വളർച്ചയുടെ വിവിധ ഘട്ടങ്ങളും പ്രത്യേകതകളും

ഡോ. ജോൺ പനയ്ക്കൽ
ജീവിതം ഒരു സവാരിയാണ്. ഗിയർ ഉയർത്തിയും താഴ്ത്തിയും ബ്രേക്ക് ഇട്ടും സ്പീഡ് കൂട്ടിയും സൈഡ് കൊടുത്തും ഓവർടേക്ക് ചെയ്തുമുള്ള ഡ്രൈവിംഗ്. ഇതിൽ ഓവർടേക്കിംഗ് ഉത്തരാധുനികതയുടെ മുഖമുദ്രയാണ്. എന്തിനെയും ഓവർടേക്ക് ചെയ്യുവാനുള്ള അദമ്യമായ അഭിനിവേശം. ഇന്നത്തെ മാതാപിതാക്കളും അവരുടെ മക്കളെ പ്രതി ഈ ശൈലിയാണ് അവലംബിച്ചിരിക്കുന്നത്. തങ്ങളുടെ മക്കൾ ഒന്നിനും പിന്നിലാകാൻ പാടില്ല. ടോപ്പ് ഗിയറിൽ കുട്ടികൾ പഠിക്കണം. മാർക്ക് വാങ്ങി കൂട്ടണം. ഷൈൻ ചെയ്യണം. ഈ ഉദ്യമത്തിൽ അവരെ ആരെങ്കിലും ഓവർടേക്ക് ചെയ്താൽ, അല്ലെങ്കിൽ അവർ പ്രതീക്ഷിച്ചത്രയും ഫലം പുറപ്പെടുവിക്കാതെയിരുന്നാൽ മാതാപിതാക്കൾക്ക് നിരാശ. നിഴൽയുദ്ധം തുടങ്ങുകയാണിവിടെ. പിന്നെയങ്ങോട്ട് നിരന്തരം ഉരസ്സലുകൾ. അങ്ങനെ കുടുംബത്തിന്റെ താളം തെറ്റുന്നു. ഇതിന് കാരണം തേടുകയാണ് നമ്മുടെ സ്വന്തം മക്കൾ എന്ന ഈ ലേഖനം.
വിശദാംശങ്ങളിലേക്ക് കടക്കുന്നതിന് മുന്പ് ഒരു സത്യം സൂചിപ്പിക്കട്ടെ. ഇവിടെ ആരും ആർക്കും സ്വന്തമല്ല. സ്വന്തം മനസ്സുപോലും സ്വന്തമല്ലാത്തതിനാൽ പുതിയ മേച്ചിൽ സ്ഥലങ്ങൾ പരതി നടക്കുന്ന അവസ്ഥയിൽ ആര് ആർക്കാണ് സ്വന്തം? ബന്ധങ്ങളൊക്കെ ഒരു തരത്തിൽ ബന്ധനങ്ങളാണെന്ന് ചിന്തിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നവരുടെ എണ്ണം കൂടുന്നു. രക്തബന്ധങ്ങൾ പോലും ‘മായ’ ആയിത്തീർന്നിരിക്കുന്ന കാലം.
ഈശ്വരൻ നമ്മെ ഏൽപ്പിച്ച ജീവന്റെ കൂടാരങ്ങളാണ് നമ്മുടെ മക്കൾ. അവരെ സ്വാർത്ഥതയോടെ സ്വന്തമാക്കാൻ ശ്രമിക്കുകയും നമ്മുടെ സ്വാർത്ഥ ചിന്തകൾ അവരിൽ സ്ഥാപിച്ചു കിട്ടാൻ പണിപ്പെടുകയും ചെയ്യുന്പോഴാണ് മേൽപ്പറഞ്ഞ ഉരസ്സലുകൾ ഉണ്ടാകുന്നത്. സമൂഹത്തിന് കൊള്ളാവുന്നവരായി അവരെ ഒരുക്കി ഉത്തമവ്യക്തികളാക്കുകയെന്ന ദിവ്യകർമ്മത്തിന് കാർമ്മികത്വം വഹിക്കുന്നവരാണ് മാതാപിതാക്കൾ എന്ന അവബോധം നമ്മിലുണ്ടെങ്കിൽ ‘സ്വന്തമെന്ന പദത്തിനെന്തർത്ഥം’ എന്നതിന് മറുപടി ലഭിക്കും. സ്വന്തമെന്ന പദത്തിന് പര്യായങ്ങൾ പാകപ്പെടുത്തി ദുർവ്യാഖ്യാനം നൽകുന്ന ഇക്കാലത്ത് മക്കളെ ആത്മബന്ധം പുലർത്തുന്ന സുഹൃത്തുക്കളായി കരുതി പിതൃമാതൃകർമ്മങ്ങൾ സഫലമാക്കാമെന്ന് വാദിക്കുന്നവരും ഉണ്ട്.
കൊടുക്കുന്നവ ഒരിക്കൽ എടുക്കാൻ കഴിയും. സ്വാമി സുഖബോധാനന്ദ പറയുന്നു: രണ്ടു തരം ക്രിയകളുണ്ട്. ബാഹ്യവും ആന്തരികവുമായ ക്രിയകൾ. ആന്തരിക ക്രിയകൾ എന്തൊക്കെ? വിചാരവും വികാരവും (thoughts and emotions) ജീവചൈതന്യം ആന്തരിക ക്രിയകളുടെ ആകെത്തുകയായിരിക്കും. വിചാരത്തിനും വികാരത്തിനുമിടയിൽ ഒരു വിടവുണ്ട്. ആ ശൂന്യതയിലാണ് മനുഷ്യൻ വിശ്രമം തേടേണ്ടത്. ഇത്തരം വിടവില്ലാത്തവനായി തീർന്നാൽ നാം demanding & commanding ആയിത്തീരും. അങ്ങനെയുള്ള മാതാപിതാക്കൾ മക്കളുടെ സ്വൈര്യം കെടുത്തും. വികാരം വിചാരത്തിന്റെ മേൽ ആധിപത്യം സ്ഥാപിച്ച് അതിനെ കീഴ്പ്പെടുത്താതെ ഇരിക്കട്ടെ.
ഒരു അമ്മയും മകനും തമ്മിലുള്ള സംവാദത്തിന് ഒരിക്കൽ ഞാൻ സാക്ഷിയാകേണ്ടി വന്നു. മകൻ ചെയ്ത ജോലികൾക്ക് കണക്കു പറയുകയാണ്. 12 വയസ്സുള്ള മകനെക്കൊണ്ട് അമ്മ വീട്ടിൽ കുറെ ജോലി ചെയ്യിപ്പിച്ചു. കണക്ക് ഇങ്ങനെ. വീട് അടിച്ചുവാരിയതിന് രൂപ 200, ചെടിക്ക് വെള്ളമൊഴിച്ചതിന് 200, അടുക്കളയിൽ പാത്രം കഴുകി സഹായിച്ചതിന് 300, മൊത്തം 1200. ബില്ലെഴുതി ആവശ്യപ്പെടുകയാണ് അവൻ ഈ തുക. അമ്മ തിരികെ കണക്ക് പറയാൻ തുടങ്ങി. പാചകത്തിന്, തുണി അലക്കിയതിന്, ജന്മദിന സമ്മാനം വാങ്ങി നൽകിയതിന് എന്നിങ്ങനെ. പക്ഷെ ഒടുവിൽ അമ്മയുടെ മറുപടി “എനിക്ക് ഒന്നും വേണ്ട. കാരണം നീ എന്റെ മാംസത്തോടും മാംസവും രക്തത്തോട് രക്തവുമാണ്. ഞാൻ നിന്നെ സ്നേഹിക്കുന്നു. നീ എന്റെ പൊന്നു മകനാണ്.” ഈ സ്നേഹം അവനെ സ്പർശിച്ചു. മാതാപിതാക്കളുടെ സ്നേഹം മക്കളെ സ്പർശിക്കണം. ആ സ്നേഹം അവർ തിരിച്ചറിയണം. അതിന് കുട്ടികളുടെ വളർച്ചയിൽ നാം പങ്കുചേരേണ്ടിയിരിക്കുന്നു. വളർച്ചയുടെ ഓരോ അവസ്ഥയിലും അവർ എങ്ങനെയെന്ന് മനസ്സിലാക്കണം.
1. ഗർ-ഭകാ-ലത്തെ- 200 ദി-വസം (Prenatal)
പൈതൃകമായ സവിശേഷതകൾ സ്ഥിരീകരിക്കുന്ന കാലമാണത്. അമ്മയുടെ മാനസിക നില അപ്പാടെ ഒപ്പിയെടുക്കുന്ന കാലം. മറ്റെല്ലാ അവസ്ഥയെക്കാളും വളർച്ചയ്ക്ക് വെന്പൽ കൊള്ളുന്ന കാലം. ആർജ്ജവാധമ ചിന്തകൾ കുട്ടിയെ ബാധിക്കുന്ന കാലം. അമ്മ ഇക്കാലത്ത് സംതൃപ്തമായ മനോഭാവമുള്ളവളായിരിക്കണം. ഉദ്ദിഷ്ട കാര്യസാധ്യം, രുചിയുള്ള ഭക്ഷണം ഇവ അപ്പോൾ ആവശ്യമായി വരും.
2. ഇൻ-ഫൻ-സി- േ-സ്റ്റജ് (Neonate)
ജനനം മുതലുള്ള രണ്ടാഴ്ചക്കാലമാണിത്. പ്രകൃതിയുമായി കുഞ്ഞിന്റെ ശരീരം ഒത്തുചേരുന്ന സമയം. വെളിച്ചം, ശബ്ദം, തണുപ്പ് ഇവയുമായി പരിചയപ്പെടുന്ന കാലം. ശരീരത്തിലെ അവയവങ്ങൾ പ്രവർത്തനാരംഭം കുറിക്കുന്ന കാലം. ഈ കാലത്ത് കുഞ്ഞിൽ അതീവ ശ്രദ്ധ ഉണ്ടായിരിക്കണം.
3. ശൈ-ശവ കാ-ലം (Babyhood)
രണ്ടാഴ്ച മുതൽ മൂന്ന് വയസ്സുവരെയുള്ള കാലഘട്ടമാണിത്. അൽപ്പം ചിന്തിക്കാനും മനസ്സിലാക്കാനും ഉള്ള മാനസികാവസ്ഥ ഉണ്ടാകുന്ന കാലം. അമ്മയുടെ സ്വാധീനം കുട്ടികളിൽ ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന കാലഘട്ടം. എല്ലാറ്റിനെയും അനുകരിക്കാൻ വെന്പുന്ന കാലം. കുട്ടിയിൽ അധോചിന്തകളുണ്ടാകാത്ത തരത്തിലുള്ള പെരുമാറ്റങ്ങളാണ് ഈ കാലഘട്ടത്തിൽ മാതാപിതാക്കളിൽ നിന്ന് ഉണ്ടാകേണ്ടത്.
4. പൂ-ർ-വ്വബാ-ല്-യം (Early Childhood)
മൂന്ന് മുതൽ ഏഴ് വയസ്സുവരെയുള്ള കാലഘട്ടം. ബാല്യത്തിലെ പ്രശ്ന കാലഘട്ടമെന്നിതിനെ വിശേഷിപ്പിക്കാം. ഇതുവരെ കുട്ടിയുടെ ശാരീരിക വളർച്ചയിൽ ശ്രദ്ധിച്ചിരുന്ന മാതാപിതാക്കൾ ഈ അവസ്ഥയിൽ അവരുടെ മാനസിക വളർച്ചയും ശ്രദ്ധിക്കണം. യഥാർത്ഥ വ്യക്തിത്വത്തിന്റെ വിത്ത് പാകപ്പെടുന്ന സന്ദർഭമാണിത്. ഇതിനെ Toy age എന്നും പറയും. എന്തിനെപ്പറ്റിയും കൂടുതൽ അറിയാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്ന കാലഘട്ടം (questioning age). പലതും പറഞ്ഞ് പഠിപ്പിക്കാവുന്ന ഈ കാലം തക്കത്തിൽ ഉപയോഗിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം.
5. ഉത്തരബാ-ല്-യം (Late childhood)
ബാല്യത്തിന്റെ ഉത്തരാർദ്ധമാണിത്. ഏഴ് മുതൽ 12 വയസ്സുവരെയുള്ള കാലം. സ്വയം സഹായിക്കാൻ താൽപ്പര്യമുള്ള കാലം. മറ്റുള്ളവരുമായി ഇടപഴകുവാൻ (Social skills) കൂടുതൽ താൽപ്പര്യം കാണിക്കുന്ന കാലം. പഠനത്തിൽ ശുഷ്കാന്തി ഉണ്ടാകേണ്ട കാലം. കളികളിൽ താൽപ്പര്യം ഉണ്ടാകേണ്ട കാലം. മുതിർന്ന കുട്ടികളിൽ നിന്ന് പലതും ഒപ്പിയെടുക്കുന്ന കാലഘട്ടം കൂടെയാണിത്. അതുകൊണ്ട് വേണ്ടാത്തത് വലിച്ച് വെക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അവരുടെ കൂട്ടുകെട്ടിൽ ഒരു കണ്ണ് ഉണ്ടായിരിക്കണമെന്നർത്ഥം. കുട്ടികളുടെ അഭിരുചി പാകപ്പെടുത്തിയെടുക്കാവുന്നതും തിരിച്ച് വിടാവുന്നതുമായ സന്ദർഭവും ഇതുതന്നെ.
ഒരിക്കൽ ഒരു ചെറുമകൻ മുത്തശ്ശിയോട് പരാതി പറഞ്ഞു. സ്കൂളിൽ എന്നെ ആർക്കും ഇഷ്ടമല്ല. അദ്ധ്യാപകൻ വഴക്ക് പറയുന്നു. സഹപാഠികൾ എന്നെക്കാൾ പഠിത്തത്തിലും കളിയിലും സമർത്ഥർ. എന്റെ ജീവിതത്തിൽ ഒരു സുഖവുമില്ല. മുത്തശ്ശി മകനോട് പറഞ്ഞു. “മോന് ഞാൻ ഒരു കേക്ക് ഉണ്ടാക്കിത്തരാം.” കേക്ക് ഉണ്ടാക്കി, കുഞ്ഞ് രുചിച്ചു നോക്കിയശേഷം അവന്റെ കമന്റ് : “ഇത് വെറും മൈദയാ. ഇത് കേക്കല്ല മുത്തശ്ശി, ഇത് കയ്ക്കുന്നു. മുട്ടയും പാലും ചേർത്തിട്ടില്ലെന്ന് തോന്നുന്നു. ഇതിനൊരു രുചിയുമില്ല. മുത്തശ്ശിയുടെ മറുപടി: മോനെ ഇതെല്ലാം കൂടെ ഒരുമിച്ച് ചേരുന്പോഴാണ് കേക്ക് ആകുന്നത്. നിന്റെ ജീവിതവും ഇതുപോലെ. അനുഭവങ്ങൾ, വികാരങ്ങൾ, വിചാരങ്ങൾ ഇവ ഒരുമിച്ച് ചേർക്കുക. ജീവിതം ഒരു പാചകകർമ്മമാണ്. Life is like coocking.
സ്നേഹത്തിന്റെ ശക്തിയാണ് ഈശ്വരൻ. ശക്തിയുടെ സ്നേഹം അവസരങ്ങളെ തിരിച്ചറിയുന്നു. കുട്ടികൾ ഉപദേശങ്ങൾക്ക് എതിരല്ലെന്ന് മനസ്സിലാക്കുക. പക്ഷികൾ കൂട്ടു കൂടുന്പോൾ ഒരു തുള്ളി വെള്ളം പോലും അതിൽ വീഴാതെയിരിക്കാൻ അവ ശ്രദ്ധിക്കാറുണ്ട്. അമ്മക്കിളിക്ക് മുട്ട വിരിഞ്ഞ് ഉണ്ടാകാൻ പോകുന്ന കുഞ്ഞുങ്ങളെക്കുറിച്ചുള്ള ഓർമ്മയിലൂടെയാണ് ഈ ശ്രദ്ധ ഉണ്ടാകുന്നത്. വിരിയാൻ പോകുന്ന കുഞ്ഞുങ്ങളെപ്പറ്റിയുള്ള കരുതൽ നെഞ്ചിലേറ്റി മാതാപിതാക്കളുടെ പഴുതുകളില്ലാത്ത കൂടുകൾ കൂട്ടാൻ ശ്രമിക്കുക.
6. കൗ-മാ-ര കാ-ലം (Adolescent Stage)
13 വയസ്സുമുതൽ 19 വയസ്സുവരെയുള്ള കാലഘട്ടം (Teen Age) ആണിത്. ഈ കാലഘട്ടത്തിന് ചില പ്രത്യേകതകൾ ഉണ്ട്. ചാഞ്ചാട്ടത്തിന്റെയും സമ്മർദ്ദത്തിന്റെയും കാലമാണ് ഇത്. (It is a stage of storm and stress) വൈകാരികമായ വേലിയേറ്റം, മാനസിക സംഘർഷം, അറിയാനും കാണാനും ആസ്വദിക്കുവാനുമുള്ള അദമ്യമായ ആവേശം ഇവയുടെ കാലം. ഏത് സംസ്കാരത്തിലേക്കും പരിഷ്കാരത്തിലേക്കും കടക്കണമെന്ന അന്വേഷണത്വരയുള്ള കാലഘട്ടമാണിത്. (A stage of cultural invention) ശാരീരികമായ വളർച്ച ഒരു പ്രത്യേക ജീവിതശൈലിക്കുവേണ്ടി ദാഹിക്കുവാൻ പ്രേരിപ്പിക്കുന്നു. അത്രകണ്ട് മനസ്സ് രൂപപ്പെടുത്തിയില്ലെങ്കിൽ സ്വയം ഒരു ജീവിതശൈലി കണ്ടുപിടിച്ച് അതിൽ കുടിയേറുവാൻ ശ്രമിക്കും. ഞാനൊരു കുട്ടിയോ യുവാവോ (A Stage of confusion)? ഞാനിപ്പോഴും മാതാപിതാക്കളുടെ നിയന്ത്രണത്തിലുള്ള ഒരു കുട്ടിയോ അതോ സ്വയംനിർണ്ണയാവകാശമുള്ള യുവാവോ എന്ന വടംവലി ഉള്ളിൽ നടക്കുന്ന കാലം. ചുറ്റുമുള്ളവരിൽ ചിലർ ബാലനായും മറ്റുള്ളവർ മുതിർന്നവനായും കരുതുന്നു. പാകമായ പ്രകൃതം മറ്റുള്ളവർ പ്രതീക്ഷിക്കും. കൗമാര കാലഘട്ടം യൗവ്വനത്തിലേക്കുള്ള എത്തിനോട്ടത്തിന്റെ കാലമാണ്. ചുറ്റുമുള്ളവർ അവനെ ഒരു യുവാവായി അംഗീകരിക്കാൻ ശ്രമിക്കുന്ന സമയമാണിത്. അങ്ങനെ വേണം താനും. ഇല്ലെങ്കിൽ കൗമാരത്തിൽ തന്നെ മാനസികവും ബൗദ്ധികവുമായ വളർച്ചക്കുറവ് അനുഭവപ്പെടുകയും അത് പ്രദർശിപ്പിക്കുകയും ചെയ്യും. ഇതിൽ മാതാപിതാക്കൾ ആശങ്കാകുലരായി തീരാറുമുണ്ട്.
കൂട്ടുകാരിൽ നിന്ന് അംഗീകാരം തേടുന്ന കാലഘട്ടമാണിത്. കൂട്ടുകൂടുവാനും ആശയവിനിമയം നടത്തുവാനും വൈകാരിക സമ്മർദ്ദങ്ങൾ പങ്കുവെക്കുവാനും വെന്പൽ കൊള്ളുന്ന കാലം. ഇതിന് കടിഞ്ഞാണിടുകയാണെങ്കിൽ കൗമാരം മുരടിക്കും. കൂട്ടുകെട്ടുണ്ടാക്കുന്പോൾ സൂക്ഷിക്കണമെന്ന മുന്നറിയിപ്പും അതിന് വേണ്ടിയുള്ള പരിശീലനവും വീട്ടിനുള്ളിൽ നിന്ന് ലഭിക്കണം. ജീവിത യാഥാർത്ഥ്യങ്ങളും തനതായ ആശയങ്ങളും തമ്മിലുള്ള സംഘട്ടന കാലഘട്ടം കൂടെയാണിത്. മാതാപിതാക്കളും വീട്ടിലുള്ള മറ്റ് മുതിർന്നവരും കുമാരീകുമാരന്മാരുടെ കൂട്ടുകാരായി മാറണം. തോളിൽ കയ്യിട്ട് നടക്കണമെന്നല്ല ഇത്കൊണ്ട് അർത്ഥമാക്കേണ്ടത്. എന്തും പരസ്പരം പങ്കുവെയ്ക്കുവാനുള്ള തുറന്ന മനസ്സും തുറന്ന അന്തരീക്ഷവും വീട്ടിലുണ്ടാകണം എന്നാണിതിന്റെ അർത്ഥം. പുതിയ ബന്ധങ്ങൾക്ക് വേണ്ടി വെന്പൽ കൊള്ളുന്ന ഈ കാലഘട്ടത്തിൽ ഇത് വളരെ ഗുണം ചെയ്യും.
ചില കുമാരീകുമാരന്മാർക്ക് തങ്ങളുടെ ശരീരവളർച്ചയിൽ തൃപ്തിയും ചിലർക്ക് അതൃപ്തിയുണ്ടാകാം. ഇതുമൂലം മാതാപിതാക്കളിൽ നിന്നും ഒരു അകലം (gap) സൃഷ്ടിക്കാൻ ഇവർ ശ്രമിക്കാറുണ്ട്. വേണ്ടതിനും വേണ്ടാത്തതിനും പിറുപിറുക്കുന്ന കാലമാണിത്. ഒറ്റപ്പെട്ട് അകലാൻ ശ്രമിക്കുന്പോൾ ഒറ്റപ്പെടുത്താതെ നിരന്തരമായ ആശയവിനിമയത്തിലൂടെ കുടുംബ വലയത്തിൽ തന്നെ പിടിച്ച് നിറുത്തുവാൻ ഉപാധികളിലാത്ത സ്നേഹവാത്സല്യത്തിലൂടെ മാതാപിതാക്കൾക്ക് കഴിയണം. അതാണ് മാതാപിതാക്കളുടെ ധർമ്മം. ഇല്ലെങ്കിൽ പിടിവിട്ടു പോകും. കുട്ടികളുടെ കുഴപ്പമല്ല അത്. അവർ അവരുടെ സമൂഹ പങ്കാളിത്തത്തിൽ ഒരുതരം സന്ദേഹത്തിലാണ് ഈ കാലഘട്ടത്തിൽ (A Stage of role confusion) അവരെ സഹായിക്കുന്ന Help desks ആയി പിതൃത്വവും മാതൃത്വവും തീരണം. മദ്യം, മയക്കുമരുന്ന്, ലൈംഗിക വൈകൃതങ്ങൾ എന്നിവ ശീലിക്കുവാൻ സാധ്യതയുള്ള ഈ കാലയളവിൽ മാതാപിതാക്കൾ സ്നേഹപൂർണ്ണമായ സൗഹൃദം നൽകേണ്ടത് അനിവാര്യമാണ്.
മനഃശാസ്ത്രത്തിൽ ‘നയാഗ്രാ സിൻഡ്രോം’ എന്ന ഒരു പദപ്രയോഗമുണ്ട്. ഒരു ചെറു കൊതുന്പു വള്ളത്തിൽ ഒഴുക്കിനനുസൃതമായി യാത്ര ചെയ്യുന്ന ഒരുവൻ, തുഴയാതെ ഒഴുക്കിനോടു കൂടി നീങ്ങിക്കൊണ്ടിരിക്കുന്നു. ക്രമേണ ഒഴുക്ക് കൂടി, വള്ളത്തിന്റെ വേഗതയും കൂടി. എന്നിട്ടും അയാൾ തുഴ കൈയിലെടുത്തില്ല. ഒടുവിൽ കുത്തൊഴുക്കിൽ പെട്ട് വള്ളം കുത്തനെ വെള്ളച്ചാട്ടത്തിൽ പെട്ട് അഗാധങ്ങളിലേക്ക് നിലം പതിക്കുന്നു. ഇതിനെയാണ് നയാഗ്രാ സിൻഡ്രോം എന്ന് പറയുന്നത്. നയാഗ്രാ വെള്ളച്ചാട്ടവും ഇങ്ങനെ തന്നെ. ചെറിയ അരുവികൾ, ചെറിയ ഒഴുക്ക്, അവ സംഗമിച്ച് വലിയ ജലധാരയാവുന്നു. അരുവികൾ കൂടി ഒഴുക്ക് കൂടി, കുത്തൊഴുക്കായി, അത്യുഗ്രമായ ജലപാതമായി രൂപാന്തരപ്പെടുന്നു. ചില കുമാരീകുമാരന്മാരുടെ അവസ്ഥയും ഇതുതന്നെ. തുഴയുണ്ടെങ്കിലും അതുപയോഗിച്ച് ലക്ഷ്യത്തിലെത്താതെ സാഹചര്യങ്ങളുടെ ഒഴുക്കിൽ പെട്ട് ജീവിതം അലസമായി മുന്നോട്ട് കൊണ്ടുപോകുന്ന ഇവർ പ്രതിസന്ധികളുടെ പടുഗർത്തത്തിലേക്ക് പിടി കൊടുക്കാതെ പതറിവീഴും, നയാഗ്രാ പോലെ. ഇങ്ങനെയുള്ളവനെ തുഴ ഉപയോഗിച്ച് തുഴഞ്ഞ് മുന്നേറാൻ, ദിശമാറ്റി വിടാൻ പഠിപ്പിക്കേണ്ട ചുമതല മുൻ തലമുറയ്ക്ക് ഉണ്ട്. നമ്മുടെ കുമാരന്മാർ നയാഗ്രാ സിൻഡ്രോമിന് വിധേയരാവുന്നതിന് മുന്പ് അവർക്ക് കൗൺസിലിംഗിലൂടെ മാർഗനിർദ്ദേശം നൽകുന്നത് ഉചിതമായിരിക്കും.
പല കുടുംബങ്ങളിലും ടീനേജിലുള്ള മക്കൾ പ്രശ്നക്കാരാണ് എന്ന് മാതാപിതാക്കളും അദ്ധ്യാപകരും പരാതിപ്പെടുന്നു. എന്താണ് ഈ പ്രശ്നക്കാർ എന്നതുകൊണ്ട് അർത്ഥമാക്കേണ്ടത്? പ്രശ്നമുണ്ടാക്കുന്നവർ, അപ്പോൾ എന്താണ് പ്രശ്നം? പ്രശ്നം.. പ്രശ്നം... പ്രശ്നം.... എന്നൊക്കെ നാം ഉരുവിട്ടുകൊണ്ടേയിരിക്കും. വീട്ടിൽ പ്രശ്നം, സ്കൂളിൽ പ്രശ്നം, നാട്ടിൽ പ്രശ്നം, ഇങ്ങനെ പ്രശ്ന വിവരപട്ടിക നീണ്ടുകൊണ്ടേയിരിക്കും. അഭ്യസ്തവിദ്യനായ ഒരുവ്യക്തി ഒരു ജോലി തേടി നടക്കുന്നു. ഒടുവിൽ അദ്ദേഹത്തിന് ഒരു പത്രമാഫീസിൽ റിപ്പോർട്ടർ ആയി ജോലികിട്ടി. ട്രെയിനിംഗിന് ശേഷം ആദ്യത്തെനിയോഗം തുറമുഖത്ത് വന്നടുത്ത നേവികപ്പലിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷം റിപ്പോർട്ട് ചെയ്യുക എന്നതായിരുന്നു. വൈകീട്ടാണ് ആഘോഷം. എല്ലാവരും ആഘോഷത്തിരക്കിലാണ്. കപ്പലിൽ ഒരു വിള്ളൽ ഉണ്ടായിരിക്കുന്നു. ആഘോഷ പരിപാടികൾ റദ്ദാക്കി. പിന്നെ എന്ത് റിപ്പോർട്ട് ചെയ്യാൻ? ഒന്നും എഴുതാനില്ല. വിള്ളലിനെക്കുറിച്ച് എഴുതുക ‘വിള്ളൽ’ എന്ന പ്രശ്നം. ഇവിടെ ഒരു അവസരമായി മാറുകയാണ്. അദ്ദേഹം എഴുതി, മനോഹരമായ ഒരു റിപ്പോർട്ട്. എല്ലാവരും അതിനെ പ്രശം
സിച്ചു.
നമ്മുടെ ജീവിതത്തിലും ഇങ്ങനെ തന്നെ. പ്രശ്നങ്ങൾ എന്ന് നാം വിവക്ഷിക്കുന്നതൊക്കെ ഓരോരോ അവസരങ്ങളായി മാറണം. ജീവിതം അപ്രതീക്ഷിതമായ അവസരങ്ങളുടെ ഘോഷയാത്രയാണ്. നമ്മുടെ മക്കൾ തങ്ങളെത്തന്നെ തിരുത്തുന്നതിന് നമ്മെ നിർബന്ധിക്കുന്ന അവസരങ്ങളാണ് അവർ മൂലമുണ്ടാകുന്ന പ്രശ്നങ്ങളെന്ന് നാം തിരിച്ചറിയണം. അവർ പ്രശ്നക്കാരാണെങ്കിൽ അവരെ എഴുതിത്തള്ളരുത്. പ്രശ്നങ്ങളെ അവസരങ്ങളാക്കാൻ അവരെ അഭ്യസിപ്പിക്കുക അത് മാതാപിതാക്കളുടെ കടമയും അവകാശവുമാണ്. കുമാരീകുമാരന്മാർ യൗവ്വനത്തിലെത്തുന്പോൾ ഇത്തരം അവസരങ്ങളെ ഓർത്ത് മാതാപിതാക്കളോട് നന്ദിയും കൂറും ഉള്ളവരായി വർത്തിക്കും. തീർച്ച. അവസരങ്ങൾ ആർക്കുമായി കാത്തുനിൽക്കാറില്ല. അവസരങ്ങൾക്കായി കാത്തിരിക്കുക അരുണോദയം അകലെയല്ല...