നായകനിൽ നിന്ന് വില്ലനിലേയ്ക്ക്...

ധനേഷ് പത്മ
വാസ്തവമല്ല, ഇതിലൊന്നും സത്യങ്ങളില്ല, മാധ്യമങ്ങൾ ഇല്ലാത്ത വാർത്തകൾ ഉണ്ടാക്കുകയാണ്, ദിലീപ് അത്തരത്തിലൊരു നീച പ്രവർത്തി ചെയ്യില്ല, അദ്ദേഹത്തെ കുടുക്കിയതാണ്, പോലീസ് കെട്ടിചമച്ച കഥ!. ആണോ, അല്ലേ? അറിയില്ല. അറിയേണ്ട കാര്യമില്ല. ലോകത്ത്, എന്തിന് നമ്മുടെ രാജ്യത്ത് തന്നെ ക്രിമിനലുകൾ ഉണ്ടാകുന്നത് ഇതാദ്യമൊന്നുമല്ല. ക്രിമിനിലുകളെ പ്രോത്സാഹിപ്പിക്കേണ്ട ആവശ്യവുമില്ല. ദിലീപിനെ എന്തിന് കുടുക്കണം? ആര് കുടുക്കണം? പോലീസ് ദിലീപിനെതിരെ എന്തിന് കഥകെട്ടി ചമയ്ക്കണം? ജനരോഷം, മികച്ച നടൻ, ഒളിഞ്ഞു നോട്ടക്കാരൻ, പീഢനവീരൻ, ഇങ്ങനെ ഇതിനകം വിളിപ്പേരുകൾ ദിലീപിന് എണ്ണത്തിൽ കവിഞ്ഞ് വീണുകഴിഞ്ഞു. ദിലീപ് ഇത്തരത്തിലൊരു പ്രവർത്തി ചെയ്തിട്ടുണ്ടെങ്കിൽ തീർച്ചയായും ശിക്ഷിക്കപ്പെടേണ്ടതുണ്ട്. ശിക്ഷിക്കപ്പെടുമോ, രക്ഷപ്പെടുമോ തുടങ്ങി ചോദ്യോത്തരങ്ങളുടെ അലകടൽ തിളച്ച് മറിയുകയാണ്. അതിലേക്കൊക്കെ കടക്കുംമുന്പ് മറ്റു ചില കാര്യങ്ങളെ പറ്റി ചിന്തിക്കാം.
നീണ്ട 81 ദിവസത്തെ അന്വേഷണങ്ങൾക്കൊടുവിലാണ് നടി നടുറോഡിൽ വാഹനത്തിനകത്ത് പീഡിപ്പിക്കപ്പെട്ട കേസിൽ ഗൂഢാലോചന നടന്നെന്നതിൽ പോലീസ് തെളിവ് സഹിതം തുന്പ് കണ്ടെത്തിയിരിക്കുന്നത്. ദിലീപിനെ പോലൊരു സെലിബ്രേറ്റിയെ കുടുക്കി ഒരു പീഢനക്കേസിൽ പ്രതിയാക്കിയതുകൊണ്ട് സംസ്ഥാന പോലീസിന് പ്രത്യേകിച്ച് നേട്ടമൊന്നും ലഭിക്കാനിടയില്ല. ഇന്നലെ നടന്ന തെളിവെടുപ്പിൽ ദിലീപ് സുനിയുമായി കണ്ടുമുട്ടിയ സ്ഥലങ്ങൾ പോലീസിന് കാണിച്ചുകൊടുത്തു എന്ന റിപ്പോർട്ട് അവസാനമായി പുറത്തുവരുന്പോൾ എങ്ങനെയാണ് ഗൂഢാലോചന നടന്നെന്ന കാര്യം തള്ളികളയാൻ കഴിയുക. അത്ര കഴിവുകെട്ടവരൊന്നുമല്ല കേരള പോലീസ്. ഇനി ഏത് പോലീസും വ്യക്തമായ അന്വേഷണം നടത്തി തെളിവു സഹിതം പ്രതിയെ കോടതിയിൽ ഹാജരാക്കിയാലും പോലീസിനേക്കാൾ നിയമം കൂടുതൽ അറിയാവുന്ന വക്കീലൻമാർ ഡിഫന്റിംഗ് പോയിന്റുകൾ കണ്ടെത്തി ഫാബ്രിക്കേറ്റഡ് ആയ തെളിവുകളാണ് പോലീസ് ഉണ്ടാക്കിയിരിക്കുന്നതെന്ന് കോടതിയിൽ വാദിച്ചാൽ ഒരു പക്ഷെ ഏത് ക്രിമിനലും ഊരിപോരുകയും ചെയ്യും. ഉദാഹരണങ്ങൾ നമ്മുടെയെല്ലാം മൂക്കിൻതുന്പത്തുണ്ടല്ലോ...
ആരോപണങ്ങൾ ഏത് വിധേനയും ആർക്കുമെതിരെയും ഉണ്ടാകാവുന്നതാണ്. ഇവിടെ പക്ഷെ ദിലീപ് വെറുമൊരു കുറ്റാരോപിതൻ എന്ന് മാത്രം പറയാൻ സാധ്യമല്ലാതാകുന്നത് ദിലീപെന്ന അതിസന്പന്നന്റെ, ഒരു പ്രമുഖ താരത്തിന്റെ അറസ്റ്റോടു കൂടിയാണ്. തക്ക തെളിവുകളില്ലാതെ പോലീസിന് ദിലീപിനെ അറസ്റ്റ് ചെയ്യാൻ സാധ്യമല്ലെന്ന് അരിയാഹാരം കഴിക്കുന്ന നമുക്കെല്ലാം ബോധ്യമുള്ള കാര്യമാണ്. നടൻ സിദ്ധിഖ് കഴിഞ്ഞ ദിവസം ഫേസ്ബുക് പേജിലൂടെ ബോബി ചെമ്മണ്ണൂർ കേസുമായി ബന്ധപ്പെട്ട്, നിവർന്ന് നിന്ന് പറയാൻ കഴിയാത്ത മാധ്യമപ്രവർത്തകർ ദിലീപ് വിഷയത്തിൽ ഇത്ര മിടുക്കു കാട്ടുന്നതെന്തിനാണെന്ന് ചോദിക്കുകയുണ്ടായി. ബോബി ചെമ്മണ്ണൂർ വിഷയത്തിൽ താൽപര്യം കാണിക്കാത്ത മാധ്യമങ്ങൾ എന്തിന് ദിലീപ് വിഷയത്തിൽ ഇത്രയധികം താൽപര്യം കാണിക്കുന്നു എന്ന ചിന്ത നടൻ സിദ്ധിഖിനുണ്ടായതിൽ അത്ഭുതപെടേണ്ടതില്ല. കാരണം ദിലീപ് താങ്കളുടെ സഹപ്രവർത്തകനും അതിലുപരി സുഹൃത്തുമാണ്. ബോബി ചെമ്മണ്ണൂർ വിഷയത്തിൽ പുറത്തുവന്ന വീഡിയോ പ്രകാരമാണ് താങ്കളുടെ ഈ വാദമെങ്കിൽ ആ വീഡിയോയിൽ ഉൾപ്പെട്ട സ്ത്രീ ഇതുവരെ നിയമപരമായി ബോബി ചെമ്മണ്ണൂരിനെതിരെ പോലീസിൽ പരാതി നൽകിയതായി അറിവില്ല.
അഭിനയത്തിന്റെ മുഖം മൂടിയണിഞ്ഞേ എല്ലാ നടൻമാരെയും സാധാരണ ജനം കണ്ടിട്ടുള്ളു. അതുകൊണ്ട് തന്നെ ചിരിച്ചും ചിരിപ്പിച്ചും നിങ്ങൾ കാഴ്ചവെയ്ക്കുന്ന കഥാപാത്രങ്ങളെ എന്തുകൊണ്ടോ ജനങ്ങൾ നിങ്ങളുടെ വ്യക്തിത്വവുമായി ബന്ധപ്പെടുത്തിയാണ് കണ്ടു പോരുന്നത്. അതിന് നിങ്ങളെ പറഞ്ഞിട്ട് കാര്യമില്ല, പാവം ജനങ്ങൾ അവർക്ക് നിങ്ങളുടെ അത്രയും ബുദ്ധിയില്ലല്ലോ. പക്ഷെ തെറ്റുകൾ നിങ്ങൾ ചെയ്തെന്ന് ആരോപിക്കപ്പെടുന്പോൾ അവർ നിങ്ങളെ തള്ളി പറയുന്നുണ്ടെങ്കിൽ അവർ നിങ്ങളെ സ്നേഹിച്ചതിന്റെ, ആരാധിച്ചതിന്റെ കുറ്റബോധം കൊണ്ട് മാത്രമാണ്. നിങ്ങളെ സ്നേഹിക്കണമെന്ന് മാത്രം ആഗ്രഹിക്കുന്നത് അത്യാഗ്രഹമല്ലേ? തെറ്റ് ചെയ്യുന്നത് കണ്ടാൽ ആദ്യം നിങ്ങൾക്ക് നേരെ തിരിയുന്നത് നിങ്ങളെ സ്നേഹിക്കുന്നവർ തന്നെയാകും. അതുകൊണ്ടാണ് ദിലീപിനെതിരെ കൂക്കിവിളിയും പ്രതിഷേധങ്ങളും ഉണ്ടാകുന്നത്.
വിഷയം വളരെ ലളിതമായി നോക്കിയാൽ ഇവിടെ ആക്രമിക്കപ്പെട്ട നടിയോട് അനുകന്പ പ്രകടിപ്പിച്ചുകൊണ്ടോ പിന്തുണ അറിയിച്ചുകൊണ്ടോ ചുരുക്കം ചിലരൊഴിച്ചാൽ ഇതുവരെ പ്രമുഖരൊന്നും പബ്ലിക്കായി പിന്തുണ അറിയിച്ചതായി കാണുന്നില്ല. അത്തരത്തിലൊരു പിന്തുണ ഒന്നിനും ഒരു പരിഹാരമല്ലതാനും. ദിലീപിനെതിരെ നടക്കുന്ന ആരോപണങ്ങൾ സത്യമല്ലെന്ന് പറയാൻ ശ്രമിക്കുന്നതിനിടയിൽ മാത്രമാണ് നടിയോട് ചിലരെങ്കിലും അനുകന്പ കാണിക്കുന്നത്. ഇതിലെ വിരോധാഭാസം തന്നെ ചിലതൊക്കെ വ്യക്തമാക്കുന്നതാണ്. ഒരു പക്ഷെ വ്യക്തിപരമായുള്ള അടുപ്പം വെച്ച് നടിയെ ഫോണിൽ ബന്ധപ്പെടുകയോ, വീട്ടിൽ ചെന്ന് കാണുകയോ ചെയ്ത് ഇവരെല്ലാം പിന്തുണ അറിയിച്ചിരിക്കാം, എങ്കിലും ഇന്നലെ ഫേസ്ബുക്കിൽ ദിലീപിനെതിരെ നടക്കുന്ന ആക്രമണത്തിൽ കഴന്പില്ലെന്ന് കാണിച്ച് ഏറെ സങ്കടത്തോടെ മാധ്യമങ്ങൾക്കെതിരെ തിരിഞ്ഞ ശ്രീ സിദ്ധിഖ് അത്തരത്തിലൊരു നാലുവരി നടിക്കെതിരെ നടന്ന ക്രൂരകൃത്യത്തെ കുറിച്ച് രേഖപ്പെടുത്തിയതായി കണ്ടിട്ടില്ല. ദിലീപിനെതിരെ ഇപ്പോൾ നടക്കുന്ന താങ്കൾ അവകാശപ്പെടുന്ന മാധ്യമ ആക്രമണത്തേക്കാൾ എത്രയോ വലിയ ആക്രമണമാണ് നടിക്കെതിരെ ഉണ്ടായിരിക്കുന്നതെന്ന് മറന്ന്കൂടാ.
മാധ്യമങ്ങൾ നടത്തുന്ന ബഹളങ്ങളാണ് ഇവിടെ പ്രധാന പ്രശ്നമെന്ന് പോതുവെ ഒരു ധാരണയുണ്ട്. എന്നാൽ രാവിലെ പത്രം കയ്യിൽ കിട്ടിയില്ലെങ്കിൽ അസ്വസ്ഥരാകുന്നവർ അനവധിയാണ്. രാവിലെ പത്രമെടുത്തു നോക്കിയാൽ ആകെ കാണുന്നത് പീഢനങ്ങളും, ആക്രമണങ്ങളുമെല്ലാമാണെന്നാണ് പത്രത്തെ കുറ്റപ്പെടുത്തികൊണ്ട് പലരും പറയാറുള്ളത്. എന്തുകൊണ്ടോ പക്ഷെ ഇത്തരത്തിൽ പീഢനങ്ങളും ആക്രമണങ്ങളും നാട്ടിൽ ഏറിവരികയാണെന്നും അതിലെ അപകടം അറിയിക്കുകയാണ് മാധ്യമങ്ങൾ ചെയ്യുന്നതെന്നും മനസ്സിലാക്കാൻ പലരും തയ്യാറാല്ല. എല്ലാറ്റിലുമുണ്ട് നല്ലതും ചീത്തയും. സിനിമാ മേഖലയിൽ തന്നെ അതുണ്ടെന്ന് തെളിയിക്കുന്ന ചില സത്യങ്ങളാണല്ലോ ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മാധ്യമങ്ങൾ ധർമ്മം പാലിച്ചുകൊണ്ടല്ല കർമ്മം ചെയ്യുന്നതെന്ന് പറയുന്പോൾ ഇവിടെ ധർമ്മം പാലിക്കത്തവരായി മാധ്യമങ്ങൾ മാത്രം ചുരുങ്ങുന്നു. ഓടുന്ന വണ്ടിയിൽ സ്ത്രീയെ പീഡിപ്പിക്കുന്നവനും അതിൽ ഗൂഡാലോചന നടത്തിയെന്ന് ആരോപിക്കപ്പെടുന്നവനും അറസ്റ്റിലാകുന്നവനും ധർമ്മം നെഞ്ചേറ്റിയവരാകുന്നു. അവർക്ക് വേണ്ടി വാദിക്കാനും സംരക്ഷിക്കാനും സംരക്ഷകരുണ്ടാകുന്നു.
മൂടിവെയ്ക്കപ്പെടുന്ന പല കാര്യങ്ങളും സമൂഹത്തിൽ ഉയർന്ന് വരുന്നതിൽ മാധ്യമങ്ങൾ വഹിക്കുന്ന പങ്കിനെ തള്ളിക്കളയാൻ കഴിയില്ല. ആർജ്ജവമുള്ള മാധ്യമ പ്രവർത്തകർ കാണിക്കുന്ന പ്രവർത്തന ശൈലികൊണ്ടു തന്നെയാണ് പല കേസുകളും പുറത്തു വരുന്നതും കോടതിയിലെത്തുന്നതും. മാധ്യമ വേശ്യകൾ, മാധ്യമ വിചാരണ എന്നൊക്കെയാണ് ഇപ്പോൾ മാധ്യമ പ്രവർത്തനത്തിന്റെ പുതിയ പേരുകൾ. ഒരു സമൂഹത്തിൽ മാധ്യമങ്ങളുടെ ആവശ്യകത ഏറെ പ്രധാനപ്പെട്ടതാണ്. പഴയ കാലത്തെ അപേക്ഷിച്ച് ചില മാറ്റങ്ങൾ മാധ്യമപ്രവർത്തകരിൽ ഉണ്ടായിട്ടുണ്ട്. ഓൺലൈൻ മാധ്യമപ്രവർത്തന കാലഘട്ടത്തിലേയ്ക്ക് എത്തിപ്പെട്ടതിന്റെ ഫലമായാണ് ഈ മാറ്റം പ്രധാനമായും കാണപ്പെടുന്നത്. അതോടൊപ്പം അഴിമതിയും ആക്രമണവുമെല്ലാം ടെക്നിക്കലായി വികസിച്ച് വിരാചിക്കുന്നുണ്ട് നാട്ടിലെന്ന് ഓർക്കുന്നത് നല്ലതാണ്. വസ്തുതാപരമല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് യഥാർത്ഥ മാധ്യമ പ്രവർത്തനമല്ല. പക്ഷെ ചിലപ്പോഴെങ്കിലും പല സത്യങ്ങളും പുറത്തുകൊണ്ടുവന്നിട്ടുള്ളതും അതിലെ ശരിയും തെറ്റും ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിലും മികവുറ്റ മാധ്യമങ്ങൾ വഹിച്ചിട്ടുള്ള പങ്കിനെ വിസ്മരിച്ചുകൂടാ.
തരുന്ന പത്രകുറിപ്പുകൾ അതേപോലെ പ്രസിദ്ധീകരിച്ചിരുന്ന മാധ്യമ കാലഘട്ടത്തിൽ നിന്നും കുറിപ്പടികളിലെ ചേർച്ചയില്ലായ്മ ചോദ്യം ചെയ്ത് തുടങ്ങിയതു മുതലാണ് മാധ്യമങ്ങൾ പലരുടേയും കണ്ണിലെ കരടായി മാറിയത്. വാർത്താ സമ്മേളനങ്ങളെ ഭയപ്പെടുന്നവർ, മാധ്യമങ്ങളോട് കയർത്ത് മറുപടി പറയുന്നവർ ഇവരെല്ലാം മാധ്യമങ്ങളുടെ ചോദ്യങ്ങളെ ഭയക്കുന്നുണ്ടെന്നതിന്റെ തെളിവുകളാണിതെല്ലാം. കേവലമൊരു ദിലീപ് വിഷയം മാത്രമല്ല മാധ്യമങ്ങൾ ഉയർത്തികാട്ടിയിട്ടുള്ളത്. ജിഷ വധം, സൗമ്യ കൊലക്കേസ്, ചന്ദ്രബോസ് വധം, മന്ത്രിമാരുടെ കൊള്ളരുതായ്മ ഇവിടെയെല്ലാം മാധ്യമങ്ങൾ ഉണർന്ന് തന്നെ പ്രവർത്തിച്ചിട്ടുണ്ട്. പക്ഷെ പലപ്പോഴും മാധ്യമങ്ങൾ പ്രതികൂട്ടിലാകുന്നു.
കേവലമൊരു ദിലീപ് വിഷയമായി മാത്രം ഇതിനെ കാണാൻ കഴിയുന്നതെങ്ങനെയാണെന്നതിലാണ് ഏറെ കൗതുകം. ദിലീപ് ആരോപണ വിധേയനായി അറസ്റ്റിലാകുന്പോൾ പ്രമുഖ വ്യക്തികൾ അദ്ദേഹത്തെ പിന്തുണയ്ക്കാനെത്തുന്ന അതേ പ്രാധാന്യം തന്നെയാണ് പ്രമുഖനായ ദിലീപ് ഒരു ക്രിമിനൽ കേസിൽ ആരോപണവിധേയനായി അറസ്റ്റ് ചെയ്യപ്പെടുന്പോൾ മാധ്യമങ്ങൾ നൽകുന്നതും. ഇതേ പ്രാധാന്യം ജിഷ കൊല്ലപ്പെട്ടപ്പോഴും സൗമ്യ വധക്കേസിലും മാധ്യമങ്ങൾ പുലർത്തിയിട്ടുണ്ട്. പക്ഷെ ഈ കേസുകളിലൊന്നും ഇപ്പോൾ ദിലീപിന് പക്ഷം ചേർന്ന് സംസാരിക്കുന്നവരെയൊന്നും പ്രതികരണവുമായി കാണാൻ കഴിഞ്ഞിട്ടില്ല. ഇവിടെയാണ് മാധ്യമപ്രവർത്തകർ വ്യത്യസ്തരാകുന്നത്.
ദിലീപ് എന്ന നടൻ കുറ്റക്കാരനാകല്ലേ എന്ന് പ്രാർത്ഥിക്കുന്ന ദിലീപ് കുറ്റം ചെയ്തിട്ടില്ലെന്ന് വിശ്വിസിക്കുന്ന ഒരു പറ്റം ആൾക്കാർ ഇപ്പോഴും നമുക്കിടയിലുണ്ട്. ആരോപണവിധേയനായ ഒരാൾ കുറ്റക്കാരനാകില്ലെങ്കിൽ കോടതി വിധിക്കുന്പോഴാണ് കുറ്റക്കാരനാകുന്നതെങ്കിൽ പൾസർ സുനിയും ദിലീപും തമ്മിൽ എന്താണ് വ്യത്യാസം?. ഇവിടെ ദിലീപിന് വേണ്ടി മാത്രമെന്തിനാണ് മുറവിളി?. ആ ആപ്തവാക്യം ഇവിടെ ഓർമ്മപ്പെടുത്തുകയാണ്. “ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്.” അതുപോലെ കുറ്റം ചെയ്തെന്ന് തെളിഞ്ഞാൽ കിട്ടാവുന്നതിൽ ഏറ്റവും വലിയ ശിക്ഷ ദിലീപിന് ലഭ്യമാകേണ്ടതായുമുണ്ട്.