാരണവശാലും തനിക്ക് മറ്റൊരു വിവാഹം കഴിക്കാൻ കഴിയില്ലെന്ന്് ശ്രീരാമൻ ഉറപ്പിച്ചു, പറഞ്ഞു. ശ്രീരാമൻ വിവാഹത്തിന് സമ്മതിക്കാത്തത് സീത കാരണമാണെന്നു ചിന്തിച്ച് ശൂർപ്പണഖ സീതയെ ആക്രമിക്കാനായി പാഞ്ഞടുത്തു. ഭയന്നു വിറച്ചു നിൽക്കുന്ന സീതയെക്കണ്ട ശ്രീരാമൻ ലക്ഷ്മണനോട് ശൂർപ്പണഖക്ക് തക്കതായ ശിക്ഷ നൽകാൻ പറഞ്ഞു. ലക്ഷ്മണൻ ഉടൻ തന്നെ വാളെടുത്ത് ശൂർപ്പണഖയുടെ മൂക്കും മുലകളും ച്ഛേദിച്ചു. ആർത്തലച്ചു കൊണ്ട് ശൂർപ്പണഖ അവിടെനിന്നും ഓടിപ്പോയി. ശൂർപ്പണഖ നേരെ പോയത് സഹോദരനായ ഖരന്റെ അടുത്താണ്. ശൂർപ്പണഖയുടെ അവസ്ഥ കണ്ട് ഖരൻ അത്യധികം വിഷണ്ണനായി. തന്റെ സഹോദരിയുടെ ഈ ദുരവസ്ഥയ്ക്ക് കാരണക്കാരനായവരോട് പ്രതികാരം ചോദിക്കാൻ തന്നെ ഖരൻ തീരുമാനിച്ചു. ഖരൻ തന്റെ കിങ്കരന്മാരായ പതിനാലു രാക്ഷസന്മാരെ വിളിച്ചു വരുത്തി രാമനോടെതിരിടാനായി അയച്ചു. രാമനോടെതിരേറ്റ പതിനാലു രാക്ഷസ വീരരേയും ശ്രീരാമൻ നിമിഷ നേരം കൊണ്ട് യമപുരിക്കയച്ചു.
രാക്ഷസ വീരരെ ശ്രീരാമൻ വധിച്ച വാർത്തയറിഞ്ഞ ഖരൻ അതിക്രുദ്ധനായി. തന്റെ സേനാനായകന്മാരായ ദൂഷണമെയും ത്രിശിരസിനെയും വരുത്തി വലിയ ഒരു സൈന്യവുമായി ശ്രീരാമനോടെതിരിടാൻ പഞ്ചവടിയിലെത്തി. പിന്നീടങ്ങോട്ട് അതിഘോരമയിരുന്നു യുദ്ധം. ഖരഭൂഷണ ത്രിശിരസുകൾ ഒരുമിച്ച് വന്ന് രാമലക്ഷ്മണന്മാരെ നേരിട്ടു. രാക്ഷസർ വൻപാറകളും മരങ്ങളും പറിച്ചെടുത്ത് രാമലക്ഷ്മണന്മാർക്ക് നേരെ പ്രയോഗിച്ചു. എന്നാൽ രാമബാണം അവയെയെല്ലാം നശിപ്പിച്ചു. കോപാന്ധനായ ഖരൻ ഒരു വലിയ സ്വാലവൃക്ഷം പറിച്ചെടുത്ത് രാമനു നേരെ വന്നു. രാമൻ നിഷ്പ്രയാസം ആ സ്വാലവൃക്ഷത്തെ തകർത്തു. അതുകഴിഞ്ഞ് രാമൻ ഐന്ദ്രാസ്ത്രം എടുത്ത് ഖരനു നേരെ തൊടുത്തു വിട്ടു. ഐന്ദ്രാസ്ത്രമേറ്റ ഖരൻ അലർച്ചയോടെ നിലത്ത് വീണ് പരലോകം പൂകി. അതിനുശേഷം രാമബാണത്താൽ ദൂഷണമനും ലക്ഷ്മണ ബാണത്താൽ ത്രിശിരസും യമലോകത്തെത്തി. അകന്പൻ എന്നു പേരായ ഒരു രാക്ഷസൻ പരിക്കുകളോടെ രക്ഷപ്പെട്ട് ലങ്കയിലെത്തിയിട്ട് ഖരഭൂഷണ ത്രിശിരസുകൾക്ക് ജീവൻ നഷ്ടപ്പെട്ട സംഭവമെല്ലാം രാക്ഷസരാജാവായ രാവണനെ അറിയിച്ചു. ഇതുകേട്ട രാവണന് തന്റെ കോപം അടക്കാനായില്ല. ആരാണിതിനുത്തരവാദിയെന്നന്വേഷിച്ച രാവണനോട് രണ്ട് മനുഷ്യരാണ് ഈ പ്രവർത്തി ചെയ്തതെന്ന് അകന്പൻ പറഞ്ഞു. ദശരഥ പുത്രരായ രാമനും ഭാര്യ സീതയും അനുജൻ ലക്ഷ്മണും കൂടിയാണ് ഇത് ചെയ്തത് എന്ന് പറഞ്ഞു. തുടർന്ന് അകന്പൻ ശ്രീരാമനെക്കുറിച്ചും സീതയെക്കുറിച്ചും ലക്ഷ്മണനെക്കുറിച്ചുമെല്ലാം രാവണന് വിശദമായി വർണ്ണിച്ചു. സീത അതിസുന്ദരിയാണെന്നും അവളെപ്പോലൊരു സുന്ദരി ഈ ത്രൈലോക്യത്തിലില്ലെന്നും അവർ ഒരു സ്ത്രീ രത്നം തന്നെയാണെന്നും അകന്പൻ പറഞ്ഞു. സീതയുടെ സൗന്ദര്യവർണ്ണന കേട്ട രാവണന് ഏതു വിധേനയും സീതയെ സ്വന്തമാക്കണമെന്ന മോഹം മനസിലുദിച്ചു. ഏതു മാർഗത്തിലൂടെയാണ് സീതയെ ലങ്കാനഗരിയിലെത്തിക്കേണ്ടതെന്ന ഉപായമന്വേഷിക്കാൻ തുടങ്ങി രാവണൻ.