നീ­തി­ബോ­ധത്തി­ന്റെ­ കാ­ലസ്‌പന്ദനം


അന്പിളിക്കല - അന്പിളിക്കുട്ടൻ

വിതത്തിലൂടെ പലപ്പോഴും പലരും തിരിച്ചറിയുന്ന ഒരു സത്യമുണ്ട്. ചില കാലഘട്ടങ്ങളിൽ ചിലത് സംഭവിക്കും. അത് കാലത്തിൽ കൊത്തിവെച്ചിരിക്കുന്നതാണ്. മുന്നെ ആലേഖനം ചെയ്യപ്പെട്ട ഒരു വീഡിയോ ഡിസ്ക് പ്രവർത്തിക്കുന്പോൾ ഒരോ മിനിട്ടിലും തെളിയേണ്ട ദൃശ്യങ്ങൾ ഒരു മാറ്റം അസാധ്യമാം വിധം നിശ്ചിതമായിരിക്കും എന്നതുപോലെ. മുൻ നിശ്ചയിക്കപ്പെട്ട കാലപ്പകർച്ചയിൽ ലോകത്തിനു സവിശേഷമായ സംഭാവനകൾ നൽകുന്ന ചില അപൂർവ്വ സംഭവങ്ങളും ജന്മങ്ങളും ഉണ്ടാവും. എന്നാൽ ഇതൊരു വിധിവാദമായി ആരും കാണേണ്ടതില്ല. കാരണം രണ്ടു മണിക്കൂർ ദൃശ്യങ്ങൾ ആലേഖനം ചെയ്ത ഒരു ഡിസ്കാണെങ്കിലും അത് പ്രവർത്തിക്കുന്ന ഉപകരണത്തിന്റെയോ അതിൽ പ്രവർത്തിക്കുന്ന ഡിസ്ക്കിന്റെയോ തകരാറിനാൽ മുപ്പതു മിനിട്ടിനു ശേഷം അതിൽ ഒന്നും കാണാൻ സാധിക്കാത്ത അവസ്ഥ വരാം. അപ്പോൾ വീഡിയോ പ്ലേയർ, ഡിസ്ക് എന്നിവ വേണ്ടപോലെ പ്രവർത്തിക്കുമെന്ന് ഉറപ്പു വരുത്തേണ്ടത് നമ്മുടെ ജോലി തന്നെയാണ്.അത് ചെയ്യാതെ ഒന്നും കാണുന്നില്ലെന്ന് ദുഃഖിച്ചിട്ടു കാര്യമില്ല. കയ്യിലുള്ള വസ്തു കേടുകൂടാതെ സൂക്ഷിക്കേണ്ട കടമ നിർവഹിക്കാതെ ദുഃഖിച്ചിട്ടും കാര്യമില്ല. അതുകൊണ്ടു വിധിവാദം ഉന്നയിക്കുന്നവരോട് ആ വിധി വലിയൊരളവിൽ നിങ്ങൾ തന്നെ ഉണ്ടാക്കിയ അനിവാര്യതയാണെന്നു പറയേണ്ടി വരും. ഇങ്ങനെ ചിന്തിക്കുന്നത് വിശ്വാസപരമായ അന്ധതയോ ദൗർബല്യമോ ഒന്നുമല്ല. മറിച്ച് ഏതെങ്കിലും തരത്തിൽ സംഭവഗതികൾ ഉണ്ടാകും, അത് ഇത്തരത്തിലാകും എന്നത് സമയഗതിയിൽ നിശ്ചിതമായി രേഖപ്പെടുത്തിയിരിക്കുന്നു എന്നേ ഇതിന് അർത്ഥമുള്ളൂ.

പ്രപഞ്ചത്തിന്റെ പിറവി, നക്ഷത്രങ്ങളുടെ ആവിർഭാവം, ഭൂമിയുടെ ജനനം, ജീവന്റെ ഉൽപ്പത്തി എന്നിങ്ങനെയെല്ലാം ഇത്തരത്തിൽ കാലം കുറിച്ച് വച്ചവ തന്നെയായിരുന്നു. അതുപോലെ ക്രീറ്റേഷ്യസ് യുഗത്തിൽ ഉടനീളം ഭൂമിയെ ഭരിച്ചു നടന്നിരുന്ന ദിനോസാറുകൾ അപ്പാടെ പൊടുന്നനെ തുടച്ചുനീക്കപ്പെട്ട ഉൽക്കാപതനം അറുപത്തഞ്ചു മില്യൺ വർഷങ്ങൾക്ക് മുന്പ് നടന്നതും പിന്നീട് മനുഷ്യകുലം ഉത്ഭവിച്ചതും കാലത്തിൽ കൊത്തിവെക്കപ്പെട്ട സംഭവങ്ങൾ ആയിരുന്നു. ഇന്ന് പല രംഗങ്ങളിലും ലോകം നേരിട്ടുകൊണ്ടിരിക്കുന്ന ഗുരുതരമായ വെല്ലുവിളികളും കാലത്തിന്റെ അടരുകളിൽ നിന്നും ഉതിർന്നവ തന്നെ.ഓരോ സന്ദർഭങ്ങളും സാഹചര്യങ്ങളും ഏതൊക്കെ തെറ്റുകളാൽ സംഭവിച്ചു എന്ന് മനസ്സിലാക്കപ്പെടാൻ ഒരു തലമുറയുടെ ജീവിതം കൊണ്ടും മതിയായി എന്ന് വരില്ല. ഒരു തലമുറ കാട്ടിക്കൂട്ടിയ തെറ്റുകളും അസംബന്ധങ്ങളും അതുപോലെതന്നെ അവർ നൽകിയ നന്മയും സംഭാവനകളും ഒരുപോലെ അടുത്ത തലമുറയ്ക്ക് മാർഗദർശനം നൽകണം.അതിലൂടെ തെറ്റുകളെ മനസ്സിലാക്കുവാനും തിരുത്തുവാനും നന്മയെ ഉൾക്കൊള്ളുവാനും സാധിക്കണം. ആ പ്രക്രിയയിൽ തലമുറകൾ വിജയിച്ചാലേ ലോകം ശുദ്ധീകരിക്കപ്പെടുകയും പുരോഗനോന്മുഖമാവുകയും ചെയ്യുകയുള്ളൂ. നന്മക്കും സംസ്‌കാരത്തിനും വേണ്ടി സൃഷ്ടിക്കപ്പെട്ടതെല്ലാം തിന്മക്കും അസമാധാനത്തിനും വേണ്ടി ഉപയോഗിക്കപ്പെടുന്പോൾ ലോകത്തെ എത്തിപ്പിടിക്കാൻ എല്ലാ സാങ്കേതിക സൗകര്യങ്ങളുമുണ്ടെങ്കിലും സുരക്ഷിത ബോധത്തോടെ എവിടെയും പോകാനാവാതെ അന്ധാളിച്ചു നിൽക്കേണ്ട ഗതികേടിലാണ് ലോകം മുഴുവനും. പരസ്പ്പര വിശ്വാസം കൈമോശം വന്ന ലോകത്ത് ഇപ്പോൾ നിയന്ത്രണങ്ങൾ സഞ്ചാരങ്ങൾക്കു കൂച്ചുവിലങ്ങിടുന്നു. അതിരുകളില്ലാത്ത മാനവികതയും ലോകവും മനുഷ്യന് ഒരു കാലത്തും എത്തിപ്പിടിക്കാനാവാത്ത ഒരു മോഹിപ്പിക്കുന്ന സങ്കല്പം മാത്രമായി തുടരുന്നു.

കൂടം കൊണ്ട് പോലും പിളർക്കാൻ സാധിക്കാത്ത പാറയുടെ കഠിനമായ ഉപരിതലം പിളർന്ന് ഒരു പുൽനാന്പ് തലനീട്ടുന്നതുപോലെ ഏതു കഠിനമായ എതിർപ്പിനും ശിക്ഷക്കും തടയാനാവാതെ ശാശ്വത സത്യങ്ങൾ പുറത്തുവരുന്നതും കാലം കൊത്തിെവച്ചതാണ്. ശിക്ഷയെ ഭയക്കാതെ സത്യം ഉറക്കെ വിളിച്ചുപറയുന്ന ക്രാന്തദർശികളുടെ ജന്മവും കാലം അതിന്റെ ചുരുളുകളിൽ കരുതി വെച്ചിരുന്നു. അവർ അനുഭവിച്ച പീഡനങ്ങളാണ് ലോകത്തെ ഇത്തരത്തിൽ സാങ്കേതികമായി പുരോഗമിപ്പിച്ചത്. അവർക്കെതിരെ മതപരവും, ഗോത്രപരവും, രാഷ്ട്രീയവും, ദേശീയവും കാലികവുമായ വാളുകൾ ഉയർന്നു. സത്യത്തെ ഉയർത്തിപ്പിടിച്ചുകൊണ്ടു അവർ അനിവാര്യമായ വിധിക്കു കീഴടങ്ങി.

പതിനാറാം നൂറ്റാണ്ടിൽ ജീവിച്ച ബ്രൂണോ അക്കാലത്തെ പ്രബല വിശ്വാസമായ പ്രപഞ്ചകേന്ദ്രമാണ് ഭൂമി എന്ന ധാരണയെ തിരുത്തി. ഭൂമിയാണ് സൂര്യനെ കറങ്ങുന്നതെന്നും നക്ഷത്രങ്ങൾ മറ്റു സൂര്യൻമാരാണെന്നും, അവക്കെല്ലാം സ്വന്തമായി മറ്റു ഗ്രഹങ്ങൾ ഉണ്ടെന്നും അവിടെയൊക്കെ ജീവനുണ്ടാവാൻ സാധ്യതയുണ്ടെന്നും ഉറക്കെ വിളിച്ചുപറഞ്ഞു.അവിടെയും നിൽക്കാതെ പ്രപഞ്ചം അനന്തമാണെന്നും അതിനു ഒരു കേന്ദ്രമില്ലെന്നും വരെ അദ്ദേഹം പറഞ്ഞുവെച്ചു. വിശ്വാസഹാരി എന്ന നിലയിൽ കുറ്റം ചുമത്തി അദ്ദേഹത്തെ പൗരോഹിത്യം ജീവനോടെ ചുട്ടെരിച്ചു. അതാണ് ശാസ്ത്രത്തിനു വേണ്ടിയുള്ള ആദ്യ രക്തസാക്ഷിത്വം. കേവലം അന്തർ ദർശനത്തിന്റെ പിൻബലത്തിൽ മാത്രമാണ് അദ്ദേഹം ഈ സത്യം തിരിച്ചറിഞ്ഞത്. മറ്റു തെളിവുകൾ ഇതിനായി കൊണ്ടുവരുവാൻ അദ്ദേഹത്തിനായില്ല. ശാശ്വത സത്യങ്ങൾ എത്ര മൂടിവെച്ചാലും വികലമാക്കപ്പെട്ടാലും കാലം പുറത്തു കൊണ്ടുവരികതന്നെ ചെയ്യും. കാരണം സത്യത്തിലേയ്ക്കുള്ള അനുസ്യൂതമായ പ്രയാണത്തിന് ഗതിപകരുന്ന ഒരു നീതിബോധം കാലപ്രവാഹത്തിൽ എവിടെയോ സ്പന്ദിക്കുന്നുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed