നികുതിയുടെ പേരിൽ പകൽ കൊള്ള...

ഇത്തവണ നാട്ടിലെത്തുന്ന പ്രവാസികൾക്ക് പുതിയൊരുനുഭവമായി മാറുന്നത് കൊച്ചിയിലെ മെട്രോ മാത്രമല്ല മറിച്ച് ജിഎസ്ടി അഥവാ ചരക്ക് സേവന നികുതി നടപ്പിലാക്കൽ കാരണമുള്ള ബുദ്ധിമുട്ടുകൾ കൂടിയാണെന്ന് അവിടെയെത്തിയവർ പറയുന്നു. പുതിയ നികുതി സന്പ്രദായം വരുന്പോൾ ചരക്കുകൾക്ക് വില കുറയുമെന്ന കേന്ദ്ര സർക്കാരിന്റെ വാഗ്ദാനങ്ങൾ മിക്കതും പാഴായിരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. ജിഎസിടിയുടെ വരവോടെ നിത്യോപയോഗസാധനങ്ങളിൽ പലതിനും വലിയ വിലവ്യത്യാസവും വിലകയറ്റവും ഉണ്ടായിട്ടുണ്ട്. പുതിയ നികുതിയുടെ പേരിൽ ഹൊട്ടലുകളിലെ ഭക്ഷണത്തിന് പോലും വില കൂടി. ചുരുക്കത്തിൽ ജിഎസ്ടി നൽകുമെന്ന് പറയപ്പെടുന്ന ആനുകൂല്യങ്ങൾ ജനങ്ങൾക്ക് കിട്ടുന്നില്ല എന്ന് മാത്രമല്ല, അധിക ബാധ്യത ഉണ്ടാവുകയും ചെയ്യുന്നു. വാസ്തവത്തിൽ ഭൂരിഭാഗം ഉൽപ്പന്നങ്ങൾക്കും മുന്പുണ്ടായിരുന്ന നികുതിയുടെ ആകെതുകയെക്കാൾ കുറവാണ് ജിഎസ്ടി നിരക്ക് പ്രകാരം ഈടാക്കുന്നത്. അങ്ങിനെയെങ്കിൽ തീർച്ചയായും വില കുറയുകയാണ് വേണ്ടത്.
ഈ ഒരു സാഹചര്യത്തിൽ സാധാരണക്കാരൻ എന്ന നിലയിൽ മനസിലാക്കേണ്ടത് നികുതിയുടെ പേരിൽ അമിതമായ ചൂഷണമാണ് നമ്മുടെ നാട്ടിലെ വാണിജ്യ സമൂഹം നടത്തുന്നത് എന്നു തന്നെയാണ്. വ്യാപാരിക്ക് തട്ടികിഴിച്ചു കിട്ടിയ നികുതിക്ക് മേൽ വീണ്ടും ജനം നികുതി കൊടുക്കേണ്ടി വരുന്ന സാഹര്യമാണ് ഇപ്പോഴുണ്ടായികൊണ്ടിരിക്കുന്നത്. നികുതിക്ക് മേൽ നികുതി വേണ്ടെന്ന ജിഎസ്ടിയുടെ പ്രാഥമിക ലക്ഷ്യത്തിൽ നിന്നുള്ള വ്യതിചലനമാണിത്. അതായത് പകൽ കൊള്ള. ഇതിനെതിരെ ശക്തമായ നടപടികൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വീകരിക്കേണ്ടതാണ്. നിരന്തരമായ കടപരിശോധനകൾ നടത്തിയും, അമിതലാഭം എടുക്കുന്നവരെ നിയന്ത്രിച്ചുമാണ് ജിഎസ്ടി നടപ്പിലാക്കേണ്ടത്. ഈ സംവിധാനം ലോകത്ത് മിത്ത രാജ്യങ്ങളും വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. ഓസ്ടേലിയ, മലേഷ്യ തുടങ്ങിയവ ഉദാഹരണം. അമിതമായി ഈടാക്കുന്ന ലാഭം ചെറുക്കാനുള്ള ശ്രമമാണ് ഇതിലൂടെ ഇവരൊക്കെ നടത്തിയത്. എന്നാൽ ഇന്ത്യയിൽ പതിവ് പോലെ ഇതൊന്നും ഈ നാട്ടിൽ നടക്കില്ലെന്ന് പറഞ്ഞ് എതിർക്കുന്പോഴാണ് കാര്യങ്ങൾ ബുദ്ധിമുട്ടിലാകുന്നത്.
താൽക്കാലികമായി കിട്ടുന്ന ലാഭത്തിന് വേണ്ടി ഇപ്പോഴത്തെ ചട്ടങ്ങളുടെ പരസ്യമായ ലംഘനമാണ് വ്യാപാരി സമൂഹം നടത്തിവരുന്നത്. അത് ഭാവിയിൽ നിയമനടപടികൾ നേരിടേണ്ടി വരുന്ന കാര്യമായി മാറുമെന്ന തിരിച്ചറിവ് പോലും ഇവർക്കുണ്ടാകാത്തത് ഖേദകരമാണ്. വിപണിയുടെ ദീർഘകാല പുരോഗതി ലക്ഷ്യമിട്ട് രാജ്യം പുതിയ നികുതിഘടനയിലേയ്ക്ക് കടക്കുന്പോൾ തങ്ങളുടെ പ്രവർത്തനം സുതാര്യമാണെന്ന് തെളിയിക്കാനുള്ള ശ്രമമാണ് വ്യാപാരികൾ കാണിക്കേണ്ടത്. അല്ലാതെ പാവം ജനത്തിനെ ഒരു നിയമം വന്നതിന്റെ പേരിൽ ദ്രോഹിക്കുന്ന നടപടികൾ വലിയ തെറ്റ് തന്നെയാണെന്ന് പറയാതിരിക്കാൻ വയ്യ. അതേ സമയം ഇത്തരം വലിയ തീരുമാനങ്ങളെടുക്കുന്പോൾ മതിയായ മുന്നൊരുക്കങ്ങൾ എടുക്കാത്തത് എന്ത് കൊണ്ടാണെന്നും മനസിലാകുന്നില്ല. ഗവൺമെന്റ് ഓരോ തീരുമാനം എടുക്കുന്പോഴും ഉണ്ടാകുന്ന ആശയകുഴപ്പങ്ങളാണ് പ്രതിസന്ധികൾ ഉണ്ടാക്കുന്നത്. അതു കൊണ്ട് തന്നെ ഏത് അർദ്ധരാത്രിയിൽ എടുക്കുന്ന തീരുമാനമായാലും ശരി വ്യക്തമായ മാർഗനിർദേശങ്ങളും ആശയങ്ങളും പൊതുസമൂഹത്തിന് നൽകേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്നും കൂടി ഓർമ്മപ്പെടുത്തട്ടെ.