സിനിമലോകത്തെ ശുദ്ധീകരിക്കണം..

പ്രദീപ് പുറവങ്കര
ലോകസിനിമകളിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരിടം കരസ്ഥമാക്കിയ മേഖലയാണ് മലയാള സിനിമ ലോകം. പ്രതിഭകളുടെ ധാരാളിത്തമാണ് ഇവിടെയുള്ളത്. കലയോട് വിട്ടുവീഴ്ച്ചയില്ലാത്ത പ്രതിബദ്ധത തെളിയിച്ച് ലോക പ്രശസ്തരായ എത്രയോ പേർ നമ്മുടെ നാട്ടിൽ മുന്പും ഇപ്പോഴും ഉണ്ടായിട്ടുണ്ട്. അഭിനയിക്കുന്നവർ മാത്രമല്ല ഇതിൽ പെടുന്നത്. പാട്ടുകാർ, സാങ്കേതിക വിദഗ്ദ്ധർ, മാർക്കറ്റിംഗ്് വിഭാഗത്തിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയ നീണ്ട നിരയാണ് ഒരു സിനിമ പുറത്തിറങ്ങുന്പോൾ ജീവിക്കുന്നത്. സിനിമ എന്ന മോഹവലയത്തിൽ പെട്ട് പലരുടെയും ജീവിതത്തിൽ വലിയ വിജയങ്ങളിൽ നിന്ന് പരാജയത്തിന്റെ പടുകുഴിയിലേയ്ക്ക് വീണു പോകുന്നത് മുന്പും എത്രയോ കണ്ടിട്ടും കേട്ടിട്ടുമുണ്ട്. സമീപകാലത്തെ സംഭവങ്ങളൊക്കെ അതിന്റ നേർ സാക്ഷ്യങ്ങളാണ്. ഗുണ്ടായിസവും, മാഫിയ ബന്ധങ്ങളും ഒക്കെ കൂടി വിരിഞ്ഞു മുറുക്കിയ ശ്വാസം മുട്ടലിൽ നിന്ന് ഇനിയെങ്കിലും നമ്മുടെ നാട്ടിലെ ഈ സിനിമ മേഖല പുറത്ത് വരേണ്ടതുണ്ട്. അപമാന ഭാരം കൊണ്ട് തലകുനിക്കുന്ന ഓരോ സിനിമ പ്രവർത്തകനും ഇനിയെങ്കിലും ചെയ്യേണ്ടത് ഈ കലയെ മനസ്സ് കൊണ്ട് സ്നേഹിക്കുകയാണ്.
കല എന്നത് തന്നെ പരസ്പര സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും അടയാളമാണ്. എല്ലാവർക്കും ഈ അടയാളം ലഭിക്കുകയില്ല എന്നതും പ്രിയ സിനിമാകലാകരന്‍മാർ തിരിച്ചറിയുക. നഷ്ടപ്പെട്ടു പോയ പ്രതിച്ഛായ തിരികെ പിടിക്കണമെങ്കിൽ ആകാശത്ത് വിളങ്ങി നിന്നിരുന്ന മണ്ണിലെ താരങ്ങൾ താഴോട്ട് ഇറങ്ങി വന്നു തുടങ്ങണം. ജനങ്ങളുടെ ഇടയിൽ ജീവിച്ചു തുടങ്ങണം. സ്യൂട്ട് മുറികളിലെ ആഡംബര ജീവിതത്തിനൊപ്പം തങ്ങൾ അഭിനയിച്ചും, പ്രവർത്തിച്ചും കാണിക്കുന്ന തിരശ്ശീലയിലെ ജീവിതങ്ങളെ തൊട്ടറിയണം. എന്നാൽ മാത്രമേ ജനം നിങ്ങളെ സ്വീകരിക്കുകയുള്ളൂ എന്നും മനസ്സിലാക്കണം.
ഒരു കാലത്ത് ബോളിവുഡ് നിയന്ത്രിച്ചിരുന്നത് അധോലകമാണെന്ന് പറയാറുണ്ടായിരുന്നു. അതു പോലെയാകരുത് ഇനിയൊരിക്കലും മലയാള സിനിമ. കുറേ സംഘടനകളുണ്ടാക്കി ആളാകൽ മാത്രമല്ല സിനിമാ കലാകാരന്‍മാർ ചെയ്യേണ്ടത്. കുറ്റവാളികളല്ല സിനിമ എന്ന കലാരൂപത്തിന്റെ ഉയർച്ചയ്ക്ക് വേണ്ടി പ്രവർത്തിക്കേണ്ടത്. ഈ തിന്മകളെ മൊത്തത്തിൽ ഒരു ദിവസം കൊണ്ട് ഇല്ലാതാക്കാനൊന്നും സാധിച്ചില്ലെന്ന് വരില്ല. പക്ഷെ ഇപ്പോഴെ ആ ശുചീകരണം ആരംഭിക്കണം. കാരണം മലയാളികൾ വല്ലാതെ സിനിമ ആസ്വദിക്കുന്നവരാണ്. വാരാന്ത്യങ്ങളിൽ സിനിമകളാണ് അവരുടെ പ്രധാന വിനോദം. അതു കൊണ്ടാണ് ഒരു കലാകാരൻ എന്നതിലുപരിയായിട്ടുള്ള സ്നേഹം ഓരോ സാധാരണക്കാരനും എത്ര ചെറിയ അഭിനേതാവിനോടും കാണിക്കുന്നത്. മറ്റൊരു കലാമേഖലയിൽ ഉള്ളവർക്കും ഇത്രയധികം അംഗീകാരം മലയാളികൾ നൽകാറുമില്ല. അതുകൊണ്ട് തന്നെ ഈ സ്നേഹവും ആദരവും തിരികെ നൽകാൻ ഓരോ സിനിമ പ്രവർത്തകനും ബാധ്യതയുണ്ട്. നിങ്ങളെ നിങ്ങളാക്കിയത് ഈ പാവം ജനമാണ് എന്നും ഓർക്കുക.
നായകർ എന്ന് അഭിനേതാക്കളെ ആർത്തു വിളിക്കുന്നത് കേവലം സിനിമയിൽ അഭിനയച്ചത് കൊണ്ട് മാത്രമല്ല, മറിച്ച് അവരെ നെഞ്ചിലേറ്റിയത് കൊണ്ടും കൂടിയാണ്. ഈ തിരിച്ചറിവ് മഹാനടന്‍മാർ അടക്കമുള്ളവർക്ക് ഉണ്ടാകട്ടെ എന്നാഗ്രിച്ചു കൊണ്ട്...