പ്രകോപനങ്ങളെ അതിജീവിക്കണം..


യുദ്ധം എന്നത് ഏറ്റവും ഭീതിജനകവും, മനുഷ്യവിരുദ്ധവുമായ കാര്യമാണെന്ന് പറയാറുണ്ട്. ഓരോ യുദ്ധവും ബാക്കി വെച്ചത് ആരുടെയെങ്കിലും വിജയം മാത്രമല്ല, മറിച്ച് അനേകരുടെ കണ്ണീരും, വേദനയും കൂടിയാണ്. ഇന്ത്യയുടെ ഭൂട്ടാൻ, ചൈന അതിർ‍ത്തിയിൽ‍ നിന്നും ഏതാനും ദിവസങ്ങളായി വന്നുകൊണ്ടിരിക്കുന്ന വാർ‍ത്തകൾ‍ ആശങ്കയുള്ളവാക്കുന്നവയാണ്. 1962ലുണ്ടായ ഇന്തോ ചൈന യുദ്ധത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുണ്ടായ ഏറ്റവും പ്രധാനപ്പെട്ട സൈനീക നീക്കങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ‍ നടന്നത്. ത്രിരാഷ്ട്രാതിർത്തിയിലെ തർക്ക പ്രദേശത്ത്‌ നിന്നും ചൈനീസ്‌ സേന പിന്മാറണമെന്ന ഇന്ത്യയുടെയും ഭൂട്ടാന്റെയും ആവശ്യം ചൈന നിരാകരിച്ചതോടെയാണ് ഈ സംഘർ‍ഷങ്ങൾ‍ക്ക് തുടക്കമായത്. 

ഇതേ തുടർ‍ന്ന് ഇരു സൈന്യങ്ങളും തമ്മിൽ അതിർത്തിയിലുണ്ടായ  അക്രമങ്ങളിൽ‍ ഏതാനും ഇന്ത്യൻ സൈനികർക്ക്‌ പരിക്കേറ്റിരുന്നതായും വാർത്തയുണ്ടായിരുന്നു. ജൂൺ 29ന്‌ ഇന്ത്യൻ അതിർത്തിക്കു സമീപം ചൈന ടിബറ്റിൽ അവരുടെ നൂതന 35 ടൺ സൈനിക ടാങ്ക്‌ പരീക്ഷണവും നടത്തിയിരുന്നു. ഇതേ നേരത്ത് ചൈനയുടെ സൈനിക മേധാവി ഇന്ത്യ ‘ചരിത്രത്തിൽ നിന്ന്‌ പാഠം ഉൾക്കൊള്ളണ’മെന്ന മൂന്നറിയിപ്പോടെ നടത്തിയ പരാമർശം തികച്ചും പ്രകോപനപരം കൂടിയായിരുന്നു. എന്നാൽ‍ ഇരുരാജ്യങ്ങൾക്കുമിടയിൽ ലോകത്തിലെ വളരെ ചെറിയ രാഷ്ട്രങ്ങളുടെ പട്ടികയിൽ പെടുന്ന ഭൂട്ടാന്റെ സുരക്ഷകൂടി പരിഗണിച്ച്‌ അതീവ ആത്മസംയമനത്തോടെ പ്രശ്നങ്ങളെ സമീപക്കുകയായിരുന്നു ഇന്ത്യ ചെയ്തത്. ജമ്മു കശ്മീർ മുതൽ അരുണാചൽപ്രദേശ്‌ വരെ 3,488 കിലോമീറ്റർ ദൈർഘ്യമേറിയ ഇന്ത്യാ-ചൈന അതിർത്തിയിൽ 221 കിലോമീറ്റർ മാത്രം വരുന്ന അതിർത്തിയാണ്‌ സിക്കിം സംസ്ഥാനവുമായുള്ളത്‌. ഇന്ത്യയ്ക്ക് പുറമേ ചുറ്റുമുള്ള ഒരു ഡസൻ രാജ്യങ്ങളോടും ചൈനയ്ക്ക് അതിർ‍ത്തി തർ‍ക്കങ്ങൾ‍ നിലവിലുണ്ട്. ഒരു യുദ്ധമെന്ന ആഗ്രഹത്തിനുപരി മേഖലയിൽ‍  തങ്ങൾ‍  ആഗോള സാന്പത്തിക, സൈനീക, രാഷ്ട്രീയ ശക്തിയാണെന്ന് തെളിയിക്കാനുള്ള ചൈനയുടെ ശ്രമമാണ് ഈ അതിർ‍ത്തി തർ‍ക്കങ്ങളൊക്കെയും. ഇതോടൊപ്പം ഇന്ത്യൻ അതിർത്തിയോട്‌ ചേർന്ന്‌ സൈനിക ലക്ഷ്യത്തോടുകൂടിയ റോഡ്‌ നിർമാണം, റയിൽപാതാ നിർമാണം തുടങ്ങിയ പ്രകോപനപരമായ നടപടികളും അവർ‍ നടത്തിവരുന്നുണ്ട്. 

എന്നാൽ‍ ഈ പ്രകോപനങ്ങളെയൊക്കെ അതിജീവിച്ച് കൊണ്ട് കഴിഞ്ഞ ദിവസം ജി 20 ഉച്ചകോടിയിൽ‍ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും, ചൈനീസ് രാഷ്ട്രപതിയും നേരിട്ട് കണ്ട സംസാരിച്ചത് ഏറെ പ്രതീക്ഷകൾ‍ നൽ‍കുന്ന കാര്യമാണ്. അതിർ‍ത്തിയിലെ മഞ്ഞുരക്കത്തിന് ഇത് സഹായിക്കുമെന്ന് തന്നെ കരുതാം. ഇത് ഇവിടെ കഴിയുന്ന സാമാന്യ ജനങ്ങളുടെ താൽപ്പര്യം സംരക്ഷിക്കാനും, മേഖലയിൽ സമാധാനവും ഉറപ്പുവരുത്തുന്നതിൽ നിർണായകമാകുമെന്നതും ഉറപ്പ്. യുദ്ധങ്ങൾ ഒരു പ്രശ്നവും പരിഹരിക്കല്ലെന്ന ചരിത്രപാഠം തന്നെയാരിക്കണം നമ്മുടെ പ്രതിരോധത്തിന്റെ അടിസ്ഥാന തത്വമെന്ന ഓർ‍മ്മപ്പെടുത്തലോടെ.

You might also like

  • Straight Forward

Most Viewed