മതി­ൽ‍­കെ­ട്ടു­കൾ‍ ഉയർ‍­ത്തു­ന്പോൾ‍...


കുറേ ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ വൈകുന്നേരം ഒരു മുട്ടൻ ഭീഷണി കിട്ടി. പത്രത്തിന്റെ ആദ്യപേജിൽ‍ വന്നൊരു തലവാചകം കാരണം ഞാനും, അതുപോലെ ഫോർ‍ പി.എമ്മും ചൈനയുടെ സ്വന്തക്കാരാണെന്നും, ഇങ്ങിനെയൊക്കെ ആയാൽ‍ ഞങ്ങൾ‍ വിവരമറിയുമെന്നു പറഞ്ഞു. ബഹ്റൈൻ പോലെയുള്ള അന്യദേശത്ത് വന്ന് കൂലിക്ക് ജോലി ചെയ്യുന്ന വലിയ ഒരു ദേശ സ്നേഹിയുടെ വകയായിരുന്നു ഇത്തവണത്തെ ഭയപ്പെടുത്തൽ‍. എന്തായാലും സംഭവം കാരണം ആകെ പേടിച്ച് വിറച്ചിരിക്കുകയാണ് ഈ ചൂടുകാലത്ത് ഞാനും, എന്റെ സഹപ്രവർ‍ത്തകരും.  

ഇത്തരം തമാശകൾ‍ പത്രമോഫീസുകളിൽ‍ സാധാരണയാണ്. മുന്പ് പത്രം ആരംഭിക്കുന്നതിന് മുന്പ് റേഡിയോയിൽ‍ ജോലി ചെയ്തപ്പോൾ‍ ലഭിച്ചിരുന്നതൊക്കെ നല്ല സ്നേഹം നിറഞ്ഞ വാക്കുകളായിരുന്നു. അത്യാവശ്യം നല്ല പാട്ടുകളൊക്കെ കേൾ‍പ്പിച്ച് നല്ല വാക്കുകളൊക്കെ പറഞ്ഞു പോയതുകൊണ്ട് തന്നെ ശ്രോതാക്കൾ‍ക്കും ഞങ്ങൾ‍ റേ‍‍ഡിയോ അവതാരകരോട് ഇഷ്ടം തോന്നി.എന്നാൽ‍ പത്രം ആരംഭിച്ച അന്നു മുതൽ‍ കാര്യം മാറിത്തുടങ്ങി. പത്രത്തിലെ അക്ഷരങ്ങൾ‍ ചിലരെ വല്ലാതെ പൊള്ളിക്കുമെന്നും ചിലപ്പോൾ‍ ആ പൊള്ളൽ‍ വല്ലാത്തൊരു ശത്രുത നമ്മൾ‍ അറിയാതെ പോലും പരസ്പരം ഉണ്ടാക്കിയേക്കാമെന്നും പലവട്ടം മനസിലാകുകയും ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് രാഷ്ട്രീയപരമായോ മതപരമായോ ചായ്്വുകൾ‍ ഇല്ലാതെ ഫോർ‍ പി.എം എന്ന ഈ ചെറിയ വലിയ പത്രം മുന്പോട്ട് കൊണ്ടുപോകുന്പോൾ‍ ഇത്തരം പരീക്ഷണങ്ങൾ‍ സ്വാഭാവികമാകുന്നു. സത്യത്തിൽ‍ സാധാരണക്കാരനായ ഒരു മലയാളി നിക്ഷ്പക്ഷമായി ചിന്തിക്കുന്നത് പോലെയാണ് ഫോർ‍ പി.എമ്മും എന്നും ചിന്തിക്കാറുള്ളത്. അതോടൊപ്പം ബഹ്റൈൻ പോലെയുള്ള രാജ്യത്ത് ജീവിച്ചു വരുന്ന രണ്ടര ലക്ഷത്തോളം മലയാളികളുടെ ജീവൽ‍ പ്രശ്നങ്ങൾ‍ക്കും ഞങ്ങൾ‍ മുൻ‍ഗണന നൽ‍കി. ഇത് തിരിച്ചറിയുന്നത് കൊണ്ടു തന്നെയാണ് ഞങ്ങളുടെ വായനക്കാർ‍ കഴിഞ്ഞ അഞ്ചര വർ‍ഷമായി അവരുടെ സ്വന്തം പത്രമായി ഫോർ‍ പി.എമ്മിനെ കാണുന്നത്. 

ഇനി ഇന്നലെയുണ്ടായ സംഭവത്തിലേയ്ക്ക് വരാം. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനയുടെ പ്രസിഡണ്ട് ഷി ജിൻപിങ്ങുമായി ഇന്ന് നടക്കുന്ന ജി 20 ഉച്ചകോടിയിൽ‍ ഇപ്പോഴത്തെ അതിർ‍ത്തിയിലെ പ്രശ്നങ്ങൾ‍ കാരണം കൂടികാഴ്ച നടക്കില്ലെന്ന് ചൈനയുടേതായി വന്ന നിലാപാടാണ് നമ്മുടെ മിക്ക ദേശീയ മാധ്യമങ്ങളും രാവിലെ മുതൽ‍ ചർ‍ച്ച ചെയ്തു വന്നത്. ഇത് തന്നെയാണ് ഞങ്ങളും ഇന്നലെ പ്രധാന വാർ‍ത്തയായി നൽ‍കിയത്. വാർ‍ത്തയെക്കാൾ‍ വൻമതിലുയരുന്നു എന്ന തലക്കെട്ടാണ് ഒരു വായനക്കാരനെ വല്ലാതെ പ്രകോപിതനാക്കിയത്.  രണ്ട് അയൽ‍ക്കാർ‍ തമ്മിൽ‍ പ്രശ്നങ്ങൾ‍ ഉടലെടുക്കുന്പോൾ‍ അവിടെ ആദ്യം ഉയരുന്നത് വലിയ മതിൽ‍കെട്ടാണ്. ഇത്തരമൊരു അർ‍ത്ഥമാണ് ആ വാക്കിന് ഞങ്ങളുടെ എഡിറ്റോറിയൽ‍ ബോർ‍ഡ് കണ്ടെത്തിയത്. എന്നാൽ‍ നമ്മുടെ സുഹൃത്ത് മനസിലാക്കിയത് ചൈനയുടെ വൻമതിൽ‍ ഉയരുന്നുവെന്നും, അത് ഇന്ത്യക്ക് വലിയ തിരിച്ചടിയാണെന്നും.  ഇങ്ങിനെ എഴുതുന്നത് സ്വീകാര്യമല്ലെന്നും പറഞ്ഞു. 

എന്ത് തിന്നണമെന്ന് പറഞ്ഞു ബഹളം നടന്നു വരുന്പോൾ‍ എന്ത് എഴുതണമെന്നും, എന്ത് സംസാരിക്കണമെന്നും, എങ്ങിനെ നടക്കണമെന്നുമൊക്കെ ചിലർ‍ പറയുന്നതിൽ‍ വലിയ അതിശയമില്ല. പക്ഷെ  തമാശ തോന്നിയത് ഞങ്ങളുടെ വാക് തർ‍ക്കത്തിൽ‍ വന്ന നിലപാടുകൾ‍ ഒക്കെ സോഷ്യൽ‍ മീഡിയയിൽ‍ നൽ‍കി ആകെയങ്ങോട്ട് നശിപ്പിച്ച് കളയുമെന്ന അദ്ദേഹത്തിന്റെ അഭിപ്രായമായിരുന്നു. അതുകൊണ്ടാണ് ഈ ഒരു വിഷയത്തെ പറ്റി തന്നെ എഴുതാമെന്ന് കരുതിയത്. കാരണം ഫോർ‍ പി.എം എന്നത്  ഒരു പത്രത്തിനുമപ്പുറം വലിയൊരു സോഷ്യൽ‍ സ്പേസ് കൂടിയാണെന്ന് അദ്ദേഹവും മനസിലാക്കണം. അവിടെ ഞങ്ങൾ‍ മാത്രമല്ല പറയാറുള്ളത്. വായനക്കാരന്റെയും അഭിപ്രായം ഞങ്ങൾ‍ക്കെതിരെ ഉള്ളതാണെങ്കിലും അതുപോലെ കൊടുക്കാൻ നല്ല ധൈര്യവും ചങ്കുറപ്പുമുള്ളവർ‍ തന്നെയാണ് ഇത് നടത്തിവരുന്നത് എന്ന് തിരിച്ചറിഞ്ഞ് ഉമ്മാക്കികൾ‍ കാണിച്ചാൽ‍ പേടിക്കാൻ ഞങ്ങൾ‍ക്ക് മനസില്ല എന്റെ പ്രിയ സഹോ എന്ന് ഒരിക്കൽ‍ കൂടി വിനയപൂർ‍വം ഓർ‍മ്മിപ്പിച്ചും നിർ‍ത്തട്ടെ.

You might also like

  • Straight Forward

Most Viewed