കരാ­റു­കളി­ലെ­ തകരാ­റു­കൾ!


ജെ. ബിന്ദുരാജ്

പഞ്ചവടിപ്പാലങ്ങൾ പഴങ്കഥയല്ല. പുതിയകാലത്തും അവ സൃഷ്ടിക്കപ്പെടുന്നുണ്ട്. ജനത്തിന്റെ ജീവനു പോലും ഭീഷണിയായിക്കൊണ്ട് അവ നാട്ടിലുടനീളം ഉയരുന്നുമുണ്ട്. പാലങ്ങൾ മാത്രമല്ല അശാസ്ത്രീയമായി നിർമ്മിച്ച നിരത്തുകളും അപകടങ്ങളുടെ ഈറ്റില്ലമായിത്തന്നെ മാറിക്കൊണ്ടിരിക്കുകയാണ്. ദേശീയപാതയേക്കാളും സംസ്ഥാന ഹൈവേകളേക്കാളും കേരളത്തിൽ കഴിഞ്ഞ വർഷം ഏറ്റവുമധികം അപകടങ്ങൾ നടന്നത് സംസ്ഥാനത്തെ ഇവ രണ്ടുമല്ലാത്ത മറ്റു പാതകളിലാണെന്നത് ഗ്രാമീണനിരത്തുകൾക്കു നേരെ സർക്കാരുകൾ കാട്ടുന്ന അനാസ്ഥയും നിർമ്മാണത്തിലെ അശാസ്ത്രീയ രീതികളുമാണ് വെളിപ്പെടുത്തുന്നത്. 

നിരത്തിന്റെയോ പാലത്തിന്റെയോ നിർമ്മാണത്തിലെ കുഴപ്പങ്ങൾ മൂലം കരാറുകാരും പൊതുമരാമത്തുവകുപ്പിലെ എഞ്ചിനീയർമാരും പ്രതിക്കൂട്ടിലാകുന്ന അവസ്ഥ ഇക്കാലമത്രയും കേരളത്തിലുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ സംസ്ഥാനത്തെ പല പൊതുമരാമത്തുപണികളും അഴിമതിയുടെ കൂത്തരങ്ങായി മാറി. താഴേത്തട്ടിൽ നിന്നും ഉദ്യോഗസ്ഥതലങ്ങളിലേക്കും മന്ത്രിതലങ്ങളിലേക്കും വരെ അഴിമതിയുടെ വീതം പങ്കുവയ്ക്കാൻ തുടങ്ങിയതോടെ കേരളത്തിലെ റോഡുകൾ പലതും നിർമ്മിച്ച് അഞ്ചോ ആറോ മാസം കഴിയുന്നതിനു മുന്പു തന്നെ തകരാൻ തുടങ്ങി. കരാറുകാരിൽ നിന്നും വൻതുക കോഴ വാങ്ങിയ മന്ത്രിയും ഉദ്യോഗസ്ഥരും അതിനു നേരെ കണ്ണടയ്ക്കുന്നതിനാൽ പൊട്ടിപ്പൊളിഞ്ഞ നിരത്തുകളിലൂടെ സഞ്ചരിക്കാൻ പൊതുജനം വിധിക്കപ്പെട്ടു. ആ നിരത്തുകളിൽ അപകടങ്ങളിൽ നിരവധി ജീവനുകൾ പൊഴിഞ്ഞു. ഇത്തരമൊരു അവസ്ഥയിലാണ് പൊതുമരാമത്തു മന്ത്രി ജി സുധാകരന്റെ ധീരമായ ഇടപെടലുകൾ കേരളത്തിൽ പുതിയൊരു സംസ്‌കാരത്തിനു തുടക്കമിടുന്നത്. റോഡിനോ പാലത്തിനോ തകരാറു കണ്ടെത്തിയാൽ കരാറുകാരനും അയാളെ സഹായിച്ച ഉദ്യോഗസ്ഥരും പ്രതിക്കൂട്ടിലാകുന്ന ധീരവും കർക്കശവുമായ ഒരു സമീപനമാണത്. 

പന്പാ നദിക്കു കുറുകെ 7.6 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച 700 മീറ്റർ നീളമുള്ള കണമലപ്പാലം കമ്മീഷൻ ചെയ്തത് 2014−ലാണ്. പൂഞ്ഞാർ-റാന്നി മണ്ധലങ്ങളെ ബന്ധിപ്പിക്കുന്ന ഈ പാലത്തിലൂടെയാണ് ശബരിമലയിലേക്കുള്ള ആയിരക്കണക്കിനു വാഹനങ്ങൾ കടന്നുപോകുന്നത്. രണ്ടുവർഷം പിന്നിട്ടപ്പോഴേക്കും പാലത്തിന്റെ സിമെന്റ് മധ്യഭാഗത്ത് പലയിടത്തുമിളകി കന്പികൾ പുറത്തുകണ്ടുതുടങ്ങി. വാഹനങ്ങൾ കടന്നുപോകുന്പോൾ വലിയ കുലുക്കവും പാലത്തിൽ അനുഭവപ്പെടുന്നു. പ്രതലത്തിലുണ്ടായ ഈ തകരാറുകൾ പാലത്തിന്റെ ഉറപ്പിനെ ബാധിക്കുന്ന കാര്യമല്ലെന്ന് വിലയിരുത്തിയാൽപ്പോലും ഈ വിവരം അറിഞ്ഞയുടനെ തന്നെ പൊതുമരാമത്തു വകുപ്പ് അതിശക്തമായ നടപടികൾ ആ പാലം നിർമ്മിച്ച കോൺട്രാക്ടർക്കെതിരെ സ്വീകരിച്ചത് സ്വാഗതാർഹം തന്നെ. അഴിമതിക്കെതിരെയെന്ന് പറയുകയും അഴിമതിക്കാരേയും കൈയേറ്റക്കാരേയും സംരക്ഷിക്കാൻ ശ്രമിക്കുന്ന പിണറായി വിജയനിൽ വ്യത്യസ്തനാണ് താനെന്ന് സുധാകരൻ തന്റെ നിലപാടിലൂടെ തെളിയിച്ചത് നിസ്സാരകാര്യമല്ല. മൂന്നാറിൽ കൈയേറ്റം ഒഴിപ്പിക്കാൻ മുന്നിട്ടിറങ്ങിയ ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ പ്രമോഷൻ നൽകി തൽസ്ഥാനത്തു നിന്നും തെറിപ്പിച്ച മഹാനുഭാവനാണല്ലോ വിജയൻ. കുറഞ്ഞപക്ഷം തന്റെ വകുപ്പ് നിർമ്മിച്ച ഒരു പാലത്തിൽ കുഴപ്പങ്ങൾ കണ്ടെത്തിയപ്പോൾ അതിന്റെ കരാറുകാരനെതിരെ അന്വേഷണത്തിനു ഉത്തരവിട്ട് ജനത്തോടുള്ള പ്രതിബദ്ധത വെളിപ്പെടുത്തി ജി സുധാകരൻ. നട്ടെല്ല് ഒരു ഗുണമാണെന്ന് അദ്ദേഹം തിരിച്ചറിയുന്നുണ്ടെന്ന് വ്യക്തം. പിഡബ്ല്യുഡി വർക്കുകളിൽ നിലവാരത്തിൽ വിട്ടുവീഴ്ചകൾ ചെയ്യുന്ന കോൺട്രാക്ടർമാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും തകരാറുകൾ പരിഹരിക്കാൻ അവരിൽ നിന്നു തന്നെ പണം ഈടാക്കുമെന്നും നേരത്തെ തന്നെ ജി സുധാകരൻ പ്രസ്താവിച്ചിരുന്നതുമാണ്. സരിതയും കവിതയും പോലുള്ള ചില വിഷയങ്ങളിൽ വിടുവായത്തം സുധാകരനുണ്ടെങ്കിലും ഭരണപരമായ കാര്യങ്ങളിൽ കർക്കശമായ നിലപാട് സ്വീകരിക്കുന്നത് സുധാകരന്റെ ജനപ്രീതി വർധിപ്പിക്കാനേ ഇടയാക്കുകയുള്ളു. 

പൊതുമരാമത്തു വകുപ്പിൽ നിന്നും കണമലപ്പാലത്തിന്റെ കരാർ നേടിയിരുന്നത് കേരള േസ്റ്ററ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ്. 1975−ൽ സർക്കാരിന്റെ ഉടമസ്ഥതയിൽ നിർമ്മിക്കപ്പെട്ട് ഈ കോർപ്പറേഷന്റെ ലക്ഷ്യങ്ങളിൽ പരമപ്രധാനമായത് സർക്കാർ പദ്ധതികൾ മികച്ച നിലവാരത്തോടെ പൂർത്തിയാക്കുകയും സ്വകാര്യ കരാറുകാരെ സംസ്ഥാനത്തിന്റെ വിഭവങ്ങൾ ചൂഷണം ചെയ്യുന്നതിൽ നിന്ന് അകറ്റിനിർത്തുകയും ചെയ്യുകയാണ്. സ്വകാര്യ കരാറുകാർ പാതിവഴിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തുന്നതിന് തടയിടുകയും അധികചെലവുണ്ടാക്കാതെ, സമയബന്ധിതമായി ജോലികൾ നടപ്പാക്കുകയെന്നതുമാണ് കെഎസ്്സിസിയുടെ മറ്റ് പ്രഖ്യാപിത ലക്ഷ്യങ്ങൾ. ലക്ഷ്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും യഥാർത്ഥ അവസ്ഥ മറ്റൊന്നാണെന്ന് ഇപ്പോൾ പൊതുജനത്തിന് ബോധ്യപ്പെട്ടിരിക്കുന്നു. ലേബർ വർക്കുകൾ മാത്രമേ കരാറുകാർക്ക് ഉപകരാറായി നൽകാൻ പാടുള്ളുവെന്ന വ്യവസ്ഥ പാലിക്കാതെ, കണമലപ്പാലത്തിന്റെ മുഴുവൻ ജോലിയും കെആർ ഹാഷിർ എന്ന കോൺട്രാക്ടറെയാണ് കൺട്രക്ഷൻ കോർപ്പറേഷൻ ഏൽപിച്ചിരുന്നത്. നിശ്ചിത സമയത്തിനുള്ളിൽ പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കുന്നതിൽപോലും പരാജയപ്പെട്ടു ഈ കരാറുകാരൻ. തകരാറുകൾ കണ്ടെത്തിയ പാലത്തിന്റെ നിർമ്മാണത്തെപ്പറ്റി അന്വേഷണം നടത്തിയശേഷം തെറ്റുകാരനെങ്കിൽ ഈ കോൺട്രാക്ടറെ കരിന്പട്ടികയിൽപ്പെടുത്താനൊരുങ്ങുകയാണ് ഇപ്പോൾ പൊതുമരാമത്തുവകുപ്പ്. കരിന്പട്ടികയിൽപ്പെടുത്തി, വരുംകാല കരാർ ജോലികളിൽ നിന്നും കരാറുകാരനെ ഒഴിവാക്കുന്നതിനു പുറമേ, കുറ്റകരമായ അനാസ്ഥ അന്വേഷണത്തിൽ കണ്ടെത്തിയാൽ കരാറുകാരനെതിരെ ക്രിമിനൽ കേസ്സ് ഫയൽ ചെയ്യണമെന്നും പൊതുമരാമത്തു വകുപ്പിന്റെ വിജിലൻസ് വിഭാഗത്തിന് മന്ത്രി സുധാകരൻ നിർദ്ദേശം നൽകിയിട്ടുമുണ്ട്. മന്ത്രിയുടെ ഈ നടപടിയിൽ തങ്ങൾക്കെതിർപ്പില്ലെന്ന് ഗവൺമെന്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷനും പ്രസ്താവിച്ചു കഴിഞ്ഞു. പാലം കമ്മീഷൻ ചെയ്ത് മൂന്നു വർഷത്തിനുള്ളിൽ തന്നെ തകരാറുകൾ കണ്ടെത്തിയാൽ അതിനെതിരെ നടപടി സ്വീകരിക്കാൻ സർക്കാരിന് അവകാശമുണ്ടെന്നതാണ് നിയമം. പാലത്തിന്റെ നിർമ്മാണ ചെലവിലെ വർധനവിനെക്കുറിച്ചും രൂപകൽപനയെക്കുറിച്ചും നിർമ്മാണത്തെപ്പറ്റിയും സമഗ്രമായ ഒരു അന്വേഷണം സർക്കാർ നടത്തിയശേഷം മാത്രമേ നടപടിയിലേക്ക് നീങ്ങാവൂ എന്ന നിബന്ധന അസോസിയേഷൻ മുന്നോട്ടുവയ്ക്കുന്നുണ്ടെങ്കിലും കരാർ ഏറ്റെടുത്തവർ ജനത്തോട് പ്രതിബദ്ധത വച്ചുപുലർത്തണമെന്ന സന്ദേശമാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നതെന്ന കാര്യത്തിൽ അവർക്ക് സംശയമില്ല.

പത്തുവർഷം മുന്പ് നിർമ്മിച്ച ഹൈക്കോടതി കെട്ടിടത്തിന്റെ എട്ടാം നിലയിലെ തൂണുകളും ചുവരുകളുമെല്ലാം പൊളിഞ്ഞ് കന്പിയടക്കം പുറത്തുവരികയും അവിടെ പ്രവർത്തിച്ചിരുന്നവരൊയൊക്കെ മറ്റിടങ്ങളിലേക്ക് മാറ്റുകയും ചെയ്‌തെങ്കിലും അതൊന്നും വാർത്തയാകാതിരുന്ന നാടാണ് കേരളം. എന്തിന്, ഹൈക്കോടതി കെട്ടിടത്തിന്റെ കരാറുകാർ ആരായിരുന്നുവെന്ന് അന്വേഷിക്കാൻ മറ്റു കേസ്സുകളിലൊക്കെ വിവരങ്ങളൊക്കെ വിസ്തരിച്ചറിയാൻ ശ്രമിക്കുന്ന ജഡ്ജിമാരും ശ്രമിച്ചില്ല. സർക്കാർ കെട്ടിടമാകുന്പോൾ ഇതൊക്കെ സ്വാഭാവികമാണെന്നായിരിക്കും ഒരുപക്ഷേ അവരും കരുതിയിരിക്കുന്നത്. കൊച്ചിയിൽ കഴിഞ്ഞ വർഷം ഒക്ടോബർ 12−ന് ഉദ്ഘാടനം ചെയ്ത പാലാരിവട്ടം ഫ്‌ളൈഓവറിലൂടെ ദിവസവും സഞ്ചരിക്കുന്നയാളാണ് ഞാൻ. ഉദ്ഘാടനത്തിനുശേഷം കേവലം ആറു മാസം പിന്നിടുംമുന്പു തന്നെ പാലത്തിലെ ടാറിംഗ് പലയിടത്തും ഇളകിവരാൻ തുടങ്ങി. പ്രധാനമന്ത്രി മോഡിയുടെ കൊച്ചി മെട്രോ ഉദ്ഘാടനം പ്രമാണിച്ച് അടിയന്തരമായി ഈ ഫ്‌ളൈഓവറിൽ ഒരു കുഴിയടയ്ക്കൽ മഹാമഹം നടത്തിയെങ്കിലും രണ്ടാഴ്ച പിന്നിടും മുന്പു തന്നെ വീണ്ടും കുഴികൾ രൂപപ്പെട്ടു. ഇപ്പോൾ, വേഗത്തിലെത്തുന്ന വാഹനങ്ങൾ പാലത്തിന്റെ ഒത്ത നടുക്കെത്തുന്പോൾ പെട്ടെന്ന് കുഴി കണ്ട് ബ്രേക്കിട്ട് അപകടമുണ്ടാകുന്ന അവസ്ഥയാണ് ഈ ഫ്‌ളൈഓവറിലുള്ളത്. ആറു മാസം പോലും പിന്നിടുംമുന്പ് ടാറിങ്ങ് ഇളകുന്നത്ര വിചിത്രമായ രീതിയിലാണോ ഈ പൊതുമരാമത്തു പാലത്തിൽ കരാറുകാർ ടാറിംഗ് നടത്തിയത്? കൊച്ചിയിലെ ഈ തകരാറുകൾക്ക് സമാനമായ നിരവധി പ്രശ്‌നങ്ങൾ കേരളത്തിലുടനീളമുള്ള റോഡുകളിലും പാലങ്ങളിലും പൊതുമേഖലാ കെട്ടിടങ്ങളിലും സ്ഥാപനങ്ങളിലുമൊക്കെ ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ ഇക്കാലമത്രയും കരാറുകാരും രാഷ്ട്രീയക്കാരും പിഡബ്ല്യുഡിയിലെ എഞ്ചിനീയർമാരുമൊക്കെയുണ്ടായിരുന്ന ബാന്ധവങ്ങൾക്ക് പൊതുമരാമത്തു വകുപ്പ് വിജിലൻസിന്റെ അന്വേഷണങ്ങൾ വരുന്നതോടെ സ്ഥിതിഗതികൾ മാറാനുള്ള സാധ്യതകളാണ് കാണുന്നത്. അക്കാര്യത്തിൽ ജി സുധാകരൻ എന്ന മന്ത്രിയുടെ നിശ്ചയദാർഢ്യം വാഴ്ത്തപ്പെടേണ്ടതു തന്നെ. 

കോടിക്കണക്കിനു രൂപ മുടക്കിയാണ് പൊതുമരാമത്തുവകുപ്പ് റോഡുകളും പാലങ്ങളുമൊക്കെ നിർമ്മിക്കുന്നത്. എൽഡിഎഫ് സർക്കാർ അധികാരമേറ്റെടുത്തശേഷം മാത്രം പതിനായിരം കോടിയിലേറെ രൂപയുടെ നിർമ്മാണപ്രവർത്തനങ്ങൾ പിഡബ്ല്യുഡി ആരംഭിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ നിർമ്മിക്കപ്പെടുന്ന റോഡുകളും പാലങ്ങളുമൊന്നും രണ്ടു വർഷം പൂർത്തിയാകുംമുന്പേ തകരുന്നത് അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് സുധാകരൻ ഇപ്പോൾ എടുത്തിട്ടുള്ളത്. നിർമ്മാണപ്രവർത്തനങ്ങളിൽ തെറ്റായ പ്രവണത അവലംബിക്കുന്ന എഞ്ചിനീയർമാരെ വച്ചുപൊറുപ്പിക്കില്ലെന്നും ശാസ്ത്രീയമായ രീതികളിലൂടെ നിർമ്മാണം നടത്തുന്ന കരാറുകാരെ ഒഴിവാക്കുമെന്നും അതുകൊണ്ടാണ് സുധാകരൻ തുറന്നടിച്ചത്. മാത്രവുമല്ല, ജലഅതോറിട്ടിയും ടെലിഫോൺ ഡിപ്പാർട്ട്‌മെന്റുമൊക്കെ പൊതുവഴികൾ കുത്തിപ്പൊളിക്കുന്നതിന് നിയന്ത്രണം കൊണ്ടുവരുമെന്നും സുധാകരൻ വ്യക്തമാക്കിയിട്ടുണ്ട്. റോഡ് ടാർ ചെയ്തശേഷമുടനെ തന്നെ ജല അതോറിട്ടി റോഡ് കുത്തിക്കുഴിക്കുന്നത് പലയിടത്തും നമ്മൾ കണ്ടിട്ടുള്ള കാഴ്ചയാണ്. കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് ജലഅതോറിട്ടിയുടെ ഇത്തരം രീതികളിലൂടെ പിഡബ്ല്യുഡി ഡിപ്പാർട്ട്‌മെന്റിനുണ്ടാകുന്നത്. 

സംസ്ഥാനത്തുണ്ടാകുന്ന റോഡ് അപകടങ്ങളിൽ വലിയൊരു ശതമാനവും പൊട്ടിപ്പൊളിഞ്ഞതോ ശാസ്ത്രീയമല്ലാതെ നിർമ്മിച്ച റോഡുകൾ മൂലമോ ഉണ്ടാകുന്നതാണെന്ന് നമുക്കറിയാം. റോഡിലെ കുണ്ടിലും കുഴിയിലുമൊക്കെ ചാടി ബാലൻസ് നഷ്ടപ്പെട്ട് മറ്റ് വാഹനങ്ങൾക്ക് മുന്നിലേക്ക് തെറിച്ചുവീണോ തലയിടിച്ചോ കൊല്ലപ്പെടുന്നവരുടെ എണ്ണം ചെറുതല്ല. 2016−ൽ സംസ്ഥാനത്ത് ഉണ്ടായ മൊത്തം റോഡ് അപകടങ്ങൾ 35,216 ആണ്. ഈ അപകടങ്ങിൽ 41,379 പേർക്ക് പരിക്കേൽക്കുകയും 4145 പേർ കൊല്ലപ്പെടുകയും ചെയ്തു. ഇതിൽ ദേശീയപാതയിൽ 9519 അപകടങ്ങളാണ് ഉണ്ടായതെങ്കിൽ സംസ്ഥാന ഹൈവേകളിൽ 6119 അപകടങ്ങളാണ് രേഖപ്പെടുത്തിയത്. ഇവ രണ്ടുമല്ലാത്ത മറ്റ് നിരത്തുകളിലാണ് 2016−ൽ ഏറ്റവും അധികം അപകടങ്ങൾ ഉണ്ടായിട്ടുള്ളതെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. 19,296 അപകടങ്ങളാണ് മറ്റ് നിരത്തുകളിൽ സംഭവിച്ചത്. ഇതിനർത്ഥം പൊട്ടിപ്പൊളിഞ്ഞ ഗ്രാമീണനിരത്തുകളിലാണ് അപകടങ്ങൾ ഏറെയും സംഭവിക്കുന്നതെന്നാണ്. ഇത് സർക്കാരിന്റെ ഭാഗത്തു നിന്നുള്ള ഒരു ക്രിമിനൽ പ്രവർത്തനമാണെന്ന കാര്യത്തിൽ സംശയം വേണ്ട. ഗ്രാമീണ നിരത്തുകളും മറ്റു നിരത്തുകളിലുമുള്ള അപകടങ്ങൾ കുറയ്ക്കണമെങ്കിൽ യഥാസമയത്ത് അത്തരം നിരത്തുകളിൽ അറ്റകുറ്റപ്പണികൾ നടത്തുകയും മതിയായ ട്രാഫിക് സംവിധാനങ്ങൾ സ്ഥാപിക്കുകയും വേണം. സംസ്ഥാന സർക്കാരിനു കീഴിൽ റോഡ് സുരക്ഷിതത്വം ഉറപ്പാക്കാൻ റോഡ് സേഫ്റ്റി അതോറിട്ടിക്ക് രൂപം നൽകിയിട്ടുണ്ടെങ്കിലും അവരുടെ വെബ്‌സൈറ്റ് പോലും പ്രവർത്തക്ഷമല്ലാത്തതിനാൽ അതിനെപ്പറ്റി കൂടുതൽ പറയാതിരിക്കുകയാകും ഭേദം. സർക്കാരിനെ റോഡ് സേഫ്റ്റി നയങ്ങളിൽ ഉപദേശിക്കുകയും മതിയായ മാർനിർദ്ദേശങ്ങൾ നൽകുകയുമൊക്കെയാണ് ഈ വെള്ളാനയുടെ പ്രവർത്തനങ്ങളെന്നും മനസ്സിലാക്കുക. 

പൊതുമരാമത്തു വകുപ്പിനു കീഴിൽ തന്നെ ഇന്ന് സൂപ്രണ്ടിങ് എഞ്ചിനീയർക്കു കീഴിൽ ഒരു റോഡ് സേഫ്റ്റി സെൽ പ്രവർത്തിക്കുന്നുണ്ട്. റോഡിനെ സംബന്ധിച്ചും അതിന്റെ നിർമ്മാണത്തെ സംബന്ധിച്ചുമുള്ള വിശദമായ പരിശോധനകൾ നടത്തേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. പക്ഷേ ഇക്കാര്യത്തിൽ ഇവർ ശരിയാംവണ്ണമുള്ള പരിശോധനകൾ നടത്തുന്നില്ലെന്ന് നമ്മുടെ പല റോഡുകളിലേയും സുരക്ഷിത്വപ്രശ്‌നങ്ങൾ നേരിട്ടറിയുന്ന നമുക്ക് ബോധ്യപ്പെടുന്ന കാര്യമാണ്. ഈ മഴക്കാലത്ത് റോഡ് അപകടങ്ങൾ വർധിച്ചുവരുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയ സമീപനങ്ങൾ തന്നെയാണെന്ന് പറയാതെ വയ്യ. പല ഉൾവഴികളും കോൺക്രീറ്റ് ടൈലിങ്ങാണ് നടത്തിയിട്ടുള്ളത്. മഴക്കാലത്ത് ഇവ പായൽ കയറി തെന്നുന്നവയായി രൂപാന്തരപ്പെടുന്നു. ടൈലുകൾക്കു മേൽ ഘർഷണം ഉറപ്പാക്കാനാകുന്ന പരുപരുപ്പ് ഇല്ലെന്നതാണ് ഏറ്റവും വലിയ ന്യൂനത. ഇതുമൂലം വാഹനം ബ്രേക്കിട്ടാൽ തന്നെയും ടയറുകൾ നിരത്തിലൂടെ ഏറെ ദൂരം മുന്നോട്ട് തെന്നിനീങ്ങുന്ന സാഹചര്യമുണ്ടാകുന്നു. ഇത് പലയിടത്തും അപകടങ്ങൾക്ക് വഴിവയ്ക്കുന്നുണ്ട. മറ്റു ചില നിരത്തുകളിലാകട്ടെ, പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങൾ ടാർ ചെയ്തപ്പോൾ ചില ഭാഗങ്ങൾ ഉയർന്നും മറ്റുള്ളവ താഴ്ന്ന നിലയിലുമാണുള്ളത്. വാഹനങ്ങൾ റോഡിൽ പെട്ടെന്ന് എടുത്തുചാടാൻ വഴിവയ്ക്കുന്നു അത്. വേറെ ചിലടത്താകട്ടെ, അടപ്പില്ലാത്ത ഓവുചാലുകളാണ് നിരത്തിന് അരികിൽ. മഴക്കാലത്ത് വെള്ളം നിറയുന്പോൾ റോഡേത് കുഴിയേത് എന്നു തിരിച്ചറിയാനാകാതെ അപകടങ്ങൾക്കു വഴിവയ്ക്കുന്നു അവ. 

കേരളത്തിലെ നിരത്തുകളിൽ പ്രതിവർഷം 10 മുതൽ 11 ശതമാനം വരെ ട്രാഫിക് വർധിച്ചുവരുന്നുണ്ടെന്നാണ് വ്യവസായ സംഘടനയായ ദ അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രി ഓഫ് ഇന്ത്യ (അസോച്ചം) കഴിഞ്ഞ വർഷം നടത്തിയ പഠനത്തിൽ പറയുന്നത്. സാങ്കേതികതലത്തിലുള്ള അപ്ഗ്രഡേഷനും ആധുനികവൽക്കരണവും ആവശ്യപ്പെടുന്നവയാണ് കേരളത്തിലെ നിരത്തുകളെങ്കിലും പലപ്പോഴും സർക്കാർ അത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കാറില്ല. റബ്ബറൈസ്ഡ് റോഡുകളുടെ നിർമ്മാണം പൊതുമരാമത്തു വകുപ്പ് ഊർജിതമായി ആരംഭിച്ചിട്ടുണ്ടെങ്കിലും നാറ്റ്പാക്കിന്റെ സുരക്ഷാമാനദണ്ധങ്ങൾ പലയിടത്തും പാലിക്കുന്നതായി കാണുന്നില്ല. മൊത്തം 3.3 ലക്ഷം കിലോമീറ്ററിലധികമാണ് സംസ്ഥാനത്ത് ഇന്ന് നിരത്തുകളുള്ളതെങ്കിലും ഇവയിൽ പകുതിയിലേറെയും നിർമ്മിക്കപ്പെട്ടിട്ടുള്ളത് അശാസ്ത്രീയമായാണ്. 2010-2012 കാലയളവുകളിൽ റോഡ് അപകടങ്ങൾ ഏറ്റവുമധികം നടന്നിട്ടുള്ളത് എറണാകുളം, പാലക്കാട്, ആലപ്പുഴ, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിലാണെങ്കിൽ 2016−ൽ ഏറ്റവുമധികം അപകടങ്ങൾ നടന്നിട്ടുള്ളത് മലപ്പുറം, വയനാട്, കണ്ണൂർ, പാലക്കാട് തുടങ്ങിയ ജില്ലകളിലാണ്. എല്ലായിടത്തും അപകടങ്ങൾ പൊതുവേ കുറഞ്ഞെങ്കിലും അതിനർത്ഥം എറണാകുളത്തും ആലപ്പുഴയിലും റോഡുകൾ താരതമ്യേനെ മെച്ചപ്പെട്ടുവെന്നും മുൻപറഞ്ഞ സ്ഥലങ്ങളിൽ ഇനിയും റോഡുകൾ മെച്ചപ്പെടേണ്ടതുണ്ടെന്നും തന്നെയാണ്. 

പൊതുമരാമത്തുവകുപ്പ് 50,000 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾക്കാണ് തുടക്കമിടുന്നതെന്ന് നേരത്തെ സുധാകരൻ പ്രസ്താവിച്ചിരുന്നതാണ്. പക്ഷേ കെഎസ്്സിസിയെപ്പോലെയുള്ള സർക്കാർ സ്ഥാപനങ്ങൾക്ക് സർക്കാർ പദ്ധതികൾ ഏൽപിച്ചു നൽകുന്പോൾ പൂർണമായും കരാറുകാരന് ജോലി ഉപകരാറായി അവർ നൽകാതിരിക്കാൻ പിഡബ്ല്യുഡി വകുപ്പ് ഇടപെടേണ്ടതുണ്ട്. പിഡബ്ല്യുഡി എഞ്ചിനീയർമാരുടേയോ കെഎസ്്സിസി എഞ്ചിനീയർമാരുടെയോ മേൽനോട്ടത്തിൽ തന്നെയാകണം കരാർ ജോലികൾ നടത്തേണ്ടത്. അതിനൊപ്പം തന്നെ, പൊതുമരാമത്തു വകുപ്പിന്റെ ജോലികൾ കാര്യക്ഷമമാണോയെന്ന് പരിശോധിക്കാൻ പ്രദേശത്തെ ജനപ്രതിനിധിയേയും പഞ്ചായത്ത് അധികൃതരേയും അതാതിടങ്ങളിൽ രൂപീകരിക്കാവുന്ന പൗരസമിതികളേയും ചുമതലപ്പെടുത്തണം. 

അങ്ങനെ വരുന്പോൾ കൃത്രിമങ്ങൾ നടത്താൻ കരാറുകാർ ധൈര്യപ്പെടുകയുമില്ല. സ്വന്തം നാട്ടിലെ പാത ശരിയായ രീതിയിൽ നിർമ്മിക്കപ്പെടുവാൻ ഏതൊരാളാണ് ആഗ്രഹിക്കാത്തത്? ജീവനക്കാരുടെ സഹായത്തോടെ അഴിമതിക്കെതിരെയുള്ള കുരിശുയുദ്ധത്തിന് മുന്പ് മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് തുടക്കമിട്ടതു പോലെ, പൊതുജന പങ്കാളിത്തത്തോടെയും ജനത്തിന്റെ മേൽനോട്ടത്തിലുമുള്ള പൊതുമരാമത്തു ജോലികൾക്കും ഭാവിയിൽ തുടക്കമാകുമെന്നു കരുതാം. പക്ഷേ മന്ത്രി മാറുന്പോൾ മാറാതെ അതൊരു സംസ്‌കാരമായി മാറുമോ എന്നത് ചിന്തനീയം.

You might also like

  • Straight Forward

Most Viewed