പറക്കാനൊരുങ്ങുന്പോൾ...

പ്രദീപ് പുറവങ്കര
വീണ്ടുമൊരു അവധികാലത്തിന്റെ തിരക്കിലാണ് വലിയൊരുവിഭാഗം പ്രവാസികൾ. നാട്ടിലേയ്ക്ക് ഇടയ്ക്കിടെ പോയി വരുന്നവരുടെ എണ്ണം മുന്പത്തേതിൽ അപേക്ഷിച്ച് ഏറെ കൂടിയിട്ടുണ്ടെങ്കിലും, കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് കൂടുതുലും കുടുംബങ്ങൾ യാത്ര ചെയ്യുന്നത് ഈ സീസണിൽ തന്നെയാണ്. അതോടൊപ്പം ഇവിടെ കത്തുന്ന വെയിലിൽ നിന്ന് രക്ഷപ്പെട്ട് നാടിന്റെ മഴച്ചാറ്റലുകളിലേയ്ക്ക് ഊളിയിടാൻ ലഭിക്കുന്ന ഈ അവധിദിനങ്ങൾ പലരുടെയും സ്വപ്നസാഫല്യവുമായി മാറുന്നു. അതേസമയം ഗൾഫിന്റെ മണവുമായി പെട്ടി നിറച്ച് സാധനങ്ങളും എടുത്ത് നാട്ടിലെത്തുന്ന ദുഫായിക്കാരൻ ഇന്ന് ഓർമ്മയായി മാറുകയാണ്. പഴയ സിനിമ കളിൽ മാത്രം കാണാവുന്ന നൊസ്റ്റാൾജിയ ആയി ആ കാഴ്ച്ച മാറിക്കൊണ്ടിരിക്കുന്നു. കയ്യിലൊരു ലാപ് ടോപ്പും, ചെറിയ ഹാൻഡ് ബാഗും, ഒരു മൊബൈൽ ഫോണുമായി നാട്ടിലിറങ്ങുന്നവരുടെ എ ണ്ണവും ഏറെ വർദ്ധിച്ചിരിക്കുന്നു എന്നതും ശ്രദ്ധേയാമാണ്.
എന്താണ് ഇപ്പോൾ നാട്ടിൽ ഇല്ലാത്തത് എന്നതാണ് ഓരോ പ്രവാസിയും അവധിക്കാലമെത്തുന്പോൾ അവന്റെ ബന്ധുക്കളോട് ചോദിക്കുന്ന ചോദ്യം. കയ്യിൽ നല്ല പണമുണ്ടെങ്കിൽ എല്ലാം അവിടെ കിട്ടും. പിന്നെ എന്തിനാണ് ഇവിടെനിന്ന് വാങ്ങി ഈ കെട്ടൊക്കെ ചുമന്ന് നാട്ടിലേയ്ക്ക് പോകുന്നത് എന്ന ചോദ്യം ആഗോളീകരണത്തിന്റെ ഈ നാളുകളിൽ ഏറെ പ്രസക്തം തന്നെ. അതേ സമയം നാട്ടിൽ നിന്ന് തിരികെ വരുന്പോൾ ഇപ്പോഴും മിക്കവരും ഈ ചിന്തകളൊക്കെ മാറ്റുന്നു. തൊടിയിലെ ചക്കരമാവിന്റെ മുകളിൽ നിന്നുള്ള മാങ്ങയും, ചിലപ്പോൾ ചക്കയും, തേങ്ങയും വരെ നമ്മൾ ഇങ്ങോട്ട് കൊണ്ടുവരുന്നു. നാടിന്റെയും, വീടിന്റെയും മണവും രുചിയും കുറച്ച് ദിവസം കൂടി കൂടെയുണ്ടായിക്കോട്ടെ എന്ന ധാരണയിൽ.
ഇത്തവണ നാട്ടിലേയ്ക്ക് പോകുന്നവർ പ്രധാനമായും ശ്രദ്ധിക്കേണ്ടത് കൊതുകുകളെ തന്നെയാണ്. പ്രത്യേകിച്ച് തെക്കൻ കേരളത്തിൽ മിക്കയിടങ്ങളിലും ഡെങ്കിപ്പനി പോലെയുള്ള മാരകമായ അസുഖങ്ങൾ പടർന്നുപിടിക്കുന്ന വാർത്തകൾ പരക്കുന്ന സാഹചര്യത്തിൽ. ഇവിടെ വളരുന്ന കുട്ടികൾക്ക് കൊതുകുകളെ വലിയ പരിചയം കാണില്ല. അതുകൊണ്ട് തന്നെ ആരോഗ്യകാര്യത്തിൽ അതിയായ ശ്രദ്ധ പതിപ്പിക്കാൻ മറക്കരുത്. മറ്റൊന്ന് ഗൾഫ് പഴയ ഗൾഫല്ലെന്ന് പ്രിയപ്പെട്ട ബന്ധുജനങ്ങളോട് പറഞ്ഞു മനസ്സിലാക്കുക. പണം കായ്ക്ക്കുന്ന മരങ്ങൾക്കൊക്കെ വയസ്സായി തുടങ്ങി. ഒപ്പം യുദ്ധമടക്കമുള്ള ഭീഷണികൾ തലയുടെ മുകളിൽ ഡെമോക്ലോസിന്റെ വാൾ പോലെ തൂങ്ങിക്കിടക്കുന്നു. സത്യം പറയാതിരുന്നത് കൊണ്ട് കാര്യമില്ല. കുറഞ്ഞത് അവിടെയുള്ളവരെങ്കിലും തയ്യാറെടുപ്പുകൾ തുടങ്ങിയാൽ നന്ന്. അവധിക്ക് പോകുന്ന എല്ലാവർക്കും സ്നേഹം നിറഞ്ഞ അവധിയാശംസകൾ...